കൊച്ചി: പൊലീസ് ഡാൻസാഫ് സംഘത്തിന്റെ ലഹരി പരിശോധനക്കിടെ നടൻ ഷൈൻ ടോം ചാക്കോ ചാടിയത് ഹോട്ടലിന്റെ മൂന്നാം നിലയിൽനിന്ന്. ഇന്നലെ രാത്രി 10.48ഓടെ കലൂർ ലിസി ജങ്ഷനിലെ പി.ജി.എസ് വേദാന്ത എന്ന ഹോട്ടലിലാണ് സംഭവം.
പൊലീസ് സംഘം എത്തി ഷൈൻ ടോം ചാക്കോ താമസിച്ച 314ാം വാതിലിൽ മുട്ടുകയും കാളിങ് ബെൽ അടിക്കുകയും ചെയ്തപ്പോൾ ജനാലവഴിയാണ് നടൻ പുറത്തേക്ക് ചാടിയത്. രണ്ടാം നിലയിലെ ഷീറ്റ് വിരിച്ച മേൽക്കൂരയിലാണ് വീണത്. ഷീറ്റ് തകർന്ന് താഴെ എത്തിയ നടൻ സ്വിമ്മിങ് പൂളിലൂടെയും ഗോവണി ഇറങ്ങിയും ഓടുന്നതും ഹോട്ടലിലെ സി.സി.ടി.വി ദൃശ്യങ്ങളിലുണ്ട്. ഈ ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ തുടർ നടപടി സ്വീകരിക്കുമെന്നും പൊലീസ് അറിയിച്ചു.
തുടർന്ന് ഷൈൻ ടോം ചാക്കോ താമസിച്ച മുറിയിൽ പരിശോധന നടത്തി. ഇവിടെ പാലക്കാട് സ്വദേശിയായ ആൾ ഉണ്ടായിരുന്നു. ഇയാളെ ചോദ്യം ചെയ്തശേഷം വിട്ടയച്ചു. സംശയാസ്പദമായി ഒന്നും കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്ന് പൊലീസ് അറിയിച്ചു. ഒന്നുകിൽ നടൻ ലഹരി മരുന്ന് ഉപയോഗിക്കുകയോ അല്ലെങ്കിൽ കൈവശം വെക്കുകയോ ചെയ്തിരിക്കാമെന്നാണ് പൊലീസ് നിഗമനം.
നേരത്തെ ലൊക്കേഷനിൽ ലഹരി ഉപയോഗിച്ച് എത്തിയ നടൻ ഷൈന്‍ ടോം ചാക്കോയാണെന്ന് നടി വിൻസി അലോഷ്യസ് വെളിപ്പെടുത്തിയിരുന്നു. നടി തന്നെയാണ് നടന്റെ പേരു വെളിപ്പെടുത്തിയത്. ഷൈൻ ടോം ചാക്കോ ലഹരി ഉപയോഗിച്ച് മോശമായി പെരുമാറിയെന്ന് ഫിലിം ചേംബര്‍, സിനിമയുടെ ഇന്റേണല്‍ കംപ്ലൈന്റ് കമ്മിറ്റി എന്നിവക്ക് വിന്‍സി അലോഷ്യസ് പരാതി നല്‍കി. നടിയിൽനിന്ന് വിവരം ശേഖരിക്കാനും തുടർന്ന് അന്വേഷണം നടത്താനും എക്സൈസ് വകുപ്പ് നടപടി തുടങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.