ജിഷ്ണുവും രാഘവനും
മലയാളികളുടെ മനസ്സില്‍ ഇന്നും നോവായി നടൻ ജിഷ്ണു. ബാലതാരമായി സിനിമയിലേക്ക് എത്തിയ താരം 2002ല്‍ കമലിന്റെ നമ്മള്‍ എന്ന ചിത്രത്തിലൂടെ നായകനായി അരങ്ങേറി. നിരവധി സിനിമകളിൽ നടനായും വില്ലനായും എല്ലാം നടൻ തിളങ്ങി നിന്ന സമയത്തതാണ് കാൻസർ പിടികൂടുന്നത്. 2016ല്‍ കാൻസറിനോട് പൊരുതി ജിഷ്ണു വിട വാങ്ങുമ്പോൾ മുപ്പത്തിയഞ്ച് വയസ് മാത്രമായിരുന്നു പ്രായം. ഇപ്പോഴിതാ മകന്റെ ഓർമകൾ പങ്കുവെക്കുകയാണ് നടനും സംവിധായകനും പിതാവുമായ രാഘവൻ. കീമോയും റേഡിയേഷനും കൊണ്ട് ഭേദമാക്കാമായിരുന്ന രോഗത്തിന് ഓപ്പറേഷൻ ചെയ്തത് കൊണ്ടാണ് പെട്ടന്നുള്ള മരണം സംഭവിച്ചതെന്ന് രാഘവൻ പറഞ്ഞു. അടുത്തിടെ നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
‘രോഗം അറിഞ്ഞപ്പോൾ കുടുംബം ആകെ ഞെട്ടിപ്പോയിരുന്നുവെങ്കിലും ചികിത്സയിലുടനീളം പ്രത്യാശ നിലനിർത്തി. ഡോക്ടർമാർ ശസ്ത്രക്രിയയില്ലാത്ത ചികിത്സ ആയിരുന്നു നിർദേശിച്ചത്. എന്നാൽ പുറത്തുനിന്നുള്ള സ്വാധീനവും വ്യക്തിപരമായ തീരുമാനങ്ങളും കാരണം ജിഷ്ണു ബംഗളൂരുവിൽ ശസ്ത്രക്രിയ തിരഞ്ഞെടുക്കുകയായിരുന്നു. അവനും ഭാര്യയും ശസ്ത്രക്രിയയുമായി മുന്നോട്ട് പോകാൻ തീരുമാനിച്ചു. ഞങ്ങൾ അതിനെതിരായിരുന്നു. അത് അവരുടെ തിരഞ്ഞെടുപ്പായിരുന്നു. അതോടെ എല്ലാം അവസാനിച്ചു. ആ ഫലത്തിന്‍റെ വേദന ഞങ്ങൾ അനുഭവിച്ചു’ -രാഘവൻ പറഞ്ഞു.
‘ജിഷ്ണുവിന്റെ രോഗ വിവരം അറിഞ്ഞപ്പോൾ ഒരു ഷോക്കായിരുന്നു. തൊണ്ട മുഴുവൻ മുറിച്ച് കളഞ്ഞിട്ട് ആഹാരം മറ്റൊരു രീതിയിൽ കൊടുക്കുന്ന ഏർപ്പാട് ചെയ്യേണ്ട കാര്യം എന്തായിരുന്നു. മരിച്ചാൽ പോരെ. എന്തിനാണ് അങ്ങനൊരു ജീവിതം. മകന്റെ ഓർമകൾ തിരികെ കൊണ്ടുവരുന്നതെല്ലാം ഫോട്ടോകൾ ഉൾപ്പെടെ, താനും ഭാര്യയും വീട്ടിൽ നിന്ന് എടുത്തുമാറ്റി. നമ്മൾ മനഃപൂർവം ഓർമിക്കാതിരിക്കാൻ തീരുമാനിച്ചു’-രാഘവൻ കൂട്ടിച്ചേർത്തു.
‘അതാണ് വിധി. അവന്റെ ആയുസ് എനിക്ക് തന്നു. അതുകൊണ്ടാണ് ഞാൻ ഇപ്പോഴും ജീവിച്ചിരിക്കുന്നത്. ആ വിശ്വാസത്തിലാണ് ഞാൻ. അവനെ ഓർക്കത്തക്ക രീതിയിൽ വീട്ടിൽ ഒന്നും വെച്ചിട്ടില്ല. ഇപ്പോൾ അതിൽ ദുഖമില്ല. അതെല്ലാം കഴിഞ്ഞു. ഒരു ഫോട്ടോ പോലും കാണാത്തക്ക രീതിയിൽ വെച്ചിട്ടില്ല. എല്ലാം മറച്ച് വെച്ചിരിക്കുകയാണ്. ഇതാണ് ഞങ്ങളെ മുന്നോട്ട് ജീവിക്കാൻ സഹായിക്കുന്നത്. ഞാൻ ഒരു കാര്യത്തെ കുറിച്ച് ഓർത്തും വിഷമിക്കില്ല. നടക്കേണ്ടത് നടക്കും’ -രാഘവൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.