2018ലെ ചോദ്യപേപ്പർ ചോർച്ചക്കെതിരെ വിദ്യാർഥികൾ ഡൽഹിയിൽ നടത്തിയ പ്രതിഷേധം. വർഷങ്ങൾക്കിപ്പുറവും ചോദ്യചോർച്ചയും അധികൃതരുടെ അനാസ്ഥയും വിദ്യാർഥികളുടെ ദുരിതവും മാറ്റമില്ലാതെ തുടരുന്നു
ഇതേസമയം, സ്വകാര്യ സർവകലാശാലകൾ രാജ്യത്ത് തഴച്ചുവളരുകയാണ്. അശോക, ജിൻഡാൽ, ലൗലി പ്രഫഷണൽ, ശിവ് നാടാർ, ശാരദ, ഗൽഗോട്ടിയാസ് തുടങ്ങിയ സർവകലാശാലകൾ ഇതിനകംതന്നെ പ്രവേശന നടപടികൾ പൂർത്തിയാക്കിക്കഴിഞ്ഞു. ചില സർവകലാശാലകൾ പ്രതിമാസം ലക്ഷം രൂപയോളമാണ് ഫീസ് ഈടാക്കുന്നത്.
നെൽസൺ മണ്ടേലയുടേതെന്ന പേരിൽ പ്രചരിക്കുന്ന പ്രസിദ്ധമായ ഒരു ഉദ്ധരണിയുണ്ട്: “ഒരു രാഷ്ട്രത്തെ നശിപ്പിക്കാൻ ആറ്റം ബോംബുകളോ മിസൈലുകളോ ഒന്നും പ്രയോഗിക്കേണ്ടതില്ല. ആ നാട്ടിലെ വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം തകർക്കുകയും പരീക്ഷകളിൽ കോപ്പിയടി അനുവദിക്കുകയും ചെയ്താൽ മാത്രം മതി.” മണ്ടേല തന്നെയാണോ ഇത് പറഞ്ഞതെന്ന കാര്യത്തിൽ ഉറപ്പില്ലെങ്കിലും, ഈ വാക്കുകൾ എത്രമാത്രം സത്യമാണെന്നതിന് ഇന്ത്യയിലെ സമീപകാല സംഭവവികാസങ്ങൾ തന്നെ തെളിവാണ്.
അഞ്ചുവർഷം മുമ്പ്, കേരളത്തിൽനിന്നുള്ള വിദ്യാർഥികൾ, പ്രത്യേകിച്ച് മലപ്പുറത്തുനിന്നുള്ള പെൺകുട്ടികൾ ഡൽഹി യൂണിവേഴ്സിറ്റിയിലെ പ്രശസ്തമായ കോളജുകളിൽ പ്രവേശനം നേടുന്നതിനെതിരെ ചില സംഘ്പരിവാർ അധ്യാപകർ കടുത്ത എതിർപ്പുമായി രംഗത്തുവന്നിരുന്നു. ചില സംസ്ഥാന ബോർഡുകൾ ഉദാരമായി മാർക്ക് നൽകി ‘മാർക്ക് ജിഹാദ്’ നടത്തുകയാണെന്നും, അതിലൂടെയാണ് അവരുടെ വിദ്യാർഥികൾക്ക് പ്രശസ്ത കോളജുകളിലെ മികച്ച കോഴ്സുകളിൽ അഡ്മിഷൻ ലഭിക്കുന്നതെന്നുമായിരുന്നു ആരോപണം.
ഇത്തരം പരാതികളുടെ പശ്ചാത്തലത്തിലാണ് യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷൻ 2022-23 അധ്യയനവർഷം മുതൽ കേന്ദ്ര സർവകലാശാലകളിലേക്കുള്ള പ്രവേശനത്തിന് കോമൺ യൂനിവേഴ്സിറ്റി എൻട്രൻസ് ടെസ്റ്റ് (സി.യു.ഇ.ടി) ആരംഭിക്കുന്നത്. നാഷനൽ ടെസ്റ്റിംഗ് ഏജൻസി (എൻ.ടി.എ) നടത്തുന്ന ഈ പരീക്ഷ നിലവിൽ വന്നതോടെ, പ്ലസ് ടുവിന് 100 ശതമാനം മാർക്ക് വാങ്ങിയ വിദ്യാർഥിക്കുപോലും സി.യു.ഇ.ടി സ്കോർ മോശമാണെങ്കിൽ പ്രവേശനം ലഭിക്കാത്ത അവസ്ഥയായി. അറിവിന്റെ ആഴമോ വിവേകമോ അളക്കുന്നതിനേക്കാളുപരി വേഗത, സാങ്കേതികത, ഒബ്ജക്റ്റീവ് ടൈപ്പ് ചോദ്യങ്ങളുമായുള്ള പരിചയം എന്നിവ പരിശോധിക്കുന്ന ഈ പരീക്ഷയിൽ പ്രത്യേക കോച്ചിങ് നേടിയ വിദ്യാർഥികൾക്കാണ് വ്യക്തമായ മേൽക്കൈ ലഭിക്കുന്നത്. നെഗറ്റീവ് മാർക്കിങ് ഉള്ളതിനാൽ, എത്ര മിടുക്കരാണെങ്കിലും പ്രത്യേക കോച്ചിങ് ഇല്ലാത്ത വിദ്യാർഥികൾക്ക് വിജയസാധ്യത ഉറപ്പില്ലാതായി.
ഡൽഹി പോലുള്ള നഗരങ്ങളിൽ, പല സ്കൂളുകളും കോച്ചിങ് സെന്ററുകളിൽ ഗണ്യമായ സമയം ചെലവഴിക്കാൻ വിദ്യാർഥികളെ അനൗദ്യോഗികമായി അനുവദിക്കുന്നുണ്ട്. നിർധന കുടുംബങ്ങളിൽനിന്നോ ഗ്രാമപ്രദേശങ്ങളിൽനിന്നോ ഉള്ള വിദ്യാർഥികൾക്ക് ഇത്തരക്കാരോട് മത്സരിച്ചുപിടിച്ചുനിൽക്കാൻ കഴിഞ്ഞെന്നുവരില്ല. ഇതിന്റെ ഒരു അനന്തരഫലം, ഒരുകാലത്ത് സാമൂഹിക മുന്നേറ്റത്തെ പ്രോത്സാഹിപ്പിച്ചിരുന്ന സ്ഥാപനങ്ങളുടെ തകർച്ചയാണ്. ഉദാഹരണത്തിന്, ഡൽഹി ജവഹർലാൽ നെഹ്റു യൂണിവേഴ്സിറ്റിയിൽ (ജെ.എൻ.യു) പിന്നാക്ക പശ്ചാത്തലത്തിൽനിന്നും വിദൂര പ്രദേശങ്ങളിൽനിന്നും വരുന്ന വിദ്യാർഥികൾക്ക് മുൻഗണന നൽകുന്ന സവിശേഷമായ പ്രവേശന രീതിയുണ്ടായിരുന്നു. ഇത് ഒട്ടനവധി പിന്നാക്ക-മധ്യവർഗ വിദ്യാർഥികൾക്ക് ഉന്നതവിദ്യാഭ്യാസ രംഗത്തേക്ക് കടന്നുവരാൻ സഹായകരമായി. എന്നാൽ സി.യു.ഇ.ടിയുടെ വരവോടെ ആ മാനദണ്ഡങ്ങളെല്ലാം ഇല്ലാതായി.
പുതിയ പരീക്ഷാ നടപടികൾ വിദ്യാർഥികളിലും രക്ഷിതാക്കളിലും സൃഷ്ടിക്കുന്ന ഉത്കണ്ഠയും ചെറുതല്ല. രാജ്യത്തുടനീളം സ്കൂൾ ബോർഡ് ഫലങ്ങൾ പ്രഖ്യാപിച്ചുകഴിഞ്ഞുവെങ്കിലും സി.യു.ഇ.ടി ഫലങ്ങൾ ജൂലൈയിലേ പുറത്തുവരൂ. അതുവരെ വിദ്യാർഥികളും രക്ഷിതാക്കളും ആഴ്ചകളോളം അനിശ്ചിതാവസ്ഥയിൽ കഴിയണം. പല വിദ്യാർഥികൾക്കും വളരെ ദൂരെയുള്ള പരീക്ഷാ കേന്ദ്രങ്ങളാണ് അനുവദിക്കുന്നത്. ഈ വർഷം ഡൽഹിയിലെ പല വിദ്യാർഥികൾക്കും ജയ്പൂർ, ഡെറാഡൂൺ, ആഗ്ര തുടങ്ങിയ നഗരങ്ങളിലാണ് കേന്ദ്രങ്ങൾ ലഭിച്ചത്. ഏറെ പ്രതിഷേധങ്ങൾക്കൊടുവിലാണ് ഇതിൽ ബദൽ ക്രമീകരണങ്ങൾ ചെയ്തത്. എന്റെ ബന്ധുക്കളിൽ ഒരാൾക്ക് മൂന്ന് വ്യത്യസ്ത ദിവസങ്ങളിലായി പരീക്ഷക്ക് ഹാജരാകേണ്ടി വന്നു; ഓരോ തവണയും ഡൽഹിയുടെ അതിർത്തി പ്രദേശങ്ങളിലായിരുന്നു പരീക്ഷാ കേന്ദ്രം. കുട്ടികളെ അവിടെയെത്തിക്കാൻ രക്ഷിതാക്കൾക്ക് വലിയ തോതിൽ പണവും സമയവും ചെലവഴിക്കേണ്ടി വരുന്നു. പാവപ്പെട്ട കുടുംബങ്ങൾക്ക് ഇത്തരം ചെലവുകൾ വലിയൊരു സാമ്പത്തിക ബാധ്യതയാണ്.
ഇതേസമയം, സ്വകാര്യ സർവകലാശാലകൾ രാജ്യത്ത് തഴച്ചുവളരുകയാണ്. അശോക, ജിൻഡാൽ, ലൗലി പ്രഫഷണൽ, ശിവ് നാടാർ, ശാരദ, ഗൽഗോട്ടിയാസ് തുടങ്ങിയ സർവകലാശാലകൾ ഇതിനകംതന്നെ പ്രവേശന നടപടികൾ പൂർത്തിയാക്കിക്കഴിഞ്ഞു. ചില സർവകലാശാലകൾ പ്രതിമാസം ലക്ഷം രൂപയോളമാണ് ഫീസ് ഈടാക്കുന്നത്. അത് താങ്ങാൻ കഴിയുന്ന സാമ്പത്തികശേഷിയുള്ള വിദ്യാർഥികൾ സി.യു.ഇ.ടി ഫലത്തിനായി കാത്തുനിൽക്കുന്നില്ല. സമ്പന്ന കുടുംബങ്ങൾ തങ്ങളുടെ മക്കളെ യു.എസ്, ബ്രിട്ടൻ, ഓസ്ട്രേലിയ അല്ലെങ്കിൽ കാനഡ തുടങ്ങിയ വിദേശ രാജ്യങ്ങളിലേക്ക് ഉന്നതപഠനത്തിനായി അയക്കുകയും ചെയ്യുന്നു.
മെഡിക്കൽ വിദ്യാഭ്യാസത്തിന്റെ കാര്യവും സമാനമാണ്. മുൻകാലങ്ങളിൽ, മെഡിക്കൽ കോളജ് പ്രവേശനം പ്രധാനമായും പ്ലസ് ടു മാർക്കിനെ ആശ്രയിച്ചായിരുന്നു. വെല്ലൂർ ക്രിസ്ത്യൻ മെഡിക്കൽ കോളജ് (സി.എം.സി) പോലുള്ള സ്ഥാപനങ്ങൾ വിദ്യാർഥികളുടെ അഭിരുചിയും രോഗികളെ സേവിക്കാനുള്ള പ്രതിബദ്ധതയും വിലയിരുത്തുന്നതിനായി പ്രത്യേകം അഭിമുഖങ്ങളും നടത്തിയിരുന്നു. അതിനുശേഷമാണ് നാഷണൽ എലിജിബിലിറ്റി-കം-എൻട്രൻസ് ടെസ്റ്റ് (നീറ്റ്) വരുന്നത്. ഇന്ന് കോച്ചിങ് ഇല്ലാതെ നീറ്റ് വിജയിക്കുക എന്നത് അങ്ങേയറ്റം പ്രയാസകരമാണ്. ആയിരക്കണക്കിന് ഒബ്ജക്റ്റീവ് ചോദ്യങ്ങൾ മനഃപാഠമാക്കാൻ വിദ്യാർഥികൾ മാസങ്ങളോളം ചെലവഴിക്കുന്നു. ഇതോടെ പരീക്ഷാ പ്രക്രിയയിലെ പ്രധാന പങ്കാളിയായി കോച്ചിങ് വ്യവസായം മാറിക്കഴിഞ്ഞു.
ഈ വർഷത്തെ നീറ്റ് ചോദ്യപേപ്പർ ചോർച്ചയും ക്രമക്കേടുകളും പുതിയ തലമുറക്ക് നിലവിലെ വ്യവസ്ഥിതിയിലുള്ള വിശ്വാസത്തെ പൂർണ്ണമായും ഉലച്ചിട്ടുണ്ട്. മെയ് ആദ്യവാരം നടത്തിയ പരീക്ഷ റദ്ദാക്കിയതും പുനഃപരീക്ഷക്ക് ഉത്തരവിട്ടതുമെല്ലാം വിദ്യാർഥികളെ കടുത്ത മാനസിക വിഷമത്തിലേക്കാണ് തള്ളിവിട്ടത്. ഇതിന്റെ ആഘാതത്തിൽ കേരളത്തിലെ ഒരു വിദ്യാർഥിനി ഉൾപ്പെടെ അരഡസനിലേറെ പേർ ജീവിതംതന്നെ അവസാനിപ്പിച്ചു.
ഇപ്പോൾ മറ്റൊരു ആശങ്കകൂടി ഉയർന്നുവന്നിട്ടുണ്ട്; സി.ബി.എസ്.ഇ പൂർണ്ണമായും കമ്പ്യൂട്ടർവത്കൃത മൂല്യനിർണ്ണയ രീതിയിലേക്ക് നീങ്ങുകയാണ്. ആവശ്യമായ തയാറെടുപ്പുകളില്ലാതെ നടപ്പാക്കിയ ഈ പരിഷ്കാരം പല വിദ്യാർഥികളുടെയും മാർക്ക് കവരുകയും അവരുടെ പ്രതീക്ഷകൾ തകർക്കുകയും ചെയ്തു. ഓൺ-സ്ക്രീൻ മാർക്കിംഗ് സിസ്റ്റത്തിലെ ക്രമക്കേടുകൾ ചൂണ്ടിക്കാട്ടി സാർത്ഥക് സിദ്ധാന്ത് എന്ന പന്ത്രണ്ടാം ക്ലാസ് വിദ്യാർഥി രംഗത്തുവന്നിരുന്നു. ഒരു പ്രത്യേക സ്വകാര്യ കമ്പനിക്ക് സഹായകമാകുംവിധം ടെൻഡർ വ്യവസ്ഥകളിൽ വരുത്തിയ ആവർത്തിച്ചുള്ള മാറ്റങ്ങളെ പ്രൊക്യുർമെന്റ് രേഖകൾ പരിശോധിച്ചുകൊണ്ട് അവൻ തുറന്നുകാട്ടി.
ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളും ഇത്തരം വിമർശനങ്ങളിൽനിന്ന് മുക്തമല്ല. ബിരുദാനന്തര ബിരുദ പ്രവേശന പരീക്ഷയിൽ ഉയർന്ന റാങ്ക് ലഭിച്ച എന്റെ ഒരു സുഹൃത്തിന്റെ മകൾക്ക് ഐ.ഐ.ടി ഡൽഹിയിൽ പഠിക്കാനായിരുന്നു ആഗ്രഹം. എന്നാൽ ഡൽഹിയിൽ പ്രവേശന നടപടികൾ വൈകിയതിനാൽ ഐ.ഐ.ടി അഹമ്മദാബാദിൽ ചേരാൻ അവൾ നിർബന്ധിതയായി. ഇനി ഡൽഹിയിൽ സീറ്റ് ലഭിക്കുകയാണെങ്കിൽത്തന്നെ, അഹമ്മദാബാദിൽ ഇതിനകം അടച്ച ഫീസിന്റെ വലിയൊരു ഭാഗം നഷ്ടപ്പെടും. ഇതെല്ലാം വിദ്യാർഥികളോട് ചെയ്യുന്ന കടുത്ത അനീതിയാണ്.
പ്രതിഭകളെ വ്യത്യസ്തമായ രീതിയിൽ പ്രോത്സാഹിപ്പിച്ചിരുന്ന ഒരു കാലം നമുക്കുണ്ടായിരുന്നു. നാഷനൽ ടാലന്റ് സെർച്ച് എക്സാമിനേഷൻ വഴി മിടുക്കരായ വിദ്യാർഥികളെ കണ്ടെത്തുകയും വർഷങ്ങളോളം അവർക്ക് സാമ്പത്തിക സഹായം നൽകുകയും ചെയ്തിരുന്നു. കുടുംബ വരുമാനം നോക്കാതെ അർഹരായ വിദ്യാർഥികൾക്ക് ഉന്നത പഠനത്തിന് സ്കോളർഷിപ്പുകൾ വലിയ ആശ്വാസമായിരുന്നു. പതിനായിരക്കണക്കിന് ആളുകളാണ് ഈ പദ്ധതിയുടെ പ്രയോജനം നേടിയത്.
കൂടാതെ ന്യൂനപക്ഷ വിദ്യാർഥികൾക്കായുള്ള പ്രത്യേക സ്കോളർഷിപ്പ് പ്രോഗ്രാമുകളും ഉണ്ടായിരുന്നു. അതെല്ലാം ഇപ്പോൾ അപ്രത്യക്ഷമായിരിക്കുന്നു. പകരം, പൊതുജന ശ്രദ്ധ പലപ്പോഴും ‘പരീക്ഷാ പേ ചർച്ച’ പോലുള്ള പരിപാടികളിലേക്ക് തിരിച്ചുവിടപ്പെടുന്നു. തിരഞ്ഞെടുക്കപ്പെട്ട കുറച്ചു വിദ്യാർഥികളെ സർക്കാർ ചെലവിൽ ഡൽഹിയിലെത്തിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി സംവദിക്കാനും, അദ്ദേഹത്തിന്റെ ‘എക്സാം വാരിയേഴ്സ്’ എന്ന പുസ്തകത്തിന്റെ കോപ്പികൾ കൈപ്പറ്റി ഫോട്ടോ എടുക്കാനും അവസരമൊരുക്കുന്നു. ഇത്തരം പരിപാടികൾ ഒരുവിഭാഗം വിദ്യാർഥികൾക്ക് പ്രചോദനം പകരാൻ സഹായിച്ചേക്കാമെങ്കിലും, ശരിയായൊരു വിദ്യാഭ്യാസ നയത്തിനോ നീതിയുക്തമായ പരീക്ഷാ സമ്പ്രദായത്തിനോ പകരമാകാൻ അതിന് കഴിയില്ല.
യഥാർഥ പ്രശ്നം ഇപ്പോഴും പരിഹരിക്കപ്പെടാതെ തുടരുകയാണ്. വിദ്യാഭ്യാസം കോച്ചിങ് സെന്ററുകളെയും കമ്പ്യൂട്ടർവത്കൃത പരീക്ഷണങ്ങളെയും ചെലവേറിയ പ്രവേശന പരീക്ഷകളെയും മാത്രം ആശ്രയിക്കുന്ന ഒന്നായി മാറുന്നു. വിദ്യാർഥികൾ അഭൂതപൂർവമായ സമ്മർദ്ദത്തിലാണ്; മാതാപിതാക്കൾ ഉത്കണ്ഠാകുലരും. പാവപ്പെട്ട കുടുംബങ്ങൾ പാടെ പാർശ്വവത്കരിക്കപ്പെടുമ്പോൾ സ്വകാര്യ വിദ്യാഭ്യാസ ബിസിനസുകൾ തഴച്ചുവളരുന്നു.
ഇന്ത്യയുടെ പരീക്ഷാ സമ്പ്രദായം ഉള്ളിൽനിന്നുതന്നെ തകരുകയാണ്. ഓരോ വർഷവും പുതിയ വിവാദങ്ങൾ, പേപ്പർ ചോർച്ചകൾ, സാങ്കേതിക തകരാറുകൾ, പ്രവേശന അനിശ്ചിതത്വങ്ങൾ എന്നിവ ആവർത്തിക്കപ്പെടുന്നു. എന്നിട്ടും അധികാരികൾക്ക് യാതൊരു ഉത്തരവാദിത്തവുമില്ലാത്ത അവസ്ഥയാണ്. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ ഒന്നിനുപുറകെ ഒന്നായി പരീക്ഷാ കുഴപ്പങ്ങൾക്ക് നേതൃത്വം നൽകിക്കൊണ്ടേയിരിക്കുന്നു.
ദീർഘവീക്ഷണവും പാണ്ഡിത്യവും കൈമുതലാക്കിയ മൗലാന അബുൽ കലാം ആസാദിനെപ്പോലൊരാൾ രാഷ്ട്രനിർമ്മാണത്തോടുള്ള അചഞ്ചലമായ പ്രതിബദ്ധതയോടെ വിദ്യാഭ്യാസ മന്ത്രാലയത്തെ നയിച്ചിരുന്ന ഒരു കാലമുണ്ടായിരുന്നു. അന്ന് വിദ്യാഭ്യാസം ഒരു പൊതുനന്മയായിട്ടാണ് കാണപ്പെട്ടിരുന്നത്; എന്നാൽ ഇന്നത് വെറുമൊരു മത്സര വിപണിയായി അധഃപതിച്ചുകൊണ്ടിരിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.