വെറും 2.48 ഡോളറിന് വാങ്ങിയ പഴയ രേഖക്ക് പിന്നിൽ ഒളിഞ്ഞിരുന്നത് അമേരിക്കയുടെ ചരിത്രം; ലേലത്തിൽ പോയത് 4.77 ലക്ഷം ഡോളറിന്
നാഷ്‌വിൽ: ടെന്നസിയിലെ ഒരു സ്റ്റോറിൽ നിന്ന് വെറും 2.48 ഡോളറിന് വാങ്ങിയ ചുരുട്ടിവെച്ച പഴയ രേഖ അമേരിക്കൻ ചരിത്രത്തിലെ അപൂർവ രേഖയാണെന്ന് കണ്ടെത്തിയതോടെ ഉടമക്ക് ലഭിച്ചത് അപ്രതീക്ഷിത നേട്ടം. 2006ൽ നാഷ്‌വില്ലയിലെ ഒരു കടയിൽ നിന്ന് മൈക്കിൾ സ്പാർക്സ് വാങ്ങിയ രേഖ, പിന്നീട് 1823ൽ തയാറാക്കിയ അമേരിക്കൻ സ്വാതന്ത്ര്യപ്രഖ്യാപനത്തിന്റെ അപൂർവ ഔദ്യോഗിക പകർപ്പാണെന്ന് സ്ഥിരീകരിക്കുകയായിരുന്നു. അടുത്ത വർഷം നടന്ന ലേലത്തിൽ 4,77,650 ഡോളറിന് രേഖ വിറ്റുപോയി.
മ്യൂസിക് ഉപകരണ ടെക്നീഷ്യനായ സ്പാർക്സ് 2006 മാർച്ചിലാണ് പതിവുപോലെ നാഷ്‌വില്ലിലെ സ്റ്റോർ സന്ദർശിച്ചത്. വീട്ടാവശ്യത്തിനുള്ള സാധനങ്ങൾ തിരയുന്നതിനിടെയാണ് ചുരുട്ടിവെച്ച നിലയിലുള്ള പഴയ രേഖ ശ്രദ്ധയിൽപ്പെട്ടത്. പഴക്കമുള്ളതായി തോന്നിയതിനാൽ അദ്ദേഹം അത് വെറും 2.48 ഡോളർ നൽകി വാങ്ങുകയായിരുന്നു.
വീട്ടിലെത്തിച്ച രേഖയെക്കുറിച്ച് സ്പാർക്സ് മാസങ്ങളോളം ഗവേഷണം നടത്തി. സാധാരണ പഴയൊരു പ്രിന്റല്ലെന്നും അമേരിക്കൻ സ്വാതന്ത്ര്യപ്രഖ്യാപനത്തിന്റെ അപൂർവമായ ‘സ്റ്റോൺ പ്രിന്റ്’ ആണെന്നും ഒടുവിൽ കണ്ടെത്തി. പ്രസിദ്ധ കൊത്തുപണിക്കാരനായ വില്യം ജെ. സ്റ്റോൺ തയാറാക്കിയ പകർപ്പായതിനാലാണ് ഇതിന് ‘സ്റ്റോൺ പ്രിന്റ്’ എന്ന പേര് ലഭിച്ചത്.
1776ലെ അമേരിക്കൻ സ്വാതന്ത്ര്യപ്രഖ്യാപനത്തിന്റെ യഥാർഥ രേഖ കാലക്രമേണ മങ്ങുകയും കേടുപാടുകൾ സംഭവിക്കുകയും ചെയ്തിരുന്നു. നിരന്തരമായ കൈകാര്യം ചെയ്യലും വെളിച്ചമേൽക്കുന്നതും രേഖയുടെ അവസ്ഥ മോശമാക്കിയിരുന്നു. ഇതിനെ സംരക്ഷിക്കുന്നതിനായി അന്നത്തെ സ്റ്റേറ്റ് സെക്രട്ടറി ജോൺ ക്വിൻസി ആഡംസ്, സ്വാതന്ത്ര്യപ്രഖ്യാപനത്തിന്റെ കൃത്യമായ പകർപ്പ് തയാറാക്കാൻ വില്യം ജെ. സ്റ്റോണിനോട് ആവശ്യപ്പെട്ടു.
മൂന്ന് വർഷത്തോളം പരിശ്രമിച്ചാണ് സ്റ്റോൺ രേഖയുടെ കൊത്തുപണിയുള്ള ചെമ്പുപലക തയാറാക്കിയത്. തുടർന്ന് 1823ൽ കോൺഗ്രസ് വെല്ലം പേപ്പറിൽ 200 ഔദ്യോഗിക പകർപ്പുകൾ അച്ചടിക്കാൻ ഉത്തരവിട്ടു. ജീവിച്ചിരുന്ന സ്വാതന്ത്ര്യപ്രഖ്യാപനത്തിൽ ഒപ്പുവെച്ചവർക്കും സർക്കാർ നേതാക്കൾക്കും ഔദ്യോഗിക സ്ഥാപനങ്ങൾക്കും നൽകുന്നതിനായിരുന്നു ഇവ.
സ്പാർക്സ് തന്റെ പകർപ്പ് കണ്ടെത്തുന്നതിന് മുമ്പ് ആ 200 പകർപ്പുകളിൽ 35 എണ്ണം മാത്രമാണ് എവിടെയുണ്ടെന്ന് ചരിത്രകാരന്മാർക്ക് അറിയാമായിരുന്നത്. അതിനാൽ സ്പാർക്സ് കണ്ടെത്തിയ രേഖ അറിയപ്പെടുന്ന 36-ാമത്തെ പകർപ്പായി മാറി.
രേഖയുടെ മറ്റൊരു പ്രത്യേകത അതിന്റെ മികച്ച സംരക്ഷണാവസ്ഥയായിരുന്നു. മഷി ഇപ്പോഴും ഇരുണ്ടതും വ്യക്തവുമായിരുന്നു. ഇതാണ് രേഖക്ക് ഉയർന്ന മൂല്യം കണക്കാക്കാൻ വിദഗ്ധരെ പ്രേരിപ്പിച്ചത്.
ഇതിലും കൗതുകകരമായിരുന്നു രേഖ ത്രിഫ്റ്റ് സ്റ്റോറിലെത്തിയ കഥ. സ്പാർക്സ് രേഖ വാങ്ങുന്നതിന് രണ്ട് ദിവസം മുമ്പ്, നാഷ്‌വില്ലയിലെ മറ്റൊരു താമസക്കാരനായ സ്റ്റാൻ കാഫിയുടെ ഗാരേജിൽ തന്നെയായിരുന്നു അത്. ഏകദേശം 10 വർഷത്തോളം കാഫി ആ രേഖ ഗാരേജിലെ ചുമരിൽ തൂക്കിയിട്ടിരുന്നു. അദ്ദേഹം അത് ഒരു യാർഡ് സെയിലിൽ നിന്ന് വെറും 10 ഡോളറിന് വാങ്ങിയതായിരുന്നു.
ഗാരേജ് വൃത്തിയാക്കുന്നതിനിടെ ഭാര്യ ആവശ്യപ്പെട്ടതിനെ തുടർന്ന് വേണ്ടാത്ത സാധനങ്ങൾക്കൊപ്പം രേഖയും ത്രിഫ്റ്റ് സ്റ്റോറിലേക്ക് സംഭാവന ചെയ്യുകയായിരുന്നു. അവിടെ നിന്നാണ് സ്പാർക്സ് അത് 2.48 ഡോളറിന് സ്വന്തമാക്കിയത്. പിന്നീട് രേഖയുടെ യഥാർഥ മൂല്യം അറിഞ്ഞ കാഫി, തനിക്ക് വലിയ തുക നഷ്ടമായെങ്കിലും സ്പാർക്സിനായി സന്തോഷമുണ്ടെന്ന് പറഞ്ഞു. രേഖയുടെ ചരിത്രപ്രാധാന്യം തിരിച്ചറിഞ്ഞ ഒരാളുടെ കൈകളിലാണ് അത് എത്തിയതെന്നതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.