സിനിമാ താരങ്ങൾ

കേരളം ബൂത്തിൽ; വോട്ട് രേഖപ്പെടുത്തി മമ്മൂട്ടിയും മോഹൻലാലും അടക്കമുള്ള താരങ്ങൾ

തിരുവനന്തപുരം:  കേരളം നിയമസഭാ തെരഞ്ഞെടുപ്പിന്റെ ആവേശത്തിൽ അമരുമ്പോൾ പോളിങ് ബൂത്തുകളിൽ സിനിമ താരങ്ങളും വോട്ട് രേഖപ്പെടുത്താൻ എത്തിയിരിക്കുകയാണ്. തിരക്കേറിയ സിനിമാ ഷെഡ്യൂളുകൾ മാറ്റിവെച്ചാണ് മമ്മൂട്ടി, മോഹൻലാൽ തുടങ്ങിയ മുതിർന്ന താരങ്ങളും യുവതാരങ്ങളും വോട്ട് രേഖപ്പെടുത്താൻ തങ്ങളുടെ മണ്ഡലങ്ങളിലെത്തിയത്. എറണാകുളം പൊന്നുരുന്നി ക്രൈസ്റ്റ് കിങ് കോൺവെന്റ് സ്കൂളിലെത്തിയാണ് നടൻ മമ്മൂട്ടി വോട്ട് ചെയ്തത്.

മമ്മൂട്ടിയെ കൂടാതെ മറ്റു പല സിനിമാ താരങ്ങളും കേരളത്തിന്റെ വിവിധ കേന്ദ്രങ്ങളിൽ വോട്ട് ചെയ്യാനെത്തിയിട്ടുണ്ട്. ​നേമം മണ്ഡലത്തിൽ മുടവൻമുകൾ സ്കൂൾ ബൂത്ത് 36ൽ എത്തിയാണ് മോഹൻലാൽ വോട്ട് രേഖപ്പെടുത്തിയത്. 'ഡൺ മൈ പാർട്ട് യുവർ ടേൺ' എന്ന് എഴുതി മഷി പുരട്ടിയ ചൂണ്ടുവിരൽ ഉയർത്തികാട്ടി മോഹൻലാലിന്റെ പ്രതികരണം. സമൂഹിക മാധ്യമത്തിലാണ് മോഹൻലാൽ ചിത്രം പങ്കുവെച്ചത്.

ഒരു പ്രവചനം നടത്താനില്ലെന്നാണ് നടൻ ജഗദീഷ് പറഞ്ഞത്. ഒന്നാം പിണറായി സർക്കാർ നിപയും പ്രളയവും അടക്കം നേരിട്ടത് രണ്ടാം ഭരണത്തിലേക്ക് നയിച്ചു. ഇത്തവണ അങ്ങനെയുണ്ടായില്ല. ചിലർക്ക് സർക്കാരിനോട് വിരുദ്ധ അഭിപ്രായം ഉണ്ടാകാം. മൂന്നാമത് വരുന്ന സ്ഥാനാർഥി പലയിടത്തും വിജയം തീരുമാനിക്കുമെന്ന് ജഗദീഷ് മാധ്യമങ്ങളോട് പറഞ്ഞു. നേമം മണ്ഡലത്തിലെ കാലടി സ്കൂളിലെ ബൂത്തിലെത്തിയാണ് ജഗദീഷ് വോട്ട് ചെയ്തത്.

ജനങ്ങള്‍ അവരുടെ വിധി നിശ്ചയിച്ച് കഴിഞ്ഞെന്ന് സുരേഷ് ഗോപി ഗുരുവായൂരില്‍ വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനങ്ങള്‍ അനുവദിച്ചാല്‍ കുറഞ്ഞത് അഞ്ച് വര്‍ഷമെങ്കിലും അവര്‍ നേരിട്ട ദ്രോഹത്തെ ചോദ്യം ചെയ്യാന്‍ ആളുണ്ടാകും. തെരഞ്ഞെടുപ്പില്‍ സര്‍പ്രൈസുകള്‍ ഉണ്ടാകുമെന്നും അദ്ദേഹം അവകാശപ്പെട്ടു. ആരെങ്കിലും ജയിച്ചു കഴിഞ്ഞാല്‍ അവരെ അപഹസിക്കുന്ന ന്യായങ്ങളുമായി വരരുത്. ജനങ്ങളുടെ തീരുമാനം അംഗീകരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

'എല്ലായ്‌പോഴും നമ്മള്‍ ആഗ്രഹിക്കുന്ന പോലെ അഭിപ്രായ സ്വാതന്ത്ര്യം ഉള്ള ഒരു സര്‍ക്കാരായിരിക്കണം നമുക്ക് വേണ്ടത്. അതാണ് ഞാന്‍ എപ്പോഴും പറയുന്നത്. നമുക്ക് ഇന്ററാക്ട് ചെയ്യാന്‍ കഴിയുന്ന, നമുക്ക് ആക്‌സസ് ചെയ്യാന്‍ പറ്റുന്ന നമ്മുടെ കൈയെത്തും ദൂരത്തുള്ള ഒരു ഭരണ സംവിധാനം തന്നെ വേണം നമുക്ക് എപ്പോഴും. സ്ഥാനാര്‍ഥിത്വ ഘട്ടത്തില്‍ എന്റെ പേര് ഉണ്ടായിരുന്നു. പി.ജെ ജോസഫ് സാര്‍ ഞാന്‍ ഇലക്ഷന് നില്‍ക്കുന്നുണ്ടോ എന്ന് വിളിച്ചു ചോദിച്ചു. വീട്ടില്‍ ബാപ്പക്കും ഉമ്മക്കും വലിയ അത്ഭുതമായിരുന്നു. ചെറുപ്പം മുതല്‍ അറിയാവുന്ന രണ്ട് പേരുകളാണ്. പി.ജെ ജോസഫും പി.ടി തോമസുമായി ചെറുപ്പം മുതല്‍ തന്നെ വ്യക്തിപരമായ അടുപ്പം ഉണ്ട്.' എന്നാണ് വോട്ട് രേഖപ്പെടുത്തി ആസിഫ് അലി മാധ്യമങ്ങളോട് പറഞ്ഞത്.

‘ഇത് നമ്മളുടെ അവകാശവും കടമയുമാണെന്ന് വോട്ട് ചെയ്തശേഷം ടൊവിനോ തോമസ് പ്രതികരിച്ചു. കഴിവും പ്രാപ്തിയും ഉള്ളവർ രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്നത് അഭിനന്ദനാർഹമാണ്. രാഷ്ട്രീയത്തിൽ ശോഭിക്കുന്നത് പ്രവർത്തനത്തിന്റെ അടിസ്ഥാനത്തിലാകും. ഞാൻ രാഷ്ട്രീയത്തിലേക്ക് ഇപ്പോൾ ഇല്ല. ഇറങ്ങിയേപ്പറ്റു എന്ന തരത്തിൽ മാറ്റങ്ങൾ വന്നാൽ ഇറങ്ങും. ഏതു മുന്നണി അധികാരത്തിൽ വന്നാലും കേരളത്തിനുവേണ്ടി നല്ലത് ചെയ്യാൻ കഴിയണമെന്നും ടൊവിനോ തോമസ് പറഞ്ഞു.

കൊല്ലം മണ്ഡലത്തിലെ വോട്ടറായ മുകേഷ് തങ്കശ്ശേരി ഇൻഫന്റ് ജീസസ് സ്കൂളിലെ ബൂത്തിലാണ് വോട്ട് രേഖപ്പെടുത്തിയത്. വോട്ട് ചെയ്ത ശേഷം മാധ്യമങ്ങളോട് സംസാരിച്ച അദ്ദേഹം, ജനാധിപത്യ പ്രക്രിയയിൽ ഓരോ വോട്ടും വിലപ്പെട്ടതാണെന്ന് ഓർമിപ്പിച്ചു. കൊച്ചി തേവരയിലുള്ള സേക്രഡ് ഹാർട്ട് സ്കൂളിലെ ബൂത്തിൽ പൃഥ്വിരാജ് വോട്ട് രേഖപ്പെടുത്തി. ഭാര്യ സുപ്രിയ മേനോനൊപ്പമാണ് താരം എത്തിയത്. തന്റെ ജന്മനാടായ വെഞ്ഞാറമൂട്ടിൽ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ ബൂത്തിലാണ് സുരാജ് വോട്ട് ചെയ്തത്.

ഇടതാണെങ്കിലും വലതാണെങ്കിലും നേരെയാവട്ടെ, നല്ല വ്യക്തിത്വങ്ങള്‍ വിജയിക്കട്ടെ എന്നാണ് വോട്ട് ചെയ്തിട്ട് കുഞ്ചാക്കോ ബോബന്‍ പറഞ്ഞത്. ആലപ്പുഴ സെന്റ് മേരീസ് ഹൈസ്കൂളിലെ ബൂത്തിലെത്തിയാണ് നടൻ കുഞ്ചാക്കോ ബോബൻ വോട്ട് രേഖപ്പെടുത്തിയത്. ജനാധിപത്യത്തിന്റെ ഈ വലിയ ഉത്സവത്തിൽ പങ്കുചേരുന്നത് അഭിമാനകരമാണെന്നും വികസനത്തിന് വോട്ട് രേഖപ്പെടുത്തണമെന്നും താരം പ്രതികരിച്ചു.

Tags:    
News Summary - Film stars including Mammootty and Mohanlal cast their votes

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.