വിജയ് ദേവരകൊണ്ട നോ പറഞ്ഞത് 'ഡിസി'യുടെ കഥയോ? ചിലപ്പോൾ ഒന്നും ചെയ്യാതെയും ഇരിക്കു എന്ന് സോഷ്യൽമീഡിയ

അരുൺ മാതേശ്വരൻ സംവിധാനം ചെയ്ത പുതിയ ചിത്രം 'ഡിസി' തിയറ്ററുകളിൽ വിജയ കുതിപ്പ് തുടരുകയാണ്. സംവിധായകൻ ലോകേഷ് കനകരാജ് ആദ്യമായി നായകവേഷത്തിലെത്തുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. ചിത്രത്തിലെ ലോകേഷ് കനകരാജിന്റെയും നായിക വാമിഖ ഖബ്ബിയുടെയും പ്രകടനം പ്രേക്ഷകരിൽ നിന്നും നിരൂപകരിൽ നിന്നും ഒരുപോലെ മികച്ച അഭിപ്രായങ്ങൾ നേടുന്നുണ്ട്.

അഭിനേതാക്കളുടെ പ്രകടനത്തിനൊപ്പം തന്നെ അനിരുദ്ധ് രവിചന്ദറിന്റെ സംഗീതവും ചിത്രത്തിന് വലിയ കരുത്താണ് നൽകുന്നത്. സാക്നിൽക് റിപ്പോർട്ട് ചെയ്യുന്നത് അനുസരിച്ച്, ആഗസ്റ്റ് 7ന് റിലീസ് ചെയ്ത ചിത്രം നാല് ദിവസം കൊണ്ട് ഇന്ത്യയിൽ നിന്ന് മാത്രമായി 30.65 കോടി രൂപയും ആഗോളതലത്തിൽ 43.90 കോടി രൂപയും കലക്ട് ചെയ്തിട്ടുണ്ട്.

എന്നാൽ, ചിത്രം മികച്ച വിജയം കൈവരിക്കുന്നതിനിടെ, ഇതിന്റെ നായകനെക്കുറിച്ചുള്ള രസകരമായ ഒരു സംശയം സോഷ്യൽ മീഡിയയിൽ ഉയർന്നിട്ടുണ്ട്. വിജയ് ദേവരകൊണ്ടയുടെ പഴയ ഒരു അഭിമുഖമാണ് ഇതിന് കാരണമായിരിക്കുന്നത്. അരുൺ മാതേശ്വരൻ ഒരു കഥയുമായി തന്നെ സമീപിച്ചിരുന്നുവെന്നും എന്നാൽ താൻ ഷൂട്ട് ചെയ്തുകൊണ്ടിരുന്ന ചിത്രവുമായി സാമ്യതയുള്ളതുകൊണ്ട് അതിൽ നിന്നും പിന്മാറുകയായിരുന്നുവെന്നും വിജയ് അഭിമുഖത്തിൽ പറയുന്നു.

‘ഞാനും അരുൺ മാതേശ്വരനും തമ്മിൽ മുമ്പ് കണ്ടിട്ടുണ്ട്. വളരെ ഇൻ്ററസ്റ്റിങ്ങായ ഒരു ഐഡിയയുമായിട്ടാണ് അദ്ദേഹം വന്നത്. പക്ഷേ ഞാൻ ചെയ്തുകൊണ്ടിരുന്ന സിനിമയുമായി വളരെയേറെ സാമ്യമുണ്ടായിരുന്നതായിരുന്നു. എനിക്ക് അരുണിനൊപ്പം സിനിമ ചെയ്യാൻ താൽപര്യമുണ്ടായിരുന്നു. പക്ഷേ സാമ്യത കാരണം അത് നിരസിക്കേണ്ടിവന്നു’ എന്നാണ് ഇപ്പോൾ വൈറലാവുന്ന പഴയ അഭിമുഖത്തിൽ വിജയ് പറയുന്നത്.

അന്ന് അരുൺ പറഞ്ഞ ആ കഥ ഡിസിയുടേതായിരുന്നോ എന്നാണ് സോഷ്യൽ മീഡിയ ചോദിക്കുന്നത്. അങ്ങനെയാണെങ്കിൽ അത് വിജയ് ദേവരകൊണ്ടക്ക് വലിയ നഷ്ടമാണെന്നും പ്രേക്ഷകർ അഭിപ്രായപ്പെട്ടു. എന്നാൽ അരുൺ ഏത് കഥയാണ് വിജയ്​യോട് പറഞ്ഞതെന്ന കാര്യത്തിൽ വ്യക്തതയില്ല. വിജയ് ദേവരകൊണ്ടയുടെ മുൻകാല സിനിമകളിൽ ചിലതുമായുള്ള ഡിസിയുടെ സാമ്യതകളും ചിലർ ചൂണ്ടിക്കാട്ടുന്നുണ്ട്.

ലോകേഷ് കനകരാജ് ഈ കഥാപാത്രത്തിന് അനുയോജ്യനാണെന്ന് മിക്കവരും അഭിപ്രായപ്പെടുമ്പോഴും, വിജയ് ദേവരകൊണ്ട ഈ കഥാപാത്രം ചെയ്തിരുന്നെങ്കിൽ എങ്ങനെയിരിക്കുമെന്ന ചർച്ചകളും നടക്കുന്നുണ്ട്. ഫൈസ്റ്റാറിന്‍റെ ചിത്രം പങ്കുവെച്ച് ചിലപ്പോൾ ഒന്നും ചെയ്യാതെയും ഇരിക്കു എന്നിങ്ങനെയുള്ള കമന്‍റുകളും സോഷ്യൽമീഡിയയിൽ സജീവമാണ്. 

അതേസമയം കലക്ഷനിലും മികച്ച നേട്ടമാണ് ഡിസി ഉണ്ടാക്കുന്നത്. സിനിമയുടെ വിജയം അരുൺ മാതേശ്വരന്റെ സംവിധാന മികവിന് മറ്റൊരു അംഗീകാരം കൂടിയാണ്. ലോകേഷ് കനകരാജ് സംവിധായകനെന്ന നിലയിൽ മാത്രമല്ല അഭിനേതാവെന്ന നിലയിലും തിളങ്ങാൻ കഴിയുമെന്ന് ഈ ചിത്രത്തിലൂടെ തെളിയിച്ചു. വരും ദിവസങ്ങളിൽ കലക്ഷൻ ഇനിയും കൂടുമെന്നാണ് പ്രതീക്ഷിക്കുന്നത്. 

Tags:    
News Summary - വിജയ് ദേവരകൊണ്ട നോ പറഞ്ഞത് 'ഡിസി'യുടെ കഥയോ? ചിലപ്പോൾ ഒന്നും ചെയ്യാതെയും ഇരിക്കു എന്ന് സോഷ്യൽമീഡിയ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.