മറ്റ് ഭാഷകളിലെ ട്രെൻഡ് നമുക്ക് മനസിലാകില്ല, എന്റെ മുഴുവൻ കഴിവും പുറത്തുവരുന്നത് മാതൃഭാഷാ സിനിമകളിലൂടെയാണ്

സൽമാൻ ഖാനെ നായകനാക്കി എ.ആർ മുരുഗദോസ് സംവിധാനം ചെയ്ത ആക്ഷൻ ചിത്രമാണ് 'സിക്കന്ദർ'. പൊളിറ്റിക്കൽ ആക്ഷൻ ത്രില്ലറായെത്തിയ സിക്കന്ദറിന് പ്രതീക്ഷകൾക്ക് വിപരീതമായി മോശം പ്രതികരണമാണ് ലഭിച്ചത്. ബോളിവുഡിൽ ഏറ്റവും ഫാൻ ബേസുള്ള നടന്മാരിൽ ഒരാളാണ് സല്‍മാന്‍ ഖാന്‍. എന്നാല്‍ പലപ്പോഴും പല സിനിമകളിലെയും പരാജയങ്ങൾ സൽമാൻ ഖാനെയും ആരാധകരെയും നിരാശാരാക്കി. വലിയ പ്രതീക്ഷ ഉണ്ടായിരുന്ന സിക്കന്ദറിനും ബോക്സ് ഓഫീസില്‍ കുലുക്കമുണ്ടാക്കാൻ സാധിച്ചില്ല. സൽമാൻ ഖാന്റെ പ്രകടനത്തിനും മുരുഗദോസിന്റെ മേക്കിങ്ങിനും വലിയ തോതിൽ വിമർശനം നേരിട്ടിരുന്നു. ഇപ്പോഴിതാ സിനിമയുടെ പരാജയത്തെക്കുറിച്ച് സംസാരിക്കുകയാണ് എ.ആർ. മുരുഗദോസ്.

'മാതൃഭാഷയിൽ ഒരു സിനിമ ചെയ്യുമ്പോൾ അത് ഒരു ബലം നൽകും. കാരണം ഇപ്പോഴത്തെ ട്രെൻഡിനെക്കുറിച്ചും എന്താണ് നടക്കുന്നതെന്നും പൂർണമായും നമുക്ക് അറിയാൻ സാധിക്കും. ഓരോ ദിവസം ഓരോ ട്രെൻഡുകളാണ് ഉണ്ടാകുന്നത്. ആ ട്രെൻഡുകളുമായി ചേർന്ന് കഥ പറയുമ്പോൾ അത് പ്രേക്ഷകർക്ക് കൂടുതൽ കണക്ട് ആകും. എന്നാൽ മറ്റൊരു ഭാഷയിൽ സിനിമ ചെയ്യുമ്പോൾ അവിടത്തെ ട്രെൻഡ് എന്താണെന്ന് നമുക്ക് മനസിലാകില്ല. അങ്ങനെയുള്ളപ്പോൾ സ്ക്രിപ്റ്റിനെ മാത്രം ആശ്രയിച്ച് നമ്മൾ മുന്നോട്ട് പോകേണ്ടി വരും.

തമിഴിൽ സിനിമ ചെയ്യുന്നത് ഒരു ബലമാണ്. തെലുങ്ക് എനിക്ക് ഓക്കേ ആണ്. എന്നാൽ ഹിന്ദി ഒന്നും അറിയില്ല. തമിഴിൽ നിന്ന് അവർ ഇംഗ്ലീഷിലേക്കും പിന്നെ ഹിന്ദിയിലേക്കും സ്ക്രിപ്റ്റ് ട്രാൻസ്‌ലേറ്റ് ചെയ്തിട്ടാണ് സിനിമ ചെയ്യുന്നത്. അതുകൊണ്ട് അവർ എന്താണ് സംസാരിക്കുന്നതെന്ന് മനസിലാകില്ല. ഹിന്ദി സിനിമകൾ ചെയ്യുമ്പോൾ എനിക്ക് എന്തോ കുറവുള്ളത് പോലെ തോന്നാറുണ്ട് മുരുഗദോസ് പറഞ്ഞു.

സൽമാനോടൊപ്പം, രശ്മിക മന്ദാന, സത്യരാജ്, ഷര്‍മാന്‍ ജോഷി, പ്രതീക് ബബ്ബർ, കാജൽ അഗർവാൾ എന്നിവരടങ്ങിയ വലിയ താരനിരയാണ് സിക്കന്ദറിൽ അണിനിരക്കുന്നത്. സാജിദ് നദിയാദ്‌വാലയുടെ സാജിദ് നദിയാദ്‌വാല ഗ്രാന്‍റ് സണ്‍സാണ് ചിത്രം നിർമിച്ചത്. സന്തോഷ് നാരായണൻ ആണ് സിനിമക്കായി പശ്ചാത്തല സംഗീതമൊരുക്കിയത്. സന്തോഷിന്റെ ആദ്യ ബോളിവുഡ് ചിത്രം കൂടിയാണിത്.

Tags:    
News Summary - AR Murugadoss breaks silence on 'Sikandar' failure

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.