ബാദുഷ, ഹരീഷ് കണാരൻ

'നീ ഒന്ന് ഉറപ്പിച്ചോ.. നിന്റെ അന്ത്യം ആരംഭിച്ച് കഴിഞ്ഞു'; ഹരീഷ് കണാരന് മുന്നറിയിപ്പുമായി ബാദുഷാ

കോഴിക്കോട്: 20 ലക്ഷം രൂപ കടംവാങ്ങിയിട്ട് തിരിച്ച് തന്നില്ലെന്ന പരാതി മാധ്യമങ്ങളോട് തുറന്ന് പറഞ്ഞ നടൻ ഹരീഷ് കണാരന് ഭീഷണി മുന്നറിയിപ്പുമായി ചലച്ചിത്ര നിർമാതാവ് ബാദുഷാ. ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെയാണ് ബാദുഷായുടെ മുന്നറിയിപ്പ്.

'എനിക്ക് പറയാനുള്ളതെല്ലാം എന്റെ സിനിമയായ റേച്ചലിന്റെ റിലീസിനെ ശേഷം മാത്രം'-എന്ന അടിക്കുറിപ്പിൽ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചത് 'ഇരുപതാം നൂറ്റാണ്ട്' എന്ന സിനിമയിലെ രംഗമാണ്.

'ലോകത്തിലെ ഏറ്റവും വൃത്തിക്കെട്ട ക്രിമിനൽ പോലും ഇത്തരം തരംതാഴ്ന്ന പ്രവർത്തി ചെയ്യില്ല. സ്വന്തം കൂട്ടത്തിൽ ഒരുത്തനെ ആവശ്യത്തിന് ഉപയോഗിച്ച ശേഷം ഒറ്റിക്കൊടുക്കുക. നീ ഒന്ന് ഉറപ്പിച്ചോ.. നിന്റെ അന്ത്യം ആരംഭിച്ച് കഴിഞ്ഞു' എന്ന സിനിമ ഡയലോഗാണ് ഹരീഷിന് മുന്നറിയിപ്പായി പങ്കുവെച്ചത്.

തനിക്കുള്ള ഭീഷണിയാണ് ബാദുഷ ഇൻസ്റ്റഗ്രാമിലൂടെ നടത്തിയതെന്നും അതിലൊന്നും തനിക്ക് ഭയമില്ലെന്നും ഹരീഷ് കണാരൻ പ്രതികരിച്ചു. കഴിഞ്ഞ ദിവസം മീഡിയവണ്ണിന് നൽകിയ അഭിമുഖത്തിലാണ് തന്നെ കടംവാങ്ങി വഞ്ചിച്ചത് പ്രമുഖ പ്രൊഡക്ഷൻ കൺട്രോളർ ബാദുഷയാണെന്ന് വെളിപ്പെടുത്തിയത്.

'ഞാൻ ആദ്യം ഇക്കാര്യം പറഞ്ഞതിന് ശേഷം പലരും എന്നോട് ചോദിച്ചു, എന്താ അയാളുടെ പേര് പറയാത്തത് എന്ന്. ഇയാളുടെ പേര്. ബാദുഷ. ഇത് പറഞ്ഞതിന്റെ പേരിൽ എനിക്ക് തീരെ സിനിമ ഉണ്ടാവില്ലായിരിക്കും. പോട്ടെ, ഞാൻ സ്റ്റേജ് പ്രോഗ്രാമൊക്കെയായി ജീവിച്ച് പോകും. ഒരു കയറ്റത്തിന് എന്തായാലും ഒരു ഇറക്കമുണ്ട് എന്നാണ് ആദ്യം കരുതിയത്. സിനിമകളില്ലാതായത് ഇതിന്റെ ഭാഗമാണെന്ന് മാത്രമാണ് ഞാൻ ആദ്യം കരുതിയിരുന്നത്. 'എ.ആർ.എം'അടക്കമുള്ള പല സിനിമയിലും എനിക്ക് ഡേറ്റ് തന്നിരുന്നു. ഇതിനിടയിൽ പണം തിരികെ ചോദിച്ചിരുന്നു. പൈസ കിട്ടാതെ വന്നതോടെ ഞാൻ ‘അമ്മ’ സംഘടനയിൽ പരാതി നൽകി. ഇടവേള ബാബുവിനെയും വിളിച്ച് കാര്യം പറഞ്ഞിരുന്നു. എന്റെ വീടുപണി നടക്കുന്ന സമയത്താണ് പൈസ തിരിച്ചു ചോദിച്ചത്. ഒരു പടം ഇറങ്ങിക്കഴിഞ്ഞ് പണം തിരികെ നൽകാമെന്നാണ് ബാദുഷ പറഞ്ഞിരുന്നത്. എന്നാൽ അതുണ്ടായില്ല. ഇതിനിടയിൽ 'എ.ആർ.എമ്മിന്റെ' ചിത്രീകരണം തുടങ്ങിയെങ്കിലും എന്നെ വിളിച്ചില്ല. പിന്നീട് ടൊവിനോ ചോദിച്ചിരുന്നു ചേട്ടനെന്തേ പടത്തിൽ വരാതിരുന്നതെന്ന്. എനിക്ക് ഡേറ്റില്ലെന്നാണ് പറഞ്ഞതെന്ന് ടൊവിനോ വഴിയാണ് അറിയുന്നത്. ഇത്തരത്തിൽ ഒരുപാട് സിനിമകൾ നഷ്ടമായി.' എന്ന് ഹരീഷ് കണാരൻ കഴിഞ്ഞ ദിവസം മീഡിയവണ്ണിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. 



Tags:    
News Summary - Badusha threatens Harish Kanaran

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.