ആർ.ജെ മിറ്റി

ബ്രേക്കിങ് ബാഡ് താരം ആർ.ജെ മിറ്റി അന്തരിച്ചു; വിടവാങ്ങിയത് 34-ാം വയസ്സിൽ

ഹോളിവുഡിനെ ഞെട്ടിച്ച് 'ബ്രേക്കിങ് ബാഡ്' താരത്തിന്റെ വിയോഗം. എമ്മി അവാർഡ് നേടിയ സൂപ്പർഹിറ്റ് സീരീസായ 'ബ്രേക്കിങ് ബാഡിൽ' വാൾട്ടർ ജൂനിയറായി അഭിനയിച്ച് ലോകശ്രദ്ധ നേടിയ ആർ.ജെ മിറ്റി അന്തരിച്ചു. 34 വയസ്സായിരുന്നു. ടെക്സസിലെ ബ്രൗൺസ്‌വില്ലെയിലെ വസതിയിൽ തിങ്കളാഴ്ച ഉച്ചയോടെയായിരുന്നു മരണം എന്ന് കാമറൂൺ കൗണ്ടി ജസ്റ്റിസ് ഓഫ് ദ പീസ് ഓഫീസ് സ്ഥിരീകരിച്ചു.

മരണകാരണത്തെ കുറിച്ച് ഔദ്യോഗിക പ്രസ്താവനയിൽ വിശദീകരണമില്ലെങ്കിലും, ചില അന്താരാഷ്ട്ര മാധ്യമങ്ങൾ ആത്മഹത്യയാണ് എന്ന് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്. മിറ്റിയുടെ ടാലന്റ് മാനേജ്‌മെന്റ് ഏജൻസി പുറത്തിറക്കിയ പ്രസ്താവനയിലാണ് മരണവാർത്ത ആദ്യം സ്ഥിരീകരിച്ചത്. ‘പ്രിയപ്പെട്ട നടൻ, ജീവകാരുണ്യ പ്രവർത്തകൻ, അഭിനിവേശമുള്ള ഭിന്നശേഷി അവകാശ പോരാളി ആർ.ജെ മിറ്റിയുടെ ദാരുണമായ വിയോഗം അതീവ ദുഃഖത്തോടെ ഞങ്ങൾ പങ്കുവെക്കുന്നു’ എന്നായിരുന്നു പ്രതിനിധി സീൻ റെയ്‌ലിയുടെ വാക്കുകൾ. 

1992 ആഗസ്റ്റ് 21ന് മിസിസിപ്പിയിൽ ജനിച്ച റോയ് ഫ്രാങ്ക് മിറ്റി മൂന്നാമന് മൂന്നാം വയസ്സിൽ സെറിബ്രൽ പാൾസി സ്ഥിരീകരിച്ചിരുന്നു. 2008ല്‍ ബ്രേക്കിങ് ബാഡില്‍ മിറ്റി അവതരിപ്പിച്ച വാള്‍ട്ടര്‍ വൈറ്റ് ജൂനിയര്‍ എന്ന കഥാപാത്രം ഏറെ ശ്രദ്ധ നേടി. സെറിബ്രല്‍ പാള്‍സിയുള്ള ആളായി തന്നെയാണ് മിറ്റെ സീരിസിലും അഭിനയിച്ചത്. ഇത് രോഗത്തെ കുറിച്ച് ആളുകളില്‍ കുറേക്കൂടി അവബോധം സൃഷ്ടിക്കാന്‍ ഇടയാക്കിയെന്നും റെയ്​ലി അനുസ്മരണക്കുറിപ്പില്‍ പറയുന്നു.

ജനിച്ച അന്നേ മാതാപിതാക്കൾ ഉപേക്ഷിച്ചുപോയ കുഞ്ഞിനെ മിസിസിപ്പി സ്വദേശികളായ റോയ് ഫ്രാങ്ക് മിറ്റെ ജൂനിയറും ഡൈന മിറ്റിയും ദത്തെടുത്ത് വളർത്തുകയായിരുന്നു. ആർ.ജെ മിറ്റെ എന്ന പേര് നൽകിയതും അവർ തന്നെ. വർഷങ്ങൾക്കിപ്പുറം 'നോമിനി' എന്ന സീരിസിലെ പ്രകടനത്തിന് പുരസ്കാരം തേടിയെത്തിയതോടെയാണ് ഈ കഥ ലോകം അറിഞ്ഞത്.

മൂന്ന് വയസ്സുവരെ മറ്റേതൊരു കുട്ടിയെയും പോലെ ജീവിച്ച മിറ്റിക്ക് പിന്നീടാണ് സെറിബ്രൽ പാൾസി ബാധിച്ച് കാലുകൾക്ക് തളർച്ച സംഭവിച്ചത്. കൗമാരകാലത്ത് വോക്കറിന്റെ സഹായത്തോടെയാണ് നടന്നിരുന്നതെങ്കിലും മാതാപിതാക്കളുടെ അസാധാരണമായ പിന്തുണയും കരുതലും മൂലം അദ്ദേഹം പതിയെ എഴുന്നേറ്റ് നടക്കാൻ പഠിച്ചു.

വൈറ്റ് ഫ്ലവേഴ്സ്, ഹൗസ് ഓഫ് ലാസ്റ്റ് തിങ്സ്, സ്റ്റമ്പ് തുടങ്ങി നിരവധി സിനിമകളിൽ അദ്ദേഹം വേഷമിട്ടു. 'ദി കിഡ്സ് ഓഫ് വിഡ്നി ഹൈ', 'വാനിഷ്ഡ്: ദി താര കാലിക്കോ സ്റ്റോറി' തുടങ്ങിയ ഡോക്യുമെന്ററികൾ നിർമിച്ചും ശ്രദ്ധ നേടി. റാപ്-റോക്ക് ബാൻഡായ ഹോളിവുഡ് അൺഡെഡിന്റെ 'ഡെഡ് ബൈറ്റ്' എന്ന മ്യൂസിക് വിഡിയോയിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. ഐക്യരാഷ്ട്രസഭയുടെ സെറിബ്രൽ പാൾസി സെലിബ്രിറ്റി അംബാസഡറായി പ്രവർത്തിച്ച മിറ്റി, രോഗബാധിതരുടെ ഉന്നമനത്തിനായി സ്വന്തമായി ഒരു ഫൗണ്ടേഷനും സ്ഥാപിച്ചിരുന്നു.

Tags:    
News Summary - Breaking Bad Star RJ Mitte Dies

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.