സിനിമയുടെ പ്രേമോഷനിടെ ബോഡി ഷെയിമിങ് പരമാർശം നടത്തിയ യൂട്യൂബറോട് നടി ഗൗരി കിഷൻ പ്രതികരിച്ചത് വാർത്തയായിരുന്നു. 'അദേഴ്‌സ്' എന്ന ചിത്രത്തിന്‍റെ പ്രമോഷന്‍റെ ഭാഗമായി ചെന്നൈയിലെ വാർത്ത സമ്മേളനത്തിനിടെയായിരുന്നു സംഭവം. നടിയുടെ ഭാരം എത്രയെന്നായിരുന്നു യൂട്യൂബർ നായകനോട് ചോദിച്ചത്. ഇതിനെതിരൊണ് താരം പ്രതികരിച്ചത്. പ്രസ് മീറ്റിന്‍റെ വിഡിയോ സമൂഹമാധ്യമത്തിൽ പ്രചരിച്ചതോടെ ഗൗരിക്ക് പിന്തുണയുമായി പ്രമുഖർ രംഗത്തെത്തി.
ചോദ്യങ്ങൾക്ക് ശക്തമായ മറുപടി നൽകിയ ഗൗരിയെ പലരും പ്രശംസിച്ചു. ഗായിക ചിന്മയി ശ്രീപദ ഗൗരിയെ പിന്തുണച്ച് രംഗത്തെത്തി. ഗൗരി പ്രതികരിച്ചതിൽ അഭിമാനമുണ്ടെന്ന് ചിന്മയി എക്സിൽ എഴുതി. 'ഗൗരി നല്ലകാര്യമാണ് ചെയ്തത്. അനാദരവുള്ളതും അനാവശ്യവുമായ ചോദ്യത്തിന് എതിരെ ശബ്ദിച്ച സമയത്ത് ഒരുപാട് നിലവിളികൾ ഉയർന്നു. ഇത്രയും ചെറുപ്പത്തിൽ ഒരാൾ തന്റെ നിലപാടിൽ ഉറച്ചു നിന്നതിൽ എനിക്ക് അഭിമാനമുണ്ട്. ഒരു നടനോടും ആരും ഭാരം എത്രയെന്ന് ചോദിക്കാറില്ല. എന്തുകൊണ്ടാണ് അവർ ഒരു നടിയോട് ചോദിച്ചതെന്ന് എനിക്കറിയില്ല' -ചിന്മയി പറഞ്ഞു. ചിന്മയുടെ സന്ദേശത്തിന് ഗൗരി മറുപടി നൽകിയിട്ടുണ്ട്. തന്നെപ്പോലുള്ള നിരവധി സ്ത്രീകൾക്ക് ചിന്മയി നൽകുന്ന പ്രചോദനത്തിന് ഗൗരി നന്ദി പറഞ്ഞു.
അതേസമയം, ഗൗരി പ്രതികരിച്ചതും പുരുഷ സഹപ്രവർത്തകരുടെ നിശബ്ദതയും ചർച്ചയായിട്ടുണ്ട്. നടി പ്രതികരിച്ചിട്ടും യൂട്യൂബർക്ക് ചോദ്യത്തിലെ പ്രശ്നം മനസിലായില്ല. സാധാരണ എല്ലാവരും ചോദിക്കുന്ന ചോദ്യമാണ് താനും ചോദിച്ചതെന്നും അതിൽ തെറ്റില്ലെന്നുമായിരുന്നു വാദം. 32 വർഷമായി താൻ മാധ്യമപ്രവർത്തകമാണെന്നും തമിഴ് ജനതക്ക് എന്താണ് വേണ്ടതെന്ന് തനിക്കറിയാമെന്നും അയാൾ പറഞ്ഞു. ഗൗരി മാപ്പ് പറയണമെന്നും യൂട്യൂബർ ആവശ്യപ്പെട്ടു. നിങ്ങളാണ് മാപ്പ് പറയേണ്ടത് എന്നായിരുന്നു ഗൗരിയുടെ മറുപടി.
തന്‍റെ ഭാരം അറിഞ്ഞിട്ട് എന്താണ് ചെയ്യാൻ പോകുന്നതെന്ന് ഗൗരി ചോദിച്ചു. ബോഡിഷെയിമിങ്ങിനെ നോർമലൈസ് ചെയ്യാൻ പാടില്ലെന്നും ഗൗരി പറഞ്ഞു. നിങ്ങൾ ചെയ്യുന്നത് ജേർണലിസമല്ല എന്ന് മനസിലാക്കണമെന്നും നിങ്ങൾ നിങ്ങളുടെ തൊഴിലിന് അപമാനമാണെന്നും നടി പറഞ്ഞു. നായികക്ക് നേരെ ഒരുകൂട്ടം ആളുകൾ വാക്കുകൾകൊണ്ട് ആക്രമണം നടത്തിയിട്ടും പ്രതികരിക്കാതിരുന്ന സംവിധായകനും നായകനും നേരെ വലിയ വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.