എം.എന്‍ കാരശ്ശേരി
കാലമാണ് സാഹിത്യത്തിെൻറ യഥാർഥ വിധികർത്താവ്; എം.എൻ. കാരശ്ശേരി
ദമ്മാം: ഏതൊരു സാഹിത്യ സൃഷ്ടിയുടെയും യഥാർത്ഥ മൂല്യം നിർണയിക്കുന്നത് കാലമാണെന്ന് പ്രശസ്ത എഴുത്തുകാരനും നിരൂപകനുമായ എം.എൻ. കാരശ്ശേരി അഭിപ്രായപ്പെട്ടു. സൗദി മലയാളി സമാജം സംഘടിപ്പിക്കുന്ന ‘സൗദി മലയാളി ലിറ്റററി ഫെസ്റ്റിെൻറ’ ഉദ്ഘാടനത്തിനായി ദമ്മാമിലെത്തിയ അദ്ദേഹം ‘ഗൾഫ് മാധ്യമത്തോട്’ സംസാരിക്കുകയായിരുന്നു. വലിയ സാഹിത്യമെന്ന് ഒരു കാലത്ത് വാഴ്ത്തപ്പെട്ട പലതും കാലത്തെ അതിജീവിക്കാതെ പോകാം. വൈക്കം മുഹമ്മദ് ബഷീറിെൻറ കാലത്ത് പുരോഗമന സാഹിത്യമെഴുതിയ ആരെയും ഇന്ന് ബഷീറിനെപ്പോലെ ആരും ഓർക്കുന്നില്ല. അന്ന് ബഷീറിനെ ‘ജീർണതയുടെ സാഹിത്യകാരൻ’ എന്ന് ആക്ഷേപിച്ചവരുണ്ട്. ഷേക്സ്പിയർ ജീവിച്ചിരുന്ന കാലഘട്ടത്തിൽ അദ്ദേഹത്തിെൻറ ഒരു കൃതി പോലും അച്ചടിച്ചിരുന്നില്ല. ഗ്രീക്കോ ലാറ്റിനോ അറിയാത്ത ഒരാൾക്ക് എങ്ങനെ എഴുതാനാകും എന്ന് ചോദിച്ച നിരൂപകരുണ്ടായിരുന്നു. അതുപോലെ സംസ്കൃതത്തിലല്ല, സാധാരണ മലയാളത്തിൽ എഴുതിയെന്ന കാരണത്താൽ പൂന്താനത്തിെൻറ കൃതികളെ അന്ന് വരേണ്യവർഗം സാഹിത്യമായി അംഗീകരിച്ചില്ല. എന്നാൽ പൂന്താനത്തിെൻറ എഴുത്തുകൾ ഇന്നും ആഴത്തിലും ഭംഗിയോടെയും വായിക്കപ്പെടുന്നു.
ആധുനിക സാഹിത്യത്തിെൻറ വരവോടെ വായനാ അഭിരുചികളിലും മാറ്റം വന്നു. മുൻ തലമുറ മഹത്തരമെന്ന് കരുതുന്നത് പുതുതലമുറ ആസ്വദിക്കണമെന്നില്ല. ഇത് സാഹിത്യം മോശമായതുകൊണ്ടല്ല, മറിച്ച് അഭിരുചികൾ മാറിയതുകൊണ്ടാണ്. നടൻ സത്യെൻറ വേർപാടിൽ താൻ ഏറെ ദുഃഖിച്ചിരുന്നെങ്കിലും ഇന്നത്തെ തലമുറയ്ക്ക് അത് ഒരു തമാശയായി തോന്നാം. കഥകളുടെ രീതികളും മനുഷ്യരുടെ ആസ്വാദനശേഷിയും മാറിക്കൊണ്ടേയിരിക്കും. സാഹിത്യ പ്രവർത്തനങ്ങളേക്കാൾ എന്നും രാഷ്ട്രീയത്തെ ഉറ്റുനോക്കിയിരുന്ന ആളാണ് താനെന്ന് അദ്ദേഹം പറഞ്ഞു. 1971-ലെ തലശ്ശേരി കലാപകാലത്ത് സമാധാന പ്രവർത്തനങ്ങളിൽ പങ്കാളിയായത് വലിയ ആഘാതമുണ്ടാക്കിയ അനുഭവമായിരുന്നു. കാര്യങ്ങൾ തുറന്നുപറയുന്ന സ്വഭാവമുള്ളതിനാൽ അധികാരസ്ഥാനങ്ങളിലിരിക്കാൻ താൻ അനുയോജ്യനല്ല. പേരിന് മുന്നിൽ അലങ്കാരങ്ങൾ ചേർക്കാൻ താല്പര്യമില്ലാത്തതിനാലാണ് ‘ഡോക്ടർ’ എന്ന് ഉപയോഗിക്കാത്തത്.
വൈലോപ്പിള്ളിയുടെ ‘മാമ്പഴം’, എം.ടിയുടെ ‘മഞ്ഞ്’, ആനന്ദിെൻറ ‘മരണസർട്ടിഫിക്കറ്റ്’, ബെന്യാമിെൻറ ‘ആടുജീവിതം’ തുടങ്ങിയ പ്രശസ്തമായ പല കൃതികൾക്കെതിരെയും മുൻപ് കോപ്പിയടി ആരോപണങ്ങൾ ഉയർന്നിരുന്നു. നല്ല കാര്യങ്ങൾ ചെയ്യുന്നവർക്കെതിരെയുള്ള അസൂയ മാത്രമാണ് ഇത്തരം ആരോപണങ്ങൾക്ക് പിന്നിലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.ആദ്യ പിണറായി സർക്കാരിനെ അനുകൂലിച്ചിരുന്നെങ്കിലും, തുടർഭരണം കേരളത്തിനും ഇടതുപക്ഷത്തിനും ഗുണം ചെയ്യില്ലെന്നും ബി.ജെ.പിക്ക് വഴിയൊരുക്കുമെന്നും ചൂണ്ടിക്കാണിച്ചതോടെ താൻ അവരുടെ കണ്ണിൽ ശത്രുവായി. എന്നാൽ താൻ ആരുടെയും സ്ഥായിയായ ശത്രുവോ മിത്രമോ അല്ല. 1970-ൽ മതവുമായി ബന്ധപ്പെട്ട നിയമങ്ങളിൽ കാലാനുസൃതമായ മാറ്റം വേണമെന്ന് പറഞ്ഞതുമുതൽ വിമർശനങ്ങൾ കേൾക്കുന്നതാണ്. ആളുകൾ പറയുന്നതിന് പിന്നാലെ പോകേണ്ടതില്ലെന്നും സ്വന്തം അഭിപ്രായങ്ങൾ തുറന്നുപറയുന്നത് തുടരുമെന്നും ചിരിച്ചുകൊണ്ട് എം.എൻ. കാരശ്ശേരി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.