തന്‍റെ പേര്​ ഉപയോഗിക്കുന്നത്​ വിലക്കണം; മാതാപിതാക്കൾ അടക്കമുള്ളവർക്കെതിരെ കോടതിയെ സമീപിച്ച്​ വിജയ്​

ചെന്നൈ: പൊതുജനങ്ങളെ സംഘടിപ്പിക്കു​ന്നതിനോ സമ്മേളനങ്ങൾ നടത്തുന്നതിനോ തന്‍റെ പേര്​ ഉപയോഗിക്കുന്നത്​ വിലക്കണമെന്നാവശ്യപ്പെട്ട്​ തമിഴ്​ സൂപ്പർ താരം വിജയ്​ കോടതിയിൽ. മാതാപിതാക്കൾ ഉൾപ്പെടെ 11 പേർക്കെതിരെയാണ്​ കേസ്​.

പിതാവ്​ എസ്​.എ. ചന്ദ്രശേഖർ, അമ്മ ശോഭ ചന്ദ്രശേഖർ എന്നിവരെ കൂടാതെ ഫാൻസ്​ അസോസിയേഷൻ ഭാരവാഹികളായ ഒമ്പതുപേർക്കും എതിരെയാണ്​ വിജയ്​ മ​ദ്രാസ്​ ഹൈകോടതിയെ സമീപിച്ചത്​.

വിജയ്​ രാഷ്​ട്രീയത്തിലേക്കിറങ്ങുമെന്നും പാർട്ടി രൂപീകരിക്കുമെന്നും ചന്ദ്രശേഖർ പ്രഖ്യാപിച്ചതിന്​ പിന്നാലെയാണ്​ പ്രശ്​നങ്ങളുടെ തുടക്കം. വിജയ്​യുടെ പേരിൽ രാഷ്​ട്രീയ പാർട്ടി രൂപീകരിക്കാനുള്ള നീക്കത്തിന്‍റെ ഭാഗമായി ബന്ധുവായ പത്​മനാഭനെ പാർട്ടി പ്രസിഡന്‍റായും ശോഭയെ ട്രഷററായും നിയമിക്കുമെന്നും താൻ ജനറൽ സെക്രട്ടറിയാകുമെന്നും ചന്ദ്രശേഖർ പ്രഖ്യാപിച്ചിരുന്നു.

കൂടാതെ വിജയ്​യുടെ ആരാധകരുടെ സംഘടനയായ വിജയ്​ മക്കൾ ഇയക്കത്തെ ചന്ദ്രശേഖർ രാഷ്​ട്രീയപാർട്ടിയായി പ്രഖ്യാപിക്കുകയും ചെയ്​തിരുന്നു. എന്നാൽ ഈ പാർട്ടിയുമായി തനിക്ക്​ യാതൊരു ബന്ധമില്ലെന്നും പാർട്ടിയിൽ ആരും അംഗത്വമെടുക്കരുതെന്നും വിജയ്​ ആവശ്യപ്പെട്ടിരുന്നു.

തമിഴ്​നാട്ടിൽ അടുത്ത മാസം നടക്കാനിരിക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ വിജയ്​ മക്കൾ ഇയക്കം തയാറെടുക്കുന്നുമുള്ള വാർത്തകൾ പുറത്തുവന്നിരുന്നു. ഇതിന്​ പിന്നാലെയാണ്​ വിജയ്​യുടെ ഹരജി. വിജയ്​യുടെ ഹരജി ഈ മാസം 27ന്​ മ​ദ്രാസ്​ ഹൈകോടതി പരിഗണിക്കും.

Tags:    
News Summary - Actor Vijay files civil lawsuit against 11 including his parents

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.