ലോക ക്ലാസിക്കുകളുടെ തമ്പുരാൻ

ഒരു പെയിന്‍റിങ്ങോ ചിത്രമോ കാഴ്ചക്കാരനോട് എങ്ങിനെയാണ് സംവദിക്കുക.? കലാകാരനുള്ള സ്വാതന്ത്ര്യത്തേക്കാൾ അവ ആസ്വാദകനിലേക്കെത്തുമ്പോൾ പുതിയ തലങ്ങൾ ഉടലെടുക്കുകയോ കലാകാരൻ പോലും ചിലഘട്ടങ്ങളിൽ തിരുത്തപ്പെടുകയോ ചെയ്യുന്നു. സിനിമയെ പുതിയ മാനങ്ങളിലേക്ക് കൈപിടിച്ച് നടത്തി, ഏഴുപതിറ്റാണ്ട് വെള്ളിത്തിരയുടെ അപാരസാധ്യതകളെ അന്വേഷിച്ചും പരിമിതികളെ വെല്ലുവിളിച്ചും സിനിമയിൽ വിപ്ലവം സൃഷ്ടിച്ച ചലച്ചിത്രകാരനായിരുന്നു ഴാങ് ലൂക് ഗൊദാർദ്. രണ്ടാം ലോകമഹായുദ്ധശേഷമുള്ള ചലച്ചിത്രസൈദ്ധാന്തികരില്‍ പ്രമുഖനായാണ് അദ്ദേഹം വിശേഷിപ്പിക്കപ്പെടുന്നത്. 'പൊളിറ്റിക്കല്‍ സിനിമ' എന്ന് വിശേഷിപ്പിക്കാവുന്ന സിനിമയുടെ രാഷ്ട്രീയ തലങ്ങളുടെ ശക്തനായ പ്രയോക്താവ്. ചലച്ചിത്രനിരൂപകന്‍, നടന്‍, തിരക്കഥാകൃത്ത്, ഛായാഗ്രാഹകന്‍, നിര്‍മാതാവ്, സംവിധായകന്‍ എന്നീ നിലകളിലും ഗൊദാർദ് ശക്തമായ സാന്നിധ്യമായി.

പരീക്ഷണത്തിന്‍റെ തമ്പുരാൻ

തിരക്കഥാ രചനയിലൂടെ സിനിമയിലേക്ക് കടന്നു വന്ന അദ്ദേഹത്തിന്റെ ചിത്രങ്ങളെല്ലാം പരീക്ഷണസ്വഭാവമുള്ളവയായിരുന്നു. പരീക്ഷണാത്മകമായ ആദ്യകാല ചിത്രങ്ങൾ മിക്കവയും കുറ്റകൃത്യങ്ങളിലും സ്‌ത്രീലൈംഗികതയിലും കേന്ദ്രീകരിച്ചു. ചിതറിയ അർഥ തലങ്ങളുള്ള, തിരിച്ചെടുക്കാനാവാത്ത വിധം അർഥശോഷണം സംഭവിച്ച ജീവിതങ്ങളെ ഒറ്റനോട്ടത്തിൽ സുതാര്യമായ നേർ പ്രതിബിംബങ്ങളായി പ്രേക്ഷകനെ തോന്നിപ്പിക്കുന്ന രീതിയിൽ തന്‍റെ ചിത്രങ്ങളിലെ ശബ്ദവും വെളിച്ചവും ഉപയോഗിക്കുന്നതിൽ ഗൊദാർദ് എക്കാലവും മികവ് പുലർത്തിയിരുന്നു. ആ കഥാപാത്രങ്ങൾക്ക് തനത് രീതിയിൽ കുടുതൽ ആഴം നൽകുകയായിരുന്നു ഗൊദാർദിന്‍റെ ശൈലി. പുസ്തകങ്ങളോ വായനയോ തെരുവുകളിലെ ദിശാസൂചകങ്ങളുടെ സജ്ജഷനോ പോസ്റററുകളോ കഥാപാത്രങ്ങളിൽ നിന്ന് അന്യവൽക്കരിക്കപ്പെട്ട അഭിനേതാക്കൾ എഴുതിവച്ചത് നിർവികാരമായി വായിക്കുന്നത് പോലെയോ ഒക്കെയുള്ള ഷോട്ടുകൾ അദ്ദേഹത്തിന്‍റെ സിനിമകളെ പലപ്പോഴും വേറിട്ടതാക്കി. പലപ്പോഴും ചരിത്രപരമായി അസാധ്യമായവയോ അത്രകണ്ട് വിശിഷ്ടമല്ലാത്തവയോ ആയ കാര്യങ്ങളെ അദ്ദേഹം തലതിരിച്ചിട്ടു. ഇതോടെ പല സിനിമകളും പ്രേക്ഷകനിലേക്ക് സ്വയംപരിമിതികളെ ബോധ്യപ്പെടുത്തുന്ന കലസൃഷ്ടികളായി പരിണമിക്കുകയായിരുന്നു. ബ്രെത്ത്‌ലെസ് ആണ് ആദ്യ ചിത്രം. 1969-ൽ പുറത്തിറങ്ങിയ എ വുമൺ ഈസ് എ വുമൺ ആയിരുന്നു കളറിൽ പുറത്തിറങ്ങിയ അദ്ദേഹത്തിന്റെ ആദ്യചിത്രം. അൾജീരിയൻ യുദ്ധത്തിൽ തങ്ങളുടെ പങ്കിനെ കണക്കിന് കുറ്റപ്പെടുത്തിയ സിനിമക്ക് റിലീസ് നിഷേധിച്ചായിരുന്നു ഫ്രഞ്ച് സർക്കാർ അന്ന് പ്രതികാരം ചെയ്തത്.


സിനിമ, അർഥതലങ്ങളേറെയുള്ള ഉപന്യാസം

ബൗദ്ധികമായി ഉയർന്ന തലങ്ങൾ മുന്നോട്ടുവെക്കുന്ന ഉപന്യാസങ്ങൾ തന്നെയായിരുന്ന ഗൊദാർദിന്‍റെ പടങ്ങൾ. 1960കളിൽ ചിത്രീകരിക്കപ്പെട്ടതും പ്രേക്ഷകർക്ക് സുപരിചിതമായതുമായ സിനിമകളിലെ രംഗങ്ങൾ തന്നെ കാലഘത്തിനനുസരിച്ച് സിനിമകളിൽ പുനരുപയോഗിക്കപ്പെട്ടു. യഥാർഥ വ്യക്തികളുടെ പേരുകൾ തന്നെ കഥാപാത്രങ്ങൾക്ക് നൽകുന്നതും ഗൊദാർദിന്‍റെ പതിവുകളിലൊന്നായിരുന്നു. താൻ ഒരുപാട് ഇഷ്ടപ്പെട്ടിരുന്ന സംവിധായകൻ കാൾഡ്രെയറുടെ പേര് ലിറ്റിൽ സോൾജിയറിലെ നായികയുടെ സർനെയിമാക്കി ഗൊദാർദ് ഉപയോഗപ്പെടുത്തി. മൈ ലൈഫ് റ്റു ലിവ് എന്ന സ്വന്തം സിനിമയിൽ കാൾഡ്രെയറുടെ സിനിമയിലെ രംഗം വീക്ഷിക്കുന്ന നായികയെ അദ്ദേഹം തിരശ്ശീലയിൽ ആവിഷ്കരിച്ചു. 1965ൽ പുറത്തിറങ്ങിയ ആൽഫാവില്ലയിൽ 1927ലെ മെട്രോപൊളിസ് എന്ന സിനിമയിലെ രംഗങ്ങൾ ഉപയോഗപ്പെടുത്തുന്നുണ്ട്. മെട്രോപൊളിസിന്‍റെ ഡയറക്ടറായ ഫ്രിറ്റ്സ് ലാങ് സംവിധായകന്‍റെ വേഷത്തിൽ ആൽഫാവില്ലയിലെ കഥാപാത്രമായെത്തുന്നതും കാണാം.

ഇടതുചേർന്ന നടത്തം

1966ൽ പുറത്തിറങ്ങിയ മെയ്ഡ് ഇൻ യു.എസ്.എയും, റ്റു ത്രീ തിങ്സ് ഐ നോ എബൗട്ട് ഹെർ ഉം വ്യക്തിബന്ധങ്ങളുടെ സങ്കീർണതകളും അക്കാലത്തെ മങ്ങിയ സാമൂഹിക ജീവിതത്തിന്‍റെ നിറംപിടിപ്പിച്ച പുതുമയും കാഴ്ചക്കാരിലെത്തിച്ചു. മെയ്ഡ് ഇൻ യു.എസ്.എയിൽ പുകവലിച്ചുകൊണ്ട് എന്തോ പറഞ്ഞ് തർക്കിക്കുന്ന മെലിഞ്ഞ ചെറുപ്പക്കാർ മുതൽ ഒരു രംഗത്ത് എത്തുന്ന മരിയാന്നെ ഫെയ്ത്ഫുള്ളിന്‍റെ (Marianne Faithfull) As tears go bye.. എന്ന അക്കപ്പെല്ല വരെ പിൽക്കാലത്ത് നിരുപകർ ഈ കണ്ണിലൂടെയാണ് നോക്കിക്കണ്ടത്. ഡൊണാൾഡ് ഇ വെസ്റ്റ്ലേക്കിന്‍റെ നോവലായ 'ദ ജഗ്ഗർ' 'The Jugger' നെ അടിസ്ഥാനമാക്കിയുള്ളതായിരുന്നു മെയ്ഡ് ഇൻ യു.എസ്.എ. വെസ്റ്റ്ലേക്ക് നിയമനടപടി സ്വീകരിച്ചതോടെ സിനിമയുടെ അമേരിക്കയിലെ പ്രദർശനം നീണ്ടു. അവസാനം വെസ്റ്റ്ലേക്കിന്‍റെ മരണത്തിന് മൂന്ന് മാസങ്ങൾക്ക് ശേഷം 2009 ഏപ്രിൽ ഒന്നിനാണ് സിനിമ അമേരിക്കയിൽ പ്രദർശനത്തിനെത്തിയത്.


അറുപതുകളുടെ മധ്യത്തോടെ ഗൊദാർദ് ഇടതുപക്ഷരാഷ്ട്രീയ വീക്ഷണമുള്ള ചിത്രങ്ങളിലേക്കുമാറി. ടൂ ഓർ ത്രീ തിങ്‌സ് ഐ നോ എബൗട്ട് ഹെർ (1966) ഈ സമയത്താണ് നിർമിച്ചത്. ഇടത് ചിന്താധാരയോടുള്ള അദ്ദേഹത്തിന്‍റെ അധികരിച്ച അഭിനിവേശം വ്യക്തമാക്കുന്നതായിരുന്നു 1967ൽ പുറത്തിറങ്ങിയ ലാ ചൈനോയ്സ് ( La Chinoise). അക്കാലത്ത് പാരീസിയൻ മാവോവാദികളെ പ്രാദേശികമായി വിളിച്ചിരുന്ന പേരുതന്നെ സിനിമക്ക് നൽകാൻ ഗൊദാർദിന് രണ്ടുവട്ടം ആലോചിക്കേണ്ടി വന്നില്ല. 1968ലെ പാരീസ് വിദ്യാർഥി സമരത്തിലും മറ്റ് സമരപരിപാടികളിലും ഗോദാർദിന്‍റെ സാന്നിധ്യമുണ്ടായിരുന്നു. 1967ൽ പുറത്തിറങ്ങിയ വീക്കെൻഡ് (Weekend) ആധുനിക ഫ്രഞ്ച് സമൂഹത്തിനെതിരെയുള്ള രൂക്ഷ വിമർശനം കൂടിയായിരുന്നു. 1968ൽ പുറത്തിറങ്ങിയ Le Gai savoir സിനിമ സങ്കൽപ്പങ്ങൾക്ക് വിപരീതമായി പ്ളോട്ട് (plot) തന്നെയില്ലാത്തതായിരുന്നു. ഒരുരാത്രി പരസ്പരം കണ്ടുമുട്ടുന്ന പട്രീഷയും എമിലിയും വായിക്കുന്നതും റേഡിയോ ശ്രവിക്കുന്നതും പരസ്പരം വിവിധ വിഷയങ്ങളിൽ സംസാരിക്കുന്നതും ഇതിനിടെ അവർക്കിടയിൽ ഉളവെടുക്കുന്ന ആശയപ്പൊരുത്തങ്ങളുമെല്ലാം ചിത്രം ചർച്ചചെയ്തു.

ഫ്രഞ്ച് വിദ്യാർഥി കലാപത്തിനുശേഷം ആർട്ട് സിനിമ, ചലച്ചിത്ര നിർമാതാവ് എന്നീ സങ്കല്പങ്ങൾ തിരസ്‌ക‌‌‌രിച്ച ദ് സീഗ വെർട്ടോവ് ഗ്രൂപ്പുമായി ചേർന്ന് രാഷ്ട്രീയത്തെയും പ്രത്യയശാസ്ത്രത്തെയും കുറിച്ചുള്ള ചിത്രങ്ങൾ അദ്ദേഹം നിർമിച്ചു. ഗൊദാർദും ടോങ് പിയറി ഗോറിനുമായിരുന്നു ഈ സംഘത്തിൽ പ്രമുഖർ. ആ കൂട്ടുകെട്ടിന്റെ സൃഷ്ടിയാണ് 1969-ൽ പുറത്തിറങ്ങിയ വിൻഡ് ഫ്രം ദ ഈസ്റ്റ്. എഴുപതുകളിൽ വീഡിയോയും ടെലിവിഷൻ പരമ്പരകളും മാധ്യമമാക്കിയ ഗൊദാർദ് എൺപതുകളോടെ സിനിമയിലേക്ക് തിരിച്ചെത്തി.


1990കളിൽ ഏതാനും ഫീച്ചർ ഫിലിമുകളും ഗൊദാർദിന്‍റേതായി പുറത്തിറങ്ങി. 2001ൽ പുറത്തിറങ്ങിയ ഇൻ പ്രെയ്സ് ഓഫ് ലവ് ( In Praise of Love) ഹോളിവുഡ് സിനിമ നിർമാണത്തെ വിമർശിച്ച് വിവാദങ്ങൾക്ക് തിരികൊളുത്തി. 2004ൽ ഔർ മ്യൂസിക് (Our Music), 2010ൽ ഫിലിം സോഷ്യലിസം (Film Socialism), ഗുഡ്ബൈ റ്റു ലാംഗ്വേജ് ( Goodbye to Language), 2018 ലെ ദ ഇമേജ് ബുക്ക് (The Image Book) എന്നിവ അദ്ദേഹത്തിന്‍റെ പ്രതിഭക്ക് മാറ്റുകൂട്ടി.

1930 ഡിസംബർ മൂന്നിന് പാരീസിലെ ഫ്രഞ്ച്-സ്വിസ് ദമ്പതികളുടെ മകനായാണ് ജനനം. പിതാവ് റെഡ്‌ക്രോസിൽ ഡോക്‌ടറായിരുന്നു, അമ്മ ബാങ്കറും. 1950-ൽ പാരീസിലെ സോർബൺ യുണിവേഴ്‌സിറ്റിയിൽനിന്ന് നരവംശശാസ്‌ത്രത്തിൽ ഉന്നതബിരുദം നേടി. സമഗ്രസംഭാവനയ്‌ക്കുള്ള ഓസ്‌കാർ പുരസ്‌കാരം നേടിയ ഗൊദാർദിന് 1987ലും 1998ലും ഹോണററി സേസർസ് (honorary Césars) അവാർഡും ജപ്പാൻ ആർട് അസോസിയേഷന്‍റെ പ്രീമിയം ഇംപിരിയൽ (2002), ഹോണററി അക്കാദമി അവാർഡ് (2010) എന്നീ പുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട്.


Tags:    
News Summary - adieu to godard

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.