കെ.കെ. രാഗേഷിനെതിരെ ഒളിയാക്രമണ​മെന്ന് കാരായി രാജൻ; ‘നമ്മൾ തീയാവണം, കാട്ടുതീയാവണ​’മെന്ന് ആഹ്വാനം; അണികളു​ടെ രൂക്ഷവിമർശനം

കണ്ണൂർ: പാർട്ടി കോട്ടകളിലെ പരാജയത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് സി.പി.എം കണ്ണൂർ ജില്ലാ ​സെക്രട്ടറി കെ.​​കെ. രാഗേഷ് രാജിവെക്കണമെന്ന പ്രവർത്തകരു​ടെ സോഷ്യൽമീഡിയ കാമ്പയിനെതിരെ കാരായി രാജൻ എം.എൽ.എ​. കമ്മ്യൂണിസ്റ്റ് വിരുദ്ധന്മാർ ആരംഭിച്ച ഒളിയാക്രമണമാണിതെന്നും വ്യക്തിഹത്യ നടത്തുന്നത് നിരുപദ്രവകരമായ ഒന്നായി കാണാനൊക്കില്ലെന്നും രാജൻ ഫേസ്ബുക് കുറിപ്പിൽ പറഞ്ഞു.

‘രാഷ്ട്രീയശത്രുക്കളുടെ ഇത്തരം കോടാലികൾ കൊണ്ട് മുറിവേൽക്കാതിരിക്കാതിരിക്കാനുള്ള ജാഗ്രത പാർട്ടി ബന്ധുക്കളും സഖാക്കളും കാണിക്കണം. കമ്മ്യൂണിസ്റ്റ് പാർട്ടിയെ അടിക്കണമെങ്കിൽ എവിടെ അടിക്കണമെന്ന് പാർട്ടിശത്രുക്കൾക്ക് നന്നായി അറിയാം. വർഗ്ഗ വഞ്ചകരും ഒറ്റുകാരും ആഘോഷപൂർവ്വം എഴുന്നള്ളിക്കപ്പെടുന്ന ഈ സമയത്ത് ഏത് ഞാഞ്ഞൂലന്മാരും ഒരല്പസമയത്തേക്ക് മഹത്വവൽക്കരിക്കപ്പെടുമായിരിക്കും. ഈ പാർട്ടി രക്തസാക്ഷികളുടെപാർട്ടിയാണ്, യാതനകളേറ്റുവാങ്ങിയവരുടെ പാർട്ടിയാണ്. അതിന്റെ പാർട്ടിസെക്രട്ടറിയെ തകർക്കാനോങ്ങിയാൽ നമ്മളെന്താവണമോ അതാവുക. ചിലപ്പോൾ നമ്മൾ തീയാവണം.... അതല്ല കാട്ടുതീയാവേണ്ടിവരും..’ എന്ന ആഹ്വാനവുമായാണ് കുറിപ്പ് അവസാനിക്കുന്നത്. എന്നാൽ, സമൂഹമാധ്യമങ്ങളിൽ സജീവമായ പ്രവർത്തകർ ഇതിനെതിരെ കടുത്ത വിമർശനവുമായി കമന്റ് ബോക്സിൽ നിറഞ്ഞു. അഭിപ്രായങ്ങൾ ശത്രുപക്ഷത്ത് നിന്നല്ലെന്നും പാർട്ടിയെ നെഞ്ചേറ്റി ജീവിക്കുന്ന മനുഷ്യരുടേതാണെന്നും ഇവർ ചൂണ്ടിക്കാട്ടി.

‘സഖാവെ അണികളുടെ വികാരം മനസിലാക്കുക... പാർട്ടിയാണ് പ്രധാനം. പാർട്ടി തിരിച്ചു വരണം. അനർഹരായവരെ മാറ്റി നിർത്തി കാര്യപ്രാപ്തിയും, നേതൃ പാടവവും ഉള്ളവർ നയിക്കട്ടെ... അവഗണിച്ചു മുന്നോട്ട് പോയാൽ പിന്നെ ഒരു തിരിച്ചു വരവുണ്ടാവില്ല’ -എന്നായിരുന്നു ഒരാളുടെ കമന്റ്.

‘ഇതിന് മുൻപ് ഒരു ജില്ല സെക്രട്ടറിയെ പറ്റി ഒരു സഖാകളും കുറ്റപ്പെടുത്തിയിട്ടില്ല രാജേട്ടാ, കെ.കെ. രാഗേഷ് എന്ന ജില്ല സെക്രട്ടറി പക്ഷെ മുൻകാല സെക്രട്ടറിമാരിൽ നിന്നും വ്യത്യാസം ഉണ്ട്, ഒട്ടും മിക്ക സഖാകളും ഇഷ്ട്ടപെടുന്നവൻ അല്ല. കാരണം?? നിങ്ങൾ അടക്കം താഴെക്കിടയിൽ നിന്നും പ്രവർത്തിച്ചു വന്ന എത്ര നേതാക്കൾ പാർട്ടിയിൽ ഉണ്ടായിട്ടും എന്തിനു രാഗേഷ് കെട്ടി ഇറക്കപ്പെട്ടു. ജില്ല കമ്മിറ്റി ശ്യാമളയെ തളിപ്പറമ്പിൽ സ്ഥാനാർഥി ആയി പരിഗണിച്ചില്ല എന്നറിയുന്നു. എന്നിട്ടും സംസ്ഥാന കമ്മിറ്റിക്ക്‌ ശ്യാമളയുടെ പേര് നിർദ്ദേശിച്ചത് ആരെയോ സന്തോഷിപ്പിക്കാൻ വേണ്ടി അല്ലെ?? പാർട്ടി പൂർവാധികം ശക്തിയോടെ തിരിച്ചു വരും എന്നറിയാം. പക്ഷെ ചില നേതാക്കൾ ജനങ്ങൾക്കിടയിൽ വേരോട്ടം ഇല്ല. കെ.കെ. രാഗേഷ്, പി. ശശി എന്നിവർ. നമ്മുടെ ജില്ലയിൽ രാഗേഷിന്റെ കഴിവ് കുറവ് തന്നെ ആണ് കഴിഞ്ഞ ഇലക്ഷന് കണ്ടത്’ -മറ്റൊരാൾ ചൂണ്ടിക്കാട്ടി.

‘പാർട്ടി ജില്ലാ സെക്രട്ടറിയേറ്റ് മെമ്പറെ കളഞ്ഞ, ജില്ലാ കമ്മറ്റിയംഗത്തെ കളഞ്ഞ, തളിപ്പറമ്പും പയ്യന്നൂരും രാഷ്ട്രിയ എതിരാളികൾക്ക് താലത്തിൽ വച്ചു കൊടുത്ത, കണ്ണൂർ ജില്ലയിൽ വർഗ ബഹുജന സംഘടനയിലല്ലാതെ പാർട്ടി സംഘാടനത്തിൽ ഒരിക്കലും മുന്നിലില്ലാതിരുന്ന ഒരാളെ പിടിച്ച് സെക്രട്ടറിയാക്കിയത് തന്നെ തെറ്റ്.

മഹാരഥൻമാർ ഇരുന്ന കസേരയാണ് CPM കണ്ണുർ ജില്ലാ സെക്രട്ടറിയുടേത്. സ്വയം വിമർശനം സാധ്യമാകേണ്ടത് നേതൃത്വത്തിന് കൂടിയാണ്. തോൽവിയുണ്ടാക്കിയ നേതൃത്വം ആ നിമിഷം മാറേണ്ടതായിരുന്നു. അതു മാത്രമല്ല, ആർ.എസ്.എസ് അണികൾ നോട്ടമിടുന്നത് ഹിന്ദുക്കളായ പാർട്ടി അണികളെയാണ് എന്ന - ഉൾപാർട്ടി ബോധവൽക്കരണത്തിനു മാത്രം ഉപയോഗിക്കേണ്ട വളരെ പ്രധാനപ്പെട്ട ഒരു വിഷയത്തെ പത്രക്കാരെ വിളിച്ചു കൂട്ടി വിളമ്പി കൊടുക്കുക എന്ന പരമവിഡിത്വവും ചെയ്തുകൂട്ടി. Karayi Rajan രാജേട്ടനോട് പറയാനുള്ളത്. പോസ്റ്റിൽ ഉപയോഗിച്ചത് ക്ലിഷേ പദപ്രയോഗങ്ങളാണ്. അതിൻ്റെ മുന തേഞ്ഞു പോകും. അത് അനിവാര്യ ഘട്ടങ്ങളിൽ ഉപയോഗിക്കുമ്പോൾ വിലയുണ്ടാവില്ല. അതിൽ നിന്നൊക്കെ പുറത്തു കടന്ന് യാഥാർത്യത്തെ അഭിമുഖീകരിക്കുക. രാഗേഷ് മാത്രമല്ല മാറേണ്ടത്, യഥാസമയം രാഗേഷിനെ തിരുത്തേണ്ടവർ ഉണ്ടായിട്ടും അതിനെ ഉപയോഗിക്കാത്തവരും സ്വയം മാറി നിൽക്കണം. കമ്യൂണിസ്റ്റ് കാഡർ ഔന്ന്യത്തത്തിൽ എത്തുന്നതും അങ്ങിനെയൊക്കെയാണ്. ഇനി അതല്ല. സഖാവ് പോസ്റ്റിൽ സൂചിപ്പിച്ച എല്ലാവർക്കും വേണ്ടപ്പെട്ടവരായ പാർട്ടിക്കുള്ളിലെ ചില ശക്തികളെയാണ്

ഉദ്ദേശിക്കുന്നതെങ്കിൽ പല തവണയായെങ്കിലും അവരുടെ വിഷം പുറത്തെത്തിക്കണം’ -വേറൊരു കമന്റിൽ അഭിപ്രായ​പ്പെട്ടു.

‘ഇയാൾ മാറണം. 18 വർഷമായി പാർട്ടി മെമ്പർ എന്ന നിലയിൽ ഒരു കാലണ നേട്ടം ഉണ്ടാക്കാൻ നോക്കിയിട്ടില്ല. അങ്ങനെ എന്നെ പോലെയുള്ള സാധാരണ പ്രവർത്തകർ സ്വന്തം സമയവും സമ്പത്തും ശരീരവും നൽകി വളർത്തിയ ഞങ്ങളുടെ പൊതു സ്വത്താണ് പാർട്ടി. ആ പാർട്ടിയെ ആരുടെയെങ്കിലും പ്രീതിക്ക് കാരണമായി സെക്രട്ടറി, PB എന്തു പദവിയിൽ ആണെങ്കിലും ഈ പാർട്ടിയെ നശിപ്പിക്കാൻ ഒരു കാരണവശാലും അനുവദിക്കില്ല.’ എന്നായിരുന്നു മറ്റൊരു കമന്റ്.

‘കണ്ണൂരിന്റെ മണ്ണിൽ ഇടതു പക്ഷത്തെ വലതു പക്ഷമാക്കിയവർ ചരിത്രത്തിൽ വാൽ മാക്രികൾ ആയി അറിയപ്പെടും.. എ കെ ജി യുടെ മണ്ണിലാണ് വിപ്ലവം കുഴിച്ചു മൂടപ്പെടുന്നത് എന്നോർത്താൽ നല്ലത്. അടിസ്ഥാന വർഗ്ഗത്തിന്റെ ഈറ്റില്ലം. ബൂർഷ്യവത്കരിക്കപ്പെടാൻ കപട കമ്മ്യൂണിസ്റ്റുകാർ കുറെ വിയർപ്പൊഴുക്കുന്നുണ്ട്. ആർഭാടവും അഹങ്കാരവും തമ്പുരാൻ ചിന്തയും മടക്കിവെച്ച മാർക്സിസവും വൈറ്റ് കോളർ ജനകീയതയും അഭിനവ ഗൾഫിയൻ ജന്മിമാരുടെ തിണ്ണ നിരങ്ങലും... താഴോട്ട് നോക്കുമ്പോൾ ഉള്ള പുച്ഛവും കസേര മാത്രം എന്ന ശരണം വിളിയും..... നിരാശയിലേക്ക് ഇനി അധികം ദൂരമില്ലെന്നു തെളിയിക്കുന്നു.... ഇനി നെഞ്ചത്തടിച്ചു കരയുകയല്ലാതെ ഒരു ഇൻക്വിലാബ് വിളിയിലും കാര്യമില്ല’

‘തിരുത്താൻ ഉദ്ദേശമില്ലെങ്കിൽ പറഞ്ഞിട്ട്‌ കാര്യമില്ല.. ഈ വിമർശ്ശനം ഉന്നയിക്കുന്നവർ 90% പേരും പാർട്ടിയോടുള്ള സ്നേഹം കൊണ്ട്‌ തന്നെയാണ് യോഗ്യതയില്ലാത്തവരെ കടന്നാക്രമിക്കുന്നത്‌ അത്‌ മനസിലാക്കാൻ ഇനിയും കഴിയുന്നില്ലെങ്കിൽ അനുഭവിക്കുക തന്നെ’

‘കണ്ണൂരിലെ സിപിഐഎം: കരുത്തുറ്റ അടിത്തറയ്ക്ക് അനിവാര്യം ജനകീയമായ നേതൃത്വ ശൈലി. കമ്മ്യൂണിസ്റ്റ് പാർട്ടിയെ സംബന്ധിച്ച് കണ്ണൂർ ജില്ലാ സെക്രട്ടറി എന്നത് കേവലം ഒരു പദവിയല്ല; അത് പാർട്ടി അണികളുടെ വികാരവും, വിട്ടുവീഴ്ചയില്ലാത്ത പോരാട്ടങ്ങളുടെ പ്രതീകവുമാണ്. സി.എച്ച്. കണാരൻ മുതൽ ഇ.കെ. നായനാരും പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനും പി. ജയരാജനും വരെ ഇരുന്ന ആ കസേരയ്ക്ക് രാഷ്ട്രീയമായ ഒരു കാന്തികശക്തിയുണ്ട്. എന്നാൽ നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ, കെ.കെ. രാഗേഷിൻ്റെ നേതൃത്വത്തിന് കീഴിൽ കണ്ണൂരിലെ പാർട്ടി സംഘടന മുന്നോട്ടുപോകുമ്പോൾ, പാർട്ടിയുടെ പരമ്പരാഗതമായ ജനകീയ ശൈലിക്ക് മങ്ങലേൽക്കുന്നുണ്ടോ എന്ന് ഗൗരവമായി ചിന്തിക്കേണ്ടിയിരിക്കുന്നു.

അണികളിൽ നിന്നുള്ള അകൽച്ചയും ബ്യൂറോക്രാറ്റിക് ശൈലിയും. കണ്ണൂരിലെ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ കരുത്ത് എന്നത് അതിൻ്റെ കേഡർമാരും സാധാരണക്കാരായ ജനങ്ങളുമാണ്. നേതാവ് എപ്പോഴും അണികൾക്ക് പ്രാപ്യനായിരിക്കണം എന്നതാണ് കണ്ണൂരിൻ്റെ രാഷ്ട്രീയ ശീലം. എന്നാൽ കെ.കെ. രാഗേഷിൻ്റെ പ്രവർത്തന ശൈലിയിൽ ഒരു 'അഡ്മിനിസ്ട്രേറ്റീവ്' അല്ലെങ്കിൽ ബ്യൂറോക്രാറ്റിക് സ്വഭാവം കൂടുതലായി പ്രകടമാകുന്നു എന്ന വിമർശനം ശക്തമാണ്. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി എന്ന പദവിയിലുണ്ടായിരുന്ന കാലത്തെ അധികാര ശൈലി പാർട്ടി സംഘടനയിലേക്ക് കൂടി പകർത്തുമ്പോൾ, അത് സാധാരണക്കാരായ സഖാക്കളും നേതൃത്വവും തമ്മിലുള്ള അകലം വർദ്ധിപ്പിക്കാനേ ഉപകരിക്കൂ. കേവലം സാങ്കേതികമായ സംഘടനാ നിയന്ത്രണത്തിനപ്പുറം, അണികളുടെ ഹൃദയമറിയുന്ന നേതാവായി മാറാൻ അദ്ദേഹത്തിന് കഴിയുന്നില്ല.

പാർട്ടിക്ക് നേരെ രാഷ്ട്രീയ ശത്രുക്കൾ ഉയർത്തുന്ന വലിയ ആയുധങ്ങളെയും പൊതുസമൂഹത്തിലെ വിയോജിപ്പുകളെയും രാഷ്ട്രീയമായി നേരിടുന്നതിൽ ഒരു തണുപ്പൻ സമീപനമാണ് പലപ്പോഴും കാണുന്നത്.

വിമർശനങ്ങളോടുള്ള സഹിഷ്ണുത. ജനാധിപത്യപരമായ വിയോജിപ്പുകളെയും താഴേത്തട്ടിൽ നിന്നുള്ള തിരുത്തൽ നിർദ്ദേശങ്ങളെയും ഉൾക്കൊള്ളാനുള്ള മടി സംഘടനയുടെ സ്വാഭാവിക വളർച്ചയെ ബാധിക്കുന്നു.

യുവതലമുറയുടെ അന്യവൽക്കരണം: സോഷ്യൽ മീഡിയ കാലത്തെ പുതിയ തലമുറയെ പ്രത്യയശാസ്ത്രപരമായി ആകർഷിക്കുന്നതിലും, അവരെ പാർട്ടിയിലേക്ക് അടുപ്പിക്കുന്നതിലും പരമ്പരാഗതമായ കടുംപിടുത്തങ്ങൾ തിരിച്ചടിയാകുന്നുണ്ട്.

പാർട്ടി ശത്രുക്കളുടെ ആക്രമണങ്ങളെ പ്രതിരോധിക്കുന്നത് പോലെ തന്നെ പ്രധാനമാണ് സംഘടനയ്ക്കുള്ളിലെ പോരായ്മകൾ തുറന്നുപറയുന്നത്. കണ്ണൂരിൽ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം ഇനിയും ശക്തമായി മുന്നോട്ടുപോണമെങ്കിൽ സെക്രട്ടറി പദവിയിൽ ഇരിക്കുന്നയാൾ കേവലം ഒരു 'ഓഫീസ് നിയന്താവ്' മാത്രമായാൽ പോരാ. അണികൾക്ക് ആവേശം നൽകുന്ന, അവരെ നെഞ്ചോട് ചേർക്കുന്ന, ജനകീയ മുഖമുള്ള ഒരു നേതൃത്വമാണ് കണ്ണൂരിന് ആവശ്യം. നിലവിലെ നേതൃത്വ ശൈലിയിലെ ഈ പോരായ്മകൾ പരിഹരിച്ചില്ലെങ്കിൽ, അത് പാർട്ടിയുടെ അടിത്തറയെത്തന്നെ ദുർബലപ്പെടുത്തിയേക്കാം.

NB: പണ്ട് കണ്ണൂരിൽ പോലീസ് ലാത്തിച്ചാർജിനിടെ, തോക്കിൻമുനയിലേക്ക് ഷർട്ടിന്റെ ബട്ടണുകൾ പറിച്ചെറിഞ്ഞ് നെഞ്ചുകാട്ടി 'വെക്കെടാ വെടി' എന്ന് ആക്രോശിച്ച സഖാവ് കാരായി രാജേട്ടനെ ഞാനോർക്കുന്നു! അവിടെയാണ് ജനങ്ങൾക്ക് ഒരു നേതാവ് ആരാണെന്ന തിരിച്ചറിവുണ്ടാകുന്നത്. അങ്ങനെയുള്ള പോരാളികൾ നയിച്ച മണ്ണിൽ, കേവലം കസേര അധികാരങ്ങൾ കൊണ്ട് അണികളുടെ നെഞ്ചിൽ സ്ഥാനം പിടിക്കാൻ ആർക്കും കഴിയില്ല.’ എന്നിങ്ങനെ പോകുന്നു കമന്റുകൾ. 

Tags:    
News Summary - Karayi Rajan Alleges Hidden Attack on K.K. Ragesh; Urges 'We Must Become Fire, Wildfire'

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.