മുംബൈ: തന്‍റെ സാമൂഹമാധ്യമ അകൗണ്ടുകൾ ബി.ജെ.പിക്ക് കൈമാറിയതിന് പ്രത്യുപകാരമായി 18 കോടിയുടെ വായ്പ എഴുതിത്തള്ളിയെന്ന കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ (കെ.പി.സി.സി) ആരോണത്തിന് പിന്നാലെ നടി പ്രീതി സിന്‍റെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെ മാനനഷ്ടക്കേസ് നൽകുമെന്ന് വാർത്ത. ഇതേക്കുറിച്ച് ചോദിച്ച ആരാധകന് വാർത്ത നിഷേധിക്കാതെയാണ് നടി മറുപടി നൽകിയത്.
മറ്റൊരാളുടെ പ്രവൃത്തികൾക്ക് അയാൾ ഉത്തരവാദിയല്ലാത്തതിനാൽ ആരെയും അത്തരത്തിൽ അപകീർത്തിപ്പെടുത്തുന്നത് ശരിയാണെന്ന് ഞാൻ കരുതുന്നില്ല. പ്രശ്‌നങ്ങൾ പ്രോക്‌സി യുദ്ധങ്ങളിലൂടെയല്ല നേരിട്ട് കൈകാര്യം ചെയ്യുന്നതിലാണ് ഞാൻ വിശ്വസിക്കുന്നത്. ഞാനും രാഹുൽ ഗാന്ധിയും തമ്മിൽ ഒരു പ്രശ്നവുമില്ല. അതിനാൽ അദ്ദേഹത്തെ സമാധാനത്തോടെ ജീവിക്കാൻ അനുവദിക്കൂ, ഞാനും സമാധാനത്തോടെ ജീവിക്കട്ടെ -എന്നാണ് പ്രീതി സിന്‍റ പറഞ്ഞത്.
കഴിഞ്ഞ ദിവസമാണ്, പ്രീതി സിന്റയുടെ സാമൂഹമാധ്യമ അകൗണ്ടുകൾ ബി.ജെ.പിക്ക് കൈമാറിയെന്നും തുടർന്ന് 18 കോടിയുടെ വായ്പ ന്യൂ ഇന്ത്യ കോ-ഓപറേറ്റീവ് ബാങ്ക് എഴുതിതള്ളിയെന്നുമാണ് കെ.പി.സി.സി സ്വന്തം അകൗണ്ടിൽ പോസ്റ്റ് ചെയ്തത്. പിന്നാലെ ഇതിനെതിരെ രൂക്ഷമായ വിമർശനവുമായി പ്രീതി സിന്‍റ രംഗത്തെത്തിയിരുന്നു. പ്രചാരണം വ്യാജവും ലജ്ജാകരവുമാണെന്നും തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ കൈകാര്യം ചെയ്യുന്നത് താനാണെന്നും താരം എക്സിൽ കുറിച്ചിരുന്നു.
ഇതോടെ കെ.പി.സി.സി വിശദീകരണവുമായി രംഗത്തെത്തിയിരുന്നു. മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിലാണ് പോസ്റ്റ് ഇട്ടതെന്നും മറ്റു സെലിബ്രറ്റികളെപ്പോലെ കുപ്രസിദ്ധമായ ഐ.ടി. സെല്ലിന് സമൂഹമാധ്യമ അക്കൗണ്ട് കൈമാറാതിരുന്നതിൽ സന്തോഷമുണ്ടെന്നും കെ.പി.സി.സി പ്രതികരിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.