നിവിൻ പോളി

ഒടിഞ്ഞ കാലും തകർന്ന ഹൃദയവുമായി ഒറ്റക്ക് വഴിവെട്ടി വന്നവൻ; നിവിൻ പോളിയെ നടനാക്കിയ ആ ഓഡിഷൻ...

ഒരു കാലത്ത് മലയാള സിനിമയിലെ യുവ താരങ്ങളിൽ പകരം വെക്കാനില്ലാത്ത നായക നടനായിരുന്നു നിവിൻ പോളി. തൊട്ടതെല്ലാം പൊന്നാക്കി മാറ്റിയ നിവിൻ മാജിക് അയാളെ വളരെ പെട്ടെന്ന് പ്രേക്ഷകരുടെ പ്രിയങ്കരനാക്കി മാറ്റി. ഓം ശാന്തി ഓശാനയിലെ ഗിരിയും ബാംഗ്ലൂർ ഡേയ്സിലെ കുട്ടനും ജേക്കബിന്‍റെ സ്വർഗരാജ്യത്തിലെ എബിയും പ്രേമത്തിലെ ജോർജ്ജും എന്ന് തുടങ്ങി ഇന്നും മലയാളി മനസ്സിൽ മായാതെ നിൽക്കുന്ന നിരവധി നിവിൻ പോളി കഥാപാത്രങ്ങളുണ്ട്. എന്നാൽ പിന്നീട് സിനിമയിൽ നിന്നും പതിയെ അപ്രത്യക്ഷനായ താരത്തിന് ചില പരാജയങ്ങളും നേരിടേണ്ടി വന്നു. സാറ്റർ ഡേ നൈറ്റും മലയാളി ഫ്രം ഇന്ത്യയും നിവിന്‍റെ സ്റ്റാർ വാല്യു കുറച്ചതായി വിലയിരുത്തപ്പെട്ടതിന് പിന്നാലെയായിരുന്നു ആ തിരിച്ചു വരവ്.

സംവിധായകൻ അഖിൽ സത്യന്റെ സർവ്വം മായ എന്ന ചിത്രത്തിന്റെ ബ്ലോക്ക്ബസ്റ്റർ വിജയത്തോടെ നിവിൻ പോളി ആരാധക മനസ്സിലേക്ക് തിരിച്ചെത്തുകയായിരുന്നു. ഇപ്പോൾ സംവിധായകൻ ബി. ഉണ്ണികൃഷ്ണന്റെ പുതിയ ചിത്രമായ 'പ്രതിച്ഛായ'യുടെ റിലീസിനായി ഒരുങ്ങുകയാണ് താരം.

വിനീത് ശ്രീനിവാസന്റെ ആദ്യ സംവിധാന സംരംഭമായ മലർവാടി ആർട്സ് ക്ലബ് (2010) എന്ന ചിത്രത്തിലൂടെയാണ് നിവിൻ പോളി അഭിനയ രംഗത്ത് അരങ്ങറ്റം കുറിക്കുന്നത്. അതും സിനിമയിലെ അഞ്ച് പ്രധാന കഥാപാത്രങ്ങളിൽ ഒരാളായി. അജു വർഗീസ്, ഭഗത് മാനുവൽ, ഹരികൃഷ്ണൻ എന്നിവർ ആദ്യമായി അഭിനയിച്ച ചിത്രം കൂടിയാണിത്. സിനിമയുടെ വൻ വിജയത്തോടെ നിവിനും പ്രശസ്തി നേടി. തന്‍റെ കരിയറിനെ തന്നെ മാറ്റി മറച്ച ചിത്രമായാണ് നിവിൻ ഇപ്പോഴും മലർവാടി ആർട്സ് ക്ലബ്ബിനെ കാണുന്നത്.

എന്നാൽ ആ ചിത്രം വിധിപോലെയാണ് നിവിനെ തേടിയെത്തിയത്. മലർവാടി ആർട്സ് ക്ലബ്ബിന്റെ ഓഡിഷനിൽ പോലും അദ്ദേഹത്തെ ഉൾപ്പെടുത്തിയിരുന്നില്ല എന്ന് നിവിൻ പറയുന്നു. 'തുടക്കത്തിൽ, ഓഡിഷനിൽ പങ്കെടുത്തവരിൽ ഞാൻ ഉണ്ടായിരുന്നില്ല. ആ സമയത്ത് ഞാൻ വിനീത് ശ്രീനിവാസന്റെ ബ്ലോഗ് പതിവായി വായിക്കാറുണ്ടായിരുന്നു. ഒരിക്കൽ അദ്ദേഹം എഴുതി 'കഥാപാത്രങ്ങൾക്കായി ഞാൻ സങ്കൽപ്പിച്ച നാല് പേരിൽ ഒരാളെ ഇതുവരെ കണ്ടെത്തിയിട്ടില്ല' എന്ന്. ആ പോസ്റ്റിൽ കഥാപാത്രത്തിന്റെ ഒരു ചെറിയ രേഖാചിത്രം അദ്ദേഹം ഉൾപ്പെടുത്തിയിരുന്നു. എന്റെ കൈവശമുണ്ടായിരുന്ന ശേഷിക്കുന്ന രണ്ട് ഫോട്ടോകൾ ഞാൻ ഉടൻ അയച്ചു. വീണു കാൽ ഒടിഞ്ഞതിനെത്തുടർന്ന് ആ സമയത്ത് ഞാൻ വിശ്രമത്തിലായിരുന്നു. പക്ഷേ എങ്ങനെയെങ്കിലും ഓഡിഷനിൽ പങ്കെടുക്കണമെന്ന് എന്റെ മനസ്സ് നിർബന്ധിച്ചുകൊണ്ടിരുന്നു' മനോരമ ഓൺലൈനിന് നൽകിയ അഭിമുഖത്തിൽ നിവിൻ പോളി പറഞ്ഞു.

സുഹൃത്ത് മഞ്ജുവിന്‍റെയും കസിൻ ധീരജിന്റെയും സഹായത്തോടെ നിവിൻ വേദിയിലെത്തി. 'അവർ എന്നെ മൂന്നാം നിലയിലെ ഓഡിഷൻ ഹാളിലേക്ക് കൊണ്ടുപോയി. അങ്ങനെയാണ് വിനീത് എന്നെ ആദ്യമായി കണ്ടത്. പ്ലാസ്റ്ററിട്ട കാലുമായി അന്തരീക്ഷത്തിൽ നിന്ന് ഉയർന്നുവരുന്ന ഒരു സിനിമാ മോഹി' നിവിൻ ചിരിച്ചുകൊണ്ട് പറഞ്ഞു.

ആ സമയത്ത് തന്‍റെ അച്ഛനെ നഷ്ടമായതിനെ കുറിച്ചും നിവിൻ ഓർത്തു. 'ഞാൻ ബംഗളൂരുവിലെ ഇൻഫോസിസിൽ ജോലി ചെയ്തിരുന്നപ്പോഴാണ് അച്ഛൻ മരിച്ചത്. സിനിമയിൽ അഭിനയിക്കാനുള്ള എന്റെ സ്വപ്നങ്ങളെക്കുറിച്ച് ഞാൻ അദ്ദേഹത്തോട് പറഞ്ഞിരുന്നില്ല. ഒരുപക്ഷേ അന്ന് ഞാൻ പറഞ്ഞിരുന്നെങ്കിൽ അദ്ദേഹം എന്നെ പിന്തുണക്കുമായിരുന്നു. ചെറുപ്പത്തിൽ ഞാൻ ഇഷ്ടപ്പെടുന്ന കാര്യങ്ങൾ പിന്തുടരുന്നതിൽ വലിയ താല്പര്യം കാണിച്ച ഒരാളായിരുന്നു എന്റെ അച്ഛൻ. അങ്ങനെയാണ് അദ്ദേഹത്തിന് കാമറയോടുള്ള അഭിനിവേശം വളർന്നത്' നിവിൻ പോളി പറഞ്ഞു.

'തുടക്കത്തിൽ എന്റെ അമ്മ അത്ര പിന്തുണ നൽകിയിരുന്നില്ല. സിനിമ സുരക്ഷിതമായ ഒരു തൊഴിലല്ലെന്ന് അമ്മക്ക് തോന്നിയത് സ്വാഭാവികമായിരുന്നു. പ്രത്യേകിച്ച് ഞങ്ങളുടെ കുടുംബത്തിന് സിനിമയുമായി യാതൊരു ബന്ധവുമില്ലാത്തതിനാൽ. സ്ഥിരമായ ഒരു ജോലി കണ്ടെത്തണം ശമ്പളം നേടണം റിസ്ക് എടുക്കുന്നത് ഒഴിവാക്കണം എന്ന ചിന്താഗതിക്കാരിയായിരുന്നു അവർ. എന്റെ ആദ്യ സിനിമ ഹിറ്റായപ്പോൾ പോലും ഞാൻ അമ്മയിൽ വലിയ സന്തോഷം കണ്ടില്ല. ആ വിജയത്തിന് ശേഷവും ഒരു ബാങ്ക് ജോലിക്ക് ശ്രമിക്കണമെന്ന് അമ്മ എന്നോട് പറയുമായിരുന്നു' നിവിൻ പോളി കൂട്ടിച്ചേർത്തു.

Tags:    
News Summary - Fractured leg, broken heart The inspiring story of how Nivin Pauly

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.