മലയാളികളുടെ പ്രിയപ്പെട്ട നടനും സംവിധായകനുമാണ് ബേസിൽ ജോസഫ്. കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഒരു നടനെന്ന നിലയിൽ ശ്രദ്ധേയമായ പ്രകടനങ്ങൾ കാഴ്ചവെക്കുകയാണ് ബേസിൽ. എങ്കിലും ബേസിൽ സംവിധായകന്റെ കസേരയിലേക്ക് മടങ്ങിവരുന്നതിനായി സിനിമാപ്രേമികൾ കാത്തിരിക്കുകയാണ്.
രൺവീർ സിങ് ടൈറ്റിൽ റോളിൽ എത്തുന്ന, ശക്തിമാൻ ചിത്രത്തിന് നേതൃത്വം നൽകാൻ അദ്ദേഹം ചർച്ചകൾ നടത്തിവരികയാണെന്ന റിപ്പോർട്ടുകൾ പ്രേക്ഷകർക്കിടയിൽ വലിയ ആവേശം സൃഷ്ടിച്ചിരുന്നു. ബേസിലിന്‍റെ അവസാന സംവിധാന സംരംഭം ആഗോളതലത്തിൽ പ്രശംസ നേടിയ സൂപ്പർഹീറോ ചിത്രം മിന്നൽ മുരളി (2021) ആയതുകൊണ്ട് ആരാധകർക്ക് പ്രതീക്ഷ വർധിക്കും.
ശക്തിമാന്റെ സ്രഷ്ടാവായ മുകേഷ് ഖന്നയും സിനിമയെക്കുറിച്ചുള്ള റിപ്പോർട്ടുകൾ പുറത്തുവന്നതോടെ വാർത്തകളിൽ ഇടം നേടിയിട്ടുണ്ട്. രൺവീർ ഈ വേഷത്തിന് അനുയോജ്യനല്ലെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. അതേസമയം, പ്രശസ്ത ബോളിവുഡ് സംവിധായകനും നടനുമായ അനുരാഗ് കശ്യപ് അടുത്തിടെ ബേസിലുമായുള്ള ആശയവിനിമയത്തെക്കുറിച്ച് ചില വെളിപ്പെടുത്തലുകൾ നടത്തി. അനുരാഗ് കശ്യപിന്‍റെ വാക്കുകൾ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നുണ്ട്.
'ഒരു പരിപാടിയിൽ ബേസിലിനെ കണ്ടുമുട്ടിയപ്പോൾ, രണ്ടോ മൂന്നോ വർഷത്തിനുള്ളിൽ ഇത്ര വൈവിധ്യമാർന്ന വേഷങ്ങളും ഉത്തരവാദിത്തങ്ങളും എങ്ങനെ ഏറ്റെടുത്തുവെന്ന് ഞാൻ അദ്ദേഹത്തോട് ചോദിച്ചു. ശക്തിമാൻ ചെയ്യാൻ ശ്രമിച്ചുകൊണ്ട് ജീവിതത്തിലെ രണ്ട് വർഷം പാഴാക്കിയെന്ന് ബേസിൽ എന്നോട് പറഞ്ഞു. ആ ഇൻഡസ്ട്രിയിൽ നിങ്ങൾ എങ്ങനെ അതിജീവിക്കുന്നു? എന്ന് പോലും അദ്ദേഹം എന്നോട് ചോദിച്ചു. എനിക്ക് ഇവിടെ തോന്നുന്നത് അദ്ദേഹം കൃത്യമായി പറഞ്ഞു. എനിക്ക് കഴിഞ്ഞില്ല. അതുകൊണ്ടാണ് ഞാൻ മാറി നിന്നത് എന്ന് ഞാൻ മറുപടി നൽകി. ആ മനുഷ്യന് രണ്ട് വർഷം മുഴുവൻ നഷ്ടപ്പെട്ടു. ചിരിച്ചുകൊണ്ട് അദ്ദേഹം ആളുകളുടെ കഥകൾ പറയുകയായിരുന്നു' ചൽചിത്ര ടോക്‌സുമായുള്ള ഒരു സംഭാഷണത്തിൽ അനുരാഗ് കശ്യപ് പറഞ്ഞു.
ഈ വർഷം ആദ്യം, അല്ലു അർജുൻ രൺവീർ സിങ്ങിന് പകരം ശക്തിമാൻ ആകുമെന്ന മറ്റൊരു വാർത്ത പുറത്തുവന്നിരുന്നു. റിപ്പോർട്ടുകൾ ബേസിൽ നിഷേധിച്ചു. രൺവീർ സിങ്ങിനെ ഉൾപ്പെടുത്തി മാത്രമേ ശക്തിമാൻ നിർമിക്കൂ എന്ന് മുതിർന്ന ചലച്ചിത്ര പത്രപ്രവർത്തകനായ സുഭാഷ് കെ. ഝായോട് അദ്ദേഹം പറഞ്ഞു. അദ്ദേഹത്തിന്റെ പകരക്കാരനെക്കുറിച്ചുള്ള കിംവദന്തികൾ പ്രചരിപ്പിക്കുന്നവർക്ക് വ്യക്തമായും അവരുടേതായ അജണ്ടയുണ്ടെന്നും ബേസിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.