കോഴിക്കോട്: തന്‍റെ വണ്ണത്തെക്കുറിച്ച് ചോദ്യമുയർത്തിയ മാധ്യപ്രവർത്തകന് ശക്തമായ ഭാഷയിൽ മറുപടി നൽകിയ ഗൗരി കിഷനെ പിന്തുണച്ച് താരസംഘടനയായ 'അമ്മ'. ഗൗരി പ്രധാന കഥാപാത്രമായെത്തുന്ന ‘അദേഴ്സ്’ എന്ന തമിഴ് ചിത്രത്തിന്റെ റിലീസിന് മുന്നോടിയായി ചെന്നെയിൽ വെച്ച് നടന്ന പരിപാടിയിലാണ് താരം പ്രതികരിച്ചത്.
സഹനടൻ ആദിത്യ മാധവൻ ഗൗരിയെ എടുത്തുയർത്തുന്ന രംഗത്തെക്കുറിച്ചായിരുന്നു ചോദ്യം. നേരത്തെ ഗൗരിയുടെ ഭാരത്തെക്കുറിച്ച് മാധ്യമപ്രവർത്തകൻ ചോദ്യം ഉന്നയിച്ചിരുന്നു. അന്ന് പ്രതികരിക്കാൻ കഴിയാതിരുന്ന ഗൗരി, പിന്നീട് ഇത് തനിക്ക് അസ്വസ്ഥതയുണ്ടാക്കിയെന്ന് വാർത്താസമ്മേളനത്തിൽ വെളിപ്പെടുത്തി. വ്യാഴാഴ്ച ചിത്രത്തിന്റെ പ്രസ് സ്ക്രീനിങ്ങിന് ശേഷം ആ ചോദ്യത്തെ മാധ്യമപ്രവർത്തകൻ ന്യായീകരിക്കാൻ ശ്രമിക്കുകയും ശബ്ദമുയർത്തുകയും ചെയ്തതോടെ ഗൗരി നേരിട്ട് പ്രതികരിക്കുകയായിരുന്നു.
'ഞങ്ങൾക്ക് മനസിലാകുന്നു ഗൗരി, ആരായാലും എപ്പോൾ ആയാലും എവിടെ ആയാലും ബോഡി ഷെയ്മിങ് ചെയ്യുന്നത് തെറ്റാണെന്ന് ഞങ്ങളും ഉറച്ചുവിശ്വസിക്കുന്നു' എന്നാണ് അമ്മയുടെ ഫേസ്ബുക് പോസ്റ്റ്.
ഗൗരിയെ പിന്തുണച്ചുകൊണ്ട് നടി ഖുശ്ബു, ചിന്മയി ശ്രീപദ അടക്കം അനവധി പേർ രംഗത്തെത്തിയിരുന്നു. മാത്രമല്ല, സംഭവസമയത്ത് മൗനം പാലിച്ചതിന് നടനും സംവിധായകനുമുൾപ്പെടെയുള്ളവർ സാമൂഹിക മാധ്യമങ്ങളിൽ വിമർശനവും നേരിട്ടിരുന്നു.
പ്രസ് മീറ്റിന്‍റെ വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്. നടി പ്രതികരിച്ചിട്ടും യൂട്യൂബർക്ക് ചോദ്യത്തിലെ പ്രശ്നം മനസിലായില്ല. സാധാരണ എല്ലാവരും ചോദിക്കുന്ന ചോദ്യമാണ് താനും ചോദിച്ചതെന്നും അതിൽ തെറ്റില്ലെന്നുമായിരുന്നു വാദം. 32 വർഷമായി താൻ മാധ്യമപ്രവർത്തകനാണെന്നും തമിഴ് ജനതക്ക് എന്താണ് വേണ്ടതെന്ന് തനിക്കറിയാമെന്നും അയാൾ പറഞ്ഞു.
'നായികയുടെ ഭാരമാണ് നിങ്ങൾ ചോദിച്ചത്. അത് വളരെ മോശം ചേദ്യമാണ്. ബോഡി ഷെയിമിങ് ചേദ്യമാണ്. ഈ പ്രസ് മീറ്റിലുള്ള ഒരേയൊരു സ്ത്രീ ഞാനാണ്. നിങ്ങൾ ബഹളം വെച്ച് എന്നെ ടാർഗെറ്റ് ചെയ്യുകയാണ്. എല്ലാ സ്ത്രീകൾക്കും വ്യത്യസ്ത ശരീരഘടനയാണ് ഉള്ളത്. എന്‍റെ പ്രശ്നം നിങ്ങൾക്ക് എങ്ങനെ അറിയും. എനിക്ക് ചിലപ്പോൾ ഹോർമോൺ പ്രശ്നങ്ങൾ ഉണ്ടാകും. നിങ്ങൾ ബോഡി ഷെയിമിങ്ങാണ് ചെയ്തത്. അത് തെറ്റാണ്' -ഗൗരി പറഞ്ഞു.
ഗൗരി മാപ്പ് പറയണമെന്നും യൂട്യൂബർ ആവശ്യപ്പെട്ടു. നിങ്ങളാണ് മാപ്പ് പറയേണ്ടത് എന്നായിരുന്നു ഗൗരിയുടെ മറുപടി. തന്‍റെ ഭാരം അറിഞ്ഞിട്ട് എന്താണ് ചെയ്യാൻ പോകുന്നതെന്ന് ഗൗരി ചോദിച്ചു. ബോഡി ഷെയിമിങ്ങിനെ നോർമലൈസ് ചെയ്യാൻ പാടില്ലെന്നും ഗൗരി പറഞ്ഞു. പ്രസ് മീറ്റിൽ സിനിമയെക്കുറിച്ച് ഒന്നും ചോദിച്ചിട്ടില്ല. കഥാപാത്രത്തെക്കുറിച്ച് ഒന്നും ചോദിച്ചിട്ടില്ല. തന്‍റെ ഭാരം മാത്രമാണ് ചോദിച്ചത്. നിങ്ങൾ ചെയ്യുന്നത് ജേർണലിസമല്ല എന്ന് മനസിലാക്കണമെന്നും നിങ്ങൾ നിങ്ങളുടെ തൊഴിലിന് അപമാനമാണെന്നും നടി പറഞ്ഞു.
സിനിമയുമായി ബന്ധപ്പെട്ടാണ് ചോദ്യം ഉന്നയിച്ചതെന്ന മാധ്യമ പ്രവർത്തകൻ്റെ വാദത്തിനോടാണ് ഗൗരി പ്രതികരിച്ചത്. ‘എന്റെ ഭാരം നിങ്ങളെ എങ്ങനെയാണ് ബാധിക്കുന്നത്? ഈ സിനിമയുമായി അതിന് എന്ത് ബന്ധമാണുള്ളത്?’- എന്ന് ഗൗരി ചോദിച്ചു. ഓരോ സ്ത്രീക്കും വ്യത്യസ്തമായ ശരീര പ്രകൃതമാണുള്ളതെന്നും തന്റെ കഴിവുകളെ കുറിച്ചാണ് സംസാരിക്കേണ്ടതെന്നും ഇത്തരം അംഗീകാരങ്ങൾ ആവശ്യമില്ലെന്നും ഗൗരി തുറന്നടിച്ചു. ‘ഇതൊരു തമാശയായി എനിക്ക് തോന്നിയില്ല. ബോഡി ഷെയ്മിങ് സാധാരണവത്ക്കരിരുത്, എന്നോട് ചോദിച്ച ചോദ്യത്തെക്കുറിച്ച് അഭിപ്രായം പറയാൻ എനിക്ക് അവകാശമുണ്ട്’- ഗൗരി വ്യക്തമാക്കി.
തന്റെ കഥാപാത്രത്തെക്കുറിച്ചോ തയ്യാറെടുപ്പുകളെക്കുറിച്ചോ ഒരു ചോദ്യം പോലും ചോദിച്ചില്ലെന്നും എന്നാൽ എല്ലാവർക്കും തന്റെ ഭാരത്തെക്കുറിച്ചാണ് അറിയേണ്ടതും ഗൗരി പറഞ്ഞു. ഒരു നടനോട് ഇതേ ചോദ്യം ചോദിക്കുമോ എന്നും ഗൗരി തിരിച്ച് ചോദിച്ചു.നായികക്ക് നേരെ ഒരുകൂട്ടം ആളുകൾ വാക്കുകൾകൊണ്ട് ആക്രമണം നടത്തിയിട്ടും പ്രതികരിക്കാതിരുന്ന സംവിധായകനും നായകനും നേരെ വലിയ വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ട്. 'സർ അത് വിട്ടുകളയൂ' എന്ന് യൂട്യൂബറോട് ഇവർ പറയുന്നുമുണ്ട്. പ്രസ് മീറ്റിന്‍റെ വിഡിയോ വൈറലായതോടെ നിരവധിപ്പോരാണ് ഗൗരിയെ പിന്തുണച്ച് രംഗത്തെത്തുന്നത്.
ചോദ്യങ്ങൾക്ക് ശക്തമായ മറുപടി നൽകിയ ഗൗരിയെ പലരും പ്രശംസിച്ചു. ഗായിക ചിന്മയി ശ്രീപദ ഗൗരിയെ പിന്തുണച്ച് രംഗത്തെത്തി. ഗൗരി പ്രതികരിച്ചതിൽ അഭിമാനമുണ്ടെന്ന് ചിന്മയി എക്സിൽ എഴുതി. 'ഗൗരി നല്ലകാര്യമാണ് ചെയ്തത്. അനാദരവുള്ളതും അനാവശ്യവുമായ ചോദ്യത്തിന് എതിരെ ശബ്ദിച്ച സമയത്ത് ഒരുപാട് നിലവിളികൾ ഉയർന്നു. ഇത്രയും ചെറുപ്പത്തിൽ ഒരാൾ തന്റെ നിലപാടിൽ ഉറച്ചു നിന്നതിൽ എനിക്ക് അഭിമാനമുണ്ട്. ഒരു നടനോടും ആരും ഭാരം എത്രയെന്ന് ചോദിക്കാറില്ല. എന്തുകൊണ്ടാണ് അവർ ഒരു നടിയോട് ചോദിച്ചതെന്ന് എനിക്കറിയില്ല' -ചിന്മയി പറഞ്ഞു. ചിന്മയുടെ സന്ദേശത്തിന് ഗൗരി മറുപടി നൽകിയിട്ടുണ്ട്. തന്നെപ്പോലുള്ള നിരവധി സ്ത്രീകൾക്ക് ചിന്മയി നൽകുന്ന പ്രചോദനത്തിന് ഗൗരി നന്ദി പറഞ്ഞു.
സംഭവത്തിന്റെ വീഡിയോ ശ്രദ്ധനേടിയതോടെ ഗൗരിയുടെ നിലപാടിന് പിന്തുണ നൽകി നിരവധി താരങ്ങൾ രംഗത്തെത്തി. ഗായിക ചിന്മയി ശ്രീപദ ഉൾപ്പെടെ ഗൗരി കിഷന് പിന്തുണയായി സാമൂഹിക മാധ്യമങ്ങിളിൽ പ്രതികരിച്ചു. സംഭവസമയത്ത് മൗനം പാലിച്ചതിന് നടനും സംവിധായകനുമുൾപ്പെടെയുള്ളവർ സാമൂഹിക മാധ്യമങ്ങളിൽ വിമർശനം നേരിട്ടിരുന്നു.
ഗൗരി കിഷൻ, ആദിത്യ മാധവൻ എന്നിവർ പ്രധാന വേഷത്തിലെത്തുന്ന അദേഴ്സ് ഇന്ന് തിയേറ്ററുകളിൽ പ്രദർശനത്തിനെത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.