അവധി കിട്ടിയാല്‍ കേരളത്തിലെ ഹോട്ടലില്‍ തന്നെ സമയം ചെലവഴിക്കേണ്ട അവസ്ഥയാണ്- ഐശ്വര്യ

 കേരളത്തിൽ സ്ത്രീകൾ സുരക്ഷിതരല്ലെന്ന് നടി ഐശ്വര്യ ഭാസ്കർ. തന്റെ യൂട്യൂബ് ചാനലിലൂടെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. പുലർച്ചെ അഞ്ച് മണിക്ക് അമ്പലത്തിൽ പോകാൻ ഓട്ടോക്കായി റൂം ബോയിയോട് സഹായം അഭ്യർഥിച്ചപ്പോൾ ഒറ്റക്ക് പോകരുതെന്ന് അയാൾ പറഞ്ഞതായി ഐശ്വര്യ യൂട്യൂബ് ചാനലിൽ വ്യക്തമാക്കി.

'കുട്ടിക്കാലത്ത് ഞാൻ ഓടി കളിച്ച് നടന്ന സ്ഥലമാണ്. കേരളത്തിലേക്ക് എത്തുമ്പോഴെല്ലാം അവിടെയുളള തെരുവുകളിലും അമ്പലങ്ങളിലുമൊക്കെ പോകാറുണ്ട്. ഞാൻ കേരളത്തിൽ ഒരു സീരിയൽ ഷൂട്ടിങ്ങിന് വേണ്ടി പോയിരുന്നു. ഷൂട്ട് കഴിഞ്ഞ് ഒരു ദിവസം അമ്പലങ്ങളിൽ ദർശനം നടത്താൻ തീരുമാനിച്ചു. കാരണം രാവിലെ അഞ്ചു മണിക്ക് പോയാൽ ക്ഷേത്രങ്ങള്‍ സന്ദര്‍ശിച്ച് വലിയ ട്രാഫിക് ഉണ്ടാകുന്നതിന് മുന്‍പ് തിരിച്ചു വരാന്‍ സാധിക്കും. ഇക്കാര്യം സീരിയൽ ചെയ്യുന്ന കമ്പനിയെ അറിയിച്ചപ്പോൾ കാറൊന്നും ഒഴിവില്ലെന്ന് അവർ പറഞ്ഞു. അങ്ങനെ ഓട്ടോയിൽ പോകാമെന്ന് തീരുമാനിച്ചു.

അന്ന് ഹോട്ടലില്‍ രാത്രി അത്താഴം കൊണ്ടുവന്ന റൂം ബോയിയോട് ഓട്ടോക്കായി സഹായം ചോദിച്ചു. ഉടന്‍ തന്നെ അദ്ദേഹം എന്നോട് പറഞ്ഞു, ഇവിടെ സുരക്ഷിതമല്ല, മാം സ്വന്തം കാര്‍ അല്ലെങ്കില്‍ കമ്പനിയുടെ കാറില്‍ മാത്രമേ പുറത്തു പോകാവൂ. ഒറ്റക്ക് എവിടെയും പോകരുതെന്നും പറഞ്ഞു. അപ്പോൾ ഞാൻ കാരണം ചോദിച്ചു. ഇവിടെയൊക്കെ ഞാൻ ചെറുപ്പം മുതലെ പോകുന്ന സ്ഥലങ്ങളാണ്. എന്താണ് ഈ പറയുന്നതെന്ന് ചോദിച്ചു.

അപ്പോഴാണ് ഇവിടെ നടന്ന കുറെ സംഭവങ്ങളെക്കുറിച്ച് അദ്ദേഹം എന്നോട് പറഞ്ഞത്.

തമിഴ്നാട്ടിൽ പോലും എനിക്ക് സ്വന്തമായി ഒരു കാറില്ല. പിന്നെ എന്തിന് കേരളത്തിൽ കാർ വാങ്ങിക്കണം. പണ്ടൊരിക്കൽ ഞാൻ തിരുവല്ലയിൽ ഷൂട്ടിന് പോയപ്പോൾ ഒരു ആൺകുട്ടി കാമുകിയെ പെട്രോൾ ഒഴിച്ച് കത്തിച്ച സംഭവം നടന്നിട്ടുണ്ട്. എന്തുകൊണ്ടാണ് സ്ത്രീകള്‍ക്ക് സുരക്ഷിതമായി യാത്ര ചെയ്യാന്‍ സാധിക്കാത്തത്. സ്ത്രീ സംഘടനകള്‍ എവിടെയാണ്. ജനങ്ങള്‍ വോട്ട് നല്‍കി തിരഞ്ഞെടുത്ത സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ല. നിങ്ങളെ വോട്ട് ചെയ്തു വിജയിപ്പിച്ചവര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുക എന്നത് നിങ്ങളുടെ കടമയാണ്.

പെണ്‍കുട്ടികള്‍ സ്‌കൂള്‍ വിട്ട് തിരിച്ചു വരുന്നത് വരെ തങ്ങള്‍ക്ക് പേടിയാണ് മാഡം എന്നാണു ഡ്രൈവര്‍മാര്‍ എന്നോട് പറഞ്ഞിട്ടുണ്ട്. ഇതെല്ലാം കേട്ടിട്ട് എനിക്ക് തന്നെ ഭയം തോന്നി. എനിക്ക് വിശ്വസിക്കാനായില്ല. ഒന്നോ രണ്ടോ ദിവസം അവധി കിട്ടിയാല്‍ കേരളത്തില്‍ ഹോട്ടലില്‍ തന്നെ സമയം ചെലവഴിക്കേണ്ടി വരുന്ന അവസ്ഥയാണ്. ഇത് എന്റെ നാട്ടില്‍ ആണെങ്കില്‍ വലിയ നടപടികള്‍ സ്വീകരിച്ചേനെ.

കേരളത്തില്‍ നിയമസംവിധാനങ്ങള്‍ ഇതൊന്നും വേണ്ടതുപോലെ നടപടി എടുക്കുന്നില്ല എന്ന് പറയുന്നതു വളരെ കഷ്ടമാണ്. ഒരുപാട് പ്രശ്‌നങ്ങളിലൂടെയാണ് യുവതലമുറ കടന്നുപോകുന്നത്. സാക്ഷരത ഏറ്റവും കൂടുതല്‍ ഉള്ള നാട്ടില്‍ സ്‌കൂള്‍ കാലം മുതല്‍ സ്ത്രീ സുരക്ഷ പഠിപ്പിച്ചു വേണം കുട്ടികളെ വളര്‍ത്താന്‍. ഇതിനൊന്നും പ്രാധ്യാന്യം കൊടുക്കാത്ത സ്‌കൂളുകളിലും കോളേജുകളിലും കുട്ടികളെ വിട്ട് പഠിപ്പിക്കണോ എന്ന് സ്വയം ആലോചിക്കുക. മറ്റു വഴികള്‍ ഇല്ലെങ്കില്‍ നിങ്ങളുടെ കുട്ടികളെ തമിഴ്‌നാട്ടിലേക്ക് അയക്കുക. ഞങ്ങള്‍ നോക്കിക്കോളാം.

ഞാന്‍ ആരെയും വേദനിപ്പിക്കാന്‍ വേണ്ടിയല്ല ഇതു പറയുന്നത്. ആക്രമണത്തിന് ഇരയാക്കപ്പെട്ട പെണ്‍കുട്ടികളുടെ കുടുംബത്തിന് നീതി കിട്ടണം. നീതിയും ന്യായവും കേരളത്തില്‍ നടപ്പാക്കപ്പെടും എന്നുതന്നെയാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്. കാരണം കേരളത്തിന്റെ പേര് ദൈവത്തിന്റെ സ്വന്തം നാട് എന്നാണ്'- ഐശ്വര്യ പറഞ്ഞു.

അതേസമയം ഐശ്വര്യയുടെ വാക്കുകൾക്കെതിരെ സമ്മിശ്രപ്രതികരണമാണ് ലഭിക്കുന്നത്. സ്ത്രീ സുരക്ഷയുടെ കാര്യത്തില്‍ കേരളത്തെ മാത്രം കുറ്റം പറയാന്‍ സാധിക്കില്ലെന്ന് ചിലർ അഭിപ്രായപ്പെട്ടു.സ്ത്രീപീഡനവും ദുരഭിമാനക്കൊലയുമെല്ലാം നടക്കുന്നുണ്ടെന്നും ഐശ്വര്യ അതെക്കുറിച്ച് കാര്യമായി പഠിക്കണമെന്നും വിമര്‍ശകര്‍ പറയുന്നു.

Tags:    
News Summary - Aishwarya Bhaskar Slams About Kerala Women's Safety

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.