പൊതുസ്ഥലത്ത് വെച്ച് അനുചിതമായി സ്പർശിച്ച പുരുഷനെ എതിർത്തതിനെ തുടർന്ന് ശാരീരികമായി ആക്രമിക്കപ്പെട്ട അനുഭവത്തെക്കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് നടി ഫാത്തിമ സന ശൈഖ്. ഇന്നും അത്തരം സാഹചര്യങ്ങളോട് എങ്ങനെ പ്രതികരിക്കുന്നു എന്നതിനെ ആ സംഭവം സ്വാധീനിക്കുന്നു എന്ന് നടി വെളിപ്പെടുത്തി. ഹൗട്ടർഫ്ലൈയുമായുള്ള ഒരു സംഭാഷണത്തിലാണ് ഫാത്തിമ തുറന്നു പറച്ചിൽ നടത്തിയത്.
'ഒരാൾ എന്നെ അനുചിതമായി സ്പർശിച്ചു. ഞാൻ അവനെ അടിച്ചു. പക്ഷേ അവൻ എന്നെ ശക്തമായി തിരിച്ചടിച്ചു, ഞാൻ പൂർണമായും തളർന്നുപോയി. അവൻ എന്നെ സ്പർശിച്ചതുകൊണ്ടാണ് ഞാൻ അവനെ അടിച്ചത്. പക്ഷേ അത് അവനെ ദേഷ്യം പിടിപ്പിച്ചു, ഞാൻ വീഴുന്നിടത്തോളം അവൻ എന്നെ അടിച്ചു' -അവർ പറഞ്ഞു.
ആ ഭയാനകമായ സംഭവത്തിനുശേഷം കുറച്ചുകൂടി ജാഗ്രത പാലിക്കാൻ തുടങ്ങിയെന്ന് ഫാത്തിമ പറയുന്നു. അത്തരം സാഹചര്യങ്ങളിൽ എങ്ങനെ പ്രതികരിക്കണമെന്ന് നമ്മൾ പരിശോധിക്കേണ്ടതുണ്ടെന്ന് ഇപ്പോൾ മനസിലാക്കിയെന്ന് അവർ വിശദീകരിച്ചു.
കോവിഡ്-19 ലോക്ക്ഡൗൺ സമയത്ത് പകൽ വെളിച്ചത്തിൽ അപമാനം നേരിട്ടതിനെക്കുറിച്ചും ഫാത്തിമ വിവരിച്ചു. മുംബൈയിൽ മാസ്ക് ധരിച്ച് സൈക്കിൾ ചവിട്ടുന്ന സമയത്ത് ഒരു ടെമ്പോ ഡ്രൈവർ ഹോൺ അടിക്കുകയും വിചിത്രമായ ശബ്ദങ്ങൾ പുറപ്പെടുവിക്കുകയും ചെയ്തതായും ഫാത്തിമ പറഞ്ഞു. അയാൾ തന്നെ പിന്തുടർന്നതിനെക്കുറിച്ചും അവർ പങ്കുവെച്ചു.
അതേസമയം, അനുരാഗ് ബസു സംവിധാനത്തിൽ അലി ഫസലിനൊപ്പം അഭിനയിച്ച 'മെട്രോ ഇൻ ഡിനോ' ആണ് ഫാത്തിമയുടെ അടുത്തിടെ പുറത്തുവന്ന സിനിമ. അവരുടെ ഏറ്റവും പുതിയ ചിത്രം 'ആപ് ജൈസ കോയി' നെറ്റ്ഫ്ലിക്സിൽ റിലീസ് ചെയ്തു. ലല്ലന്റോപ്പിന് നൽകിയ അഭിമുഖത്തിൽ 'തഗ്‌സ് ഓഫ് ഹിന്ദുസ്ഥാന്‍' എന്ന ചിത്രത്തില്‍ ഫാത്തിമയുടെ കാമുകന്റെ വേഷം ചെയ്തതിനെക്കുറിച്ച് ആമിർ ഈയിടെ സംസാരിച്ചിരുന്നു. ആ കഥാപാത്രത്തിൽ തനിക്ക് ഒരു പ്രശ്‌നവുമില്ലെന്ന് നടന്‍ വ്യക്തമാക്കി.
'ദംഗല്‍' എന്ന ചിത്രത്തില്‍ ഫാത്തിമ തന്റെ മകളായി അഭിനയിച്ചതിനാൽ തങ്ങള്‍ക്കിടയിലെ പ്രണയ രംഗങ്ങൾ മാറ്റാമെന്ന് സംവിധായകന്‍ വിജയ് കൃഷ്ണ ആചാര്യ പറഞ്ഞിരുന്നതായി നടൻ പറഞ്ഞു. എന്നാല്‍, ഫാത്തിമയുടെ കാമുകനായി അഭിനയിക്കുന്നതില്‍ തനിക്ക് വിരോധമില്ലെന്നും യഥാർഥ ജീവിതത്തിലല്ല, മറിച്ച് ഒരു സിനിമയിലാണെന്നും താരം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.