'ആ ബ്രേക്കപ്പിൽനിന്നും കരകയറാൻ ഒരു വർഷത്തോളം തെറാപ്പി എടുക്കേണ്ടിവന്നു'; ജീവിതത്തിലെ ഏറ്റവും മികച്ച തീരുമാനമെന്ന് ഐശ്വര്യ ലക്ഷ്മി

തമിഴ്, മലയാളം സിനിമകളിലെ മുൻനിര നായികമാരിൽ ഒരാളായ ഐശ്വര്യ ലക്ഷ്മി തന്‍റെ ജീവിതത്തിലെ ഏറ്റവും വിഷമകരമായ ഒരു ഘട്ടത്തെക്കുറിച്ച് തുറന്നുപറഞ്ഞിരിക്കുകയാണ്. പ്രണയബന്ധം തകർന്നതിനെ തുടർന്നുണ്ടായ കടുത്ത മാനസിക ബുദ്ധിമുട്ടുകളിൽ നിന്ന് കരകയറാൻ താൻ ഒരു വർഷത്തോളം തുടർച്ചയായി തെറാപ്പി സെഷനുകളിൽ പങ്കെടുത്തിരുന്നതായി താരം വ്യക്തമാക്കി. പ്രമുഖ അവതാരക രഞ്ജിനി ഹരിദാസുമായുള്ള അഭിമുഖത്തിലാണ് ഐശ്വര്യ ലക്ഷ്മി തന്‍റെറെ മാനസികാരോഗ്യ യാത്രയെക്കുറിച്ചും കരിയറിലെയും വ്യക്തിജീവിതത്തിലെയും അനുഭവങ്ങളെക്കുറിച്ചും പങ്കുവെച്ചത്.

ജീവിതത്തിൽ താൻ എടുത്ത ഏറ്റവും ശരിയായതും പ്രധാനപ്പെട്ടതുമായ തീരുമാനങ്ങളിലൊന്നാണ് ഈ തെറാപ്പിയെന്ന് താരം പറയുന്നു. എന്നാൽ ഈ യാത്ര അത്ര എളുപ്പമായിരുന്നില്ലെന്നും ആദ്യ ശ്രമം പരാജയപ്പെട്ടിരുന്നുവെന്നും ഐശ്വര്യ കൂട്ടിച്ചേർത്തു. തിരക്കുപിടിച്ച ഷെഡ്യൂൾ കാരണം നേരിൽ കാണാൻ സാധിക്കാതെ വന്നപ്പോൾ ഓൺലൈൻ വഴിയാണ് ഒരു വനിതാ തെറാപ്പിസ്റ്റിനെ ആദ്യം സമീപിച്ചത്. എന്നാൽ ആ തെറാപ്പിസ്റ്റിന്റെ സംസാരരീതിയും സമീപനവും തനിക്ക് മാനസികമായി ഗുണം ചെയ്തില്ലെന്നും നമ്മൾ സംസാരിക്കുന്ന വ്യക്തി ശരിയായ ആളാണോ എന്ന് തിരിച്ചറിയേണ്ടത് എത്രയധികം പ്രധാനമാണെന്ന് ആ അനുഭവത്തിലൂടെ താൻ തിരിച്ചറിഞ്ഞതായും നടി വ്യക്തമാക്കുന്നു.

തുടക്കത്തിൽ ചെറിയ തിരിച്ചടികൾ നേരിട്ടെങ്കിലും തനിക്ക് അനുയോജ്യയായ മറ്റൊരു തെറാപ്പിസ്റ്റിനെ കണ്ടെത്താൻ സാധിച്ചതോടെ കാര്യങ്ങൾ മെച്ചപ്പെടുകയായിരുന്നു. പ്രണയത്തകര്‍ച്ചയുടെ വേദനയിൽ നിന്ന് പുറത്തുകടക്കാനും സ്വയം തിരിച്ചറിയാനും ഈ കൗൺസിലിങ് തനിക്ക് വലിയ രീതിയിൽ തുണയായി എന്ന് നടി പറയുന്നു. മാനസിക ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നവർ ആദ്യ അനുഭവത്തിന്‍റെ പേരിൽ പിന്മാറാതെ തങ്ങൾക്ക് അനുയോജ്യരായ വിദഗ്ദ്ധരെ കണ്ടെത്താൻ ശ്രമിക്കണമെന്ന ഒരു സന്ദേശം കൂടിയാണ് ഐശ്വര്യ ലക്ഷ്മി നൽകുന്നത്.

Tags:    
News Summary - Aishwarya Lekshmi about her breakup

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.