നയൻതാര, ഗീതു മോഹൻദാസ്

‘20 വർഷം മുൻപ് ഞങ്ങൾ ഒരുമിച്ച് അഭിനയിച്ചു, അന്നത്തെ ഗീതു വേറെയായിരുന്നു’; ടോക്സിക് ആദ്യം വേണ്ടെന്നുവെച്ചതാണ്, പിന്നെ കഥ കേട്ട് ഞെട്ടി -നയൻതാര

ഗീതു മോഹൻദാസ് ഒരുക്കുന്ന ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ആക്ഷൻ ത്രില്ലർ ചിത്രം 'ടോക്‌സിക്: എ ഫെയറി ടെയിൽ ഫോർ ഗ്രോൺ അപ്പ്‌സ്' എന്ന സിനിമയിലെ പ്രധാന കഥാപാത്രത്തെക്കുറിച്ച് മനസ്സ് തുറന്ന് നയൻതാര. തുടക്കത്തിൽ ഈ സിനിമയുടെ ഭാഗമാകാൻ തനിക്ക് അൽപ്പം മടിയുണ്ടായിരുന്നുവെന്നും എന്നാൽ ഗീതു മോഹൻദാസിന്റെ കഥപറച്ചിൽ രീതി കേട്ട് പൂർണ്ണമായും അത്ഭുതപ്പെട്ടാണ് ഒടുവിൽ അഭിനയിക്കാൻ സമ്മതിച്ചതെന്നും നയൻതാര വെളിപ്പെടുത്തി.

ബംഗളൂരുവിൽ നടന്ന ചിത്രത്തിന്റെ ട്രെയിലർ ലോഞ്ച് ചടങ്ങിൽ സംസാരിക്കവേയാണ് ഗീതു മോഹൻദാസുമായുള്ള തന്റെ ബന്ധത്തെക്കുറിച്ച് നയൻതാര പങ്കുവെച്ചത്. ‘ഞാനും ഗീതുവും തമ്മിൽ വളരെ നീണ്ടതും മനോഹരവുമായ ഒരു ബന്ധമുണ്ട്. ഏകദേശം 20 വർഷങ്ങൾക്ക് മുൻപ് ഞങ്ങൾ ഒരുമിച്ച് ഒരു സിനിമയിൽ അഭിനയിച്ചിട്ടുണ്ട്. അന്നത്തെ ഗീതു വേറെയായിരുന്നു’ നയൻതാര ഓർത്തെടുത്തു.

‘നിരവധി താരങ്ങൾ അണിനിരക്കുന്ന ചിത്രമായതുകൊണ്ടാണ് ഗീതു വിളിച്ചപ്പോൾ തുടക്കത്തിൽ തനിക്ക് മടിയുണ്ടായിരുന്നതെന്ന് നയൻതാര വ്യക്തമാക്കി. ധാരാളം അഭിനേതാക്കളുള്ള സിനിമകൾ തിരഞ്ഞെടുക്കുമ്പോൾ ഞാൻ സാധാരണയായി കുറച്ച് ജാഗ്രത പുലർത്താറുണ്ട്. അതുകൊണ്ട് തന്നെ ഈ ചിത്രത്തിലേക്ക് വിളിച്ചപ്പോൾ എനിക്ക് വലിയ ഉറപ്പില്ലായിരുന്നു. ഇല്ല, ഞാൻ ഈ സിനിമ ചെയ്യുന്നില്ല' എന്നാണ് ആദ്യം പറഞ്ഞത്. എന്നാൽ അതിനുശേഷം ഗീതു എന്നോട് പത്തുമില്ല്യൺ ചോദ്യങ്ങൾ ചോദിച്ചു. ഒടുവിൽ ഞാൻ പറഞ്ഞു, ശരി, കുഴപ്പമില്ല. നീ വന്ന് എന്നോട് കഥ പറയൂ’ പുഞ്ചിരിയോടെ നയൻതാര പറഞ്ഞു.

കഥ കേട്ട നിമിഷത്തെക്കുറിച്ചും നയൻതാര സംസാരിച്ചു. ‘ഗീതു എന്നോട് കഥ വിവരിച്ചു തുടങ്ങിയ ആ നിമിഷം മുതൽ ഞാൻ ചിന്തിക്കുകയായിരുന്നു. ആരാണ് ഈ സ്ത്രീ? നമ്മളിതുവരെ കാണാത്ത ഏത് തരത്തിലുള്ള സംവിധായികയാണിത്?. അത്രയധികം അത്ഭുതപ്പെടുത്തുന്ന ഒന്നാണ് പ്രേക്ഷകരെ കാത്തിരിക്കുന്നത്. ട്രെയിലർ കണ്ട് നിങ്ങൾ അത്ഭുതപ്പെട്ടിട്ടുണ്ടാകാം, എന്നാൽ സിനിമ മുഴുവനായി കാണുമ്പോൾ നിങ്ങളുടെ മനസ്സ് നിറയും. അത് അത്രത്തോളം ഗംഭീരമായ ഒരു അനുഭവമായിരിക്കും’ നയൻതാര പറഞ്ഞു. 

യാഷ് പ്രധാന വേഷത്തിലെത്തുന്ന 'ടോക്‌സിക്' ചിത്രത്തിൽ നയൻതാരയെക്കൂടാതെ കിയാര അദ്വാനി, താര സുതാരിയ, രുക്മിണി വസന്ത്, ഹുമ ഖുറേഷി തുടങ്ങി വൻ താരനിരയാണ് അണിനിരക്കുന്നത്. യാഷും ഗീതു മോഹൻദാസും ചേർന്ന് തിരക്കഥയെഴുതി ഗീതു സംവിധാനം ചെയ്യുന്ന ഈ ചിത്രം കന്നഡ, ഇംഗ്ലീഷ് ഭാഷകളിലാണ് പ്രധാനമായും ചിത്രീകരിച്ചിരിക്കുന്നത്.

കൂടാതെ ഹിന്ദി, തമിഴ്, തെലുങ്ക്, മലയാളം തുടങ്ങിയ ഭാഷകളിലേക്ക് മൊഴിമാറ്റം ചെയ്ത് തിയറ്ററുകളിൽ എത്തിക്കും. കെ.വി.എൻ പ്രൊഡക്ഷൻസും മോൺസ്റ്റർ മൈൻഡ് ക്രിയേഷൻസും ചേർന്ന് നിർമിക്കുന്ന ചിത്രം ഈ വർഷം ആഗസ്റ്റ് 26ന് ലോകമെമ്പാടുമുള്ള തിയറ്ററുകളിൽ റിലീസ് ചെയ്യും.

Tags:    
News Summary - ടോക്സിക് ആദ്യം വേണ്ടെന്നുവെച്ചതാണ്, പിന്നെ കഥ കേട്ട് ഞെട്ടി -നയൻതാര

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.