'നിങ്ങളുടെ പ്രവൃത്തി ചെയ്യാന്‍ നിങ്ങള്‍ക്ക് അവകാശമുണ്ട്'; കാനിൽ ചർച്ചയായി സംസ്കൃത ശ്ലോകം ആലേഖനം ചെയ്ത ഐശ്വര്യയുടെ മേൽവസ്ത്രം

കാൻസ്: 78-ാമത് കാൻ ചലച്ചിത്ര മേളയുടെ റെഡ് കാർപ്പറ്റിൽ വീണ്ടും തിളങ്ങി ഐശ്വര്യ റായ്. പൂർണമായും ഇന്ത്യൻ ലുക്കിലാണ് ആദ്യം എത്തിയതെങ്കിൽ കറുത്ത ഗൗണ്‍ ധരിച്ചാണ് രണ്ടാമത് ഐശ്വര്യ എത്തിയത്. കറുത്ത ഗൗണിന് മുകളില്‍ വെളുത്ത മേല്‍വസ്ത്രം ധരിച്ചെത്തിയ ഐശ്വര്യയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞ് നില്‍ക്കുന്നത്. ചിത്രങ്ങള്‍ എക്‌സ് ഉള്‍പ്പെടെയുള്ള സമൂഹ മാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്. ഗൗരവ് ഗുപ്ത എന്ന ഡിസൈനറാണ് ഐശ്വര്യക്കായി വസ്ത്രം രൂപകല്‍പ്പന ചെയ്ത് നല്‍കിയത്. ഐശ്വര്യക്കൊപ്പം എത്തിയ മകൾ ആരാധ്യയും കറുത്ത വസ്ത്രമായിരുന്നു ധരിച്ചത്.

വെള്ളി, സ്വര്‍ണ്ണം, കരി, കറുപ്പ് എന്നിവ ഉപയോഗിച്ച് പ്രപഞ്ചത്തെ പ്രതിനിധീകരിക്കുന്ന തരത്തിലാണ് ഗൗണിന്റെ എംബ്രോയിഡറി ചെയ്തിരിക്കുന്നത്. ഗൗണിന് പുറത്തണിഞ്ഞ മേല്‍വസ്ത്രത്തിന് പിറകില്‍ ഭഗവത്ഗീതയില്‍ നിന്നുള്ള സംസ്‌കൃത ശ്ലോകവും ആലേഖനം ചെയ്തിട്ടുണ്ട്. 'നിങ്ങളുടെ പ്രവൃത്തി ചെയ്യാന്‍ നിങ്ങള്‍ക്ക് അവകാശമുണ്ട്, എന്നാല്‍ അതിന്റെ ഫലത്തില്‍ നിങ്ങള്‍ക്ക് അവകാശമില്ല. പ്രവര്‍ത്തിയുടെ ഫലം നിങ്ങളുടെ പ്രേരണയാകരുത്.' എന്ന് അർത്ഥം വരുന്ന സംസ്കൃത ശ്ലോകമായിരുന്നു ഐശ്വര്യ ധരിച്ച മേൽവസ്ത്രത്തിൽ ആലേഖനം ചെയ്തിരുന്നത്.

കാനിലെ പ്രഥമ ലുക്കിനായി ഐശ്വര്യ തിരഞ്ഞെടുത്ത ഐവറി നിറത്തിലുള്ള മനോഹരമായ സാരിയും ഏറെ ശ്രദ്ധ നേടിയിരുന്നു. പ്രശസ്ത ഫാഷൻ ഡിസൈനർ മനീഷ് മൽഹോത്ര ഡിസൈൻ ചെയ്ത, കദ്‌വ ബനാറസി ഹാൻഡ്‌ലൂം സാരിയണിഞ്ഞാണ് ഐശ്വര്യ എത്തിയത്. 18 കാരറ്റ് ഗോൾഡിൽ അൺകട്ട് ഡയമണ്ട് ചേർത്ത ആഭരണങ്ങളും ധരിച്ചിരുന്നു. എന്നാൽ, ഇതൊന്നുമല്ല ചർച്ചയായത്. സാരിയെക്കാളും ആഭരണത്തേക്കാളും പാപ്പരാസികളും ഫാൻസും ചർച്ച ചെയ്യുന്നത് സീമന്ത രേഖയിൽ നീളത്തിൽ ഐശ്വര്യ തൊട്ട സിന്ദൂരത്തെക്കുറിച്ചായിരുന്നു. 

Tags:    
News Summary - Cannes 2025: Aishwarya Rai Bachchan dons cape featuring Bhagavad Gita shloka

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.