തൃശൂർ: തൃശൂരിൽനിന്ന് ഏഴ് കിലോമീറ്റർ അകലെയുള്ള കോലഴി ഗ്രാമീണ വായനശാലക്ക് ഒരു പ്രത്യേകതയുണ്ട്. മാസത്തിലെ ഒരു ഞായറാഴ്ച ഈ വായനപ്പുര സിനിമ കൊട്ടകയാണ്. നല്ല സിനിമകളെ സ്നേഹിക്കുന്നവർക്ക് ഒത്തുചേരാനുള്ള ഇടം. ഇവിടത്തെ സ്ക്രീനിൽ ലോകസിനിമകളുടെ ജാലകം തുറന്നുവെക്കുമ്പോൾ സ്ത്രീകളും പുരുഷന്മാരും വീട്ടമ്മമാരും കുട്ടികളുമൊക്കെ മുടങ്ങാതെ ഊഴമിട്ടിരിക്കും. ഇംഗ്ലീഷോ ഹിന്ദിയോ മറാത്തിയോ സ്പാനിഷോ ഇറാനിയനോ ഒന്നും ഇവർക്ക് പ്രശ്നമല്ല. കാരണം പ്രദർശനം മലയാളം സബ്ടൈറ്റിലോടെയാണ്. നാട്ടുകാർ ഈ ശീലം തുടങ്ങിയിട്ട് പത്തുവർഷമാകുന്നു. മുടക്കമില്ലാതെ എല്ലാ മാസവും നാട്ടുകാർക്ക് മുമ്പിൽ സിനിമ എത്തുന്നുണ്ട്. അവർ അതിൽ ആഹ്ലാദിക്കുന്നുമുണ്ട്.
കോലഴി വായനശാലയുമായി ബന്ധപ്പെട്ട് തന്നെയാണ് സിനിമ കൊട്ടകയുടെ പ്രവർത്തനം തുടങ്ങുന്നത്. ഒരു നാടിനെ വായനശാലയിലേക്ക് എങ്ങനെ തിരികെ കൊണ്ടുവരാമെന്ന ചിന്തയാണ് ‘കോലഴി സിനിമ കൊട്ടക’ എന്ന ആശയത്തിലെത്താനിടയാക്കിത്. നല്ല സിനിമകളെ ഭാഷാവ്യത്യസമില്ലാതെ, ഭാഷയുടെ സങ്കീർണതകളുടെ അതിർവരമ്പുകളില്ലാതെ അവതരിപ്പിക്കുക. അതിന് നല്ല വഴി മലയാളം സബ്ടൈറ്റിലുകൾ ആണെന്ന് പ്രവർത്തകർ തിരിച്ചറിഞ്ഞു. മലയാളം സബ്ടൈറ്റിലുകൾ തയാറാക്കുന്ന കൂട്ടായ്മകൾ അതിന് സഹായിച്ചു. ഇപ്പോൾ നൂറാമത് പ്രദർശനത്തിലെത്തുമ്പോൾ അതാണ് കോലഴി സിനിമ കൊട്ടകയെ വേറിട്ടുനിറുത്തുന്നതും.
2016 ഫെബ്രുവരിയിലായിരുന്നു ആദ്യ പ്രദർശനം. ആളുകളെ തുടർച്ചയായി സിനിമ പ്രദർശനത്തിന് എത്തിക്കുക എന്നതായിരുന്നു വെല്ലുവിളി. സ്ത്രീകളും വീട്ടമ്മമാരും വയോധികരുമുൾപ്പെടെയുള്ളവർ സ്ഥിരം പ്രേക്ഷകരായത് പ്രവർത്തരുടെ ആത്മവിശ്വാസം വർധിപ്പിച്ചു. ജനങ്ങൾക്ക് മുഖ്യധാര സിനിമകൾ മാത്രമേ കാണാൻ അവസരം കിട്ടുന്നുള്ളൂ. ലോക സിനിമകൾ അവർക്ക് കേട്ടറിവ് മാത്രമേയുള്ളൂ. അവർക്ക് കാണാൻ അവസരമുണ്ടാകില്ല. പുതുസിനിമകൾ മാത്രമല്ല പഴയ ക്ലാസിക് സിനിമകൾ പോലും അവർക്ക് മുമ്പിലെത്തിക്കുക എന്നതായിരുന്നു ഞങ്ങളുടെ ലക്ഷ്യം -സിനിമ കൊട്ടകയുടെ അണിയറശിൽപികൾ പറയുന്നു.
കൂടുതല്‍ ജനങ്ങളിലേക്ക് ഇറങ്ങിച്ചെന്നുള്ള പ്രദര്‍ശനങ്ങള്‍ക്ക് സാധ്യതയുണ്ടെന്ന് മനസ്സിലായിട്ടുണ്ട്. വീടുകളിലെ ടെറസും മുട്ടുപ്പാവും സിനിമ പ്രദർശന കേന്ദ്രങ്ങളായി. അവധിക്കാല ചലച്ചിത്ര പ്രദർശനങ്ങൾ കോലഴിയിലും പരിസരങ്ങളിലുമുള്ള മട്ടുപ്പാവുകളിലായിരുന്നു സംഘടിപ്പിച്ചത്. കലാമൂല്യമുള്ള ചലച്ചിത്രങ്ങള്‍ പ്രദർശിപ്പിക്കാനും അവ ചര്‍ച്ച ചെയ്യാനും വേദിയൊരുക്കിയുള്ള പ്രവർത്തനങ്ങളുമായി മുന്നോട്ടുപോവുകയാണ് പ്രവർത്തകർ. കെ.ബി. മധുസൂദനൻ, പി.പി. പ്രശാന്ത്, കെ.കെ. ആനന്ദ്, എസ്.എൻ. പോറ്റി, വി. രമേഷ്, സി. അജിതൻ എന്നിവരാണ് സിനിമ കൊട്ടകയുടെ പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുക്കുന്നത്.
ഫിലിം സൊസൈറ്റി ഫെഡറേഷൻ അംഗമായ സിനിമ കൊട്ടകയുടെ പ്രവർത്തനങ്ങൾക്ക് കോലഴി ഗ്രാമീണ വായനശാലയുടെ അകമഴിഞ്ഞ പിന്തുണയും ലഭിക്കുന്നു. വിവിധ വായനശാലകളിൽ പ്രദർശനത്തിന് സജ്ജീകരണങ്ങളും സാഹചര്യവും ഒരുക്കുകയെന്ന ദൗത്യമാണ് കോലഴി സിനിമ കൊട്ടക ഇപ്പോൾ നിർവഹിക്കുന്നത്. സിനിമപ്രദർശന സഹായങ്ങൾ ചെയ്യാനും സിനിമ വിദ്യാഭ്യാസം പകരാനും പ്രവർത്തനങ്ങൾക്കായി. സിനിമയെക്കുറിച്ചറിയാന്‍ കൂടുതല്‍ ചെറുപ്പക്കാരത്തെുന്നു എന്നതാണ് സമാന്തര സിനിമ പ്രദര്‍ശനങ്ങളെ സമ്പുഷ്ടമാക്കുന്നത്. വെറുമൊരു താല്പര്യത്തിന്റെ പുറത്തല്ല എന്നതും അവര്‍ ഏറെ പഠനാത്മകമായി സിനിമയെ സമീപിക്കുന്നുവെന്നതും പ്രതീക്ഷ നല്‍കുന്നതാണ്. സിനിമ കൊട്ടക എന്ന സിനിമ ആസ്വാദക വാട്സ് ആപ് കൂട്ടായ്മയും പ്രവർത്തകർ കൈകാര്യം ചെയ്യുന്നു.
കോലഴി സിനിമ കൊട്ടക നൂറാമത് സിനിമ പ്രദര്‍ശനത്തോടനുബന്ധിച്ച് അന്യഭാഷ സിനിമകള്‍ക്ക് മലയാളം സബ്ടൈറ്റില്‍ തയാറാക്കുന്നത് സംബന്ധിച്ച് സംസ്ഥാനതല ശില്പശാല സംഘടിപ്പിക്കുന്നുണ്ട്. ജൂലൈ 19ന് തൃശൂര്‍ സാഹിത്യ അക്കാദമി ചങ്ങമ്പുഴ ഹാളിൽ രാവിലെ 9.30നാണ് ശില്പശാല. പയ്യന്നൂർ ഓപൺ ഫ്രെയിം ചലച്ചിത്ര പ്രവര്ത്തകന് ആര്. നന്ദലാല്‍ നേതൃത്വം നല്‍കും. വൈകീട്ട് നാലിന് പ്രദർശനാഘോഷം ഗാനരചയിതാവ് റഫീഖ് അഹമ്മദ് ഉദ്ഘാടനം ചെയ്യും. ‘സിനിമയും മതനിരപേക്ഷതയും’ വിഷയത്തിൽ ഡോ. കെ.പി.എൻ. അമൃത സംസാരിക്കും. തുടർന്ന് സ്പാനിഷ് സിനിമ ‘കേലേ മാലാഖ’ മലയാളം സബ്ടൈറ്റിലോടെ പ്രദർശിപ്പിക്കും. ഫോൺ: 94463 35838.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.