നടൻ, എഴുത്തുകാരൻ, സംവിധായകൻ, നിർമാതാവ് എന്നീ നിലകളിൽ പ്രശസ്തനായിരുന്നു ദേവ് ആനന്ദ്. ഇന്ത്യൻ സിനിമ ചരിത്രത്തിലെ ഏറ്റവും മികച്ചതും വിജയകരവുമായ നടന്മാരിൽ ഒരാളായി അദ്ദേഹം കണക്കാക്കപ്പെടുന്നു. ഒരു സിനിമാതാരമാകാനുള്ള ആഗ്രഹം കൊണ്ടാണ് പോക്കറ്റിൽ വെറും 30 രൂപയുമായി ലാഹോറിൽ നിന്ന് അന്നത്തെ ബോംബെയിലേക്ക് താമസം മാറാൻ ദേവ് ആനന്ദ് തീരുമാനിച്ചത്.
റൊമാൻസിങ് വിത്ത് ലൈഫ് എന്ന തന്റെ ഓർമക്കുറിപ്പിൽ തനിക്ക് എട്ട് സഹോദരങ്ങളുണ്ടെന്നും, അവർക്കെല്ലാം മികച്ച വിദ്യാഭ്യാസം നൽകണമെന്ന് പിതാവ് ആഗ്രഹിച്ചിരുന്നെങ്കിലും താൻ വളർന്നപ്പോഴേക്കും ബുദ്ധിമുട്ടുകൾ കാരണം അത് പൂർണമായും നേടാൻ കഴിഞ്ഞില്ലെന്നും ദേവ് പങ്കുവെക്കുന്നുണ്ട്.
പിതാവ് തനിക്ക് ഒരു ബാങ്കിൽ ഒരു ക്ലറിക്കൽ ജോലി നിർദ്ദേശിച്ചുവെന്നും ദേവ് പങ്കുവെച്ചു. ലാഹോറിലെ ഗവൺമെന്റ് കോളജിൽ നിന്ന് വിദ്യാഭ്യാസം പൂർത്തിയാക്കിയിരുന്നു ദേവ്. ക്ലറിക്കൽ ജോലി തനിക്ക് ബുദ്ധിമുട്ടാണെന്ന് അദ്ദേഹം മനസിലാക്കിയിരുന്നു. അതുകൊണ്ടാണ് മുപ്പത് രൂപയും തന്റെ ഏറ്റവും വിലയേറിയ സ്വകാര്യ വസ്തുക്കളുടെ ഒരു ചെറിയ ബാഗും കൈയിലെടുത്ത് സിനിമകളിൽ ഭാഗ്യം പരീക്ഷിക്കാൻ ബോംബെയിലേക്ക് പോകാൻ അദ്ദേഹം തീരുമാനിച്ചത്.
സ്ഥിര ജോലിയില്ലാത്തതിനാൽ പലപ്പോഴും പട്ടിണിയുടെ വക്കിലായിരുന്നു ദേവ്. സിനിമ ലോകത്തെ ആരുടെയെങ്കിലും ശ്രദ്ധ പിടിച്ചുപറ്റാമെന്ന പ്രതീക്ഷയിൽ അദ്ദേഹം സ്റ്റുഡിയോകളിൽ നിന്ന് സ്റ്റുഡിയോകളിലേക്ക് യാത്ര ചെയ്തു. ഫിലിം സ്റ്റുഡിയോകളിൽ ജോലി ചെയ്യുന്നവരെ രസിപ്പിക്കാൻ ജനപ്രിയ ഗാനങ്ങൾ ആലപിച്ചു. ഈ ഘട്ടത്തിൽ, ഖ്വാജ അഹമ്മദ് അബ്ബാസിന്റെ കാരുണ്യത്തിലാണ് ദേവ് ജീവിച്ചിരുന്നത്. പിന്നീട് അവിടുന്ന് താമസം മാറി.
ദേവ് സാമ്പത്തികമായി ബുദ്ധിമുട്ടിലായതിനാൽ, തന്റെ കൈവശമുണ്ടായിരുന്ന അവസാനത്തെ വിലയേറിയ വസ്തുവായ സ്റ്റാമ്പ് ശേഖരം വെറും 30 രൂപക്ക് വിൽക്കാൻ അദ്ദേഹം തീരുമാനിച്ചു. ദേവ് പരേലിലെ കൃഷ്ണ നിവാസ് എന്നയിടത്ത് മൂന്ന് റൂംമേറ്റുകളോടൊപ്പം താമസം തുടങ്ങി. സഹോദരൻ ചേതൻ ആനന്ദ് നഗരത്തിലേക്ക് താമസം മാറിയപ്പോൾ അവരോടൊപ്പം താമസമാക്കി. സാമ്പത്തികമായി മോശം അവസ്ഥ വന്നപ്പോൾ ഒരു അക്കൗണ്ടൻസി സ്ഥാപനത്തിൽ ക്ലർക്കായി അദ്ദേഹം ജോലിയിൽ പ്രവേശിച്ചു. പ്രതിമാസം 85 രൂപ ശമ്പളം ലഭിച്ചിരുന്നെങ്കിലും അദ്ദേഹം ആ ജോലിയിൽ തൃപ്തനായിരുന്നില്ല.
ബ്രിട്ടീഷ് സർക്കാറിന്റെ സെൻസർഷിപ്പ് വകുപ്പിലായിരുന്നു അദ്ദേഹം പിന്നീട് ജോലി ചെയ്തത്. അവിടെ വിദ്യാസമ്പന്നരായ യുവാക്കളെ ഉപയോഗിച്ച് സൈനികരുടെ കത്തുകൾ പരിശോധിക്കാൻ അവർ നിയമിച്ചിരുന്നു. കുറച്ചുകാലം അദ്ദേഹം ഈ ജോലിയിൽ തുടർന്നു. ഒടുവിൽ പ്രതിമാസം 165 രൂപ ശമ്പളം ലഭിക്കാൻ തുടങ്ങി. പക്ഷേ, തന്റെ സിനിമ സ്വപ്നങ്ങൾക്ക് തടസമായി വന്നതിനാൽ ആ ജോലിയും അദ്ദേഹം ഉപേക്ഷിച്ചു.
ഒരു ദിവസം ആ കത്തുകളിൽ ഒന്ന് വായിച്ചുകൊണ്ടിരുന്നപ്പോൾ ഒരു ആർമിക്കാരൻ തന്റെ ഭാര്യക്ക് എഴുതിയ കത്ത് വായിച്ചതിനെക്കുറിച്ച് ദേവ് ഓർത്തു. 'എനിക്ക് ഇപ്പോൾ ഈ ജോലി ഉപേക്ഷിച്ച് നിങ്ങളുടെ കൈകളിൽ എത്താൻ കഴിഞ്ഞിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കുന്നു' എന്നാണ് അതിൽ എഴുതിയത്. ആ നിമിഷം, താൻ ജോലി ഉപേക്ഷിച്ച് ഇറങ്ങിപ്പോയതായി അദ്ദേഹം പറഞ്ഞു. ഒരു ആഴ്ച കഴിഞ്ഞ് ദേവിന് സിനിമയിൽ ആദ്യ അവസരം ലഭിച്ചു.
ആറ് പതിറ്റാണ്ടിലേറെ നീണ്ട തന്റെ കരിയറിൽ അദ്ദേഹം 100ലധികം സിനിമകളിൽ പ്രവർത്തിച്ചു. മികച്ച നടനുള്ള രണ്ട് അവാർഡുകൾ ഉൾപ്പെടെ നാല് ഫിലിംഫെയർ അവാർഡുകൾ ആനന്ദിന് ലഭിച്ചിട്ടുണ്ട്. 2001ൽ ഇന്ത്യയിലെ മൂന്നാമത്തെ ഉയർന്ന സിവിലിയൻ ബഹുമതിയായ പത്മഭൂഷണും 2002ൽ ദാദാസാഹിബ് ഫാൽക്കെ അവാർഡും നൽകി ഇന്ത്യ സർക്കാർ അദ്ദേഹത്തെ ആദരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.