സജയ് കെ.വി.

‘ശരി പാവയോയിവൾ’; അക്കാദമിക് പരിസരത്തിൽ എഴുതപ്പെട്ടിട്ടും ഈ പുസ്തകം അത്ഭുതമാണ്...

മഹാകവി കുമാരനാശാൻ്റെ മരണം കഴിഞ്ഞ് നൂറ് വർഷങ്ങളായി. 2018 ലായിരുന്നു ചിന്താവിഷ്ടയായ സീതയുടെ പിറവിയുടെ നൂറാം പിറന്നാൾ ആഘോഷം. അതിനോടനുബന്ധിച്ച് ഇറങ്ങിയ ഒരു പഠന പുസ്തകമാണ് ശരി, പാവയോയിവൾ. എഴുതിയത് പ്രഭാഷകനും നിരൂപകനുമായ സജയ് കെ വി . എൻ്റെ കയ്യിലുള്ളത് രണ്ടാം പതിപ്പാണ്.2024 ൽ മാതൃഭൂമി ബുക്സ് ഇറക്കിയത്. അവസാനഭാഗത്ത് സീതാകാവ്യം കൂടി ചേർത്തതിനാൽ കാവ്യം ഒരിക്കൽക്കൂടി വായിച്ച് പഠനത്തിലേക്ക് കടക്കാനും എളുപ്പം. ( ഒരു പതിപ്പിലും കാണാത്ത വിധം 50 ശ്ലോകങ്ങൾ കഴിയുമ്പോൾ ഭാഗം രണ്ട്, മൂന്ന് എന്നൊക്കെ ഇതിൽ കാണാം. അടുത്ത പതിപ്പിൽ അതൊഴിവാക്കും എന്ന് പ്രതീക്ഷിക്കുന്നു.)

ആശാൻ കവിതയുടെ ഉപാസകനായ കഥാകൃത്ത് ടി. പത്മനാഭൻ്റെ ഉള്ളിൽത്തട്ടി എഴുതിയ അവതാരികയും ഗ്രന്ഥകർത്താവിൻ്റെ തുംഗശ്രീ ഗിരിശിഖരങ്ങൾ എന്ന മുഖവുരയും കഴിഞ്ഞാൽ പുസ്തകത്തിലെ ഇതളുകൾ വിരിഞ്ഞു തുടങ്ങുകയായി. സീതാവിചാരങ്ങൾക്കൊരാമുഖം: കൊള്ളിവാക്ക്, അസാധ്യ രോഗിണി , കാട്ടിൽ തളിർ പോലെ തുടങ്ങി ഒൻപത് അധ്യായങ്ങൾ എഴുതിയതല്ല എഴുതപ്പെട്ടതാണ്. കവിത വീണ്ടും വീണ്ടും വായിക്കുമ്പോൾ ഒഴുകി വരുന്ന ചിന്തകളും അനുഭവങ്ങളും അറിവുകളും അഭിപ്രായങ്ങളും ഭാവപ്രതികരണങ്ങളും സമാഹരിക്കും വിധമാണ് ഇതിൻ്റെ ഘടന. കാവ്യാത്മകമാണ് ലയഭരിതമാണ് അക്കാദമിക് പരിസരത്തിൽ എഴുതപ്പെട്ടിട്ടും ഈ പുസ്തകത്തിനുള്ളത് എന്ന് അത്ഭുതമാണ്. സാധാരണ അക്കാദമികത ദുർഗ്രഹത എന്ന വാക്കിൻ്റെ പര്യായമായി മാറിക്കാണാം പലയിടത്തും. ഈ പുസ്തകം കവിതയെ കാവ്യാത്മകമായാണ് പിന്തുടരുന്നത്.

"ചിന്താവിഷ്ടയായ സീതയിലെ ഒരു കേന്ദ്ര പദവും കേന്ദ്രാനുഭവവുമാണ് കൊള്ളിവാക്ക്. സീത കൊള്ളിവാക്ക് പറഞ്ഞ ഒരേ ഒരു സന്ദർഭം ലക്ഷ്മണനെ ശകാരിച്ചതായിരിക്കണം. പ്രിയവാദിനിയായ സീത അപ്രിയസത്യങ്ങളാകുന്ന കൊള്ളിവാക്കുകൾ കൊണ്ട് ചമച്ച അലാതവലയമാകുന്നു ചിന്താവിഷ്ടയായ സീത എന്ന ആദ്യന്തം വിചാരഭാഷയിലെഴുതപ്പെട്ട അസാധാരണ കാവ്യം " എന്ന് ആദ്യ ഖണ്ഡിക ഹൃദ്യ പീഠിക ചമയ്ക്കുന്നു. അഴൽ ദുഃഖം മാത്രമല്ല, തീപ്പൊളളലേറ്റ വേദന എന്ന അർത്ഥം കൂടി അതിനുണ്ടത്രെ !

അഴലുകൾ എന്ന വാക്കിൻ്റെ പിന്നാലെപ്പോയിട്ട് രാമോ പാലംഭത്തിലെ മുന വച്ച വാക്കുകളുടെ പിന്നിലെ സത്യ തീക്ഷ്ണത സജയ് വിടർത്തിക്കാട്ടുന്നു. അസാധ്യരോഗിണി എന്ന അധ്യായത്തിൽ രോഗം, ഔഷധം എന്നീ രണ്ടു പ്രതീകങ്ങൾ ജീവിതം, മരണം / സുഖം, ദുഃഖം /ഒരുമിച്ചിരിപ്പ്, വിരഹം തുടങ്ങിയ ദ്വന്ദ്വ ങ്ങളുമായി ഇഴചേർത്തിരിക്കുന്നു. ക്ഷമ അഥവാ തിതിക്ഷയാണ് രുജകൾക്കുള്ള മഹൗഷധം എന്ന് ജീവിതാന്ത്യത്തോടെ സീത കണ്ടെത്തുന്നു, എന്നാൽ ആ ക്ഷമ പഴയ ജീവിതത്തിലേക്ക് മടങ്ങിപ്പോകാൻ മാത്രമുള്ള പൊറുക്കൽ മനോഭാവമായി വികസിച്ചിട്ടില്ല. അഭിമാനിനി എന്ന ഭാവമാണ് സീതയുടെ ഹൃദയത്തിലെ വിളക്ക്. ഗുണത്തിനോടുള്ള മനുഷ്യാഭിമുഖ്യം, തിതിക്ഷ എന്നിവ മുറുകെപ്പിടിക്കുന്നു സീത.

അഥവാ ക്ഷമ പോലെ നന്മ ചെയ്-

തരുളാൻ നോറ്റൊരു നല്ല ബന്ധുവും

വ്യഥ പോലറിവോതിടുന്ന സദ്-

ഗുരുവും മർത്ത്യനു വേറെയില്ല താൻ.

ഓരോ ദുഃഖാനുഭവവും ഔഷധം പോലെ സൂക്ഷിച്ച് ശീതളാനുഭവമായി പരിവർത്തിപ്പിക്കാൻ ശ്രമിച്ചിട്ടും സീതയുടെ ജീവിതം അടർക്കളമായിരുന്നു എന്നും പാതിവ്രത്യമെന്ന പടച്ചട്ട മാത്രമുള്ള ഏകാകിനിയായ പോരാളിയായിരുന്നു സീത എന്നും പറഞ്ഞ് ഈ അദ്ധ്യായം അവസാനിപ്പിക്കുമ്പോൾ മാത്രം നമുക്ക് അലോസരം തോന്നാം. പാതിവ്രത്യം എന്ന സ്ഥിര സ്നേഹം മാത്രമാണോ സീത ? ഏക പത്നീ വ്രതസ്ഥനായിരുന്നു രാമനും. അപ്പോൾ എന്താവാം സീതയുടെ ആന്തരിക വ്യക്തിത്വത്തിൻ്റെ അരോഗത? സത്യവചസ്സാവാൻ രാജ്യവും നഗരവും ഉപേക്ഷിച്ച രാമനേക്കാൾ സത്യസന്ധതയും സാന്ദ്ര സ്നേഹവും ചരാചരങ്ങളോടെല്ലാം അലിവും സീതയ്ക്ക് ഉണ്ട് എന്നതാണോ?

കാട്ടിൽ തളിർ പോലെ എന്ന അടുത്ത അദ്ധ്യായം ആശാൻ്റെ അനുരാഗനിർവചനം തന്നെയാണ് എന്ന് വിശദീകരിക്കുന്നു സജയ് മനോഹരമാണീ അദ്ധ്യായം. ടി. പത്മനാഭൻ്റെ കൃതികളിലെ ഏകാകിതകൾ സീതയുടെ ചിന്താവിഷ്ടതകൾ തന്നെയാണെന്ന് അടുത്തതായി പറയുന്നു.

സീതയുടെ വിചാരഭാഷ വിചാര രൂപകങ്ങൾ എങ്ങിനെ ലോകസാഹിത്യത്തിലെ ഒരു വ്യത്യസ്തതയാവുന്നു? "ചിന്താവിഷ്ടയായ സീതയിലെ ആഖ്യാന സമ്പ്രദായം ഡ്രമാറ്റിക് മോണോലോഗിൽ നിന്ന് മുന്നോട്ടായുകയും ബോധധാരയെന്ന ആധുനിക കഥനസങ്കേതത്തിൽ എത്തിച്ചേരാതിരിക്കുകയും ചെയ്യുന്നതിനിടയിലെ അന്തരാള ദശയുടെ ഉല്പന്നമാണ് " എന്ന് രേഖപ്പെടുത്തിയാണ് അവസാനം.

സ്തോഭശില്പി, കാടും കരുത്തുമായ സീത, വൃക്ഷവും പക്ഷിയും, പ്രമദം പൂണ്ടവൾ എന്ന് അദ്ധ്യായങ്ങൾ തുടരുമ്പോൾ ഈ പുസ്തകം കൂടുതൽ കാവ്യാത്മകവും ഭാവസുന്ദരവുമാവുന്നു 2024 ൽ , ആശാൻ്റെ അന്തിമ യാത്രയുടെ നൂറാമാണ്ടിൽ ഈ പുസ്തകം ഇറക്കിയതിൽ മാതൃഭൂമിയ്ക്ക് അഭിനന്ദനം. വിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കും വായനക്കാർക്കും പ്രയോജനപ്പെടുന്ന പുതിയ അന്തർ ബോധങ്ങളും നിരീക്ഷണങ്ങളും എണ്ണിയാലൊടുങ്ങാത്ത സഞ്ചാരങ്ങളും ഈ പുസ്തകത്തെ സവിശേഷമാക്കുന്നു. കാടും കാറ്റും തീയും മണ്ണും സൂര്യനും എല്ലാം പങ്കാളികളാകുന്ന വിശ്വരൂപദർശനങ്ങളിലേക്ക് സജയിൻ്റെ കാവ്യഭക്തി ചിലപ്പോൾ ഉയരുന്നത് ആനന്ദപ്രദമായ വായനാനുഭവം തരുന്നു. കുമാരൻ ആശാൻ എന്ന മഹാകവിയുടെ വാക്കുകൾക്ക് ഇത്രയും അടരുകൾ ഉള്ളത് ,ഓരോ വർഷവും പോകും തോറും അത് പുതിയ തളിരും പൂവും പഴവും നല്കുന്നത് മലയാള ഭാഷയുടെ അഭിമാനമാണ്. ആ വിശ്വകവിയ്ക്ക് നമസ്കാരം. 

Tags:    
News Summary - V.M. Girija writes About Sajay KV's book

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-06-09 06:34 GMT
access_time 2024-06-09 06:27 GMT