18 വർഷത്തെ കാത്തിരിപ്പിനൊടുവിൽ റോയൽ ചലഞ്ചേഴ്‌സ് ബംഗളൂരു ആദ്യമായി ഐ.പി.എൽ ട്രോഫി സ്വന്തമാക്കിയിരിക്കുകയാണ്. വിരാട് കോഹ്‌ലിയും കൂട്ടരും ട്രോഫി ഉയർത്തിയത് രാജ്യം മുഴുവനുമുള്ള ആരാധകർക്ക് വികാരനിർഭര നിമിഷമായിരുന്നു. ആർ.സി.ബി വിജയിച്ച ശേഷം നിരവധി ആരാധകരാണ് സമൂഹമാധ്യമങ്ങളിലൂടെ സന്തോഷം പങ്കുവെക്കുന്നത്.
നടൻ അല്ലു അർജുൻ പങ്കുവെച്ച മകൻ അല്ലു അയാന്‍റെ മനോഹരമായ പ്രതികരണം സമൂഹമാധ്യമങ്ങളിൽ വൈറലാണ്. ആർ.സി.ബിയുടെ വിജയത്തിൽ മകൻ വികാരഭരിതനും ആവേശഭരിതനുമാകുന്ന വിഡിയോയാണ് താരം പങ്കിട്ടത്.
'എനിക്ക് കോഹ്‌ലിയെ വളരെ ഇഷ്ടമാണ്. എനിക്ക് അദ്ദേഹത്തെ വളരെ ഇഷ്ടമാണ്! അദ്ദേഹം കാരണമാണ് ഞാൻ ക്രിക്കറ്റിലേക്ക് വന്നത്' എന്ന് അയാൻ പറയുന്നത് കാണാം. അയാൻ നിലത്ത് കിടന്ന് ആർ.സി.ബിയെ പ്രോത്സാഹിപ്പിക്കുന്നതും ടീമിന്റെ വിജയം ആഘോഷിക്കാൻ തലയിൽ ഒരു കുപ്പി വെള്ളം മുഴുവൻ ഒഴിക്കുന്നതും വിഡിയോയിലുണ്ട്.
18 സീസണുകൾക്കിടെ നാലാം തവണയാണ് ആർ.സി.ബി ഫൈനലിൽ കളിക്കുന്നത്. ഈ സീസണിലും ആർ.സി.ബിയുടെ ടോപ് സ്കോററായ കോഹ്‌ലി, 15 മത്സരങ്ങളിൽ 657 റൺസാണ് അടിച്ചെടുത്തത്. ബാറ്റിങ്ങിൽ വമ്പൻ സ്കോർ പടുത്തുയർത്താനാകാതെ പോയെങ്കിലും ബൗളിങ് കരുത്തിൽ പഞ്ചാബ് കിങ്സിനെ പിടിച്ചുകെട്ടിയാണ് റോയൽ ചലഞ്ചേഴ്സ് ചരിത്രത്തിലാദ്യമായി കിരീടത്തിൽ മുത്തമിട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.