യക്ഷിക്കുന്ന് മൂവ്മെന്‍റ്

ക്സല്‍ വര്‍ഗീസിനെ ഉന്മൂലനം ചെയ്യാന്‍ ലക്ഷ്മണ പദ്ധതിയിടുന്ന കാലത്താണ് ചാക്കോ സഖാവ് ആദ്യമായി വയനാടന്‍ ചുരമിറങ്ങി ഒറ്റപ്ലാവിലെത്തുന്നത്. വസന്തത്തിന്‍റെ ഇടിമുഴക്കങ്ങള്‍ വേട്ടയാടുന്ന കാലം. ആ വരവിന്‍റെ ഉദ്ദേശ്യം മനസ്സിലാക്കാന്‍ യക്ഷിക്കുന്നില്‍ ചേർന്ന രണ്ടാമത്തെ മീറ്റിങ് വരെ കാത്തിരിക്കേണ്ടിവന്നു. കുമ്മായമടര്‍ന്ന്തുടങ്ങിയ നെഹ്റു വായനശാലയുടെ ഭിത്തികള്‍ക്കുള്ളില്‍ സുരക്ഷിതരെന്ന് തോന്നുമ്പോള്‍ അപ്പുമാഷ് പറയും 'മറക്കരുത്, സോഷ്യലിസ്റ്റായ അച്ഛന്‍റെ ഇന്ത്യയല്ലിത്'. അടിയന്തരാവസ്ഥക്ക് രണ്ടു വര്‍ഷം മുന്‍പ് ബാവലിപ്പുഴ കടന്ന് ചാക്കോ സഖാവ് ഒരിക്കല്‍കൂടിയെത്തി. ഇക്കുറി യക്ഷിക്കുന്നായിരുന്നു ലക്ഷ്യം. ഉന്മൂലനത്തിന്‍റെ രീതിശാസ്ത്രവും അതിന്‍റെ അനിവാര്യതെയക്കുറിച്ചുമുള്ള ചാക്കോ സഖാവിന്‍റെ ലളിതമായ പ്രസംഗമായിരുന്നു യക്ഷിക്കുന്നില്‍ അന്ന് അരങ്ങേറിയത്. രാത്രികാലങ്ങളില്‍ യക്ഷിക്കുന്നിലൂടെ പലരും നടക്കാന്‍ ഭയപ്പെട്ടത് ഞങ്ങള്‍ക്ക് അനുഗ്രഹമായി മാറുകയായിരുന്നു. ഭയത്തെ ചൂഷണം ചെയ്തുള്ള ഒത്തുചേരലില്‍ ഉന്മൂലനത്തിനായുള്ള ആക്ഷന്‍ പ്ലാന്‍ തയാറായതിന് യക്ഷിക്കുന്ന് സാക്ഷ്യംവഹിച്ചു.

പണ്ടെങ്ങോ, നടവഴി വെട്ടും മുന്‍പേ യക്ഷിയെ കുടിയിരുത്തിയത് ഇവിടെയായിരുന്നുവത്രെ! കാലവര്‍ഷം കലിതുള്ളിയെത്തുമ്പോള്‍ മുത്ത്യാമ പഴങ്കഥകളുടെ ഭാണ്ഡങ്ങള്‍ തുറക്കും. അന്നേരം, ചെല്ലത്തിലെ വെറ്റിലയുടെ ഞെട്ട് പൊട്ടിച്ച് അതില്‍ ചുണ്ണാമ്പ് തേച്ച് മുത്തിക്ക് കൊടുക്കുന്ന ജോലിയെനിക്കായിരുന്നു. ഉമനീരിനൊപ്പം ചിലപ്പോഴൊക്കെ കൊഴുത്ത ദ്രാവകവും മുത്ത്യാമ ഇറക്കാറുണ്ട്. ബാക്കി നീര് ചൂണ്ടുവിരലിനും നടുവിരലിനുമിടയിലൂടെ മുറ്റത്തേക്ക് നീട്ടിത്തുപ്പും. കര്‍ക്കടകത്തില്‍ മുത്ത്യാമയ്ക്ക് വാട്ടുകപ്പയോടായിരുന്നു കൂടുതല്‍ കമ്പം. ഗോപാലന്‍ നായരുടെ തറവാട്ടില്‍ കപ്പവാട്ടുന്ന രാത്രി പെണ്ണുങ്ങളുടെ കലപിലയാണ്. വലിയ ചെമ്പിലും കുട്ടളത്തിലും കപ്പയരിഞ്ഞ് തെകട്ടിവാറ്റിക്കഴിയുമ്പോഴേക്കും കോഴി കൂകിയിട്ടുണ്ടാകും. കപ്പ ഉണങ്ങിക്കഴിഞ്ഞാല്‍ സേറിന് അളന്നുതൂക്കി അതില്‍നിന്നുള്ളൊരോഹരിയാണ് പിന്നീട് അമ്മയ്ക്ക്കിട്ടുക.

'ഇത്രേ കിട്ടിയൊള്ളോടിയേ'യെന്ന് മുത്ത്യാമ ചോദിക്കുമ്പോള്‍ 'ഇത്രേലും കിട്ടിയല്ലോ'യെന്നാകും അമ്മയുടെ മറുപടി. 'യക്ഷിക്കുന്നില്‍നിന്നും കരടിമലയിലേക്ക് പോക്കുവരവ് (1) ഉണ്ടെന്ന് മുത്ത്യാമയാണ് പറഞ്ഞത്. ചില രാത്രികളില്‍ കുഴിക്കക്കൂസില്‍ മുത്തി വെളിക്കിരിക്കുമ്പോള്‍ കരടിമലയിലേക്ക് വെട്ടം പോകുന്നത് കണ്ടിട്ടുണ്ടത്രെ. പോക്കുവരവിന്റെ സമയത്ത് കൂമന്‍ മൂളുമെന്നാണ് മുത്ത്യാമയുടെ വെപ്പ്. അത് കടന്നുപോകുന്ന ഇടങ്ങളില്‍ അപശകുനം പതിയിരിക്കും. പശുക്കളുടെ പാശി (2) തിന്നും. തൊഴുത്തിലുണ്ടായിരുന്ന രണ്ടു പശുക്കളും ചത്തത് അങ്ങനെയാണത്രെ. ത്രിസന്ധ്യകളില്‍ കൂമന്‍ മൂളുമ്പോള്‍ 'സരസുതിയേ'യെന്ന് മുത്ത്യാമയുടെ നീട്ടിവിളിയുണ്ട്. അന്നേരം ദൂരെ യക്ഷിക്കുന്നിലെ വൃക്ഷങ്ങളെ നോക്കി അമ്മ ആക്രോശിക്കും 'പോ ചേട്ടേ, അവ്ട്ന്ന്, നിന്‍റെ നാവരിഞ്ഞ് ഞാന്‍ ഉപ്പിലിടും'.

ബാവലിപ്പുഴ കടന്നാല്‍ പോത്തനാമലക്കാരുെട വയലാണ്. അതിനുപിന്നിലായി തുരത്തിക്കാരുടെ പറമ്പ്. അവിടം മുതല്‍ യക്ഷിക്കുന്ന് ആരംഭിക്കുന്നു. ഇണപിരിഞ്ഞുനില്‍ക്കുന്ന മുളങ്കാടുകളാണ് ആദ്യം. അവയോട് േചര്‍ന്ന് കരിമ്പന വിഹരിക്കുന്നു. അവിടെനിന്നും മുകളിലേക്ക് നീളുന്നു ഒറ്റയടിപ്പാത. യക്ഷിക്കുന്നിന്‍റെ ഓരത്തുകൂടിയൊഴുകുന്ന കുഞ്ഞിത്തോട് വര്‍ഷകാലത്ത് കുലംകുത്തിയൊഴുകും.

യക്ഷിക്കുന്നിന്‍റെ ഉച്ചിയില്‍ ഒറ്റയടിപ്പാതയുടെ ഓരംപറ്റിയാണ് ആകാശംമുട്ടുന്ന ഏഴിലംപാലയുള്ളത്. കുന്നിന്‍ െചരിവില്‍ അനേകം ശിഖരങ്ങളുമായി നില്‍ക്കുന്ന മാവ്. കാട്ടിരൂപൂളുകളും ആഞ്ഞിലികളും യക്ഷിക്കുന്നില്‍ തലയുയര്‍ത്തിനില്‍ക്കുന്നു. ഞങ്ങള്‍ താമസിച്ചുപോന്ന ഒറ്റപ്ലാവിലേക്കും കരടിമലയുടെ താഴ്വാരത്തുള്ള കൊറവ കോളനിയിലേക്കുമുള്ള കുറുക്കുവഴിയായിരുന്നു യക്ഷിക്കുന്നിലൂടെയുള്ള ഒറ്റയടിപ്പാത. 

ത്രിസന്ധ്യ കഴിഞ്ഞാല്‍ കുന്നുകയറരുതെന്ന് മുത്ത്യാമയുടെ കല്‍പനയുണ്ട്. ഒരിക്കൽ യക്ഷിക്കുന്നില്‍വെച്ച് തൊമ്മിക്കുഞ്ഞിനെ യക്ഷി വശീകരിച്ചുകൊണ്ടുപോയി. ചാരായം അക്കരെ കടത്തി ഇത്തിരി െവട്ടത്തില്‍ വരുകയായിരുന്നു തൊമ്മി. അപ്പോഴതാ, പനങ്കുലപോലെ തൂങ്ങിയാടിയ മുടിയുമായി ഒരുവള്‍ പുറംതിരിഞ്ഞ്നില്‍ക്കുന്നു. ചാരായത്തിന്റെ പുളിച്ചുേതട്ടലില്‍ വരുന്നോന്ന് തൊമ്മിക്കുഞ്ഞ് ചോദിച്ചു. അവള്‍ ഉരിയാടാെത നിന്നു. തൊമ്മിക്കുഞ്ഞിന് മുന്‍പേ അവള്‍ നടന്നു. കരിമ്പനയുടെ ചുവട്ടിലൂടെ കുത്തനെയുള്ള കുന്ന്കയറുമ്പോള്‍ തൊമ്മിക്കുഞ്ഞിന് ആയാസേമതും തോന്നിയില്ല. അവളുെട മുഖം കാണാന്‍ അവന് കൊതിതോന്നി. അവളുണ്ടോ വിട്ടുകൊടുക്കുന്നു അവള്‍ നടത്തത്തിന് വേഗതകൂട്ടി. നിതംബം മറയ്ക്കുന്ന മുടിയിഴകള്‍ കണ്ടും ആസ്വദിച്ചും അവള്‍ക്ക്പിറകെ അവനും. െപട്ടെന്ന് പാലപ്പൂവിന്റെ മത്തുപിടിപ്പിക്കുന്ന മണം തൊമ്മിക്കുഞ്ഞിന്‍റെ നാസാരന്ധ്രങ്ങളെ തഴുകി.

ഒരുേവള, ചാരായത്തിന്റെ ചൂരിനിടയിലും തൊമ്മിക്കുഞ്ഞിന്റെ മനസ്സില്‍ ഒരു കൊള്ളിയാന്‍ വീശി. താന്‍ നില്‍ക്കുന്നത് ഏഴിലംപാലയ്ക്ക് മുന്നിലാണ്. അവന്‍ ൈധര്യം സംഭരിച്ച് പുറംതിരിഞ്ഞ് നിന്നിരുന്ന അവളോട്ചോദിച്ചു.

'ആഹ്...രാ നീ'

പളുങ്ക്പാത്രം വീണുടയുന്നപോലെയുള്ള ചിരിയായിരുന്നു ആദ്യം.

'ഇതറിയാതെയാണോ നീയെന്‍റെ പുറകെ വന്നത്'

ശരേവഗമായിരുന്നു അവന്റെ കാലുകള്‍ക്ക്. യക്ഷിക്കുന്ന് പിന്നിട്ട്, ഒറ്റപ്ലാവിലെത്തിയിട്ടെ നിന്നുള്ളൂ. പിറകെ എത്തിയ ജ്വരം അവനെ വീഴ്ത്തി. പിന്നീടിതുവരെ തൊമ്മിക്കുഞ്ഞ് യക്ഷിക്കുന്ന് കയറിയിട്ടില്ല.

യക്ഷിക്കുന്നിന്റെ െചരിവുകളില്‍ നിറയെ കൃഷ്ണമുടിപ്പൂക്കള്‍ പൂത്തുനില്‍ക്കുമായിരുന്നു. ചെഞ്ചോര നിറത്തില്‍ ഒരു പ്രദേശമാകെ പടര്‍ന്നുകിടക്കുന്നത് നോക്കിനില്‍ക്കുമ്പോള്‍ ഒരിക്കല്‍ കരിയിലകള്‍ ഞെരിയുന്നപോലൊരു ശബ്ദം േകട്ടു. മുള്‍പ്പടര്‍പ്പുകളെ വകഞ്ഞുമാറ്റി േവലിക്കെട്ടിലൂടെ നൂണ്ടിറങ്ങുമ്പോള്‍ കണ്ടത് വാസന്തിേയച്ചിയും ഏതോ ഒരാളുമായി െകട്ടിപ്പിടിച്ചുരുളുന്നതാണ്. ആരാണയാള്‍? ഒരുമിന്നായം പോലെയേ കണ്ടുള്ളൂ. ഇടയ്ക്കെപ്പൊഴോ തൊമ്മിക്കുഞ്ഞിനെ തേടി എത്താറുള്ളയാള്‍തന്നെ. തൊമ്മിക്കുഞ്ഞ് കണ്ട യക്ഷി ഇനി വാസന്തിയേച്ചിയായിരിക്കുമോ? കുരാക്കൂരിരുട്ടില്‍ പനങ്കുലപോലെ തൂങ്ങിയാടുന്ന യക്ഷിയുടെ മുടി കണ്ടെന്നത് കല്ലുവച്ച നുണതന്നെ.

'കാമമുള്ള പുരുഷന്റെ കണ്ണുകള്‍ പിന്തുടര്‍ന്നവളെ ബന്ധിച്ചു, അവളാണ് യക്ഷി' -അപ്പുമാഷ് അഭിപ്രായപ്പെട്ടു. യക്ഷിക്കുന്നിലെ ഏഴിലംപാലയിലും ബന്ധനത്തിന്‍റെ വലിയൊരാണി ആഴ്ന്നിറങ്ങിയകാര്യം ഞങ്ങള്‍ ഓര്‍ത്തു. ഒരിക്കലാണ് പന്തയം െവപ്പുണ്ടായത്. സന്ധ്യ കഴിഞ്ഞ് കുന്നുകയറണം. ൈധര്യമില്ലായിരുന്നെങ്കിലും ഉണ്ടെന്നായി. വയല്‍ക്കരയ്ക്ക് സമീപം അവന്മാര്‍ എന്ന തനിച്ചാക്കി കടന്നുകളഞ്ഞു.

ഇല്ലിത്തുറകള്‍ക്കിടയിലൂെട യക്ഷിക്കുന്നിന്റെ െനറുകയിേലക്ക് നീളുന്ന ഒറ്റയടിപ്പാതയിലൂടെ സാവധാനം നടന്നു. ഇരുട്ടിന് കനംെവച്ചുതുടങ്ങി. കരിമ്പനക്ക് കാറ്റുപിടിക്കുന്നത് േകള്‍ക്കാം. ഇല്ലിത്തുറകള്‍ ഇണചേര്‍ന്ന് ശീല്‍ക്കാരം മുഴക്കി. കരിമ്പനയില്‍നിന്നും ഏഴിലംപാലയിലേക്കാണ് അവളുടെ സഞ്ചാരം. ഏതോ വൃക്ഷങ്ങളിലിരുന്ന് കൂമന്റെ മൂളല്‍ ഉയര്‍ന്നു. തിരിഞ്ഞോടാന്‍ മനസ്സ്െവമ്പി. തൊമ്മിക്കുഞ്ഞ് അനുഭവിച്ചപോലുള്ള ഗന്ധം എന്നില്‍ നിറഞ്ഞു. പാലപ്പൂവിന്റെ മത്തുപിടിപ്പിക്കുന്ന മണം. ഭൂമിയ്ക്ക്മുഴുവന്‍ പാലപ്പൂവിന്റെ മണമായിരുന്നോ! ഞാനിപ്പോള്‍ നില്‍ക്കുന്നത്ഏഴിലംപാലയുടെ ചുവട്ടിലാണ്. ൈകകാലുകള്‍ തളരുകയാണ്. ഉള്ളിലുള്ള ൈധര്യം ചോര്‍ന്നു. 'അരവിന്ദാ' െപട്ടെന്നൊരു വിളി അന്തരീക്ഷത്തിലുയര്‍ന്നു.

അവള്‍, അവളായിരിക്കാമത്. പക്ഷേ, അരവിന്ദന്‍ എന്ന േപര് അവള്‍ക്കെങ്ങെനെയറിയാം. മുത്തി പറഞ്ഞ പരശ്ശതം കഥകളിേലക്ക് മനസ്സ് കൂപ്പുകുത്തി. കണ്ണുകളില്‍ ഇരുട്ട് കയറി. സാവധാനം ഏഴിലംപാലയില്‍ ചാരിനിന്നു. എന്നെ താങ്ങിയെടുത്തത് ചന്ദ്രന്റെ കരങ്ങളായിരുന്നു. അടികൊണ്ട് രക്തം ഛര്‍ദ്ദിച്ച സത്യന്‍റെ അനുജന്‍ ചന്ദ്രന്‍. ഞങ്ങള്‍ നടത്തുന്ന ആക്ഷനൊടുവില്‍ സഖാക്കളെ സുരക്ഷിതമായി കരടിമല കയറ്റിവിേടണ്ട ചുമതല ചന്ദ്രനായിരുന്നു. പിന്നീടൊരിയ്ക്കല്‍ ഏഴിലംപാലയില്‍ തറച്ചുനിന്ന ആണി പിഴുതെടുത്തത്ഞാനും ചന്ദ്രനുംകൂടിയാണ്. ഏഴിലംപാലയിേലക്ക് ആഴ്ന്നിറങ്ങിയ ആണി പറിക്കാന്‍ െപട്ട പാട്. േകട്ടവര്‍ മൂക്കത്ത് വിരല്‍വെച്ചപ്പോള്‍ അപ്പുമാഷ് അവരോടായി പറഞ്ഞു. 'പാരമ്പര്യത്തിന്‍റെ ഒരാണി അവരിളക്കി'

അറ്റുപോയ േവരിന്റെ ഒരംശംേതടി പതിറ്റാണ്ടുകള്‍ക്കിപ്പുറം ഞാന്‍ യക്ഷിക്കുന്നില്‍ നില്‍ക്കുകയാണ്. ഇടയ്ക്കിടെ കടന്നുപോകുന്ന ഇളങ്കാറ്റില്‍ പാലപ്പൂവിന്റെ ഗന്ധം അനുഭവപ്പെട്ടേതയില്ല. കാലത്തിന്‍റെ വിചാരണ കോടതിയില്‍ ഭീരുവിന്റെ പരിേവഷമായിരിക്കണമെനിക്ക്. കൊടിയ മര്‍ദ്ദനമായിരുന്നു ചന്ദ്രന് ഏല്‍ക്കേണ്ടിവന്നത്. ക്ഷയരോഗം ബാധിച്ച് അവന്‍ മരിച്ചെന്ന് പത്രത്തില്‍ വാര്‍ത്തകളുണ്ടായിരുന്നു. അപരന്‍റെ ശബ്ദം സംഗീതമാകാത്ത ലോകത്തില്‍നിന്ന് അപ്പുമാഷ് എങ്ങോ പുറപ്പെട്ടുപോയി. ഞാന്‍... ഞാന്‍ മാത്രം ഒളിച്ചോടി ജീവിതം കരുപ്പിടിപ്പിച്ചു.

കശേരുക്കള്‍ തകരുമാറാണ് കൊറവന്‍ േവലായുധന്റെ മകന്‍ സത്യനെ അന്നവര്‍ െകട്ടിയിട്ട് തല്ലിയത്. ഗോപാലന്‍ നായരുടെ കാലില്‍വീണ് കൊറവന്‍ െകഞ്ചിയിട്ടും നട്ടെല്ല് നുറുക്കുമാറ് തൂമ്പക്കൈ കൊണ്ടുള്ള പ്രഹരം തുടര്‍ന്നു. കരടിമലയില്‍നിന്നും നായരുടെ പറമ്പിേലക്ക്മാത്രം ചിറകെട്ടി െവള്ളം കൊണ്ടുപോയത് ചോദ്യം െചയ്തതാണ് തുടക്കം. വിട്ടുകൊടുത്തേക്കാമെന്ന് കൊറവന്‍ പറഞ്ഞപ്പോള്‍ അച്ഛനെ അനുസരിക്കാന്‍ മക്കള്‍ തയ്യാറായില്ല. നായരുടെ പറമ്പില്‍ ഒരുകാലത്ത്പൊന്നുവിളയിപ്പിച്ച കൊറവനെ ധിക്കരിച്ച് സത്യന്‍ ചിറപൊട്ടിച്ചു. രണ്ടുകുല പഴുക്ക മോഷ്ടിച്ചുെവന്നായിരുന്നു സത്യന്േമല്‍ ചാര്‍ത്തിയ കുറ്റം. അയാളുെട ഗുണ്ടകള്‍ വളഞ്ഞിട്ട്തല്ലി. അടികൊണ്ട് സത്യന്‍ പാടത്ത് വീണിട്ടും കട്ടെന്ന് സമ്മതിച്ചില്ല. തൂമ്പക്കൈകൊണ്ട് അതുപോലെ നായരുെട ശിരസ്സും അടിച്ചുതകര്‍ക്കാന്‍ ഞങ്ങള്‍ക്ക് വെമ്പി.

'സമയം വരട്ടെ അതുവരെ കാക്കാം' അപ്പുമാഷ് ഉപേദശിച്ചു. ചീവീടുകളുെട ശബ്ദം തുളച്ചുകയറി. ഇടയ്ക്ക് െപയ്ത മഴയ്ക്കും ഞങ്ങള്‍ക്കുള്ളിലെരിഞ്ഞ തീ െകടുത്താനായില്ല. ഇരുട്ടിന് കനംകൂടി വന്നു. 'ഒളിത്താവളത്തിന് പറ്റിയ ഇടം തന്നെ' ചാക്കോ സഖാവ് പറഞ്ഞു. ഞങ്ങള്‍ ഓര്‍മകളിലേക്കിറങ്ങിച്ചിരിച്ചു. രക്തം തിളച്ചുമറിയുന്ന ചന്ദ്രനെ ആക്ഷനില്‍ പങ്കെടുപ്പിക്കരുതെന്ന് അപ്പുമാഷിന് നിര്‍ബന്ധമുണ്ടായിരുന്നു. ആരെയും കൂസാത്ത ൈകവിരിച്ചുള്ള നടപ്പും എതിരിടാന്‍ പോന്ന ഭാവവും നായരെ ചൊടിപ്പിച്ചിരുന്നുവെന്ന് ഞങ്ങള്‍ക്ക് രഹസ്യവിവരമുണ്ടായിരുന്നു. 'എനിക്കവന്റെ ഛിരസ്സ് പൂങ്കലപോലെ ചെതറിക്കണം' എന്നോട് അവന്‍ അടക്കം പറഞ്ഞു.

'പാടില്ല, അച്ചടക്കമാണ് പ്രധാനം, ഉന്മൂലനം മാത്രമാകണം ലക്ഷ്യം' പല്ലുകള്‍ കൂട്ടിയിറുമുന്ന ശബ്ദം അവനില്‍നിന്നുയര്‍ന്നു. യക്ഷിക്കുന്നില്‍വെച്ച് അവസാന പദ്ധതിയും തയാറാക്കി ഞങ്ങള്‍ പിരിഞ്ഞു. നാളെ രാത്രി വീണ്ടും യക്ഷിക്കുന്നില്‍ ഒത്തുേചരണം. ആ രാത്രി നായര്‍ക്കുള്ള അന്ത്യ അത്താഴമൊരുങ്ങും. പിറ്റേന്ന് യക്ഷിക്കുന്നിലേക്ക് പോകാന്‍ തയാെറടുക്കുമ്പോള്‍ കിതച്ചുകൊണ്ട് ഓടിയെത്തുന്ന അപ്പുമാഷിനെയാണ്കണ്ടത്. കിതപ്പിനിടയില്‍ അവ്യക്തമായ വാക്കുകള്‍ അടര്‍ന്നുവീഴുകയായിരുന്നു.

'ചാക്കോ സഖാവിനെ പൊലീസ് പിടികൂടി' ഒരുനിമിഷം, ഞാന്‍ ശങ്കിച്ചുനിന്നു.

'ഒറ്റുനടന്നിരിക്കുന്നു, േവഗം കരടിമല കയറൂ' കാട്ടുതീ പോലെയായിരുന്നു വാര്‍ത്ത പരന്നത്. തലവെട്ടുന്ന നക്സലുകള്‍ യക്ഷിക്കുന്നില്‍ തമ്പടിച്ചിരിക്കുന്നു. അപ്പുമാഷിന്റെ ശബ്ദത്തില്‍ ഭീതിയും നിരാശയും നിറഞ്ഞുനിന്നു.

'ആരെയും കാത്തുനില്‍ക്കേണ്ട േവഗം പോകൂ, പൊലീസ് വളഞ്ഞിട്ടുണ്ട്' ൈകകാലുകള്‍ തളരുവോളം ഓടുകയായിരുന്നു. കിതപ്പുമാറാന്‍ അരനിമിഷം നില്‍ക്കും. പിന്നെയും ഓട്ടം തുടര്‍ന്നു. ഇരുളില്‍ ശത്രു ഒളിഞ്ഞിരിക്കുന്നുണ്ടാകുമോ? ചന്ദ്രനെ കാണാന്‍ സാധിച്ചില്ല. അവന് എന്തെങ്കിലും സംഭവിച്ചിട്ടുണ്ടാകുമോ?

'അപ്പൂപ്പാ, അപ്പൂപ്പന്‍ പണ്ടുപറഞ്ഞ യക്ഷിക്കുന്നില്ലേ, അതിന്റെ വാര്‍ത്തേണ്ട്'

മോണകാട്ടി ചിരിച്ച കൊച്ചുമകനെ ൈകകൊണ്ട് വാരിെയടുത്തു.

'എവിടെന്നാ മോന്‍ ഇത്കണ്ടത്'

'അപ്പൂപ്പന്റെ നാടാണെന്നാ അച്ഛന്‍ പറഞ്ഞെ' അവന്‍ എന്റെ മടിയില്‍ കയറിയിരുന്നു പതിവ്കുസൃതികള്‍ കാണിച്ചുതുടങ്ങി. അവന്റെ ൈകയിലെ പത്രത്തിലൂെട കണ്ണോടിച്ചു. രണ്ടുകോളം വാര്‍ത്ത.

'യക്ഷിക്കുന്നിലെ ക്വാറികള്‍ക്കെതിരെ സമരം ശക്തം'

പോകാനൊരുങ്ങിയപ്പോള്‍ അവനും വരണമെന്ന് ശാഠ്യം പിടിച്ചു. മുണ്ടകന്‍ കൊയ്ത്തുകഴിയുമ്പോള്‍ അപ്പൂപ്പനും കൂട്ടുകാരും പന്തുകളിച്ച സ്ഥലം അവന്കാണിച്ചുകൊടുത്തു. പോത്തനാമലക്കാരുെട വയലില്‍ തലയുയര്‍ത്തി നിന്ന ഇരുനില മാളികകളെ നോക്കി അവന്‍ ഒന്നും മനസ്സിലാകാതെ ചിരിച്ചു. കരടിമലയുടെ താഴ്വാരത്തേക്ക്നീളുന്ന ഒറ്റയടിപ്പാതയിലൂടെ ടിപ്പറുകള്‍ പൊടിപറത്തിയോടുകയായിരുന്നു. അവന്റെ കൈപിടിച്ച് സമീപത്തെ പീടികയിലേക്ക് നടന്നു. 'കൊറവ കോളനിയിലേ ജനജീവിതത്തിന് ഭീഷണിയാകുന്ന അനധികൃത ക്വാറികള്‍ അടച്ചുപൂട്ടുക'െയന്ന് അനൗണ്‍സ്മെന്‍റ് മുഴക്കി സമരസമിതിയുടെ ജീപ്പ്കടന്നുപോയി.

'ഇക്കാലത്ത് ഒള്ള പണിയൂടെ ഇവമ്മാര് െതറിപ്പിക്കും' 

പീടികയില്‍നിന്ന് ആരോ അടക്കം പറയുന്നു.

'നക്സല്‍ ചന്ദ്രന്റെ മോനാ ഇപ്പോഴത്തെ േനതാവ്, ഓനാ ക്വാറി പൂട്ടിക്കാന്‍ നടക്കണെ'

ടാറിട്ട പാതയിലൂടെ യക്ഷിക്കുന്നിന്റെ ഉച്ചി കണ്ടെത്താന്‍ അപരിചിത തീർഥാടകരെ പോലെ ഞങ്ങള്‍ നടന്നുകൊണ്ടിരുന്നു. കുഞ്ഞിത്തോടിന്റെ മറുകരയില്‍ തുരന്നിറങ്ങുന്ന ക്വാറികളിലേക്ക്നീളുന്ന വഴികളികളിലൂടെ ടിപ്പറുകള്‍ നിരങ്ങിയിറങ്ങുന്നത് ദൂരെനിന്നാല്‍ കാണാം. ആദ്യം കരിമ്പനയ്ക്കാകണം അറക്കവാള്‍ വീണിരിക്കുക. പിന്നാലെ ഏഴിലംപാലയിലും ആഴ്ന്നിറങ്ങിയിട്ടുണ്ടാകണം.

'അപ്പൂപ്പന്‍ പറഞ്ഞ യക്ഷീടെ പാലമരമെവിടെ' കുട്ടി ചോദിച്ചു.

'അപ്പൂപ്പനും അതുതന്നെയാണ് തിരയുന്നത്'

അപ്പുമാഷിന്റെ ശബ്ദം അന്തരീക്ഷത്തില്‍ മുഴങ്ങുന്നമാതിരി എനിക്ക്അനുഭവപ്പെട്ടു. 'ഒന്നും അവശേഷിക്കാത്ത രീതിയിലാകണം ഉന്മൂലനം' ഇടിമുഴക്കങ്ങള്‍ക്ക് കാതോര്‍ത്ത് ഞങ്ങളവസാനം ഒത്തുചേര്‍ന്ന പാലമരത്തിന്റെ ചുവട് ഇവിടെയെവിടെയോയായിരുന്നു. ടാറിട്ട റോഡുകള്‍ രണ്ടായി പിരിയുന്നു. യക്ഷിക്കുന്ന് ഇവിടെ അവസാനിക്കുകയാണ്. കുട്ടി വീണ്ടും ചോദിച്ചുകൊണ്ടേയിരുന്നു.

'പാലമരത്തിലെ യക്ഷിയെവിടെ അപ്പൂപ്പാ'

അവന്റെ ചോദ്യം േകട്ടപ്പോള്‍ എനിക്ക് മുത്ത്യാമയെ ഓർമവന്നു. ഞങ്ങളുടെ രാവുറക്കങ്ങളെ ഭീതിയിലാഴ്ത്തിയ എത്രയെത്ര കഥകളായിരുന്നു മുത്തിയുടെ പക്കലുണ്ടായിരുന്നത്. അവനില്‍നിന്ന് വീണ്ടും ചോദ്യമുയരവേ അവശേഷിച്ച ഏതോ മലനിരകളിേലക്ക് ഞാന്‍ ൈകചൂണ്ടിപ്പറഞ്ഞു.

'അവിടെ, അറക്കവാള്‍ വീഴാത്ത അവശേഷിച്ച പാലമരത്തിലേക്ക് യക്ഷി കൂടണഞ്ഞിരിക്കണം' ഒരുനിമിഷത്തെ ആലോചനക്ക് േശഷം പുതിയ യക്ഷിക്കഥ േകട്ട സന്തോഷത്തോടെ അവനെന്‍റെ ചുമലിലേക്ക് വലിഞ്ഞുകയറി. ദൂരെനിന്ന് ചെറുജാഥ ഞങ്ങള്‍ക്ക് അഭിമുഖമായി വരികയായിരുന്നു.

ജാഥക്ക് മുന്നിലായി ൈകമുഷ്ടി ചുരുട്ടി വായുവിലെറിയുന്ന ചന്ദ്രന്റെ രൂപം തന്നെയായിരുന്നു അവനും. പുതിയ ജന്മിക്കെതിരെ അവരില്‍നിന്നുയര്‍ന്ന മുദ്രാവാക്യത്തിന്‍റെ താളത്തില്‍ കുട്ടിയും ൈകമുഷ്ടി ചുരുട്ടി രസിച്ചു. ഞാനവന്‍റെ ൈകകള്‍ െപട്ടെന്ന് താഴ്ത്തിപ്പിടിക്കാന്‍ ശ്രമിച്ചു.

.....................................

1. പോക്കുംവരവും -പ്രേതാതികള്‍ ഒരുപ്രത്യേക സ്ഥലത്തേക്ക് നിശ്ചിത സമയത്ത് പോവുകയും വരികയും ചെയ്യുന്നതിനെ സൂചിപ്പിക്കുന്ന നാട്ടിന്‍പുറങ്ങളിലെ പ്രയോഗം.

2. പാശി -പ്രസവശേഷം പശുവില്‍നിന്ന് പുറന്തള്ളപ്പെടുന്ന മറുപിള്ള 

Tags:    
News Summary - Yakshikkunnu movement story by arun p gopi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.