നിരവധി ചലച്ചിത്ര പ്രവർത്തകരും നടന്മാരും അക്ഷയ് കുമാറിന്റെ സമാനതകളില്ലാത്ത സഹകരണത്തെക്കുറിച്ച് പലപ്പോഴും സംസാരിച്ചിട്ടുണ്ട്. അടുത്തിടെ, പ്രശസ്ത നൃത്തസംവിധായകനായ ചിന്നി പ്രകാശും സമാനമായ ഒരു സംഭവം വിവരിച്ചു. അദ്ദേഹം നടന്‍റെ അച്ചടക്കത്തെ പ്രശംസിച്ചു. ഒരു രംഗത്തിനിടെ 100ലധികം മുട്ടകൾ തനിക്കു നേരെ എറിഞ്ഞിട്ടും ഒരിക്കൽ പോലും നടൻ ബുദ്ധിമുട്ട് പ്രകടിപ്പിച്ചില്ലെന്ന് ചിന്നി പ്രകാശ് പറഞ്ഞു. ഫ്രൈഡേ ടാക്കീസ് എന്ന യൂട്യൂബ് ചാനലിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
'അക്ഷയ് വളരെ ആത്മാർഥതയുള്ളയാളാണ്. അദ്ദേഹം തന്റെ 100 ശതമാനം നൽകുന്നു. ഞാൻ അദ്ദേഹത്തോടൊപ്പം ചിത്രീകരിച്ച ഗാനങ്ങളിൽ, ഒരു ചുവടുപോലും മാറ്റാൻ അദ്ദേഹം ഒരിക്കലും ആവശ്യപ്പെട്ടിട്ടില്ല. ഖിലാഡി സിനിമയുടെ ഒരു ഗാനരംഗത്തിൽ, ഞങ്ങൾ അക്ഷയ്ക്ക് നേരെ 100 മുട്ടകൾ എറിഞ്ഞു. മുട്ട നിങ്ങളുടെ ദേഹത്ത് വീഴുമ്പോൾ വേദനിക്കും. അതിലുപരിയായി അതിന്‍റെ മണം കൂടുതൽ ബുദ്ധിമുട്ടാകും. ഇങ്ങനെയായിട്ടും അക്ഷയ് ഒരു വാക്കുപോലും പറഞ്ഞില്ല. അദ്ദേഹം വളരെ കഠിനാധ്വാനിയാണ്, കോപമില്ല. അദ്ദേഹത്തെക്കാൾ കഠിനാധ്വാനിയായ ഒരു നടനെ ഞാൻ കണ്ടിട്ടില്ല' -ചിന്നി പ്രകാശ് പറഞ്ഞു.
അക്ഷയ് കുമാർ ഇന്നും അതേ മനോഭാവം നിലനിർത്തുന്നതായും അദ്ദേഹം പറഞ്ഞു. '20 വർഷങ്ങൾക്ക് ശേഷവും അദ്ദേഹത്തിന് അതേ മനോഭാവമുണ്ട്. ഞാൻ അടുത്തിടെ അദ്ദേഹത്തോടൊപ്പം ഹൗസ്ഫുൾ എന്ന ചിത്രത്തിൽ പ്രവർത്തിച്ചിരുന്നു. അദ്ദേഹം അതേ സ്വഭാവം തുടരുന്നു. നിങ്ങൾക്ക് വേണ്ടി അദ്ദേഹത്തിന് എന്തും ചെയ്യാൻ കഴിയും. നിങ്ങൾ അദ്ദേഹത്തോട് പത്ത് നില കെട്ടിടത്തിൽ നിന്ന് ചാടാൻ പറഞ്ഞാൽ അതും ചെയ്യും' -ചിന്നി പ്രകാശ് കൂട്ടിച്ചേർത്തു.
1994ൽ പുറത്തിറങ്ങിയ മൊഹ്‌റ എന്ന ചിത്രത്തിലെ 'തു ചീസ് ബാഡി ഹേ മസ്ത് മസ്ത്' എന്ന ഗാനം ചിത്രീകരിച്ചതിനെക്കുറിച്ചും ചിന്നി സംസാരിച്ചു. ആ പാട്ട് ആദ്യമായി കേട്ടപ്പോൾ, അതൊരു ഗസൽ ആണെന്ന് കരുതിയെന്നും ആർക്കും ഡേറ്റ് ഇല്ലാത്തതിനാൽ രാത്രിയിലാണ് ആ പാട്ട് ചിത്രീകരിച്ചതെന്നും അദ്ദേഹം പറഞ്ഞു. അക്ഷയ്ക്കോ രവീണക്കോ തനിക്കോ ഡേറ്റ് ഇല്ലായിരുന്നു. മൂന്ന് രാത്രികളിലായി മൂന്ന് കാമറകൾ ഉപയോഗിച്ചാണ് ഗാനം ചിത്രീകരിച്ചത്. എല്ലാവരും പകുതി ഉറക്കത്തിലായിരുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.