വെയിലു കായുന്ന പുസ്തകങ്ങൾ

സനാബീസിലെ മീൻ മാർക്കറ്റിൽ നല്ല തിരക്ക്. ആളുകൾ അകലം പാലിച്ചു കൊണ്ട് നിൽക്കുന്നു. കൂടുതലും അറബികളാണ്. മീനും അങ്ങനെ തന്നെ. സാൽമൻ, ഹമൂർ, ഷെറി തുടങ്ങിയ അറബി മീനുകൾ. ഒരു വലിയ മൽസ്യം പൊക്കി പിടിച്ച്അറബി ഉറക്കെ വിളിച്ചു പറഞ്ഞു, ഫ്രഷ് ഹമൂർ, ബഹ്റൈനി. ഇപ്പോൾ പിടിച്ചു കൊണ്ടു വന്ന നല്ല നാടൻ, ബഹ്റൈനി ഹമൂർ.

എല്ലാവരും മുഖപടം അണിഞ്ഞ് നിൽക്കുമ്പോൾ, കച്ചവടക്കാരുടെ മുഖപടം കഴുത്തിൽ തൂവാല പോലെ തൂങ്ങി കിടന്നു.

സനാബീസ് ഒരു ചെറിയ ഗ്രാമമാണ്. ഖമീസിന്റെയും ബർഹാമയുടെയും ഇടയിലുള്ള ഷിയാ മുസ്‌ലിങ്ങൾ തിങ്ങിനിറഞ്ഞ ഗ്രാമം. ഏഴാം നൂറ്റാണ്ടിൽ ഖലീഫ ഉമറിന്റെ കാലത്ത് പണിത ബഹ്റൈനിലെ ആദ്യത്തെ പള്ളി ഖമീസിലാണുള്ളത്. ബർഹാമ ധാരാളം വിദേശികൾ താമസിക്കുന്ന കെട്ടിടങ്ങൾ നിറഞ്ഞ സ്ഥലമാണ്. അവിടെയാണ് എന്‍റെ താമസം.

വീടിന് മുന്നിലുള്ള ഹൈപ്പർ മാർക്കറ്റിൽ നിന്നായിരുന്നു ഞാൻ ഇന്നലെ വരെ സാധനങ്ങൾ വാങ്ങിയിരുന്നത്. അബുദാബിയിലെ മുതലാളി നിർമ്മിച്ച പടുകൂറ്റൻ മാളിൽ എല്ലാ സാധനങ്ങളും കിട്ടും. ഉപ്പു തൊട്ട് കർപ്പൂരം വരെ. വാഴയിലയും ചേമ്പിലയും. എന്തിനേറെ കറിവേപ്പില പോലും വർണക്കടലാസിൽ പൊതിഞ്ഞു വിൽപ്പന നടത്തുന്ന മാളിൽ എപ്പോഴും നല്ല തിരക്കാണ്.

പതിവ് പോലെ മാളിൽ പോയി, പനി പരിശോധന കഴിഞ്ഞശേഷം മുകളിൽ കയറി അകത്ത് കടക്കാൻ നേരം ഒരു യന്ത്രത്തിൽ കയറ്റി വെള്ളം ചീറ്റി.. ഇത് പുതിയൊരു പരിപാടിയാണ്. ആദ്യമായാണ് വസ്ത്രങ്ങളിലെ അണുക്കളെ നശിപ്പിക്കുന്ന ഔഷധ മഴ നനയുന്നത്.

സാധനങ്ങൾ വാങ്ങി മാളിന്റെ താഴെ വരുന്ന നേരം ഒരു ചെറിയ ആൾക്കൂട്ടം കണ്ട് ഞാൻ നിന്നു. വൃദ്ധനായ ഒരു അറബിയുടെ ചുറ്റും സെക്യൂരിറ്റി ജീവനക്കാർ വലയം ചെയ്തു നിൽക്കുന്നു. പനി പരിശോധനയിൽ വൃദ്ധന് നേരിയ തോതിൽ പനിയുടെ ലക്ഷണം. സെക്യൂരിറ്റിക്കാർ വിളിച്ചു വരുത്തിയ ആംബുലൻസ് സൈറൺ മുഴക്കി വന്നു നിന്നു. വൃദ്ധനെ കയറ്റി അലറി വിളിച്ചു പാഞ്ഞു പോയി.

നേരിയ പേടിയോടെ നെറ്റിയിൽ തൊട്ടുനോക്കിയപ്പോൾ ചെറിയ തോതിൽ ചൂട് തോന്നിയതിനാൽ ഞാൻ പെട്ടെന്ന് തന്നെ പുറത്ത് ഇറങ്ങി. മാളിൽ നിന്ന് തിരിച്ചു വരുന്ന നേരം പരിശോധന ഇല്ലാത്തത് നന്നായി.

ഇനി തൽക്കാലം ഞാൻ ഈ മാളിലേക്ക് ഇല്ല. ചെറിയ ഒരു പനി കണ്ടാൽ ഉടൻ അവർ ആംബുലൻസ് വിളിച്ചു വരുത്തും. ആംബുലൻസിന്റെ നിലവിളി കേട്ടാൽ തന്നെ എനിക്ക് പേടിയാകും.

സനാബീസ് മാർക്കറ്റിൽ ഒരു പരിശോധനയുമില്ല. അറബി മീനുകളെ ഒഴിവാക്കി,ഞാൻ പരിചയമുള്ള മീൻ തേടി നടന്നു. കുറച്ചു അകലെ കണ്ട ഒരു ബംഗാളി മീൻ വിൽപ്പനക്കാരനിൽ നിന്ന് അയലയും മത്തിയും വാങ്ങി ഞാൻ നടന്നു.

രാവിലെത്തെ വെയിലിന് നല്ല ചൂട്. മെയ് മാസത്തിൽ ഇത്രയും ചൂട് ഉണ്ടാവാറില്ല. ഈന്തപ്പനകളുടെ തണൽ പറ്റി ഞാൻ വീട്ടിലേക്ക് നടന്നു. പച്ച നിറമുള്ള ഈന്തപ്പഴ കുലകൾ കാണാൻ നല്ല ഭംഗി. ജൂൺ മാസമാകുന്നതോടെ ഈന്തപഴങ്ങൾക്ക് നല്ല സ്വർണ നിറമായിരിക്കും.

മൂടുപടം അണിയാതെ കുട ചൂടി വന്ന ഫിലിപ്പിനോ യുവതി അടുത്ത് എത്തിയപ്പോൾ കുട കൊണ്ട് മുഖം മറച്ചു നടന്നു പോയി. എനിക്ക് എന്റെ വേലക്കാരിയെ ഓർമ്മ വന്നു. ബസ് സർവീസ് നിർത്തി വെച്ചതിനു ശേഷം അവൾ ജോലി ചെയ്യാൻ വരാറില്ല. എല്ലാം ശരിയായാൽ വരാമെന്നാണ് അവൾ പറഞ്ഞത്. പാവം, നാളെ അവൾക്ക് കുറച്ച് കാശ് കൊടുത്തയക്കണം.

വീട്ടിൽ എത്തി മീൻ പെണ്ണൊരുത്തിയെ ഏൽപ്പിച്ചു. ഗ്ലൗസും മാസ്ക്കും അഴിച്ചു ഡസ്ററ് ബിന്നിൽ ഇട്ടു. വസ്ത്രം അഴിച്ചു അലക്കു യന്ത്രത്തിലിട്ടു. ഡെറ്റോൾ ഒഴിച്ചു, സോപ്പുപൊടിയും ചേർത്ത് അലക്കാനിട്ടു.

ഡെറ്റോൾ സോപ്പ് തേച്ച് ചൂട് വെള്ളത്തിൽ കുളിച്ചു. വസ്ത്രം മാറി നേരെ അടുക്കളയിൽ ചെന്നു.

ഈയിടെയായി വീടിന് മൊത്തം ഡെറ്റോളിന്റെ മണമാണ്. അടുക്കളയിൽ പെണ്ണൊരുത്തി മൊബൈൽ ഫോണിൽ യൂട്യൂബ് കണ്ടിരിക്കുന്നു. മീൻ ജനൽപടിയിൽ വെയിലും കൊണ്ടിരിക്കുന്നു. ഈ കെട്ട കാലത്ത് മീൻ ഇത്തിരി വെയിലു കൊള്ളുന്നത് നല്ലതാണ്.

മീൻ പൂച്ച തിന്നാലോ എന്ന് ഞാൻ സന്ദേഹിച്ചപ്പോൾ ഇന്ത്യക്കാരന്റെ വില കുറഞ്ഞ മീൻ അറബിപ്പൂച്ച തിന്നുകയില്ലെന്ന് പെണ്ണൊരുത്തി. ശരിയാണ്, വിലകൂടിയ ഹമൂറും സാൽമനും തിന്നുന്ന അറബിപ്പൂച്ച മത്തിയും അയലയും മണത്ത് പോലും നോക്കുകയില്ല.തണുത്ത നാരങ്ങ വെള്ളം കുടിക്കാനുള്ള മോഹം മാറ്റി നിർത്തി, നേരിയ ഒരു നീരസത്തോടെ

കരിഞ്ചീരകവും ഇഞ്ചിയും നാരങ്ങയും ചേർത്ത് ഉണ്ടാക്കിയ ചൂടുള്ള പാനീയം ഫ്ലാസ്കിൽ നിന്ന് ഗ്ലാസിൽ ഒഴിച്ചു ഒരു സ്പൂൺ തേൻ ചേർത്ത് കുടിച്ചു . ആരോഗ്യദായനി എന്ന ഈ പാനീയമാണ് ഇപ്പോൾ ഇവിടെ പതിവായി എല്ലാവരും കുടിക്കുന്നത്. ഒരു ആപ്പിൾ എടുത്തു കടിച്ചു, സോപ്പിന്റെ മണം.

പഴവർഗങ്ങൾ സോപ്പ് ഉപയോഗിച്ച് കഴുകി വൃത്തിയാക്കിയാണ് ഇപ്പോൾ തിന്നുന്നത്.

ഞാൻ നേരെ ബെഡ്റൂമിലേക്ക് ചെന്നു. ബെഡ് റൂമിലെ ബാൽക്കണിയിൽ കെ.ആർ. മീരയും പ്രൊതിമാ ബേദിയും വെയിലു കായുന്ന കാഴ്ച കണ്ടു ഞാൻ അന്തംവിട്ട് നിന്നു. ആശ്ചര്യത്തോടെ അങ്ങനെ നിൽക്കുന്ന നേരം പെണ്ണൊരുത്തി പിറകിൽ വന്നു പറഞ്ഞു, "കുറച്ചു നേരം കൂടി അവിടെ തന്നെ ഇരിക്കട്ടെ." ഒരു മൂളിപ്പാട്ടും പാടി അവൾ അടുക്കളയിലേക്ക് പോയി.

മീരയേയും പ്രോതിമയേയും ഞാൻ കൗതുകത്തോടെ നോക്കി ഇരുന്നു.

കുങ്കുമവർണത്തിലുള്ള ബോർഡറോട് കൂടിയുള്ള സാരിയും, അതിനു ചേർന്ന തൂങ്ങുന്ന കമ്മലും, അതേ നിറത്തിലുള്ള മുത്തുകൾ കോർത്തിണക്കിയ മാലയും അണിഞ്ഞ് നന്നായി ഒരുങ്ങി തന്നെ ആണ് മീര ഇരിക്കുന്നത്. ഒരു കൈയിൽ ലോഹത്തിന്റെ വളയും വിരലുകളിൽ പവിഴമോതിരവും അണിഞ്ഞ് ആരെയോ കാത്തിരിക്കുന്ന മട്ടിൽ വിടർന്ന കണ്ണുകളോടെയുള്ള മീരയുടെ നോട്ടം അകലെയാണ്. നെറ്റിയിലെ കറുത്ത കുഞ്ഞു പൊട്ട് കണ്ണ് കിട്ടാതിരിക്കാൻ തൊട്ടതാവാം.


പ്രൊതിമയാണെങ്കിൽ ആരേയും കൂസാതെ വലിയ ചുവന്ന പൊട്ടും തൊട്ട് നിർഭയത്വം നിറഞ്ഞ മുഖവുമായി, വെളുക്കെ ചിരിച്ചു കൊണ്ട് ഇരിക്കുന്നു. വൈരക്കൽ മൂക്കുത്തിയും കറുത്ത ചരടിൽ കൊരുത്ത ലോക്കറ്റോടുകൂടിയുള്ള മാലയും അഴിച്ചിട്ട തലമുടിയും ചേർന്ന ഒരു വലിയ പെണ്ണടയാളം.

ഇതെല്ലാം വെറും ഒരു ടൈംപാസ് എന്ന ഭാവത്തിലാണ് പ്രോതിമ. ആ നേരം എന്റെ മൊബൈലിൽ സുഹൃത്തിന്റെ സന്ദേശം വന്നു. കെ.ആർ. മീരയുടെ എന്റെ ജീവിതത്തിലെ ചിലർ, പ്രോതിമ ബേദിയുടെ ടൈം പാസ് രാവിലെ തന്നെ കൊടുത്തു വിട്ടിട്ടുണ്ട്. സോപ്പ് ഇട്ട് നാശമാക്കാതെ ഇത്തിരി നേരം വെയിൽ കാണിച്ചാൽ മതി.

അപ്പോൾ അതാണ്‌ കാര്യം. പെണ്ണൊരുത്തിയെ നോക്കി ഞാൻ ചിരിച്ചു.

അങ്ങനെ മീരയും പ്രോതിമയും എന്റെ ബുക്ക് ഷെൽഫിൽ കയറിയിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 06:38 GMT
access_time 2024-05-05 06:34 GMT