ഗുഹയും തത്തയും

മതനിരപേക്ഷതയെ ഹിന്ദു-മുസ്‍ലിം മതപ്രശ്നമാക്കേണ്ടത്, ബ്രാഹ്മണിക് മേൽക്കോയ്മയുടെ ആവശ്യമാണ്. അതുതന്നെയാണ് ആനന്ദമഠത്തിലും സംഭവിച്ചത്. ഇന്ത്യൻ ജാതിമേൽക്കോയ്മാ പ്രത്യയശാസ്ത്രം പൊതുവിൽ വെച്ചുപുലർത്തിയത് തീവ്രമുസ്‍ലിം ശത്രുതയും, തീവ്ര ബ്രിട്ടീഷ് സൗഹൃദവുമാണ്. 1857ലെ ഒന്നാമത്തെ ‘സ്വാതന്ത്ര്യസമരം’ ഹിന്ദു-മുസ്‍ലിം ഐക്യത്തിന്റെകൂടി ഗംഭീര പ്രഖ്യാപനമായിരുന്നു.

ഒന്ന്

കേരളത്തിന്റെ മുഖ്യമന്ത്രിയായി വി.ഡി. സതീശനും മന്ത്രിസഭയും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റതിൽ അഭിനന്ദനങ്ങൾ. സംസ്ഥാനത്തിന്റെ വികസനത്തിനും ജനക്ഷേമപ്രവർത്തനങ്ങൾക്കും എല്ലാവിധ പിന്തുണയും ആശംസകളും അറിയിക്കുന്നു.സത്യപ്രതിജ്ഞാ ചടങ്ങിൽ വന്ദേമാതരം മുഴുവനായും ആലപിച്ചതുമായി ബന്ധപ്പെട്ട് ആശങ്ക രേഖപ്പെടുത്തുകയാണ്. ഔദ്യോഗികമായി പൊതുവെ അംഗീകരിക്കുകയും ആലപിക്കപ്പെടുകയും ചെയ്തിരിക്കുന്നത് വന്ദേമാതരത്തിന്റെ ആദ്യത്തെ രണ്ട് ഈരടികളാണ്. വന്ദേമാതരത്തിലെ തുടർന്നുവരുന്ന ഭാഗങ്ങൾ ചരിത്രപരമായി വിവാദങ്ങൾക്ക് ഇടയാക്കിയതും ആശങ്ക ഉയർത്തിയതുമാണ്. രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനു മുമ്പും സ്വാതന്ത്ര്യാനന്തര കാലത്തും വിവിധ സംസ്ഥാനങ്ങളിൽ വന്ദേമാതരം നിർബന്ധമാക്കാനുള്ള ശ്രമങ്ങൾ വിവാദമായിരുന്നല്ലോ. ചില സംഘടനകളും പൗരാവകാശ പ്രവർത്തകരും ഇത് നിർബന്ധമാക്കുന്നത് ഭരണഘടനാ സ്വാതന്ത്ര്യത്തേയും മതനിരപേക്ഷതയേയും ബാധിക്കുമെന്ന് അഭിപ്രായപ്പെട്ടതുമാണ്.

സുപ്രീംകോടതിയുടെ സമീപകാല നിരീക്ഷണപ്രകാരം, വന്ദേമാതരം ആലപിക്കണമെന്ന കേന്ദ്രസർക്കാർ നിർദേശം സംസ്ഥാനങ്ങൾക്ക് ഒരു advisory മാത്രമാണ്, അത് നിർബന്ധിതമല്ലെന്നും അനുസരിക്കാത്തതിന് ഒരു ശിക്ഷാനടപടിയും ഇല്ലെന്നും വ്യക്തമാക്കിയിട്ടുമുണ്ട്. സത്യപ്രതിജ്ഞാചടങ്ങിൽ ലോക്ഭവന്റെ ഭാഗത്തുനിന്നു വന്ന പല നിർദേശങ്ങളും തിരുത്താൻ കാണിച്ച ഇടപെടൽ വന്ദേമാതരം മുഴുവനായും ചൊല്ലിയ വിഷയത്തിൽ ഉണ്ടാവണമായിരുന്നു. മതനിരപേക്ഷതയും ബഹുസ്വരതയും ഉയർത്തിപ്പിടിക്കുന്ന നമ്മുടെ പൊതുബോധത്തോട് കൂടുതൽ ചേർന്നുനിൽക്കുന്ന സമീപനങ്ങൾ സ്വീകരിക്കാൻ പുതിയ സർക്കാർ ശ്രദ്ധിക്കണം എന്ന് അഭ്യർഥിക്കുന്നു.

ഇടതുപക്ഷ എം.എൽ.എ എന്ന നിലയിൽ സർക്കാറിനെ തുടക്കത്തിലേ കണ്ണടച്ച് എതിർക്കുകയാണെന്ന് ഈ നിലപാട് പറഞ്ഞതിന്റെ ഭാഗമായി വ്യാഖ്യാനിക്കാൻ ശ്രമിക്കുന്നതിനു പകരം ഈ വിഷയത്തിൽ ഭരണഘടന മുറുകെപ്പിടിച്ച് ഉയർത്തിയ മെറിറ്റിലേക്ക് കടക്കുമെന്ന് പ്രതീക്ഷിക്കുന്നു.എല്ലാവരെയും ഉൾക്കൊള്ളുന്ന ഭരണവും, ജനാധിപത്യ മൂല്യങ്ങൾ ശക്തിപ്പെടുത്തുന്ന പ്രവർത്തനങ്ങളും പുതിയ സർക്കാറിൽനിന്നും ഉണ്ടായാൽ പിന്തുണക്കും.

ഒരിക്കൽകൂടി ബഹുമാനപ്പെട്ട മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും എല്ലാവിധ ആശംസകളും നേരുന്നു - പി.എ. മുഹമ്മദ് റിയാസ്.യു.ഡി.എഫ് സർക്കാറിന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ വന്ദേമാതരത്തിന്റെ ആദ്യ ഈരടികൾക്കു പുറമെ ഗാനം മുഴുവനായും പാടിയത് ഭരണഘടന മുന്നോട്ടുവെക്കുന്ന മതനിരപേക്ഷതയെന്ന ആശയത്തിനെതിരാണ് എന്ന നിലപാട് ഞങ്ങൾ ചൂണ്ടിക്കാട്ടിയിരുന്നു. മുഖ്യമന്ത്രി വി.ഡി. സതീശൻ ഇപ്പോൾ നടത്തിയ പത്രസമ്മേളനത്തിൽ ഞങ്ങൾ ഉയർത്തിയ നിലപാട് ശരിവെച്ചിരിക്കുകയാണ്. യഥാർഥ മതവിശ്വാസികൾ ഉൾപ്പെടെ ആഗ്രഹിക്കുന്ന മതനിരപേക്ഷ നിലപാട് ഉയർത്തിയതിന് ബി.ജെ.പിയുടെ നേതൃത്വത്തിൽ ഒട്ടേറെ വ്യക്തി അധിക്ഷേപങ്ങളും കോലം കത്തിക്കലും ഉൾപ്പെടെ നേരിടേണ്ടിവന്നു.

ഞങ്ങൾ ഉയർത്തിയ വിമർശനം ശരിയായിരുന്നു എന്ന് മുഖ്യമന്ത്രിയുടെ പ്രസ്താവനയിലൂടെ സ്ഥിരീകരിക്കപ്പെട്ടിരിക്കയാണ്. ക്രിയാത്മക പ്രതിപക്ഷ ധർമവും മതനിരപേക്ഷത മുറുകെപ്പിടിക്കുക എന്ന കടമയും ഇവിടെ നിർവഹിക്കപ്പെട്ടിരിക്കയാണ്. വന്ദേമാതരം പൂർണമായും ആലപിക്കുമെന്ന കാര്യം അറിഞ്ഞിരുന്നില്ല എന്ന മുഖ്യമന്ത്രിയുടെ പരാമർശത്തോട് വ്യത്യസ്ത അഭിപ്രായമുണ്ടെങ്കിലും പുതിയ സർക്കാർ എന്ന നിലയിൽ അതിപ്പോൾ ഉന്നയിക്കുന്നില്ല. കോലമല്ല സ്വശരീരംതന്നെ കത്തിച്ചാലും മതനിരപേക്ഷ നിലപാടിൽനിന്ന് പിറകോട്ട് പോകുന്നവരല്ല ഞങ്ങൾ -പി.എ. മുഹമ്മദ് റിയാസ്.ആരൊക്കെ എത്ര തലകുത്തി മറിഞ്ഞാലും കേരളത്തിൻെറ സിരകളിൽ ഇപ്പോഴുമൊഴുകുന്നത് പ്രക്ഷോഭത്തിൻെറ ചുവപ്പൻ ചോരയെന്ന് ധീരമായി സാക്ഷ്യപ്പെടുത്തിയ, കാലം കാത്തുനിന്ന ഫേസ്ബുക്ക് പോസ്റ്റിന് അഭിവാദ്യങ്ങൾ.

രണ്ട്

നമ്മുടെ ദേശീയഗീതമായ വന്ദേമാതരഗീതം മുമ്പും സംവാദവിധേയമായിട്ടുണ്ട്. അത്രമാത്രമല്ല, ആ ഗീതം ഉൾപ്പെടുന്ന ‘ആനന്ദമഠം’ എന്ന നോവലും, അതെഴുതിയ ബങ്കിം ചന്ദ്ര ചാറ്റർജിയും നിശിതമാംവിധം വിമർശിക്കപ്പെടുകയും ചെയ്തിട്ടുണ്ട്. സാഹിത്യസമ്രാട്ട് എന്ന പ്രശംസയും ബ്രിട്ടീഷ് ദാസ്യവൃത്തി നിർവഹിച്ചവൻ എന്ന നിന്ദയും അദ്ദേഹത്തിന് ഏറ്റുവാങ്ങേണ്ടിവന്നിട്ടുണ്ട്. ആർക്ക് എന്തൊക്കെ കാര്യത്തിൽ അഭിപ്രായവ്യത്യാസമുണ്ടായാലും, ‘ആനന്ദമഠം’ എന്ന ബങ്കിം ചന്ദ്ര ചാറ്റർജിയുടെ പല കാരണങ്ങളാൽ കോളിളക്കം സൃഷ്ടിച്ച നോവൽ മതനിരപേക്ഷതക്ക് മുറിവേൽപിക്കുന്നതിൽ ഏറെ മുന്നിൽനിന്ന നോവലാണെന്ന കാര്യം ആർക്കും മായ്ച്ചുകളയാനാവില്ല. പ്രശസ്ത സാംസ്കാരിക വിമർശകനായ ശംസുൽ ഇസ്‍ലാം ഗുജറാത്ത് വംശഹത്യയെ ഈ നോവലിൻെറ തുടർച്ചയായാണ് കാണുന്നതെന്നറിയുമ്പോൾ ‘ആനന്ദമഠ’ത്തിൻെറ ‘മദ്ഹ്’ ആർക്കും മനസ്സിലാവും.

ബ്രാഹ്മണ മേൽക്കോയ്മക്കും, ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനും ആവശ്യത്തിലേറെ ആനന്ദം നോവൽ പകർന്നിരിക്കാം. കൊലക്കും കൊള്ളക്കും തീവെപ്പിനും അലർച്ചക്കും ആവശ്യത്തിലേറെ ഇന്ധനം നോവൽ ഒരുക്കിയിരിക്കാം. ചരിത്രവിരുദ്ധതക്കും, നൈതിക നശീകരണത്തിനും ഊർജം പകരുന്നതിൽ നോവൽ ഏറെ മുന്നോട്ടുപോയിരിക്കാം. ‘ഹിന്ദുരാഷ്ട്രത്തിൻെറ വേദഗ്രന്ഥം’ എന്ന വിശിഷ്ട പദവി ലഭിച്ച ‘ആനന്ദമഠം’ എന്ന നോവലിലെ, ‘സുജലയും സുഫലും സസ്യശ്യാമളയുമായ’ സ്വന്തം നാടിന്റെ പ്രകൃതിഭംഗി ആരുടെയും മനം കവരും. നോവലിലെ മതനിരപേക്ഷവിരുദ്ധ നിലപാടുകൾക്കെതിരെ വിമർശം കത്തിനിന്ന കാലത്തുപോലും, ആ ഭാഗം മാത്രം സർവരും ഉൾക്കൊണ്ടു. അങ്ങനെയാണ് ജനഗണമന ദേശീയഗാനവും, വന്ദേമാതരം ദേശീയഗീതവുമായത്. 1938 വരെ കോൺഗ്രസിൽ ഹിന്ദുമഹാസഭാ പ്രവർത്തകർ സജീവമായിരുന്നു. എന്നിട്ടും 1937ൽ കോൺഗ്രസ് പ്രവർത്തകസമിതി വന്ദേമാതരത്തിലെ ‘ദുർഗാസ്തുതി’ തള്ളിക്കളയുകയാണുണ്ടായത്. ഇത് ഇപ്പോൾ പലരും കരുതുന്നതുപോലെ മുസ്‍ലിം ആശങ്ക ഒഴിവാക്കാൻ മാത്രമായല്ല, ഹിന്ദുമതത്തിലെ അടിസ്ഥാന വിഭാഗങ്ങൾ ബുദ്ധ ജൈന ക്രൈസ്തവ ഇസ്‍ലാം മതവിശ്വാസികൾ, ഇതിൽപെട്ടവരും പെടാത്തവരുമായ മതനിരപേക്ഷകർ, മതരഹിതർ എന്നിവരുടെയെല്ലാം താൽപര്യം സംരക്ഷിക്കാനായിരുന്നു.

ബി.ആർ. അം​ബേ​ദ്ക്ക​ർ, ബ​ങ്കിം ച​ന്ദ്ര ചാ​റ്റ​ർ​ജി​

മതനിരപേക്ഷതയെ ഹിന്ദു-മുസ്‍ലിം മതപ്രശ്നമാക്കേണ്ടത്, ബ്രാഹ്മണിക് മേൽക്കോയ്മയുടെ ആവശ്യമാണ്. അതുതന്നെയാണ് ആനന്ദമഠത്തിലും സംഭവിച്ചത്. ഇന്ത്യൻ ജാതിമേൽക്കോയ്മാ പ്രത്യയശാസ്ത്രം പൊതുവിൽ വെച്ചുപുലർത്തിയത് തീവ്രമുസ്‍ലിം ശത്രുതയും, തീവ്ര ബ്രിട്ടീഷ് സൗഹൃദവുമാണ്. 1857ലെ ഒന്നാമത്തെ ‘സ്വാതന്ത്ര്യസമരം’ ഹിന്ദു-മുസ്‍ലിം ഐക്യത്തിന്റെകൂടി ഗംഭീര പ്രഖ്യാപനമായിരുന്നു. അതിൽ പങ്കെടുത്തവരെ പൊതുവിലും മുസ്‍ലിംകളെ പ്രത്യേകിച്ചും വേട്ടയാടിക്കൊണ്ടിരുന്ന സമയത്താണ്, ബങ്കിം ചന്ദ്ര ചാറ്റർജിയെ ബ്രിട്ടീഷ് സർക്കാർ ഡെപ്യൂട്ടി മജിസ്ട്രേറ്റായി നിയമിക്കുന്നത്. ആ പദവിയിലേക്ക് അതും ‘രാജ്യസ്നേഹികളെ’ വളഞ്ഞിട്ട് വേട്ടയാടുന്ന സമയത്ത് ബംഗാളിൽ നിയമിക്കപ്പെട്ട ആദ്യ ഇന്ത്യക്കാരനാവാനുള്ള അസുലഭസന്ദർഭം അദ്ദേഹത്തിനാണ് ലഭിച്ചത്. അതോടൊപ്പം 1891ൽ ഡിസ്ട്രിക്ട് മജിസ്ട്രേറ്റായി വിരമിക്കുമ്പോൾ റായിബഹദൂർ ബിരുദം നൽകി ബ്രിട്ടീഷുകാർ അദ്ദേഹത്തെ ആദരിച്ചതും ചരിത്ര വസ്തുതയാണ്.

1857ലെ സ്വാതന്ത്ര്യസമരത്തിനു മുമ്പ് ബ്രിട്ടീഷുകാരെ കിടിലംകൊള്ളിച്ച സന്യാസി ഫക്കീർ കലാപമാണ് ആനന്ദമഠത്തിന്റെ യഥാർഥ പശ്ചാത്തലമാകേണ്ടിയിരുന്നത്. ഹിന്ദു-മുസ്‍ലിം ആത്മീയ നേതാക്കളുടെ നേതൃത്വത്തിൽ നടന്ന ആ സമരത്തോടൊപ്പം, ബ്രിട്ടീഷ് സാമ്രാജ്യത്വത്തെ ഏറ്റവും അസ്വസ്ഥമാക്കിയത്, ഉരുക്കുപോലെ ഉറച്ച സാമുദായിക ഐക്യമാണ്. അന്നത്തെ ബ്രിട്ടീഷ് ഗവർണർ ജനറൽ വാറൻ ഹേസ്റ്റിങ്സ് അക്കാര്യം മറച്ചുവെച്ചില്ല. അദ്ദേഹം ഇവരെ രണ്ടായി കാണാതെ, ഒന്നായിക്കണ്ട് ‘സന്യാസിഫക്കീറുകൾ’ എന്നത്രെ വിളിച്ചത്. എന്നാൽ, ബങ്കിം ചന്ദ്ര ചാറ്റർജി സമരധീരരായ ഫക്കീറുകളെ വെട്ടിനിരത്തുകയാണ് ചെയ്തത്. ബ്രിട്ടീഷുകാരുടെ ബയണറ്റുകൾക്ക് ചെയ്യാൻ കഴിയാത്ത സാമുദായിക ഐക്യം പൊളിക്കുകയെന്ന കാര്യപരിപാടി ബങ്കിം ചന്ദ്രൻ ഒരു നോവലെഴുതി വേണ്ടപ്പെട്ടവർക്ക് നടപ്പാക്കിക്കൊടുത്തു. ഫക്കീറുകളുടെ നേതാക്കളിലൊരാളായ മജ്നുഷായും സന്യാസിനേതാവായ ഭവാനി പഥക്കും തമ്മിലുള്ള അഗാധസൗഹൃദം ആനന്ദമഠം കർത്താവ് കണ്ടില്ല. കണ്ടത് കുടിലതകളും കൊള്ളരുതായ്മകളും. ആഘോഷിച്ചത് അലർച്ചകളും തീവെപ്പുകളും.

ചവിട്ടിയാർത്തത് ചരിത്രത്തിലും മൃതദേഹങ്ങളിലും! “…Kill Kill all Muslims…” somebody said, “Brother, a day will come when we will destroy mosque…” ആനന്ദമഠം നോവലിൽ കണ്ട ഭീകരതകൾതന്നെയാണ് ഗുജറാത്ത് വംശഹത്യയിൽ പുനരവതരിക്കപ്പെട്ടതെന്ന് ശംസുൽ ഇസ്‍ലാം. യഥാർഥത്തിൽ, ആനന്ദമഠം നോവലിലെ ഇത്തരം രംഗങ്ങളുടെ പുനരാവിഷ്‍കാരം ശാഖകളിൽ കളിക്കാറുള്ള കളികളിൽ ഒന്നാണെന്നും കൂടി അദ്ദേഹം പറയുന്നത് കേൾക്കുമ്പോൾ, ജനായത്തവാദികളിൽ മരവിച്ചുപോയവർപോലും പൊള്ളി പിടയും. ബ്രിട്ടീഷുകാർ ധീരരും നാഗരികരുമാണ്. അവരുടെ ഭരണം ആവശ്യമാണ്. മുസ്‍ലിംകൾ ഭീരുക്കളും അപരിഷ്കൃതരുമാണ്. താടിവെച്ച വഷളന്മാർ, മൊട്ടകൾ, എന്നിങ്ങനെയുള്ള ‘വാഴ്ത്തലുകൾക്കും’ നോവലിൽ കുറവില്ല.

ദുർഗാദേവിയെ പൂജിക്കാനും പൂജിക്കാതിരിക്കാനും ആർക്കും അവകാശമുണ്ട്. എന്നാൽ, അതൊരു കലാപാഹ്വാനമായി, ‘ആനന്ദമഠം’ നോവലിൽ പ്രവർത്തിക്കുമ്പോൾ, ഇന്ത്യയിൽ പലയിടത്തും പ്രായോഗികമായി അതാവർത്തിക്കപ്പെടുമ്പോൾ, അത് വിശ്വാസ-വിശ്വാസരഹിത പശ്ചാത്തലത്തിനപ്പുറമുള്ള പ്രശ്നമായിത്തീരും. സൂക്ഷ്മാർഥത്തിൽ, വന്ദേമാതരസംവാദം സംഘ്പരിവാർ കെട്ടിപ്പൊക്കിയ മേൽക്കോയ്മാ ദേശീയതക്കെതിരായ സമരമായി വികസിപ്പിക്കപ്പെടേണ്ടതുണ്ട്. എന്നാൽ, വന്ദേമാതരത്തിനു ചുറ്റും മാത്രം കറങ്ങിയാൽ ആ ദൗത്യം നിർവഹിക്കാൻ ജനായത്തത്തിന് കഴിയില്ല. ആരാണ് ഇന്ത്യക്കാർ എന്നതിനെക്കുറിച്ച് ജാതിമേൽക്കോയ്മ നിർമിച്ച മിത്തുകൾ പൊളിക്കാതെ ഒരാൾക്കും ഇന്ന് പ്രബുദ്ധ ഇന്ത്യക്കാരാവാൻ കഴിയില്ല.

‘ആനന്ദമഠം’ വികസിപ്പിക്കുന്ന ‘ദേശീയതാ’ കാഴ്ചപ്പാട് ആധുനിക ദേശീയ സമീപനങ്ങളെ മുഴുവൻ കടപുഴക്കുംവിധം വിധ്വംസകമാണ്. ജാതിമേൽക്കോയ്മ നിർമിച്ച ‘ശുദ്ധി-അശുദ്ധി’കളിലാണ്, ജാതിദേശീയതയുടെ പുണ്യ-പാപ വേര് ആഴ്ന്നുകിടക്കുന്നത്. സാധാരണഗതിയിൽ ഓരോരോ ജനതയും സ്വന്തം രാജ്യത്തോട് പുലർത്തുന്ന സ്നേഹബഹുമാനങ്ങളുടെ ചട്ടക്കൂടാകെ പൊളിക്കുന്ന തരത്തിലുള്ളതാണ് ഫാഷിസ്റ്റ് ദേശപൂജ. ദേശീയതയും ‘ദേശപൂജയും’ രണ്ടാണെന്ന തിരിച്ചറിവിൽ വെച്ചാണ് ആനന്ദമഠം നോവലും, അതിൻെറ ന്യൂക്ലിയസായ ദേവീപൂജയെ കൊണ്ടാടുന്ന ഭാഗവും വിചാരണവിധേയമാവുന്നത്. രാഷ്ട്രത്തിലെ പ്രകൃതിയെ പ്രശംസിക്കുന്നിടത്തല്ല, വിയോജിപ്പ്. ‘പരാക്രമവാദത്തെ പുനരുജ്ജീവിപ്പിക്കുക’ എന്ന ഫാഷിസ്റ്റാശയ ഇടത്തിൽ വെച്ചുപോലുമല്ല സൂക്ഷ്മ വിയോജിപ്പ്.

അതിനൊക്കെയപ്പുറം ആ പരാക്രമവാദം ഒരു രാഷ്ട്രത്തിലെ ഭൂരിപക്ഷം വരുന്ന ജനതക്കെതിരെ തിരിച്ചുവെച്ച വിദ്വേഷത്തിൻെറയും വിഭജനത്തിൻെറയും ഭാഗമായതുകൊണ്ടാണ്, യഥാർഥ ദേശീയ നിലപാട് പുലർത്തുന്നവർ, അതിനെ തള്ളിക്കളയണമെന്ന് നിരന്തരം ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്നത്. ‘ദേവന്മാർ മംഗളാപദാനങ്ങൾ പാടുന്ന ഈ ഭാരതം നമ്മുടെ പുണ്യഭൂമിയാണ്’, ‘ഈ നാടു മുഴുവൻ തപോഭൂമിയാണ്, ഈ നാട് കുറഞ്ഞ സദ് വൃത്തികൊണ്ട് ആയിരം ഇരട്ടി സദ്ഫലം കിട്ടുന്ന സ്ഥലമാണ്, ഈശ്വരസാക്ഷാത്കാരത്തിന് തിരഞ്ഞെടുക്കപ്പെട്ട നാടാണിത്, ഇവിടത്തെ ഓരോ തരി മണ്ണിലും ദിവ്യത്വം തിളങ്ങുന്നു, വിശ്വജനനിയുടെ പ്രത്യക്ഷ രൂപമാണ് ഈനാട്, ഭാരതം വിശ്വഗുരുവാണ്’ തുടങ്ങിയ ദേശപൂജാ സ്തുതികളുടെ തുടർച്ചയിലാണ്, വന്ദേമാതരത്തിലെ ദുർഗാസ്തുതിയെ കണ്ണിചേർക്കേണ്ടത്.

‘ജംബുദ്വീപേ ഭാരതവർഷേ ഭാരതഖണ്ഡേ...നമ്മുടെ മതചടങ്ങുകളെല്ലാം ഭൂമിപൂജയോടുകൂടി ആരംഭിക്കുന്നു’ എന്ന്, സംഘ്പരിവാർ സൈദ്ധാന്തിക കൃതികൾ പ്രഖ്യാപിക്കുന്നു. വ്യക്തികളുടെയോ മതംജാതി വിഭാഗങ്ങളുടേയോ വിശ്വാസം എന്ന നിലയിൽ അത് പ്രസക്തമാണ്. എന്നാൽ, ഒരു വിഭാഗത്തിന്റെ മാത്രം ആചാരങ്ങളെ അതിൽനിന്ന് വ്യത്യസ്തമായ ജനവിഭാഗങ്ങളുടെ മേൽ അവരുടെ അനുവാദംപോലും ആവശ്യപ്പെടാതെ അടിച്ചേൽപിക്കുന്നതിന് മറ്റെന്ത് പേരിട്ട് വിളിച്ചാലും, ‘ദേശീയത’ എന്നുമാത്രം വിളിക്കരുത്. സംഘ്പരിവാർ ശക്തികൾ കൊണ്ടാടുന്ന ‘ദേശീയത’ അഹിന്ദുക്കൾക്ക് മേൽ കെട്ടിവെക്കുന്നത് നാല് ധർമങ്ങളാണ്.

അവയെ രാഷ്ട്രധർമം, സമാജധർമം, കുലധർമം, വ്യക്തിധർമം എന്നിങ്ങനെ വിഭജിക്കുകയും ചെയ്തിട്ടുണ്ട്. ഇതിൽ അഹിന്ദുക്കൾക്ക് സ്വന്തം ഇഷ്ടം അനുവദിച്ചിരിക്കുന്നത് ‘വ്യക്തിധർമത്തിൽ’ മാത്രമാണ്. വിചാരധാര പറയുന്നത്, രാഷ്ട്രധർമവും സമാജധർമവും കുലധർമവും തങ്ങൾ നിർദേശിക്കുംവിധം അഹിന്ദുക്കൾ യഥാവിധി നിർവഹിച്ചശേഷം, ഖുർആനെയോ ബൈബിളിനെയോ അടിസ്ഥാനമാക്കിയ പ്രാർഥന നിർവഹിക്കുകയാണെങ്കിൽ, നമുക്ക് ഒരു എതിർപ്പുമില്ലെന്നാണ്! എന്തൊരു ഔദാര്യം. ഒരു മതത്തിലും വിശ്വസിക്കാത്തവർക്ക് ‘നോ സൗജന്യം’!

പൊതുബോധത്തിൽ നിറഞ്ഞുനിൽക്കുന്ന ദുർഗാപൂജയുടെ കീഴാളമറുവശം കാണാനും വായിക്കാനും കഴിയാത്തവരായി ഒരു ജനതയെ മാറ്റുന്നതിൽ ഒരു വലിയ പരിധിവരെ ജാതിമേൽക്കോയ്മശക്തികൾ കേരളത്തിൽപോലും വിജയിച്ചിട്ടുണ്ട്. പല ‘പാരമ്പര്യങ്ങൾ’ ഇന്ത്യക്കുണ്ടെന്ന് പറയുമെങ്കിലും ഒടുവിൽ ചുറ്റിവളയാതെത്തന്നെ അംബേദ്ക്കർ ‘ദ്വിജസാഹിത്യത്തിൽ’ ഉൾപ്പെടുത്തിയ പുരാണങ്ങളിലെത്തും. ലിബറൽ സെക്കുലർ എന്ന് വിളിക്കാവുന്ന മലയാളത്തിന്റെ അഭിമാനമായ ഡോ. എം. ഭാസ്കരൻ നായർ പോലും ഏതോ ഒരു എൻജിനീയർക്ക് ഒരു ‘നടരാജവിഗ്രഹം’ തിരിച്ചറിയാനാവാതെപോയതിൽ സംസ്കാരലോപം കണ്ടു! അത്രയും സാങ്കൽപികമായി സമ്മതിച്ചാൽപോലും ‘ഇതോടെ നമ്മൾ ഭാരതീയരല്ലാതായി’ എന്ന് അദ്ദേഹംപോലും പറയുമ്പോൾ, നമ്മളെത്തുന്നത് വളഞ്ഞുതിരിഞ്ഞ് പഴയ ആ ‘വന്ദേമാതരവിവാദത്തിൽ’തന്നെയാണെന്നുള്ളതാണ് സംഘ്പരിവാർ ആശയവിജയം. പുരാണപരിചയത്തെ ദേശീയതക്ക് പകരംവെക്കാനുള്ള ഫാഷിസ്റ്റ് ശ്രമങ്ങൾ പൊളിക്കപ്പെടുന്നില്ലെങ്കിൽ, ജനായത്തം സ്വയമൊരു ‘ഉൾപ്പൊളിയൽ’ നേരിടും. ‘പൊളിയൽ’ കാണാൻ പറ്റും. എന്നാൽ, ‘ഉൾപ്പൊളിയൽ’ പെട്ടെന്ന് കാണാൻ കഴിയണമെന്നില്ല. നല്ല ജാഗ്രതയില്ലെങ്കിൽ!

ഞാനോർക്കുന്നത് അരുന്ധതീറോയിയുടെ വാക്കുകളാണ്. മലാല യൂസുഫ് സായിയെ അറിയുകയും സുരേഖ്ബോധ് മാംഗെയെ അറിയുകയും ചെയ്യുന്നില്ലെങ്കിൽ നിങ്ങൾ അംബേദ്ക്കർ വായിക്കണം എന്നുള്ളതാണത്. ദുർഗാപൂജ നന്മയുടെ വിജയാഘോഷമായി ഒരു വിഭാഗം കൊണ്ടാടുമ്പോൾ അടിസ്ഥാന ജനത തങ്ങളുടെ വീരനായകനായ മഹിഷാസുരവധത്തെയോർത്ത് നൊമ്പരപ്പെടുകയാണെന്നുള്ളത് ‘പൊതുബോധത്തിൽ’ ഒരസ്വസ്ഥതയും ഉണ്ടാക്കാതെ പോവുന്നത് എന്തുകൊണ്ടെന്ന ചോദ്യമാണ്, നിലപാട് സമരങ്ങളുടെ നേതൃത്വമാവേണ്ടത്. യഥാർഥ ഇന്ത്യൻ ദേശീയത തിരിച്ചുപിടിക്കേണ്ടത് ജാതിമേൽക്കോയ്മ കുഴിച്ചുമൂടിയ ബ്രാഹ്മണിക് വിരുദ്ധമായ ജനകീയ പാരമ്പര്യധാരകളെയാണ്, അല്ലാതെ ചുമ്മാ പുരാണം പറഞ്ഞ് കബഡി കളിക്കുകയല്ല.

അരുന്ധതി റോയി, പി.​എ. മു​ഹ​മ്മ​ദ് റി​യാ​സ്

‘‘ഏഴു കടലുകൾക്കപ്പുറം ഒരു ഗുഹയിൽ തന്റെ പ്രാണൻ ഒരു തത്തയുടെ രൂപത്തിൽ ഒളിപ്പിച്ചുവെച്ച് ലോകത്തിൽ അതിക്രമം കാട്ടിനടക്കുന്ന ഒരു മായാവി നമ്മുടെ നാടോടിക്കഥകളിൽ വരുന്നുണ്ട്. അവൻ മാന്ത്രികനാണ്, പോരാത്തതിന് വേഷപ്രച്ഛന്നനും. അവൻെറ രൂപങ്ങൾ അനേകം. ആരേയും വശീകരിക്കുന്നതിൽ അതുല്യൻ. അവനെ എങ്ങനെ നേരിടും? എന്തു ചെയ്താലും അവനൊന്നും സംഭവിക്കില്ല. കാരണം, അവൻെറ പ്രാണൻ തത്തയുടെ രൂപത്തിൽ ഏതോ ഗുഹയിൽ സുരക്ഷിതമാണ്. അത്തരമൊരു വിഷമസന്ധിയിൽ ആദ്യം ചെയ്യേണ്ടത് അതിന്റെ പ്രാണൻ എവിടെയാണെന്ന് കണ്ടെത്തുകയാണ്. അതന്വേഷിക്കേണ്ടതുണ്ട്. ആവിധമുള്ളൊരു ശ്രമത്തിന്റെ ഭാഗമായി ആർ.എസ്.എസിൻെറ പ്രാചീനഗന്ധമുള്ള കിണറ്റിലേക്ക് ഞാൻ എത്തിനോക്കി. അവിടെ കണ്ട കാഴ്ച ഭീകരമാണ്...’’ (ആർ.എസ്.എസ് ഒളിഞ്ഞും തെളിഞ്ഞും: ദേവനുരു മഹാദേവ. പരിഭാഷ-അനാമിക)

എല്ലായ്പ്പോഴും ആ പ്രാചീനഗന്ധം പ്രസരിക്കുന്ന കിണറ്റിലേക്ക് എത്തിനോക്കാനുള്ള ആവേശമാണ് ഒരു ജാതിമേൽക്കോയ്മാ ഫാഷിസ്റ്റ് കാലം ജനായത്ത കാഴ്ചപ്പാട് പുലർത്തുന്നവരോടൊക്കെയും ആവശ്യപ്പെടുന്നത്. അത്തരമൊരവസ്ഥയിൽവെച്ച് കാര്യങ്ങൾ വിശകലനം ചെയ്യുമ്പോഴാണ് പി.എ. മുഹമ്മദ് റിയാസിന്റെ, വന്ദേമാതര സംവാദസംബന്ധിയായ, രണ്ട് ഫേസ്ബുക്ക് പോസ്റ്റുകൾ അത്യന്തം പ്രധാനമാകുന്നത്. ജനായത്ത ജാഗ്രതയുടെ അഭിമാനമായത് തുടർന്നും ജ്വലിക്കും. സർഗാത്മക രാഷ്ട്രീയ പ്രവർത്തനത്തിൻെറ മികച്ച മാതൃകകൾ എന്ന നിലയിൽ തുടർന്നും പഠിക്കപ്പെടും. കേരള സർക്കാറിൻെറ വീഴ്ചയെക്കുറിച്ചാണ് പോസ്റ്റെങ്കിലും റിയാസിനെതിരെ, സർവ തെറിസഹായികളോടെയും ചാടിവീണത്, പ്രധാനമായും യു.ഡി.എഫ് അല്ല, സംഘ്പരിവാർ ശക്തികളാണ്. അവർ റിയാസിനെതിരെ എന്തു പറഞ്ഞു എന്നല്ല, പറയാൻ ഇനി എന്താണ് ബാക്കിയുള്ളത് എന്നതിനെക്കുറിച്ചാണ് വേണമെങ്കിൽ അന്വേഷിക്കപ്പെടേണ്ടത്.

1948 ഫെബ്രുവരി 3ന്റെ മാതൃഭൂമി പത്രത്തിൽ ഗാന്ധിവധാനന്തരം എത്ര അറപ്പോടെയും വെറുപ്പോടെയുമാണ് ജനങ്ങൾ ആർ.എസ്.എസിനെ കണ്ടതെന്ന് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട് (പ്രമോദ് രാമൻ). 1987ൽ എൻ.വി. കൃഷ്ണവാരിയർ എഴുതിയ ആർ.എസ്.എസ് എന്ന പ്രബന്ധത്തിൽ, കേരളത്തിൽ അവർക്ക് സീറ്റൊന്നും കിട്ടാൻ പോവുകയില്ലെന്ന് കൃത്യം വിശദമാക്കിയിട്ടുണ്ട്. എന്നാലിപ്പോഴുള്ള അവസ്ഥ എന്താണ്? മൂന്ന് സീറ്റും മുപ്പത് സീറ്റിന്റെ ശക്തിയും! എന്നിട്ടും യു.ഡി.എഫ് മുന്നണിയിലെ പ്രബല ഘടകകക്ഷിയായ മുസ്‍ലിംലീഗിന് അഞ്ചുമന്ത്രിമാരെ കിട്ടുന്നതിനെക്കുറിച്ചുള്ള അസ്വസ്ഥതകളിൽ ആരംഭിച്ച് അവിടെത്തന്നെ അവസാനിക്കുകയാണ് പലരും. പ്രശസ്ത സാംസ്കാരിക വിമർശകനായ ജി.പിയുടെ മുമ്പ് പ്രസിദ്ധീകരിച്ച ‘പച്ച ബ്ലൗസിനും’, അതിന് ഞാനെഴുതിയ സാമാന്യം ദീർഘമായ ആമുഖത്തിലും, ഈയൊരവികസിത മാനസികാവസ്ഥയുടെ ‘ഗുട്ടൻസ്’ പണ്ടേതന്നെ കൃത്യം വ്യക്തമാക്കിയിട്ടുള്ളതിനാൽ കൂടുതൽ വിശദീകരിക്കുന്നില്ല.

Tags:    
News Summary - The cave and the parrot

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.