പാട്യത്തിന്റെ സ്വന്തം ശ്രീനി

 കൂത്തുപറമ്പ്: പാട്യം ശ്രീനിയിൽനിന്ന് മലയാള സിനിമയുടെ അമരത്തേക്കാണ് ശ്രീനിവാസൻ ചെന്നുകയറിയത്. കോളജ് നാടകവേദിയിലെ സ്ഥിരം നടനായ കലാകാരൻ കാലിക്കറ്റ് യൂനിവേഴ്സിറ്റിയിലെ മികച്ച നടനായും തിരഞ്ഞെടുക്കപ്പെട്ടിരുന്നു. പാട്യം കോങ്ങറ്റയിലെ ആദ്യകാല സാമൂഹിക പ്രവർത്തകനായിരുന്ന ഉണ്ണി മാസ്റ്ററുടെയും ലക്ഷ്മിയുടെയും മകനായി 1956 ഏപ്രിൽ നാലിന് പാട്യത്തായിരുന്നു ജനനം.

സൗത്ത് പാട്യം യു.പി സ്കൂൾ കതിരൂർ ഹയർ സെക്കൻഡറി സ്കൂൾ, മട്ടന്നൂർ എൻ.എസ്.എസ് കോളജ് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. മട്ടന്നൂർ കോളജിലെ പഠനകാലത്താണ് ശ്രീനിവാസനിലെ നടൻ ജന്മമെടുക്കുന്നത്. പാട്യം ശ്രീനി എന്ന പേരിൽ കോളജ് നാടകവേദിയിലെ സ്ഥിരം നടനായ കലാകാരനെ കാലിക്കറ്റ് സർവകലാശാലയിലെ മികച്ച നടനായി തിരഞ്ഞെടുത്തിരുന്നു.

കോളജ് പഠനത്തിന് ശേഷം കൂത്തുപറമ്പ് സി.കെ.ജി തിയറ്റഴ്സിന്റെ നാടകങ്ങളിലും പിന്നീട് കോങ്ങാറ്റ കേന്ദ്രമായി കൽപന തിയേറ്റഴ്സ് രൂപവത്കരിച്ചും ഏറെക്കാലം നാടക പ്രവർത്തനങ്ങളുമായി മുന്നോട്ട് പോയി. പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽനിന്ന് അഭിനയകലയിൽ ഡിപ്ലോമ നേടിയതോടെയാണ് ശ്രീനിവാസന്റെ സിനിമാ പ്രവേശനം സാധ്യമാകുന്നത്.

സൂപ്പർസ്റ്റാർ രജനീകാന്ത് ഉൾപ്പെടെയുള്ളവരായിരുന്നു അന്ന് ശ്രീനിവാസന്റെ സഹപാഠികൾ. എന്നാൽ, ശ്രീനിവാസന് വെള്ളിത്തിരയിൽ മികച്ച അവസരങ്ങൾ ലഭിക്കാൻ പിന്നെയും ഏറെക്കാലം കാത്തിരിക്കേണ്ടിവന്നു. ക്രമേണ മികച്ച നടനായും നായകനായും തിളങ്ങിയ ശ്രീനിവാസൻ അഭിനേതാവിനോടൊപ്പം തിരക്കഥാകൃത്ത്, സംവിധായകൻ, നിർമാതാവ് എന്നീ നിലകളിലും തിളങ്ങുകയായിരുന്നു.

മക്കളായ വിനീത്, ധ്യാൻ എന്നിവർക്ക് തന്റെ കഴിവ് പകർന്ന് നൽകാനും ഭാര്യാ സഹോദരനായ എം. മോഹനനെ മികച്ച സംവിധായകനായി ഉയർത്തിക്കൊണ്ടുവരാനും ശ്രീനിവാസന് കഴിഞ്ഞു. മൂര്യാട് കുഞ്ഞമ്പു സ്മാരക എൽ.പി സ്കൂൾ അധ്യാപികയായിരുന്ന ഭാര്യ വിമല മാത്രമാണ് സിനിമാ മേഖലയിൽനിന്ന് അകന്ന് നിന്നിരുന്നത്.

പാട്യത്തെ ഗ്രാമീണ മേഖലയിൽ ജീവിക്കുമ്പോഴുണ്ടായ അനുഭവങ്ങളാണ് പിന്നീട് വെള്ളാനകളുടെ നാട്, വരവേൽപ് തുടങ്ങിയ പല സിനിമകളായും മാറിയത്. ചലച്ചിത്രമേഖലയുമായി ബന്ധപ്പെട്ട് ചെന്നൈയിലും എറണാകുളത്തുമായി കഴിയുമ്പോഴും പിറന്ന നാടിനെയും പഴയ ചങ്ങാതിമാരെ മറക്കാനുമായില്ല.

സിനിമ മേഖലയിൽ സജീവമായപ്പോഴും കൂത്തുപറമ്പ്-തലശ്ശേരി റോഡിൽ പൂക്കോടുള്ള വീട്ടിലാണ് ഏറെക്കാലം താമസിച്ചത്. മമ്മൂട്ടി, മോഹൻലാൽ ഉൾപ്പെടെയുള്ളവർ ഇവിടത്തെ സന്ദർശകരായിരുന്നു. കുടുംബത്തിലും നാട്ടിലും നടക്കുന്ന പ്രധാന കാര്യങ്ങളിലെല്ലാം ശ്രീനിവാസൻ ഓടി എത്തുമായിരുന്നു. താൻ പഠിച്ച സ്കൂളിലെ ചടങ്ങിൽ പങ്കെടുക്കാൻ ഏതാനും മാസം മുമ്പ് നാട്ടിലെത്തിയ നടൻ കുടുംബാംഗങ്ങളോടും സുഹൃത്തുക്കളോടും പതിവ് തമാശകളും പറഞ്ഞാണ് യാത്രയായത്.

Tags:    
News Summary - actor sreenivasan death

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.