തന്‍റെ പിതാവ് ജീവിതത്തിനും മരണത്തിനും ഇടയിൽ മല്ലിടുകയാണെന്ന് അന്ന് ആ കുട്ടി മനസിലാക്കിയിരുന്നില്ല. അപ്പോഴും അവൻ അച്ഛനൊപ്പം കളിക്കാൻ ആഗ്രഹിച്ചു. പിന്നീട് സത്യം മനസിലാക്കി വർഷങ്ങൾ കഴിഞ്ഞിട്ടും ആ വേദന മറക്കാൻ അവന് കഴിഞ്ഞില്ല. പറഞ്ഞു വന്നത് കുഞ്ഞ് അഭിഷേക് ബച്ചനെക്കുറിച്ചാണ്. ഷൂട്ടിങ്ങിനിടെ അമിതാഭ് ബച്ചൻ പരിക്കേറ്റ് ആശുപത്രിയിലായ സമയത്തെ സംഭവത്തെക്കുറിച്ച് അഭിഷേക് ബച്ചന്‍റെ ജീവിതത്തെ ആസ്പദമാക്കി എഴുതിയ 'അഭിഷേക് ബച്ചൻ: സ്റ്റൈൽ ആൻഡ് സബ്‌സ്റ്റൻസ്' എന്ന പുസ്തകത്തിലാണ് വെളിപ്പെടുത്തിയിട്ടുള്ളത്.
അഭിഷേക് പറയുന്നതനുസരിച്ച്, 1982ൽ, തനിക്ക് ആറ് വയസ്സുള്ളപ്പോഴാണ് ബംഗളൂരുവിലെ വെസ്റ്റ് എൻഡ് ഹോട്ടലിലെ മുറിയിലേക്ക് അമിതാഭിനെ കൊണ്ടുവന്നപ്പോൾ പിതാവിനെ കണ്ട സന്തോഷം കൊണ്ട് അദ്ദേഹത്തിന്‍റെ അടുത്തേക്ക് ഓടി. അദ്ദേഹത്തിന് ഇത്ര ഗുരുതരമായി പരിക്കേറ്റതായി തനിക്ക് തിരിച്ചറിയാൻ സാധിച്ചില്ലെന്ന് അഭിഷേക് പറയുന്നു. അന്നായിരുന്നു ആദ്യമായും അവസാനമായും അദ്ദേഹം തന്‍റെ കൈ തട്ടിമാറ്റിയത്. അതിൽ വല്ലാത്ത വിഷമം തോന്നിയിരുന്നതായും, ദിവസങ്ങളോളം ദേഷ്യം തോന്നിയതായും അഭിഷേക് പറയുന്നു.
എഴുത്തുകാരനും ഛായാഗ്രാഹകനുമായ പ്രദീപ് ചന്ദ്രയുടെ പുസ്തകത്തിൽ അഭിഷേക് ബച്ചന്‍റെ ജീവിതത്തിൽ നിന്നുള്ള നിരവധി കഥകൾ അടങ്ങിയിരിക്കുന്നു. തന്‍റെ മുറിയിൽ വേദനകൊണ്ട് പുളയുന്ന അച്ഛനെ കണ്ടത് അഭിഷേക് വിവരിക്കുന്നുണണ്ട്. അടുത്ത ദിവസം തന്നെയും ശ്വേതയെയും മുംബൈയിലേക്ക് കൊണ്ടുപോയി. അന്നാണ് ആദ്യമായി ഒറ്റക്ക് വിമാനത്തിൽ യാത്ര ചെയ്യുന്നത്. തൊട്ടുപിന്നാലെ അമിതാഭിനെ മുംബൈ ബ്രീച്ച് കാൻഡി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
തന്‍റെ പിതാവിന്‍റെ ആരോഗ്യനില മോശമാണെന്ന സൂചന നൽകാൻ പോലും മാതാപിതാക്കൾ ശ്രമിച്ചിട്ടില്ലെന്ന് അഭിഷേക് പറഞ്ഞു. എന്നാൽ, വീടിന് പുറത്ത് യാഥാർഥ്യത്തെ അദ്ദേഹത്തിന് അഭിമുഖീകരിക്കേണ്ടി വന്നു. ഒരു ദിവസം സ്കൂളിൽ വെച്ച് ഒരു കുട്ടി അഭിഷേകിനോട് ചോദിച്ചു, 'നിന്‍റെ അച്ഛൻ മരിക്കാൻ പോകുന്നു, അല്ലേ?' അന്നത്തെ ആറുവയസ്സുകാരൻ അഭിഷേകിനെ ആ ചോദ്യം ഞെട്ടിച്ചു. അന്നാണ് ആദ്യമായി അഭിഷേകിന് ആസ്ത്മ പ്രശ്നം ഉണ്ടാകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.