നേരം പാതിരാ കഴിഞ്ഞിരിക്കുന്നു. സുഹറ ജനാലയിലൂടെ പുറത്തേക്കു നോക്കി. ആകാശത്ത് നക്ഷത്രങ്ങൾ ഇമ പൂട്ടാതെ.. ഈയിടെയായി ഇങ്ങനെയാണ്. പല ദിവസങ്ങളിലും ഓരോന്നോർത്ത് ഉറക്കം വരാതെ അങ്ങനെ കിടക്കും. അടുത്ത മുറിയിൽ നിന്ന് ബാപ്പയുടെ ചുമ കേൾക്കുന്നുണ്ട്. പ്രായത്തിന്റെ അവശതകൾ കാരണം ബാപ്പക്ക് വയ്യാതായിരിക്കുന്നു. അപ്പോഴാണ് അടുത്തുള്ള പള്ളിപ്പറമ്പിൽ സുഹറയുടെ കണ്ണുകളുടക്കിയത്. നിലാവിൽ നേർത്ത കാറ്റിലാടുന്ന മൈലാഞ്ചിച്ചെടികൾ.
അതിലൊന്നിനു താഴെ പ്രിയപ്പെട്ട ഉമ്മ. ഓർമകൾ കടലിരമ്പം പോലെ മനസ്സിലേക്കോടിയെത്തുന്നു. പണ്ട് രാത്രികളിൽ ഉറക്കം വരാതെ കിടക്കുമ്പോൾ ഉമ്മ പറഞ്ഞു തരാറുള്ള അറബിക്കഥകൾ. ഇത്രയേറെ കഥകൾ ഉമ്മ എവിടെനിന്നാണ് പഠിച്ചത് എന്നത്ഭുതപ്പെട്ടിട്ടുണ്ട്. കണ്ണുകൾ നിറയുകയാണ്. സ്നേഹിച്ചു കൊതി തീരും മുമ്പേ ഉമ്മ വിട പറഞ്ഞു. ഒരു പണിയായിട്ടായിരുന്നു തുടക്കം. ഒരാഴ്ച ആശുപത്രിയിൽ കിടന്ന ശേഷമായിരുന്നു മരണം.
ഓർമകൾ കടിഞ്ഞാണില്ലാത്ത കുതിര കണക്കെ വീണ്ടും മനസ്സിലേക്കെത്തുകയാണ്. ഒരു ദിവസം ഉമ്മയോട് അയലത്തെ കുട്ടിയുടെ കൈയിൽ കണ്ട കളിപ്പാട്ടം പോലുള്ള ഒന്നിനു വേണ്ടി താൻ വാശിപിടിച്ചു കരഞ്ഞതോർക്കുന്നു. പലതും പറഞ്ഞു സമാധാനിപ്പിച്ചിട്ടും കേൾക്കാതായപ്പോൾ ഉമ്മ ഒരടി അടിച്ചു. ഉമ്മയോട് ആദ്യമായിട്ടായിയുന്നു അന്ന് അടി കിട്ടിയത്. കരഞ്ഞു കലങ്ങിയ കണ്ണുകളോടെ രാത്രി എപ്പോഴോ ഉറങ്ങിപ്പോയി. ഇടക്ക് ഉറക്കം ഞെട്ടിയപ്പോൾ തന്നെ കെട്ടിപ്പിടിച്ചു കരയുന്ന ഉമ്മ. എന്തിനായിയുന്നു ഉമ്മ തന്നെ ഇത്രയധികം സ്നേഹിച്ചത്.
ഒരായുസ്സിന്റെ സ്നേഹം മുഴുവൻ ഉമ്മ തന്നു തീർക്കുകയായിരുന്നോ... സുബ്ഹി ബാങ്കിന്റെ അലയൊലികൾ കേട്ടപ്പോഴാണ് സുഹറ ചിന്തയിൽ നിന്നുണർന്നത്. നിസ്കാരം നിർവഹിച്ച ശേഷം സുഹറ അടുക്കളയിലേക്കു നടന്നു. പള്ളിയിൽ നിന്നു വന്നാലുടൻ ഒരു ചായ ബാപ്പക്കു പതിവുള്ളതാണ്. ‘‘മോളേ സുഹറാ’’. ബാപ്പയുടെ ശബ്ദം. ‘‘മോളേ, പള്ളിയിൽ വെച്ച് ബ്രോക്കർ അന്ത്രുവിനെ കണ്ടിരുന്നു, ഓൻ പറഞ്ഞ കല്യാണ കാര്യം ഒന്നാലോചിച്ചൂടെ നമുക്ക്’’. ‘‘വേണ്ട ബാപ്പാ, എനിക്കിപ്പോ കല്യാണമൊന്നും വേണ്ട, അല്ലെങ്കിലും സ്ത്രീധനത്തിനും മറ്റും കാശെവിടുന്നാ’’. മോളെ ഒരു ലക്ഷവും 20 പവനുമാ അവരു ചോദിക്കുന്നത്, അതിലും കുറച്ചു സ്ത്രീധനത്തിന് ഒരു പുത്യാപ്ലയെ ഇക്കാലത്ത് എവിടന്ന് കിട്ടാനാ, ഇതൊന്നു നടന്നു കിട്ട്യാ മതിയായിരുന്നു’’.
ഒരു നെടുവീർപ്പോടെ ഹസനിക്ക കസേരയിലേക്ക് ചാഞ്ഞിരുന്നു. അടുത്ത ദിവസംതന്നെ ബ്രോക്കർ അന്ത്രു പെണ്ണു കാണൽ ചടങ്ങിനായി ചെറുക്കനുമായി വന്നു. പിന്നെ എല്ലാം പെട്ടെന്നായിരുന്നു. കല്യാണ നിശ്ചയത്തിന്റെ അന്ന് സ്ത്രീധനത്തിന്റെ കാര്യം കാരണവന്മാർ ഒന്നുകൂടി പറഞ്ഞുറപ്പിച്ചു.
പിറ്റേന്ന് വെള്ളിയാഴ്ചയായിരുന്നു. ഹസനിക്ക രാവിലെത്തന്നെ വീട്ടിൽനിന്ന് ഇറങ്ങാനൊരുങ്ങി. ‘‘മോളേ സുഹറാ, ഞാൻ പള്ളി കമ്മിറ്റിയുടെ കത്തുമായി ടൗണിലെ പള്ളി വരെ ഒന്നുപോയി നോക്കട്ടെ, എന്തേലും സഹായം കിട്ടാതിരിക്കില്ല’’. കണ്ണിൽ നിന്നും മറയുന്നതു വരെ സുഹറ ബാപ്പയെത്തന്നെ നോക്കിനിന്നു. സുഹറയുടെ കണ്ണുകളിൽ നനവു പടരുന്നുണ്ടായിയുന്നു അപ്പോൾ.
ഹസനിക്ക ടൗണിലെത്തി ബസിൽനിന്നിറങ്ങി എതിർവശത്തുള്ള പള്ളിയിലേക്ക് നടക്കവേ മറുവശത്തു നിന്ന് വേഗത്തിൽ വന്ന ഒരു കാർ തട്ടിത്തെറിപ്പിച്ചത് പെട്ടെന്നായിരുന്നു. ആളുകൾ ഓടിക്കൂടി അയാളെയും കൊണ്ട് ആശുപത്രിയിലേക്ക് കുതിക്കവെ ഹസനിക്കയുടെ കൈയിൽനിന്നു തെറിച്ചു പോയ സഹായമഭ്യർഥിച്ചുകൊണ്ടുള്ള കത്ത് ചോരയിൽ കുതിർന്ന് റോഡിൽ കിടക്കുന്നുണ്ടായിയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.