ആദിത്യ ധർ ജീനിയസെന്ന് വിരാട് കോഹ്‌ലി; ‘ധുരന്ധർ 2’ ഇന്ത്യൻ സിനിമയിലെ അത്ഭുതമെന്ന് അനുഷ്ക

ബോക്സ് ഓഫീസിൽ വിസ്മയമായി മാറിയ രൺവീർ സിങ് ചിത്രം 'ധുരന്ധർ 2' പ്രശംസകൾ കൊണ്ട് മൂടി ഇന്ത്യൻ ക്രിക്കറ്റ് താരം വിരാട് കോഹ്‌ലിയും ബോളിവുഡ് താരം അനുഷ്ക ശർമയും. ചിത്രത്തിന്റെ സംവിധായകൻ ആദിത്യ ധറിനെയും പ്രധാന വേഷത്തിലെത്തിയ രൺവീർ സിങ്ങിനെയും പുകഴ്ത്തി ഇരുവരും ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച കുറിപ്പുകൾ ഇതിനോടകം വൈറലായിക്കഴിഞ്ഞു.

‘ഇന്ന് ധുരന്ധർ 2 കണ്ടു. ഇതുവരെ ഇന്ത്യയിൽ നിർമിക്കപ്പെട്ടതിൽ വെച്ച് ഇത്തരമൊരു സിനിമാ അനുഭവം ഞാൻ കണ്ടിട്ടില്ലെന്ന് എനിക്ക് ഉറപ്പിച്ചു പറയാൻ സാധിക്കും. എല്ലാത്തരം വികാരങ്ങളെയും ഇത് പുറത്തുകൊണ്ടുവന്നു. ഏകദേശം 4 മണിക്കൂർ ദൈർഘ്യമുണ്ടായിട്ടും ഒന്ന് കണ്ണുചിമ്മാതെ ഞാനിരുന്നു. ആദിത്യ ധർ, താങ്കളുടെ കഴിവും ദൃഢനിശ്ചയവും താങ്കൾ സൃഷ്ടിച്ച ഈ സിനിമയിൽ പ്രതിഫലിക്കുന്നുണ്ട്. നിങ്ങൾക്ക് എന്റെ അഭിനന്ദനങ്ങൾ. നിങ്ങളൊരു ജീനിയസ് ആണ്. എല്ലാ അഭിനേതാക്കളും അവരുടെ റോളുകളിൽ മികച്ചവരായിരുന്നു. രൺവീർ സിങ്, ഈ സിനിമക്ക് ശേഷം നീ മറ്റൊരു തലത്തിലേക്ക് എത്തിയിരിക്കുന്നു. നിന്റെ പ്രകടനം അതിഗംഭീരമാണ്. അക്ഷരാർത്ഥത്തിൽ പൊളി!’ എന്നാണ് വിരാട് കുറിച്ചത്.

‘വിരാട്, നിങ്ങൾ നൽകുന്ന ഈ സ്നേഹം വിശ്വസിക്കാനാവുന്നില്ല. അണ്ടർ 19 കാലഘട്ടം മുതൽ ഞാൻ നിങ്ങളുടെ ആരാധകനാണ്. നിങ്ങളെപ്പോലൊരു ഇതിഹാസം നൽകുന്ന ഈ പിന്തുണ ഞങ്ങളെ കൂടുതൽ പ്രചോദിപ്പിക്കുന്നു’ എന്നാണ് കോഹ്‌ലിക്ക് മറുപടിയായി ആദിത്യ ധർ കുറിച്ചത്.

‘ആദിത്യ ധർ, എന്ത് മനോഹരമായ സിനിമയാണ് താങ്കൾ ഒരുക്കിയിരിക്കുന്നത്. ഏകദേശം 4 മണിക്കൂർ നീളുന്ന ഒരു സിനിമ നിർമിക്കാൻ വലിയ ആത്മവിശ്വാസം വേണം. ഉദ്വേഗജനകവും, സൂക്ഷ്മമായി രൂപപ്പെടുത്തിയതുമായ ഈ ചിത്രം തുടക്കം മുതൽ ഒടുക്കം വരെ ശ്രദ്ധയെ പിടിച്ചിരുത്തുന്നു. താങ്കൾ തികച്ചും മൗലികതയുള്ള, ആത്മവിശ്വാസമുള്ള ഒരു സംവിധായകനാണ്. രൺവീർ സിങ്, ജീവിതത്തിൽ ഒരിക്കൽ മാത്രം ലഭിക്കുന്ന ഒരു കഥാപാത്രത്തെ നീ കൈപ്പിടിയിലൊതുക്കി, തികച്ചും കുറ്റമറ്റതും കരുത്തുറ്റതുമായ ഒരു പ്രകടനം കാഴ്ചവെച്ചു. മാധവൻ, രാംപാൽ, രാകേഷ് ബേദി സാർ, കൂടാതെ ഈ സിനിമയിലെ ഓരോ മികച്ച അഭിനേതാക്കളും... നിങ്ങളുടെ ഓരോരുത്തരുടെയും പ്രകടനം കൃത്യമായിരുന്നു. നിങ്ങളോരോരുത്തരുമില്ലാതെ ഈ സിനിമയെക്കുറിച്ച് ചിന്തിക്കാൻ പോലും കഴിയില്ല’ എന്നാണ് അനുഷ്ക കുറിച്ചത്.

ബോക്സ് ഓഫീസിൽ 'ധുരന്ധർ 2' പുതിയ ചരിത്രങ്ങൾ എഴുതുകയാണ്. റിലീസ് ചെയ്ത് വെറും 18 ദിവസത്തിനുള്ളിൽ ഇന്ത്യയിൽ നിന്ന് മാത്രം 000 കോടി രൂപ ചിത്രം സ്വന്തമാക്കി. 16 ദിവസം കൊണ്ട് 1000 കോടി കടന്ന 'പുഷ്പ 2' കഴിഞ്ഞാൽ ഏറ്റവും വേഗത്തിൽ ഈ നേട്ടം കൈവരിക്കുന്ന രണ്ടാമത്തെ ചിത്രമായി 'ധുരന്ധർ 2' മാറി. ആദ്യ ഭാഗമായ 'ധുരന്ധർ' നേടിയ ആകെ കലക്ഷനെ വെറും 11 ദിവസം കൊണ്ട് രണ്ടാം ഭാഗം മറികടന്നു. പാകിസ്താനിലെ ലിഹാരി പശ്ചാത്തലമാക്കി ഒരുക്കിയ ഈ സ്പൈ ത്രില്ലർ, റിലീസ് ദിനത്തിൽ 165 കോടി രൂപ നേടിക്കൊണ്ടാണ് തുടക്കമിട്ടത്. നിലവിൽ ആഗോളതലത്തിൽ 1600 കോടിയിലധികം രൂപ ചിത്രം നേടിയിട്ടുണ്ട്. ആമസോൺ പ്രൈമിൽ ആദ്യ ഭാഗം ലഭ്യമായ ഈ ചിത്രത്തിന്റെ വമ്പൻ വിജയം ബോളിവുഡിന് പുതിയ ഊർജ്ജമാണ് നൽകുന്നത്.

Tags:    
News Summary - Anushka Sharma,virat kohli cheers Dhurandhar 2

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.