‘‘തിരുവനന്തപുരത്ത് നിന്ന് ആലപ്പുഴയിലേക്ക് പോകുന്ന ആ കെ.എസ്.ആര്‍.ടി.സി ബസില്‍ അന്ന് വലതുകാല്‍ വച്ച് കയറുമ്പോള്‍ ഞാന്‍ അറിഞ്ഞിരുന്നില്ല ആ യാത്ര എന്‍റെ ജീവിതത്തെ മാറ്റി മറിക്കുമെന്ന്. മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ എന്ന സിനിമയില്‍ അഭിനയിക്കാനുള്ള അവസരം തേടി പോവുകയായിരുന്നു ഞാന്‍.
യാത്രകളുടെ വിരസത മാറ്റാന്‍ കൂടെയുള്ള യാത്രക്കാരുടെ അനക്കങ്ങളും ഭാവങ്ങളും ശ്രദ്ധിക്കുക, അവരുടെ മനസ്സിനുള്ളിൽ എന്താവും എന്നൊക്കെ വെറുതെ ചിന്തിക്കുക എന്നൊരു സ്വഭാവം അന്നും എനിക്കുണ്ടായിരുന്നു. ഒരു പക്ഷേ അതായിരിക്കാം ഞാന്‍ അറിയാതെ പഠിച്ച അഭിനയകലയുടെ ആദ്യപാഠം.
ആലപ്പുഴ ബസ് ഡിപ്പോയില്‍ ഇറങ്ങി നവോദയ സ്റ്റുഡിയോയിലേക്ക് നടക്കുമ്പോള്‍ ആ ആനവണ്ടിയും അതിലെ മനുഷ്യരും എനിക്ക് ആശംസ പറയുന്നത് പോലെ തോന്നി. അഭിനയ പരീക്ഷ കഴിഞ്ഞ് ഞാന്‍ മടങ്ങിയത് പ്രിയപ്പെട്ട ആനവണ്ടിയില്‍ തന്നെ. പോയ ഞാന്‍ അല്ലായിരുന്നു തിരിച്ചുവന്നത്. പിന്നീടുള്ള മോഹന്‍ലാലിന്‍റെ ജീവിതം എന്നെക്കാള്‍ നിങ്ങള്‍ക്കറിയാം. എന്‍റെ ജീവിതത്തിലേക്ക് ഐശ്വര്യത്തിന്‍റെ ചിഹ്നം വിളിച്ചെത്തിയ ആനവണ്ടീ… നിനക്ക് നന്ദി. ഇതുപോലുള്ള ശുഭയാത്രകള്‍ സമ്മാനിക്കാന്‍ മലയാളിക്കൊപ്പം കെ.എസ്.ആര്‍.ടി.സി എന്നെന്നും ഉണ്ടാകട്ടെ എന്ന് ഞാന്‍ പ്രാര്‍ഥിക്കുന്നു...’’
അഭിനയ ജീവിതത്തിന്റെ തുടക്കം ഓർത്തെടുത്ത് കെ.എസ്.ആർ.ടി.സിയുടെ പരസ്യത്തിലാണ് നടൻ മോഹൻലാലിന്റെ ഈ വാക്കുകൾ. പ്രിയദർശനാണ് പരസ്യചിത്രം സംവിധാനം ചെയ്തത്. തൊടുപുഴയിലായിരുന്നു പരസ്യത്തിന്റെ ചിത്രീകരണം. കെ.എസ്.ആർ.ടി.സിയുടെ ഗുഡ്‍വിൽ അംബാസിഡർ കൂടിയാണ് മോഹൻലാൽ. തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ മന്ത്രി കെ.ബി. ഗണേഷ് കുമാറിന്റെ അധ്യക്ഷതയിൽ നിയമസഭ സ്പീക്കർ എ.എൻ. ഷംസീറാണ് പരസ്യചിത്രം പ്രകാശനം ചെയ്തത്. ഒരു മിനിറ്റ് 23 സെക്കൻഡ് ദൈർഘ്യമുള്ള പരസ്യ ചിത്രം മോഹൻലാൽ ഉൾപ്പെടെ സമൂഹമാധ്യമങ്ങളിൽ പങ്കുവെക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.