ലാലി പി.എം.
കോഴിക്കോട്: സാമൂഹിക മാധ്യമങ്ങളിലെ സൈബർ ആക്രമണത്തെ ഭയപ്പെടുന്നില്ലെന്ന് എഴുത്തുകാരിയും നടിയുമായ ലാലി പി.എം. സംഘ്പരിവാറിനെതിരെ ഇനിയും തുറന്നെഴുതും. തനിക്കെതിരെ സൈബർ ആക്രമണം ഉണ്ടായപ്പോൾ ഒപ്പമുണ്ടാകുമെന്ന് കരുതിയ ഇടതുപക്ഷം കൂടെ നിന്നില്ലെന്നും ലാലി വ്യക്തമാക്കി.
നമ്മുടെ രാജ്യത്ത് വർഷങ്ങളായി സംഘ്പരിവാർ നടപ്പാക്കിയിട്ടുള്ള എതിരാളികളെ അപരവത്കരിക്കുക എന്ന അജണ്ടയുണ്ട്. സംഘ്പരിവാറിനും കാസക്കും ഗസ്സ ഒരു മുസ് ലിം വിഷയമായി മാറിയിട്ടുണ്ട്. ഈ വിഷയത്തിൽ പ്രതികരിക്കുന്ന ഇന്ത്യയിലെ മുസ് ലിംകളെ അപരവത്കരിക്കാനാണ് നീക്കം.
ഇക്കാര്യത്തിൽ തന്നോടൊപ്പം പഠിച്ചതും പ്രവർത്തിച്ചതുമായ സഖാക്കളും വഴങ്ങിയതിൽ സങ്കടമുണ്ട്. തന്‍റെ ഭാവിയോ രാജ്യത്തിന്‍റെ ഭാവിയോ എന്താകുമെന്ന് അറിയില്ലെന്നും ലാലി ചൂണ്ടിക്കാട്ടി.
ഗസ്സയിലെ കൂട്ടക്കൊല സംബന്ധിച്ച ഇടത് സാംസ്കാരിക പ്രവർത്തകർ സംഘടിപ്പിച്ച പരിപാടിയിൽ ലാലി നടത്തിയ പരാമർശമാണ് സൈബർ ആക്രമണത്തിന് വഴിവെച്ചത്. ഈ സംഭവുമായി ബന്ധപ്പെട്ട് ലാലി മുമ്പ് ഫേസ്ബുക്ക് പോസ്റ്റ് ഇട്ടിരുന്നു.
കഴിഞ്ഞദിവസങ്ങളിൽ മെസഞ്ചറിലും സ്പാമിലും വാട്സാപ്പിലും ഒക്കെയായി കുറേ പ്രാവശ്യം പലരും അയച്ച തന്ന വീഡിയോ ആണിത്. പല വീഡിയോയുടെയും താഴെ ഇഷ്ടം പോലെ മെൻഷനിങ്ങും ഉണ്ട്.
ഗാസയിലെ കുഞ്ഞുങ്ങളുടെ വംശഹത്യയ്ക്കെതിരെ നടന്ന ഒരു പരിപാടിയിൽ വളരെ വൈകാരികമായ ഒരന്തരീക്ഷത്തിൽ ഹൃദയത്തിൽ നിന്നും വന്ന വാക്കുകളാണ് അവ.
അതു പോകട്ടെ ഏതു സാഹചര്യത്തിലും കുഞ്ഞുങ്ങൾ മരിക്കുമ്പോൾ നമുക്ക് തോന്നുന്ന ഒരു സങ്കടം മാത്രമാണ് അത്. കാരണം മനുഷ്യ സംസ്കാരത്തെ, മുന്നേറ്റത്തെ മുറിഞ്ഞു പോകാതെ നിലനിർത്തുന്നത് കുഞ്ഞുങ്ങളാണ്.
എനിക്ക് കുഞ്ഞുങ്ങളോടുള്ള ഇഷ്ടം അതല്ലാ കാലത്തും ഉള്ളതാണ്. പലസ്തീൻ പ്രശ്നത്തോടുള്ള അനുഭാവവും കുറെ നാളുകളായി ഉള്ളതാണ്.
എന്തായാലും റിപോർട്ടറിലെ അരുൺ കുമാർ ഇവിടുത്തെ ഹിന്ദുത്വ വർഗീയതയ്ക്ക് എറിഞ്ഞു കൊടുത്ത "വൈറ്റ് കോളർ ടെററിസം "എന്ന വാക്കിനെയും ആശയത്തെയും ഉൾക്കൊണ്ട് സംഘികളും ,കൃസംഘികളും, മുഖമില്ലാത്തവരും, നിലപാടില്ലാത്തവരും, ഫേക്ക് അക്കൗണ്ടുകളും എല്ലാം എൻറെ വാചകങ്ങളെയും ചേർത്തുവച്ച് പലയിടത്തും പ്രചരിപ്പിക്കുന്നുണ്ട്.
15 വർഷമായി ഇവിടെ നിരന്തരം എഴുതിയിട്ടും കിട്ടാത്ത പ്രശസ്തിയാണ് സ്നേഹവും ദുഃഖവും നിരാശയും ഒക്കെ മനസ്സിൽ അണപൊട്ടിയപ്പോൾ ഞാൻ പറഞ്ഞ ഒരു വാചകം കൊണ്ട് വെറുപ്പിന്റെ പ്രത്യയശാസ്ത്രം എനിക്ക് നേടിത്തന്നത്.
Arun Kumar കഴിഞ്ഞ പാർലമെൻറ് ഇലക്ഷന് തെരഞ്ഞെടുപ്പിനെ പറ്റി സംസാരിക്കാൻ എൻറെ കോളനിയിൽ നിങ്ങൾ വന്നപ്പോൾ ആര് ജയിക്കണമെന്നാണ് ആഗ്രഹം എന്നു ചോദിച്ചപ്പോൾ എൻറെ രാജ്യത്തിൻറെ ഭാവിയെ ഓർത്ത് ഉറഞ്ഞുകൂടുന്ന വെറുപ്പിനെയും വർഗീയതയെയും ഓർത്ത് മുഖമുയർത്തി നിന്ന് ഞാൻ നിങ്ങളോട് പറഞ്ഞിരുന്നു. സംഘപരിവാർ ഒഴികെ മറ്റാര് ജയിച്ചാലും എനിക്ക് സന്തോഷമാണ് എന്ന്. ഇപ്പോൾ എൻറെ അഭിമാനം എന്താണെന്നറിയാമോ? സംഘപരിവാറിനെതിരെ ഒരു വാക്ക് എങ്കിലും നിങ്ങളുടെ മുഖത്ത് നോക്കി എനിക്ക് പറയാൻ സാധിച്ചു എന്നതാണ്.
എത്ര നാളത്തെ വെറുപ്പ് മനസിൽ ഘനീഭവിച്ചിട്ടാകും അരുൺകുമാർ, "വൈറ്റ് കോളർ ടെററിസം " എന്ന വാക്ക് നിങ്ങളിൽ നിന്നും പുറത്തേക്ക് വന്നത്?
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.