ഡോ. എൻ.വി.പി. ഉണിത്തിരി
പ്രഭാഷണങ്ങൾക്കിടയിൽ വിയർത്ത കഷണ്ടിത്തലയിൽ തടവി മാഷ് നടത്തിയ കോരിത്തരിപ്പിച്ച എത്രയെത്രയോ ഇടപെടലുകൾ കൂടിച്ചേർന്നതാണ് കേരളത്തിന്റെ സാംസ്കാരിക ചരിത്രം. ഇത് ഉണിത്തിരിയൊന്നുമല്ല, ഏതോ ഉണിക്കോയയാണ് എന്ന് അന്ന് മാഷിനെതിരെ ഉയർന്ന പിറുപിറുക്കലുകൾ
സംസ്കൃത സംബന്ധിയായ വെറുപ്പുകോലാഹലങ്ങൾ സർവകലാശാലകളിൽനിന്നും അരങ്ങേറുമ്പോൾ മലയാളി മറക്കാൻ പാടില്ലാത്ത അനവധി സംസ്കൃതപണ്ഡിതരുണ്ട്. അവരിലൊരാളാണ് സർവകലാശാലയെ ജനപക്ഷകേന്ദ്രം കൂടിയാക്കുകയും, തെരുവിനെ സർവകലാശാലയാക്കുകയും ചെയ്ത, ആരോഗ്യപരമായ കാരണത്താൽ വിശ്രമത്തിലായിരിക്കുമ്പോഴും എഴുത്തും വായനയും അവിരാമം തുടരുന്ന മലയാളിയുടെ എക്കാലത്തെയും അഭിമാനമായ ഡോ. എൻ.വി.പി. ഉണിത്തിരി മാഷ്. അനുദിനമെന്നോണം വെറുപ്പിന്റെ വൈറസ് വളർന്നുകൊണ്ടിരിക്കുന്ന പശ്ചാത്തലത്തിൽ, സംസ്കൃതത്തെ മേൽക്കോയ്മാ ജാതിവ്യവസ്ഥയുടെ ആയുധമാക്കാനുള്ള ആസൂത്രിതശ്രമങ്ങൾ പലനിലകളിൽ മുന്നേറിക്കൊണ്ടിരിക്കവെ, സംസ്കൃതത്തെ മതനിരപേക്ഷ ആവിഷ്കാരത്തിന്റെ േസ്രാതസ്സാക്കി മാറ്റാൻ ശ്രമിച്ചവരിൽ ഏറെ മുന്നിലാണ് ഉണിത്തിരി മാഷിന്റെ സ്ഥാനം.
ഞങ്ങളൊക്കെ മലയാള പാഠപുസ്തകങ്ങളിൽ സംസ്കൃതം കണ്ട് വിരണ്ടുപോയാൽ ഇടംവലം നോക്കാതെ അന്ന് വിളിച്ചത് ഇപ്പോൾ നമുക്കൊപ്പമില്ലെങ്കിലും ഒപ്പമുള്ള ഡോ. എം.എസ്. മേനോൻ മാഷെയും ഡോ. എൻ.വി.പി. ഉണിത്തിരി മാഷെയുമാണ്. എത്ര തിരക്കിലുമവർ ഞങ്ങളുടെ സംശയങ്ങൾ തീർത്തുതന്നിരുന്നു. പാണ്ഡിത്യമവർക്ക് ചുമന്ന് നടക്കാനുള്ളൊരു ഭാരമായിരുന്നില്ല. ഇഷ്ടമില്ലാത്ത ആരെയെങ്കിലും ഒന്നിരുത്തിക്കളയാം എന്ന വിജയകുമാരി ടീച്ചർ മോഡൽ അൽപത്തത്തിന്റെ ആഘോഷമായിരുന്നില്ല.
അമർന്നിരുന്ന് പഠിച്ചതിന്റെ ആഴം അവരുടെ വാക്കുകളിൽ സുഗന്ധം നിറച്ചു. സർവകലാശാലക്കപ്പുറം കടന്ന് ജനകീയ പ്രവർത്തനം നടത്തിയതിന്റെ ജ്വാല അവരുടെ വാക്കുകളിൽ വീര്യമായി. പരസ്പരം കാണുമ്പോൾതന്നെ ഒന്നും പറയാതെ എവിടെനിന്നൊക്കെയോ ഞങ്ങൾക്കിടയിലേക്ക് കാരുണ്യം കടന്നുവന്നു. പ്രായം പാണ്ഡിത്യം പദവി എന്നിവകളെല്ലാം അപ്രസക്തമാക്കുംവിധം അടുപ്പത്തിന്റെ ആശ്ലേഷം ഞങ്ങളപ്പോൾ അനുഭവിച്ചു. കുന്തകന്റെ വക്രോക്തിസിദ്ധാന്തത്തെക്കുറിച്ച് മാത്രമല്ല, ജീവിതത്തിലേറ്റ കുത്തും വെട്ടും വിള്ളലുമെല്ലാം, ഒന്നും പേടിക്കാതെ അവരോട് പറയാമായിരുന്നു. ഒരു മാഷ് യഥാർഥത്തിൽ ആരായിരിക്കണമെന്ന്, എങ്ങനെയായിരിക്കണമെന്ന് പ്രത്യേകം പഠിപ്പിക്കാതെ അവർ ഞങ്ങളെ പഠിപ്പിച്ചു. ഇലകൾ കൊഴിച്ച് അവരിൽ പലരും കടന്നുപോയെങ്കിലും ഞങ്ങളുടെയുള്ളിൽ, അവരിപ്പോഴും പൂവായി വിടരുന്നു.
കടിച്ചാൽ പൊട്ടാത്ത എത്രയെത്രയോ സംസ്കൃതശ്ലോകങ്ങൾ ക്ലാസിൽ വെച്ചല്ല, ഉണിത്തിരി മാഷിന്റെ പ്രഭാഷണങ്ങളിൽവെച്ചാണ് ഞങ്ങൾ ആദ്യം കേട്ടത്. മൈക്കിന്റെ പിറകിൽ ദീർഘമായ പ്രഭാഷണങ്ങൾക്കിടയിൽ വിയർത്ത ആ കഷണ്ടിത്തലയിൽ തടവി മാഷ് നടത്തിയ കോരിത്തരിപ്പിച്ച എത്രയെത്രയോ ഇടപെടലുകൾ കൂടിച്ചേർന്നതാണ് കേരളത്തിന്റെ സാംസ്കാരിക ചരിത്രം. മാഷിനൊപ്പം ഒരുപാട് വേദികൾ പങ്കിടാൻ തുടങ്ങുന്നത് 1992 ഡിസംബർ ആറിനു ശേഷമാണ്.
ബാബരി മസ്ജിദ് ഇന്ത്യൻ ഫാഷിസ്റ്റുകൾ ഇടിച്ചുപൊളിച്ച് ആനന്ദനൃത്തമാടിയതിലെ ഭീകരതകളാണ്, സർവവേദികളിലും മാഷ് പങ്കുവെച്ചത്. ‘നടന്നുവന്ന വഴികൾ’ എന്ന മാഷിന്റെ ശ്രദ്ധേയമായ ആത്മകഥയിൽ ആ കാലം കൃത്യമായി അടയാളപ്പെടുത്തിയിട്ടുണ്ട്. അന്ന് കേരളം മുഴുവൻ പ്രഭാഷണം നടത്തിയ മാഷിനും ആദരണീയനായ ബിഷപ് പൗലോസ് മാർ പൗലോസ്അച്ചനുമൊപ്പം പലകാരണങ്ങളാൽ അവർക്കൊപ്പം നിൽക്കാനാവാത്ത ഞാനുമുണ്ടായിരുന്നു എന്നുള്ളത്, അന്നെന്നപോലെ ഇന്നും ഊർജം നൽകുന്നു. ആത്മകഥയിൽ മാഷ് ഇക്കാര്യം എഴുതിയത് പത്മിനി, രാഗിണി, ലളിത എന്ന ട്രിവാൻഡ്രം സഹോദരിമാർ എന്നറിയപ്പെട്ട കലാപ്രതിഭകളെപ്പോലെ, ഞങ്ങൾ മൂന്നുപേർ അക്കാലത്ത് ഒരുമിച്ചായിരുന്നു എന്നാണ്.
ഞാൻ നടക്കുന്നതുപോലും ഒരൽപം ഇടത്തോട്ട് ചാഞ്ഞുകൊണ്ടാണ് എന്ന് തമാശയായി പറയാറുണ്ടായിരുന്ന ബിഷപ് മാർ പൗലോസ് അച്ചൻ ഇന്ന് നമ്മോടൊപ്പമില്ല. അദ്ദേഹം വെട്ടിയ വിസ്തൃതമായ മതസൗഹാർദത്തിന്റെ വഴി അടക്കാനുള്ള ശ്രമങ്ങളിൽ ചിലർ വ്യാപൃതരാണെങ്കിലും അന്ന് അദ്ദേഹം ആവിഷ്കരിച്ച മതനിരപേക്ഷ ആശയങ്ങൾ ഇന്നും സജീവമാണ്; ഇരുട്ടിനിടയിൽ പലപ്പോഴുമത് കരയിൽ പിടിച്ചിട്ട മീൻപോലെ പിടയുകയാണെങ്കിലും! പ്രഭാഷണവേദികളിൽ ഇന്നും ഉണിത്തിരി മാഷിന്റെയും ബിഷപ് മാർ പൗലോസച്ചന്റെയും വാക്കുകൾ കെടാത്ത തീനാളങ്ങളായി കത്തുന്നുണ്ട്. പുതിയ തലമുറ അതിൽനിന്നുള്ള പിടയുന്ന വെളിച്ചത്തെ വർധിത വീര്യമാക്കി മുന്നേറുന്നുണ്ട്.
സനാതനികൾ സംസ്കൃതത്തിന്റെ നെറ്റിയിൽ ഫിറ്റുചെയ്ത കൊമ്പാണ് ജനസഹസ്രങ്ങളെ സാക്ഷിയാക്കി തെരുവുകളിൽവെച്ച് ഉണിത്തിരി മാഷ് പിഴുതെറിഞ്ഞത്. സംസ്കൃതത്തിനും അനിവാര്യമായാൽ ഫാഷിസത്തിനെതിരെ സമരം ചെയ്യാനാവുമെന്ന് മലയാളം അന്നാണ് മനസ്സിലാക്കിയത്. ഫാഷിസ്റ്റുകളുടെ ആശയങ്ങളെ അവരുടെതന്നെ മടകളിൽ കടന്നുചെന്ന് അഭിമുഖീകരിക്കുകയാണ് അന്നൊക്കെ മാഷ് ചെയ്തത്. ബാബരി പള്ളി പൊളിച്ചതിനെതിരെ മാഷ് നടത്തിയ പ്രസംഗങ്ങൾ ഫാഷിസ്റ്റുകളെ മാത്രമല്ല, ലിബറൽ സെക്കുലറിസ്റ്റുകളിൽ പലരെയും അസ്വസ്ഥമാക്കിയത് പലതവണ നേരിട്ട് മനസ്സിലാക്കാൻ കഴിഞ്ഞിട്ടുണ്ട്.
ഇത് ഉണിത്തിരിയൊന്നുമല്ല, ഏതോ ഉണിക്കോയയാണ് എന്ന് അന്ന് മാഷിനെതിരെ ഉയർന്ന പിറുപിറുക്കലുകൾ, ഇന്ന് അതിനേക്കാളെത്രയോ മുഴക്കമുള്ള അലർച്ചകളായി മാറിക്കഴിഞ്ഞിരിക്കുന്നു എന്ന് ജനായത്തവാദികൾ അറിയാതെ പോകരുത്. നീതിയുടെ പക്ഷം നിൽക്കുന്ന ഏത് നമ്പൂതിരിയെയും മാപ്പിളയാക്കുന്ന മാന്ത്രികദണ്ഡ് ബാബരി മസ്ജിദ് തകർക്കപ്പെട്ടതോടനുബന്ധിച്ചാണ് കേരളത്തിൽ സ്വന്തം അത്ഭുതപ്രകടനം നടത്താൻ തുടങ്ങിയത്. ആശയസമരത്തെ വളരെ സമർഥമായി വർഗീയതയിലേക്ക് വഴിതിരിച്ചുവിടുന്ന ആ ഫാഷിസ്റ്റ്തന്ത്രം സംവാദമൂല്യങ്ങളെയാകെ തകിടം മറിക്കും വിധം ശക്തിയാർജിച്ചു കഴിഞ്ഞിരിക്കുന്നു.
1982 മുതൽ 18 കൊല്ലം നിലനിന്ന സയണിസ്റ്റ് ആധിപത്യം ലബനാനിൽ രണ്ടായിരാമാണ്ടിൽ വൻ പ്രക്ഷോഭങ്ങളെ തുടർന്ന് ഇസ്രായേലിന് അവസാനിപ്പിക്കേണ്ടി വന്നു. ഇസ്രായേലിന്റെ ലബനാൻ പിന്മാറ്റത്തിൽ ആഹ്ലാദഭരിതരായ ജനത, കഫർകില്ലയിലെ ഇസ്രായേൽ വാച്ച്ടവറിനു നേരെ ചെറുകല്ലുകൾ എറിഞ്ഞുകൊണ്ടാണ് ആഹ്ലാദം പ്രകടിപ്പിച്ചത്. അവർക്കൊപ്പം അന്ന് കല്ലെറിയാൻ സർവകലാശാലാ പ്രഫസറും നമ്മുടെ കാലത്തെ ഏറ്റവും വലിയ ധൈഷണികനുമായ എഡ്വേർഡ് സൈദുമുണ്ടായിരുന്നു. ഫലസ്തീൻ ജനതക്കൊപ്പം, നീതിക്കൊപ്പം നിന്നതിന്റെ പേരിൽ, അദ്ദേഹത്തിന് സയണിസ്റ്റ് സാമ്രാജ്യത്വ അനുകൂല മാധ്യമങ്ങൾ വഞ്ചകനായ പ്രഫസർ, ഭീകരപ്രഫസർ എന്നെല്ലാമുള്ള ബിരുദങ്ങൾ മുമ്പേ നൽകിയിരുന്നു. കഫർകില്ലയിൽ വെച്ച് ഇസ്രായേൽ വാച്ച്ടവറിനുനേരെ ഒരു ചെറിയ കല്ല് എറിഞ്ഞതോടെ അദ്ദേഹം, ഒരു കൊടുംഭീകരനായി!(Rock throwing terrorist). എഡ്വേർഡ് സൈദിനുണ്ടായ അതേ അനുഭവമാണ് വേറൊരുവിധത്തിൽ, ഉണിക്കോയയായി തീർന്ന ഉണിത്തിരി മാഷിനും ഉണ്ടായത്.
സത്യത്തിൽ ഫാഷിസ്റ്റുകളെ സംഭ്രാന്തമാക്കിയത് ഉണിത്തിരി മാഷ് അവതരിപ്പിച്ച ആശയങ്ങൾ മാത്രമല്ല, തെരുവിൽ ഒരു സംസ്കൃതപണ്ഡിതൻ പള്ളി പൊളിച്ചതിനെതിരെ സംസ്കൃതശ്ലോകങ്ങൾ ചൊല്ലി പ്രസംഗിച്ചത് കൂടിയായിരുന്നു. എഡ്വേർഡ് സൈദ് കല്ലെടുത്തപ്പോൾ ഉണിത്തിരി മാഷ് ശ്ലോകത്തെ തന്നെ ഫാഷിസത്തിനെതിരായ കല്ലാക്കുകയാണ് ചെയ്തത്. മഹാപണ്ഡിതനും ലിബറൽ സെക്കുലറിസ്റ്റുമായ എൻ.വി. കൃഷ്ണവാരിയർപോലും സംസ്കൃതത്തെ പരാമർശിക്കേണ്ടിവന്നൊരു സന്ദർഭത്തിൽ പതറിപ്പോയതുകൂടി ഓർമിക്കുമ്പോഴാണ് ഉണിത്തിരി മാഷിന്റെ സംസ്കൃതതെരുവാവിഷ്കാരത്തിന്റെ ഗാംഭീര്യം എത്രമേൽ മഹത്വപൂർണമായിരുന്നുവെന്ന് നാം മനസ്സിലാക്കുന്നത്. വിവിധ ഭാഷകളുടെ പ്രായത്തെക്കുറിച്ചുള്ള അഭിപ്രായപ്രകടനത്തിനിടയിലാണ് എൻ.വി, തമിഴിന്റെയും മലയാളത്തിന്റെയും പ്രായം കണക്കാക്കാൻ കഴിയുമെങ്കിലും, സംസ്കൃതത്തിന്റെ പ്രായം കണക്കാക്കാനാവില്ലെന്ന് എഴുതിയത്. തമിഴ് സ്വന്തം പ്രായം മൂവായിരമെന്നും, മലയാളം ആയിരമെന്നും പറഞ്ഞപ്പോൾ ഞാൻ മനുഷ്യർക്കൊപ്പം എന്നുമുള്ളതാണെന്നേത്ര എൻ.വിയുടെ നിലപാടിൽ സംസ്കൃതത്തിന്റെ പ്രായം! വല്ലാത്തൊരു കാലഗണന തന്നെ! ‘The roots of German and Italian Fascism are tobe found in the Anti-intellectual romantic movements’(Modern Indian Culture: D.P.Mukerji). അനാദിയായ സംസ്കൃതം എന്ന ആശയത്തെയും പ്രാചീന സുവർണ ഇന്ത്യ എന്ന ഗൃഹാതുരത്വ മിത്തിനെയുമാണ്, ഡോ. എൻ.വി.പി. ഉണിത്തിരി മാഷ് പൊളിച്ചടുക്കിയത്.
ഇന്ത്യയുടെ മോചനം ഇംഗ്ലീഷുകാരിലൂടെ എന്ന ആംഗ്ലിസിസ്റ്റ് കാഴ്ചപ്പാടിനെയും ഭാരതം സർവം തികഞ്ഞ ഒരത്ഭുതം എന്ന പ്രബല ഓറിയന്റലിസ്റ്റ് സമീപനത്തെയുമാണ് അദ്ദേഹം നിശിത വിചാരണക്ക് വിധേയമാക്കിയത്. മേൽക്കോയ്മാ-സംസ്കൃതത്തിന്റെ തമ്പുരാൻ നാട്യങ്ങളെയാണ് അദ്ദേഹം നിവർന്നുനിന്ന് ചോദ്യംചെയ്തത്. ആരോഗ്യപരമായ കാരണങ്ങളാൽ പ്രഭാഷണവേദി വിട്ടെങ്കിലും ബോംബെയിലെ മകന്റെ വീട്ടിൽ വിശ്രമിക്കുമ്പോഴും അതേ ദൗത്യം വായനയിലൂടെയും എഴുത്തിലൂടെയും മാഷ് തുടരുന്നു.
വിപിൻ വിജയൻ എന്ന പ്രതിഭാശാലിയായ വിദ്യാർഥിയെ സർവനൈതികമൂല്യങ്ങളും നിരാകരിച്ചുകൊണ്ട് അവഹേളിച്ച, ഡോ. ടി.എസ്. ശ്യാംകുമാർ സംസ്കൃത കുമാരി എന്ന് വിശേഷിപ്പിച്ച ആ വിജയകുമാരി ടീച്ചറെ ഉന്നതപദവിയിലേക്ക് ഉയർത്തിയിരിക്കുന്നു എന്നുള്ളതിൽ ഇന്ത്യനവസ്ഥയിൽ അത്രവലിയ അത്ഭുതമൊന്നുമില്ല. ബിഹാർ തെരഞ്ഞെടുപ്പിൽ വിജയിച്ചപ്പോൾ, ബിഹാർ കോളിഫ്ലവർ കൃഷിക്ക് അംഗീകാരം നൽകിയിരിക്കുന്നുവെന്ന് പോസ്റ്റിട്ട അസമിലെ അശോക് സിംഗാൾ എന്ന ആരോഗ്യ-ക്ഷേമ മന്ത്രിക്ക് ഇതുവരെയും ഒരു ശിക്ഷാനടപടിയും സർക്കാറിൽനിന്നോ ബി.ജെ.പി എന്ന സ്വന്തം പാർട്ടിയിൽനിന്നോ നേരിടേണ്ടി വന്നിട്ടില്ല എന്നോർക്കുമ്പോൾ, ഡോ. വിജയകുമാരി ടീച്ചറുടെ നവസ്ഥാനലബ്ധിയിൽ എന്തിന് അന്ധാളിക്കണം? മറ്റെന്ത് പറഞ്ഞാലും ചരിത്രബോധമില്ലാത്തവനാണെന്നു മാത്രം ഈ അശോക് സിംഗാളിനെ ആരും ആക്ഷേപിക്കുകയില്ല! 1989ൽ രാമജന്മഭൂമി പ്രക്ഷോഭത്തിന്റെ അനിവാര്യഭാഗമായി നടന്ന ബിഹാറിലെ ലോംഗൈൻ ഗ്രാമത്തിലെ നൂറിലേറെ മുസ്‍ലിംകളെ കൊന്ന് ആ കുറ്റം മറയ്ക്കാൻ മൃതദേഹങ്ങൾ മണ്ണിട്ടുമൂടി അതിനുമുകളിൽ കോളിഫ്ലവർ കൃഷി ചെയ്ത ക്രൂരതയാണ്, ഒരു സംസ്ഥാനത്തിന്റെ ആരോഗ്യ-ക്ഷേമകാര്യ മന്ത്രി മുൻകാലപ്രാബ്യലത്തോടെ ‘Bihar approves Gobi farming’ എന്ന പ്രകോപന പ്രഖ്യാപനത്തോടെ ആഘോഷിച്ചിരിക്കുന്നത്! ചരിത്രബോധം കുറഞ്ഞ ആരെങ്കിലുമുണ്ടെങ്കിൽ അവർക്കുകൂടി തന്റെ വിശുദ്ധ പോസ്റ്റിന്റെ അർഥം കൃത്യം ബോധ്യമാവാൻ, ബിഹാർ ഗോബികൃഷിക്ക് അംഗീകാരം നൽകിയിരിക്കുന്നു എന്നൊരു വാക്യത്തിൽ പോസ്റ്റ് ഒതുക്കാതെ, കോളിഫ്ലവർ പാടത്തിന്റെ ഒരു ഗമണ്ടൻ പടംകൂടി നൽകിയാണ് സിംഗാൾ, അർമാദിച്ചിരിക്കുന്നത്!
ഇതിന്റെ മാത്രംപേരിൽ ഒരുപക്ഷേ ഈ കോളിഫ്ലവർദേഹത്തിന് മുഖ്യമന്ത്രിപദംപോലും നൽകപ്പെടാവുന്നതാണ്! സൗഹൃദം ആവിഷ്കരിക്കുന്ന ദോസ്ത് എന്ന വാക്കിൽ ഉർദു കലർപ്പുള്ളതുകൊണ്ട് അത് പാഠപുസ്തകത്തിൽനിന്ന് വെട്ടിമാറ്റണമെന്ന് നിർദേശിച്ചത്, സംഘ്പരിവാർ വിദ്യാഭ്യാസവിചക്ഷണനായി കൊണ്ടാടുന്ന ദീനാനാഥ് ബത്രയായിരുന്നു. ദോസ്ത് വെട്ടിയ ഒഴിവിൽ, ഗോബി അഥവാ സസ്യസൗമ്യമഹത്വം എന്ന വാക്കിന് സ്കോപ്പുണ്ട്!
ഞാൻ ജയിച്ചതുകൊണ്ട് ടീച്ചർക്ക് എന്നെ കണ്ടപ്പോഴേ ദേഷ്യം വന്നു എന്ന് ‘ആ നെല്ലിമരം പുല്ലാണ്’എന്ന ആത്മകഥയിൽ അടിസ്ഥാനജനപക്ഷപ്രതിഭ രജനി പാലാപറമ്പിൽ എഴുതിയത് വായിക്കുമ്പോൾ, അതൊക്കെ പണ്ടല്ലേ, ഇപ്പോഴെന്തിന് അതൊക്കെ കുത്തിപ്പൊക്കണം എന്ന് പറയുന്ന ഓട്ടയടപ്പ് ജാതിവാദികൾ ഇനിയെങ്കിലും ഇത്തരം ഉഡായിപ്പുകൾ അവസാനിപ്പിക്കണം.
പുതിയ ദേശീയ വിദ്യാഭ്യാസ നയത്തിൽ സംസ്കൃതം സമം ഭാരതീയ സംസ്കാരം എന്ന അർഥത്തിലുള്ള സ്ഥാനക്കയറ്റം ലഭിച്ചതാണ് മലയാളിസമൂഹം അടക്കമുള്ള ഭാഷാ ദേശീയ ജനത അഭിമുഖീകരിക്കുന്ന അടിസ്ഥാനപ്രശ്നം. അതുകൊണ്ട് മുമ്പ് സംസ്കൃതം മലയാളത്തിലും ഇംഗ്ലീഷിലുമെഴുതിയിരുന്നു എന്ന ശരിക്ക്, ഇനി പഴയപോലെ പ്രവർത്തിക്കാൻ കഴിയില്ല. സമരങ്ങൾ തുടരുന്നില്ലെങ്കിൽ. തൽക്കാലം വിജയകുമാരി ടീച്ചർ സർവകലാശാലയിൽ തോറ്റാലും സംഘ്പരിവാറിൽ വിജയിക്കും! അതിനാൽ കൂട്ടരേ, കാതുതുറന്ന് കേൾക്കുവിൻ, ആ മധുരമനോഹര മാസ്മരിക ദീപ്ത സ്ഥാനക്കയറ്റ അറിയിപ്പ്! അല്ലാതെന്തു ചെയ്യാൻ!
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.