നവയുഗ മാധ്യമങ്ങൾ എന്ന വ്യാജേന മനുഷ്യരുടെ സ്വകാര്യതയിലേക്ക് നുഴഞ്ഞുകയറുന്ന സാമൂഹിക വിരുദ്ധർക്കെതിരെ ഫാത്തിമ തഹ്‍ലിയ എം.എൽ.എയും രംഗത്തുവന്നിരിക്കുന്നു. ദിവസങ്ങൾക്ക് മുമ്പ് രമേശ് പിഷാരടി എം.എൽ.എയും തുടർന്ന് മുഖ്യമന്ത്രി വി.ഡി. സതീശനും പറഞ്ഞുവെച്ച കാര്യങ്ങളുടെ തുടർച്ചയായി വേണം തഹ്‍ലിയയുടെ പ്രതികരണത്തെ നോക്കിക്കാണാൻ. വ്യക്തിയുടെ സ്വകാര്യതയിലേക്ക് ഒരു നിയന്ത്രണവുമില്ലാതെ കയറിച്ചെന്ന് അനാവശ്യ ദൃശ്യങ്ങൾ മൊബൈലിൽ ചിത്രീകരിച്ച് റീൽസായി സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്ന തരംതാണ രീതിക്കെതിരെ, വൈകിയാണെങ്കിലും എതിർശബ്ദങ്ങൾ ഉയരുന്നുവെന്നത് നല്ല കാര്യം.
‘‘സാധാരണ ജീവിതത്തിലെ ലളിതമായ നിമിഷങ്ങളെ പോലും വിചിത്രവും ദുരുദ്ദേശ്യപരവുമായ ക്യാപ്ഷനുകൾ നൽകി സെൻസേഷനലൈസ് ചെയ്യുകയും, അനാവശ്യ പ്രതികരണങ്ങളും നെഗറ്റിവിറ്റിയും സൃഷ്ടിച്ച് അതിനെ മോണിറ്റൈസ് ചെയ്ത് ലാഭമാക്കുകയും ചെയ്യുന്ന പ്രവണത അതീവ അപലപനീയമാണ്’’ എന്നാണ് ഫാത്തിമ തഹ്‍ലിയ ഫേസ്ബുക്കിൽ കുറിച്ചത്. അനിഷ്ടകരമായ നിമിഷങ്ങൾ പകർത്തി പ്രചരിപ്പിക്കുന്നതിലുള്ള രോഷമാണ് അവർ പ്രകടിപ്പിച്ചത്.
നടൻ സലിംകുമാറിന്റെ സംസ്കാര വേളയിൽ അവസാനമായി ഒന്ന് കാണാൻ എത്തിയവർക്ക് പ്രയാസം സൃഷ്ടിച്ചുകൊണ്ട്, മൊബൈലുമായി ദൃശ്യങ്ങൾ പകർത്താൻ ആർത്തിപൂണ്ട് തിക്കിതിരക്കിയവരോട് ‘നിങ്ങള്‍ക്കെന്താണ് വേണ്ടത്?’ എന്ന് മകൻ ചന്തുവിന് സഹികെട്ട് ചോദിക്കേണ്ടി വന്നത് ആരും മറന്നുകാണില്ല.സലിംകുമാറിന്റെ വീട്ടിലെ ഈ രംഗങ്ങൾക്ക് സാക്ഷ്യം വഹിച്ചയാൾ എന്ന നിലക്ക് ചന്തുവിന്റെ പ്രതികരണത്തെ നൂറുവട്ടം അനുകൂലിച്ച രമേഷ് പിഷാരടി എം.എൽ.എ, ഇത്തരം റീൽസുകാർക്ക് കൃത്യമായ ലൈസൻസ് ഏർപ്പെടുത്തണമെന്ന നിർദേശവും പങ്കുവെച്ചു. പിന്നാലെ മുഖ്യമന്ത്രി വി.ഡി. സതീശനും ഈ വിഷയത്തിൽ പ്രതികരിച്ചു. ‘നിയമം കൊണ്ട് നിയന്ത്രിക്കേണ്ട കാര്യങ്ങൾ അല്ല ഇതെന്നും, ഞാൻ തന്നെ വളരെ ദേഷ്യപ്പെട്ട് അവരോട് സംസാരിച്ചുവെന്നും കുടുംബാംഗങ്ങൾക്ക് അവരുടെ കർമങ്ങൾ പോലും ചെയ്യാൻ പറ്റാത്ത വല്ലാത്ത സ്ഥിതിയായിരുന്നു’വെന്നുമാണ് മുഖ്യമന്ത്രി പറഞ്ഞത്.
സിനിമാ താരങ്ങളെയോ തഹ്‍ലിയ ഉൾപ്പെടെയുള്ള യുവനേതാക്കളെയോ മാത്രമല്ല, വനിതാ പൊലീസ് ഉദ്യോഗസ്ഥരെപ്പോലും നിരന്തരം പിന്തുടർന്ന് കണ്ടന്റുണ്ടാക്കുന്നുണ്ട് ഈ പാപ്പരാസികൾ. ഒരു ഫോൺ കാമറയുമായി ഏത് നിമിഷവും എവിടെയും ഒരു ഔചിത്യബോധവുമില്ലാതെ ഇവർ ഇടിച്ചുകയറും. കണ്ണിൽ കണ്ടതെല്ലാം കാമറയിൽ ഒപ്പിയെടുക്കും. കണ്ടന്റിൽ സ്ത്രീകളാണെങ്കിൽ ക്യാപ്‌ഷനുകൾ പലപ്പോഴും സകല സീമകളും ലംഘിച്ചിരിക്കും. അവരുടെ ആകാരഭംഗി, നടത്തം, ഇരുത്തം തുടങ്ങി തല ചൊറിയൽ പോലും കണ്ടന്റാണ്. സാരിയും ബ്ലൗസും മാച്ചാണെങ്കിലും അല്ലെങ്കിലും ഇവർക്ക് റീച്ച് കൂട്ടുന്ന ഉള്ളടക്കമാണ്. പിന്നോട്ട് തിരിഞ്ഞുനോക്കിയാലും നോക്കാതെ പോയാലും അത് ‘വാർത്ത’യാണ്. ഒരുനിമിഷം ഒന്ന് കണ്ണടച്ചുപോയാൽ അതും ചൂടൻ കണ്ടന്റായി പറപറക്കും. മരണവീട്ടിലെ കരച്ചിൽ പോലും വിറ്റ് കാശാക്കുന്നു. കൂടിനിന്നവരുടെ ക്ലോസപ്പ് ചിത്രങ്ങള്‍, സ്വകാര്യ സംഭാഷണങ്ങള്‍, ആംഗ്യങ്ങള്‍, തലയാട്ടൽ തുടങ്ങി എല്ലാ രംഗങ്ങളും ഈ മൊബൈൽക്കൂട്ടങ്ങളുടെ കണ്ണിൽ വലിയ ചാകരയാണ്. കാമറക്കണ്ണുകൾ ഉറങ്ങാതെ നിൽക്കുന്ന കാലത്താണ് നാം കഴിയുന്നത്. നമ്മുടെ ഓരോ നിമിഷങ്ങളും നമ്മുടെ അറിവോടെയോ അല്ലാതെയോ ഇന്ന് പകർത്തപ്പെടുന്നുണ്ട്.
ഇതിവിടം കൊണ്ടൊന്നും അവസാനിക്കാൻ ഒരു സാധ്യതയുമില്ല. "പുതിയ കാലമല്ലേ, ഇതൊക്കെ സ്വാഭാവികമല്ലേ" എന്ന് ന്യായീകരിച്ച് സാധാരണവൽക്കരിക്കാൻ ആളുകൾ ഇഷ്ടംപോലെയുള്ളപ്പോൾ പ്രത്യേകിച്ചും.
"പൊതുഇടത്തിൽ സ്വകാര്യതയോ?" എന്നാണ് തഹ്‍ലിയയുടെ പോസ്റ്റിനു താഴെ വന്ന കമന്റുകളിൽ ഒന്ന്. സ്വകാര്യതയെന്നാൽ അത് സ്വകാര്യ ഇടങ്ങളിൽ മാത്രമുള്ളതാണെന്ന ധാരണയാണ് ആദ്യം തിരുത്തേണ്ടത്. വ്യക്തികളുടെ സ്വകാര്യത അത് എല്ലായിടത്തുമുണ്ട്. വേദിയിലെ ഒരു പ്രസംഗം പകർത്തുന്നതുപോലെയല്ല, ആ ചടങ്ങിനു മുമ്പ് അവർ സാരിയൊന്ന് നേരെയാക്കുന്നത് ചിത്രീകരിക്കുന്നത്.
വ്യക്തികളുടെ സ്വകാര്യ ദൃശ്യങ്ങള്‍ അനുമതിയില്ലാതെ പകര്‍ത്തുകയോ പ്രചരിപ്പിക്കുകയോ ചെയ്യുന്നത് കുറ്റകരമാണ്. ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ആക്ട്, 2000 - സെക്ഷന്‍ 66E പ്രകാരം ഒരാളുടെ സ്വകാര്യത ലംഘിച്ച് ചിത്രങ്ങളോ വിഡിയോകളോ പകര്‍ത്തുന്നതും പ്രചരിപ്പിക്കുന്നതും മൂന്ന് വര്‍ഷം വരെ തടവും രണ്ടു ലക്ഷം രൂപ വരെ പിഴയും ലഭിക്കാവുന്ന കുറ്റമാണെന്ന് പൊലീസ് ഓർമപ്പെടുത്തിയതും ദിവസങ്ങൾക്ക് മുമ്പാണ്.
റീൽസുകൾ സ്ക്രോൾ ചെയ്യുന്നവരാണ് നാം എല്ലാവരും. സമ്മർദ ജീവിതങ്ങളിൽ പലപ്പോഴും ആശ്വാസം പകരുന്ന റീൽസും ഷോർട്സും അനേകമുണ്ട്. വിദൂര ദേശങ്ങളുടെ പ്രകൃതിസൗന്ദര്യവും അറിയാക്കഥകളും നമ്മെ അറിയിക്കുന്ന നിരവധി വ്ലോഗർമാരുണ്ട്; രുചിയിടങ്ങളുടെ വിശേഷം പങ്കുവെക്കുന്നവരുണ്ട്; അറിയപ്പെടാത്ത പ്രതിഭകളെയും കലാകാരെയും പരിചയപ്പെടുത്തുന്നവരുണ്ട്. ഇവരെപ്പോലെത്തന്നെ കണ്ടന്റ് ക്രിയേറ്റർമാർ എന്നാണ് ഒളിഞ്ഞുനോട്ടക്കാർ സ്വയം വിളിക്കുന്നത്. എന്ത് പേരിട്ട് വിളിച്ചാലും വ്യക്തികളുടെ സ്വകാര്യതകളിലേക്ക് ഇടിച്ചുകയറി കണ്ടന്റ് ക്രിയേറ്റ് ചെയ്യുന്ന രീതി അവസാനിപ്പിക്കുക തന്നെ വേണം. ചെരിപ്പ് ഒന്ന് നേരെയാക്കാൻ അൽപം കുമ്പിട്ടാൽ അതിൽ എന്ത് ‘കണ്ടന്റാ’ണുള്ളതെന്ന് ആർക്കാണ് അറിയാത്തത്? അത് പകർത്തുന്നത് തന്നെ തെറ്റ്; സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നത് അതിനേക്കാൾ വലിയ നെറികേടും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.