'ഞാൻ അവളുടെ അച്ഛനോ കാമുകനോ അല്ല, ഇത് സിനിമയാണ്'; ഫാത്തിമ സന ശൈഖിനെ നായികയാക്കിയതിനെക്കുറിച്ച് ആമിർ

'തഗ്‌സ് ഓഫ് ഹിന്ദുസ്ഥാന്‍' എന്ന ചിത്രത്തില്‍ ഫാത്തിമ സന ശൈഖിനൊപ്പം കാമുകന്റെ വേഷം ചെയ്തതിൽ തനിക്ക് ഒരു പ്രശ്‌നവുമില്ലെന്ന് നടന്‍ ആമിര്‍ ഖാന്‍. 'ദംഗല്‍' എന്ന ചിത്രത്തില്‍ ഫാത്തിമ തന്റെ മകളായി അഭിനയിച്ചതിനാൽ തങ്ങള്‍ക്കിടയിലെ പ്രണയ രംഗങ്ങൾ മാറ്റാമെന്ന് സംവിധായകന്‍ വിജയ് കൃഷ്ണ ആചാര്യ പറഞ്ഞിരുന്നതായി നടൻ പറഞ്ഞു. എന്നാല്‍, ഫാത്തിമയുടെ കാമുകനായി അഭിനയിക്കുന്നതില്‍ തനിക്ക് വിരോധമില്ലെന്നും യഥാർഥ ജീവിതത്തിലല്ല, മറിച്ച് ഒരു സിനിമയിലാണെന്നും താരം പറഞ്ഞു.

ലല്ലന്റോപ്പിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഫാത്തിമ എങ്ങനെ തന്‍റെ കാമുകിയായി അഭിനയിക്കുമെന്നും അഭിനയിച്ചാൽ തന്നെ പ്രേക്ഷകർ അത് നിരസിക്കും എന്നുമാണ് സംവിധായകൻ പറഞ്ഞത്. 'ഇതിലൊന്നും ഞാൻ വിശ്വസിക്കുന്നില്ല. യഥാർഥ ജീവിതത്തിൽ ഞാൻ അവളുടെ അച്ഛനല്ല, അവളുടെ കാമുകനുമല്ല. നമ്മൾ ഒരു സിനിമ ചെയ്യുന്നു' എന്നതായിരുന്നു താരത്തിന്‍റെ മറുപടി.

അമിതാഭ് ബച്ചനും വഹീദ റഹ്മാനും സിനിമകളിൽ അമ്മയും മകനുമായും പ്രണയിതാക്കളായും അഭിനയിച്ചിട്ടുണ്ട്. പ്രേക്ഷകർ അത്ര മണ്ടന്മാരല്ലെന്നും ഇതൊക്കെ യഥാർഥമെന്ന് അവർ കരുതുമെന്ന് പറഞ്ഞാൽ അത് പ്രേക്ഷകരെ കുറച്ചുകാണുകയാണ് എന്നും അദ്ദേഹം പറഞ്ഞു. മുൻനിര വനിത താരങ്ങളെല്ലാം വേഷം നിരസിച്ച ശേഷമാണ് ഫാത്തിമയെ ചിത്രത്തിലേക്ക് തെരഞ്ഞെടുത്തതെന്നും നടൻ പറഞ്ഞു. ദീപിക, ആലിയ, ശ്രദ്ധ തുടങ്ങിയവരെല്ലാം വിസമ്മതിച്ചു. ആരും അത് ചെയ്യാൻ തയാറായില്ലെന്നും ദുർബലമായ ഒരു തിരക്കഥയായിരിക്കാം അവരുടെ വിസമ്മതത്തിന് കാരണമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, ആമിറിന്‍റെ ഏറ്റവും പുതിയ ചിത്രം സിത്താരെ സമീൻ പർ ബോക്സ് ഓഫിസിൽ 200 കോടി കടന്നിരിക്കുകയാണ്. ജൂണ്‍ 20നായിരുന്നു ചിത്രം തിയറ്ററിൽ എത്തിയത്. സ്പാനിഷ് ചിത്രമായ 'ചാമ്പ്യൻസ്' എന്ന സിനിമയുടെ റീമേക്കാണ് 'സിത്താരേ സമീൻ പർ'. ചിത്രം ഒ.ടി.ടിയിൽ റിലീസ് ചെയ്യില്ലെന്ന് ആമിർ അറിയിച്ചിരുന്നു. ഒരു പ്ലാറ്റ്‌ഫോമിനോടും തനിക്ക് പ്രശ്‌നങ്ങളൊന്നും ഇല്ലെന്നും എന്നാൽ സമയക്രമം യുക്തിസഹമായി തോന്നുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. തിയറ്ററുകളിൽ പ്രദർശനം കഴിഞ്ഞാലുടൻ ചിത്രം ഡിജിറ്റലായി റിലീസ് ചെയ്യാൻ ഒരിക്കലും ആഗ്രഹിക്കുന്നില്ലെന്നും നടൻ വ്യക്തമാക്കിയിരുന്നു. 

Tags:    
News Summary - Aamir Khan defends romancing Fatima Sana Shaikh in Thugs after playing her father

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.