മമ്മൂട്ടിക്ക് ആദരവുമായി ആസ്‌ട്രേലിയൻ പാർലമെന്റ് സമിതി; 10,000 പേഴ്സണലൈസ്ഡ് സ്റ്റാമ്പുകൾ പുറത്തിറക്കി

കാൻബറ: മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടിക്ക് ആസ്‌ട്രേലിയൻ പാർലമന്റിൽ ആദരം. പാർലമെന്റിലെ 'പാർലമെന്ററി ഫ്രണ്ട്സ് ഓഫ് ഇന്ത്യ' ആയിരുന്നു സംഘാടകർ. ആസ്‌ട്രേലിയ ഇന്ത്യ ബിസിനസ് കൗൺസിലിന്റെ സഹകരണത്തോടെ പുറത്തിറക്കിയ മമ്മൂട്ടിയുടെ മുഖമുള്ള 10,000 പേഴ്സണലൈസ്ഡ് സ്റ്റാമ്പുകളുടെ പ്രകാശനവും ഇതോടനുബന്ധിച്ച് നടന്നു. ആസ്‌ട്രേലിയയിലെ ഇന്ത്യൻ ഹൈകമീഷണർ മൻപ്രീത് വോറക്ക് കൈമാറി പ്രധാനമന്ത്രി ആന്റണി ആൽബനീസിന്റെ പ്രതിനിധിയും പാർലമെന്ററി ഫ്രണ്ട്സ് ഓഫ് ഇന്ത്യ ചെയർമാനുമായ ഡോ. ആൻഡ്രൂ ചാൾട്ടൻ എം.പി പ്രകാശനം നിർവഹിച്ചു.

ചടങ്ങിന് ആശംസകൾ അറിയിച്ചുള്ള പ്രധാനമന്ത്രിയുടെ സന്ദേശം ആൻഡ്രൂ ചാൾട്ടൻ വായിച്ചു. ആസ്‌ട്രേലിയയും ഇന്ത്യയും തമ്മിലുള്ള വ്യാപാര, വാണിജ്യ, സാംസ്‌കാരിക സൗഹൃദം പ്രോത്സാഹിപ്പിക്കുന്നതിന് ആസ്‌ട്രേലിയൻ ദേശീയ പാർലമെന്റിലെ എം.പിമാരിൽനിന്ന് തെരഞ്ഞെടുക്കപ്പെട്ട സമിതിയാണ് പാർലമെന്ററി ഫ്രണ്ട്സ് ഓഫ് ഇന്ത്യ. ഇന്ത്യൻ സാംസ്‌കാരികതയുടെ മുഖമായി തങ്ങൾ മമ്മൂട്ടിയെ കാണുന്നുവെന്ന് ഡോ. ആൻഡ്രൂ ചാൾട്ടൻ എം.പി പറഞ്ഞു. മമ്മൂട്ടിയെ ആദരിക്കുക വഴി ഇന്ത്യയുടെ മഹത്തായ സാംസ്‌കാരികതയെയാണ് തങ്ങൾ ആദരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

താൻ വളർന്നുവന്ന സമൂഹത്തിനു വേണ്ടി മമ്മൂട്ടി ചെയ്യുന്ന കാര്യങ്ങൾ ഓരോ ഇന്ത്യൻ സെലിബ്രിറ്റികളും മാതൃകയാക്കണമെന്ന് ആസ്ട്രേലിയയിലെ ഇന്ത്യൻ ഹൈകമീഷണർ മൻപ്രീത് വോറ അഭിപ്രായപ്പെട്ടു. ആസ്‌ട്രേലിയയിലെ ഇന്ത്യൻ പ്രവാസികളുടെ നാട്ടിലുള്ള മാതാപിതാക്കൾക്കായി മമ്മൂട്ടിയുടെ നേതൃത്വത്തിൽ ആരംഭിച്ച 'ഫാമിലി കണക്റ്റ്' പദ്ധതി ഏറെ പ്രശംസനീയമാണെന്ന് കൃഷി, മത്സ്യബന്ധന വകുപ്പ് മന്ത്രി സെനറ്റർ മുറേയ് വാട്ട് പറഞ്ഞു.

​ട്രേഡ് ആൻഡ് ടൂറിസം മിനിസ്റ്റർ ഡോൺ ഫാരൽ, ഇന്ത്യയിലെ ആസ്‌ട്രേലിയൻ നിയുക്ത ഡെപ്യൂട്ടി ഹൈകമീഷണർ ഡാനിയേൽ മക്കാർത്തി, പാർലമെന്ററി സമിതി ഉപാധ്യക്ഷൻ ജൂലിയൻ ലീസർ, സെന്റർ ഫോർ ആസ്‌ട്രേലിയ ഇന്ത്യ റിലേഷൻസ് സി.ഇ.ഒ ടിം തോമസ്, എ.ഐ.ബി.സി നാഷനൽ അസോസിയറ്റ് ചെയർ ഇർഫാൻ മാലിക്, ഫാമിലി കണക്റ്റ് ദേശീയ കോഓഡിനേറ്ററും വേൾഡ് മലയാളി കൗൺസിൽ റീജനൽ ചെയർമാനുമായ കിരൺ ജെയിംസ്, മമ്മൂട്ടിയുടെ പ്രതിനിധിയും കെയർ ആൻഡ് ഷെയർ ഇന്റർനാഷനൽ ഫൗണ്ടേഷന്റെ ഡയറക്ടറുമായ റോബർട്ട്‌ കുര്യാക്കോസ് എന്നിവർ സംസാരിച്ചു. ആസ്‌ട്രേലിയൻ തപാൽ വകുപ്പിന്റെ പേഴ്സണലൈസ്ഡ് വിഭാഗത്തിലൂടെ പുറത്തിറക്കുന്ന സ്റ്റാമ്പുകൾ ഇന്ന് മുതൽ വിപണിയിലെത്തും. 

Tags:    
News Summary - Australian Parliament committee pays tribute to Mammootty; 10,000 personalized stamps released

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.