‘അദ്ദേഹത്തോട് വലിയ ബഹുമാനമുണ്ട്, പക്ഷേ...’: മെലുഹയിൽ ശിവനായി രൺവീർ സിങ് അഭിനയിക്കില്ലെന്ന് അമിഷ് ത്രിപാഠി

മുംബൈ: ബോളിവുഡ് താരം രൺവീർ സിങ്ങിനെ കേന്ദ്രകഥാപാത്രമാക്കി അമിഷ് ത്രിപാഠിയുടെ വിഖ്യാത നോവൽ 'ദ ഇമ്മോർട്ടൽസ് ഓഫ് മെലുഹ' സിനിമയാകുന്നു എന്ന വാർത്തകൾ നിഷേധിച്ച് രചയിതാവ് തന്നെ രംഗത്ത്. ചിത്രത്തിൽ രൺവീർ ശിവനായി എത്തുന്നുവെന്നും ബിർള സ്റ്റുഡിയോസുമായി ചേർന്ന് സിനിമയുടെ നിർമാണത്തിൽ താരം പങ്കാളിയാകുന്നുവെന്നുമുള്ള റിപ്പോർട്ടുകൾ അടിസ്ഥാനരഹിതമാണെന്ന് അമിഷ് ത്രിപാഠി വ്യക്തമാക്കി.

വാർത്തകളോട് പ്രതികരിക്കവേ, 'ശിവ ട്രൈലോജി'യുടെ സിനിമാ അവകാശം ഇപ്പോഴും തന്റെ പക്കൽ തന്നെയാണെന്ന് അമിഷ് ത്രിപാഠി വെളിപ്പെടുത്തി. "ശിവ ട്രൈലോജിയുടെ അവകാശം മറ്റാർക്കും നൽകിയിട്ടില്ല. ഇതുവരെ ആരുമായും ഔദ്യോഗിക കരാറുകളിൽ ഒപ്പിട്ടിട്ടില്ല എന്നതാണ് വസ്തുത. വ്യക്തിപരമായി രൺവീർ സിങ്ങിനോട് എനിക്ക് വലിയ ബഹുമാനമുണ്ട്, അദ്ദേഹത്തിന്റെ അഭിനയത്തിന്റെ വലിയൊരു ആരാധകനാണ് ഞാൻ. എന്നാൽ മെലുഹയുമായി ബന്ധപ്പെട്ട് ഇപ്പോൾ പ്രചരിക്കുന്ന വാർത്തകൾക്കൊന്നും സത്യവുമായി ബന്ധമില്ല," അമിഷ് ത്രിപാഠി വെറൈറ്റി ഇന്ത്യയോട് പറഞ്ഞു.

രൺവീർ സിങ് ശിവന്റെ വേഷത്തിലെത്തുന്നു എന്നതിനൊപ്പം ഒരു വലിയ സിനിമാറ്റിക് യൂണിവേഴ്‌സായി മൂന്ന് ഭാഗങ്ങളിലായാണ് കഥ പറയുന്നതെന്നും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. അനന്യ ബിർളയും രൺവീറും ചേർന്ന് തിരക്കഥാ ജോലികൾക്ക് നേതൃത്വം നൽകുന്നുവെന്നും തിരക്കഥ പൂർത്തിയായ ശേഷം മാത്രമേ സംവിധായകനെ നിശ്ചയിക്കൂ എന്നുമായിരുന്നു വാർത്തകൾ. 2028ഓടെ സിനിമയുടെ ഒന്നാം ഭാഗം ചിത്രീകരണം ആരംഭിക്കുമെന്നും വൻ ബജറ്റിലാണ് ചിത്രം ഒരുങ്ങുന്നതെന്നും വാർത്തകൾ വന്നിരുന്നു.

'ദ ഇമ്മോർട്ടൽസ് ഓഫ് മെലുഹ' സിനിമയാക്കാനുള്ള ശ്രമങ്ങൾ ഇതാദ്യമായല്ല പ്രതിസന്ധിയിലാകുന്നത്. 2012ൽ സംവിധായകൻ കരൺ ജോഹർ നോവലിന്റെ സിനിമാ അവകാശം വാങ്ങിയിരുന്നു. കരൺ മൽഹോത്രയെ സംവിധായകനായി നിശ്ചയിച്ച് പ്രവർത്തനങ്ങൾ തുടങ്ങിയെങ്കിലും പിന്നീട് ഇത് ഉപേക്ഷിക്കപ്പെട്ടു. ഹൈന്ദവ ദൈവങ്ങളെ സ്ക്രീനിൽ അവതരിപ്പിക്കുമ്പോൾ ഉണ്ടായേക്കാവുന്ന വിവാദങ്ങളെക്കുറിച്ചുള്ള ആശങ്കയാണ് അന്ന് കരൺ ജോഹറിനെ പിന്നോട്ട് വലിച്ചത്. പിന്നീട് സഞ്ജയ് ലീല ബൻസാലിയും നോവലിൽ താൽപ്പര്യം പ്രകടിപ്പിച്ചിരുന്നെങ്കിലും പ്രോജക്റ്റ് മുന്നോട്ട് പോയില്ല.

നിലവിൽ 'ധുരന്ധർ 2' എന്ന ചിത്രത്തിന്റെ ഗംഭീര വിജയത്തിന്റെ തിളക്കത്തിലാണ് രൺവീർ സിങ്. ബോക്സ് ഓഫീസിൽ റെക്കോർഡുകൾ ഭേദിച്ചുകൊണ്ടിരിക്കുന്ന ഈ ചിത്രത്തിന് ശേഷം ജയ് മേത്ത സംവിധാനം ചെയ്യുന്ന 'പ്രളയ്' എന്ന ചിത്രത്തിലാണ് താരം അഭിനയിക്കുക. നേരത്തെ ഫർഹാൻ അക്തറിന്റെ 'ഡോൺ 3'ൽ രൺവീറിനെ നിശ്ചയിച്ചിരുന്നെങ്കിലും സർഗ്ഗാത്മകമായ അഭിപ്രായവ്യത്യാസങ്ങളെ തുടർന്ന് താരം ചിത്രത്തിൽ നിന്നും പിന്മാറിയതായാണ് സൂചന.

Tags:    
News Summary - Amish Tripathi denies reports of Ranveer Singh playing Lord Shiva in 'Meluha

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.