മലയാളികളുടെ സ്വന്തം അല്ലു അർജുൻ ‘ഹാപ്പി’യുമായി പ്രേക്ഷകരെ ഹാപ്പി ആക്കിയിട്ട് 20 വർഷങ്ങൾ

​തെന്നിന്ത്യൻ താരം അല്ലു അർജുൻ നായകനായ സൂപ്പർ ഹിറ്റ് ചിത്രം ‘ഹാപ്പി’ റിലീസായിട്ട് ഇന്നേക്ക് 20 വർഷം. ‘ആര്യ’ എന്ന ചിത്രത്തിലൂടെ ശ്രദ്ധിക്കപ്പെട്ട നടനാണ് അല്ലു. എന്നാൽ തെലുങ്ക് നടനാണെങ്കിലും അല്ലുവിന് കേരളത്തിൽ നിരവധി ആരാധകരെ നേടിക്കൊടുത്തത് ആര്യക്ക് ശേഷം റിലീസ് ചെയ്ത ‘ഹാപ്പി’ ആയിരുന്നു. മലയാളത്തിലെ മൊഴിമാറ്റ ചിത്രങ്ങളുടെ ചരിത്രം തന്നെ തിരുത്തിക്കുറിച്ച സിനിമകളായിരുന്നു അല്ലു അർജുന്‍റേത്. തനിക്ക് ഏറെ പ്രിയപ്പെട്ട ചിത്രത്തിന്റെ ഓർമകൾ സമൂഹമാധ്യമത്തിലൂടെ പങ്കുവെക്കുകയാണ് താരം.

‘ഹാപ്പി എന്‍റെ യാത്രയിലെ ഏറ്റവും ആസ്വാദ്യകരമായ ചിത്രങ്ങളിൽ ഒന്നാണ്. ഈ യാത്ര മനോഹരമാക്കിയ എല്ലാ കലാകാരന്മാർക്കും സാങ്കേതിക പ്രവർത്തകർക്കും എന്‍റെ ഹൃദയം നിറഞ്ഞ നന്ദി’ എന്ന് ഹാപ്പി ലൊക്കേഷനിലെ ചിത്രങ്ങൾ പങ്കുവെച്ച് അല്ലു അ‍ർജുൻ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തു. ഹാപ്പിയെ മനസ്സിൽ കണ്ട സംവിധായകൻ എ. കരുണാകരനോടും സഹതാരം ജനീലിയ ഡിസൂസ, മികച്ച പ്രകടനം കാഴ്ചവെച്ച മനോജ് ബാജ്പേയ് എന്നിവരോടും ഹൃദയസ്പർശിയായ ഗാനങ്ങൾ ഒരുക്കിയ യുവാൻ ശങ്കർ രാജയോടും അദ്ദേഹം നന്ദി രേഖപ്പെടുത്തി. ചിത്രത്തിന് കരുത്തായി നിന്ന പിതാവ് അല്ലു അരവിന്ദിനും ഗീതാ ആർട്‌സിനും അദ്ദേഹം നന്ദി പറഞ്ഞു. 

2006 ൽ പുറത്തിറങ്ങിയ 'ഹാപ്പി' സംവിധാനം ചെയ്തത് എ.കരുണാകരനായിരുന്നു. ഗീത ആർട്സിന്‍റെ ബാനറിൽ അല്ലു അരവിന്ദ് നിർമിച്ച ചിത്രത്തിൽ അല്ലു അർജുനൊപ്പം ജെനീലിയ ഡിസൂസ, മനോജ് ബാജ്പേയി എന്നിവരാണ് പ്രധാന വേഷം അവതരിപ്പിച്ചത്. മികച്ച നിരൂപക പ്രശംസ നേടിയ ചിത്രവും ചിത്രത്തിലെ പാട്ടുകളും സൂപ്പർ ഹിറ്റായിരുന്നു. കൂടാതെ കേരളത്തിൽ മികച്ച കളക്ഷൻ നേടിയ ചിത്രം കൂടിയായിരുന്നു ഹാപ്പി.

2000ന്‍റെ തുടക്കത്തിൽ കേരളത്തിലെ മറ്റേത് യുവ നടനുള്ളതിനേക്കാൾ ആരാധകർ ഇവിടെ അല്ലുവിനുണ്ടായിരുന്നു. മലയാളികൾക്ക് ഏറെ പ്രിയങ്കരനായ തെലുങ്ക് നടൻ ആരെന്ന ചോദ്യത്തിന് മറിച്ചൊന്നു ചിന്തിക്കാനില്ലാത്ത പേരായിരുന്നു അല്ലു അർജ്ജുന്റേത്. മലയാളത്തിലേക്കു് ഡബ്ബ് ചെയ്ത അല്ലു അർജ്ജുൻ സിനിമകൾ ഇന്നും കണ്ടാൽ മടുക്കാത്തവയാണ്.

സിനിമ മാത്രമല്ല അല്ലു സിനിമയിലെ പാട്ടുകളും പുതുമ മാറാതെ മലയാളികളുടെ പ്രിയ ഗാനങ്ങളായി ഇപ്പോഴും നിലനിൽക്കുന്നുണ്ട്. മറ്റൊരു ഭാഷയുടെ ഡബ്ബ് ചെയ്ത പതിപ്പാണെന്ന് അറിയാതെ ആണ് ഹാപ്പി, ആര്യ പോലുള്ള സിനിമകൾ മലയാളി പ്രേക്ഷകൾ ആസ്വദിച്ചുകണ്ടത്. സിനിമാ ജീവിതത്തിൽ 22 വർഷങ്ങൾ പിന്നിടുമ്പോഴും 'ഹാപ്പി' നൽകിയ ഊർജ്ജം വലുതാണെന്ന് താരം സാക്ഷ്യപ്പെടുത്തുന്നു. നിലവിൽ ‘പുഷ്പ 2’ വിന്റെ വിജയത്തിന് ശേഷം ലോകേഷ് കനകരാജിനൊപ്പമുള്ള ബ്രഹ്മാണ്ഡ ചിത്രത്തിനായുള്ള തയ്യാറെടുപ്പിലാണ് അല്ലു അർജുൻ.

Tags:    
News Summary - 20 years of Happy; Allu Arjun express gratitude

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.