വിക്രംകുരങ്ങിനൊപ്പം
ചെന്നൈ: തമിഴ് സൂപ്പർ താരം ചിയാൻ വിക്രം ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ഒരു വിഡിയോയെച്ചൊല്ലി സിനിമാ ലോകത്തും വന്യജീവി സംരക്ഷണ മേഖലയിലും വൻ വിവാദം. അപൂർവ്വ വിദേശയിനത്തിൽപ്പെട്ട കുരങ്ങിനെ കൊഞ്ചിക്കുന്ന വിഡിയോ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തതിന് പിന്നാലെ വിക്രമിന്റെ മകളുടെ ഭർതൃപിതാവും പ്രമുഖ വ്യവസായിയുമായ സി.കെ. രംഗനാഥനെതിരെ തമിഴ്‌നാട് വനംവകുപ്പ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
സംഭവം വലിയ നിയമപ്രശ്നങ്ങളിലേക്ക് നീങ്ങിയ സാഹചര്യത്തിൽ വിഡിയോ പോസ്റ്റ് ചെയ്ത് 24 മണിക്കൂറിനുള്ളിൽ വിക്രം തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ നിന്ന് ദൃശ്യങ്ങൾ നീക്കം ചെയ്യുകയായിരുന്നു. 'ലാർ ഗിബ്ബൺ' എന്ന വിഭാഗത്തിൽപ്പെടുന്ന അപൂർവ്വ ഇനം കുരങ്ങിനൊപ്പമുള്ള ദൃശ്യങ്ങളാണ് വിക്രം പങ്കുവെച്ചിരുന്നത്. അന്താരാഷ്ട്ര വന്യജീവി വ്യാപാര കരാർ (CITES), ഇന്ത്യയുടെ വന്യജീവി സംരക്ഷണ നിയമം എന്നിവ പ്രകാരം കടുത്ത സംരക്ഷണം അർഹിക്കുന്നതും വംശനാശ ഭീഷണി നേരിടുന്നതുമായ ജീവിയാണിത്.
പ്രമുഖ എഫ്.എം.സി.ജി കമ്പനിയായ കാവിൻകെയറിന്റെ (CavinKare) സ്ഥാപകനും ചെയർമാനുമായ സി.കെ.രംഗനാഥൻ കഴിഞ്ഞ ജൂണിൽ മണിപ്പൂരിൽ നിന്നാണ് ഈ കുരങ്ങിനെ വാങ്ങി തമിഴ്‌നാട്ടിലെ ഈറോഡിലുള്ള തന്റെ വസതിയിലേക്ക് കൊണ്ടുവന്നതെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ.
എന്നാൽ, കേന്ദ്ര-സംസ്ഥാന വനംവകുപ്പുകളുടെ കൃത്യമായ അനുമതിപത്രങ്ങളോ ലീഗൽ ക്ലിയറൻസ് രേഖകളോ ഇല്ലാതെ ലാർ ഗിബ്ബൺ പോലുള്ള അപൂർവ്വ ജീവികളെ വീട്ടിൽ വളർത്തുന്നത് ഗുരുതരമായ നിയമലംഘനമാണെന്ന് വന്യജീവി സംരക്ഷകർ ചൂണ്ടിക്കാണിക്കുന്നു.
തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളിൽ നിന്ന് വനാതിർത്തികൾ വഴി അനധികൃതമായി കടത്തിക്കൊണ്ടുവന്ന മൃഗങ്ങളിൽ ഒന്നാകാം ഇതെന്നും, ഇതിന് പിന്നിൽ അന്താരാഷ്ട്ര മൃഗക്കടത്ത് സംഘങ്ങൾക്ക് പങ്കുണ്ടാകാമെന്നുമുള്ള സംശയങ്ങൾ ഉയർന്നിട്ടുണ്ട്.
സംഭവം വാർത്തയായതോടെ വനംവകുപ്പ് ഉദ്യോഗസ്ഥർ അടിയന്തരമായി ഇടപെടുകയായിരുന്നു. ചെന്നൈ വൈൽഡ് ലൈഫ് വാർഡൻ യോഗൻ കുലാല നേരിട്ട് രംഗനാഥന്റെ വീട്ടിലെത്തി ചർച്ച നടത്തുകയും ഔദ്യോഗികമായി അന്വേഷണം ആരംഭിച്ചതായി അറിയിക്കുകയും ചെയ്തു.
പ്രാരംഭ പരിശോധനയിൽ, ഈ അപൂർവ്വ ഇനം കുരങ്ങിനെ കൈവശം വെക്കുന്നതിനാവശ്യമായ നിയമപരമായ ക്ലിയറൻസ് രേഖകൾ കാണിക്കാൻ സി.കെ. രംഗനാഥന് സാധിച്ചിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ.
വിക്രമിന്റെ മകൾ അക്ഷിതയുടെ ഭർത്താവായ മനു രഞ്ജിത്തിന്റെ പിതാവാണ് വ്യവസായിയായ സി.കെ. രംഗനാഥൻ. അതിനാൽ തന്നെ രംഗനാഥന്റെ വീട്ടിൽ വെച്ചെടുത്ത വിഡിയോയാണ് വിക്രം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചതെന്നാണ് കരുതപ്പെടുന്നത്.
എന്നാൽ, വിഷയം വലിയ വിവാദമായി മാറുകയും വനംവകുപ്പ് അന്വേഷണം ആരംഭിക്കുകയും ചെയ്തിട്ടും വിഡിയോ സോഷ്യൽ മീഡിയയിൽ നിന്ന് പിൻവലിച്ചതല്ലാതെ നടൻ വിക്രം ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. വനംവകുപ്പ് അന്വേഷണം പൂർത്തിയായ ശേഷമേ തുടർനടപടികൾ ഉണ്ടാകൂ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.