ദുൽഖർ സൽമാന്റെ 'കാന്ത' എന്ന ചിത്രത്തിലൂടെ തമിഴിൽ അരങ്ങേറ്റം കുറിച്ചിരിക്കുകയാണ് നടി ഭാഗ്യശ്രീ ബോർസെ. കാന്തയിലെ കുമാരി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചതിന് ഇപ്പോൾ താരം ഏറെ പ്രശംസ പിടിച്ചുപറ്റുകയാണ്. അടുത്തിടെ ഐ.എ.എൻ.എസിന് നൽകിയ അഭിമുഖത്തിൽ സിനിമയെക്കുറിച്ചും തനിക്ക് ലഭിക്കുന്ന അഭിനന്ദനങ്ങളെക്കുറിച്ചും താരം സംസാരിച്ചു.
'കുമാരിക്ക് വേണ്ടി ഞാൻ നടത്തിയ കഠിനാധ്വാനം കണ്ടപ്പോൾ, 'ഇത്രയും കഠിനാധ്വാനം ചെയ്യുന്ന ഒരാളെ ഇതുവരെ കണ്ടിട്ടില്ല' എന്ന് പലരും പറഞ്ഞു. എനിക്ക്, എന്റെ കഴിവ് തെളിയിക്കാൻ ആ ഒരു അവസരം ലഭിച്ചത് അനുഗ്രഹം പോലെയായിരുന്നു. അതിനാൽ, സിനിമ പുറത്തിറങ്ങിയതിനുശേഷം വളരെയധികം സ്നേഹം ലഭിക്കുന്നുണ്ടെന്ന് ഞാൻ കരുതുന്നു. കഠിനാധ്വാനം നിങ്ങളെ എവിടെയെങ്കിലും എത്തിക്കുമെന്ന് വിശ്വസിക്കാൻ ഇതെല്ലാം എന്നെ പ്രേരിപ്പിക്കുന്നു' -ഭാഗ്യശ്രീ ബോർസെ പറഞ്ഞു.
സെൽവമണി സെൽവരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ റാണ ദഗ്ഗുബതി, സമുദ്രക്കനി എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. 1950കളിലെ മദ്രാസ് പശ്ചാത്തലമാക്കിയ ചിത്രത്തിൽ ടി.കെ. മഹാദേവനായാണ് ദുൽഖർ സൽമാൻ അഭിനയിക്കുന്നത്. രവീന്ദ്ര വിജയ്, ഗായത്രി എന്നിവരും ചിത്രത്തിലുണ്ട്. 2022ലെ ഹേ സിനാമികക്ക് ശേഷം ദുൽഖറിന്‍റെ തമിഴ് സിനിമയിലേക്കുള്ള തിരിച്ചുവരവിനെ അടയാളപ്പെടുത്തുന്ന ചിത്രമാണ് 'കാന്ത'.
രണ്ടു പ്രമുഖ കലാകാരന്മാർക്കിടയിലെ ഈഗോയും മറ്റുമാണ് ചിത്രത്തിന്റെ കഥാതന്തു. തമിഴ് സിനിമയുടെ ആദ്യത്തെ സൂപ്പർസ്റ്റാറായി പരക്കെ കണക്കാക്കപ്പെടുന്ന എം.കെ. ത്യാഗരാജ ഭാഗവതരുടെ ഉയർച്ചയും തകർച്ചയും ചുറ്റിപ്പറ്റിയാണ് ചിത്രം കഥ പറയുന്നത് എന്നാണ് റിപ്പോർട്ടുകൾ. നവംബർ 14ന് തിയറ്ററുകളിൽ എത്തിയ 'കാന്ത' മികച്ച പ്രതികരണങ്ങൾ നേടി. ചിത്രം ബോക്സ് ഓഫിസിൽ ആദ്യ ദിനം തന്നെ നാല് കോടി രൂപ നേടിയതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.