പൗരജനങ്ങളെ...
അടുപ്പത്തിട്ട അരി
ഊറ്റുന്നതിന് തൊട്ടുമുമ്പ്
അടുക്കളയിലൂടെ
കടന്നുപോയി ഒരു തീവണ്ടി
ഞാനതിനടിയിൽ പെട്ടില്ല
അലക്കാനിറങ്ങിയതും
വളരെ ദൂരെയെങ്ങോ പാർത്തിരുന്ന
ഒരു പുഴ
കുത്താനായ് എന്റെ പിന്നാലെ പാഞ്ഞു
വെച്ചുകുത്തി വീണ്
ചുണ്ടും ചെകിളയും പഴുത്തു
കിടക്കണ്ടന്നു വെച്ച്,
വൈകീട്ടത്തെ ചായക്ക്
ഒരുണക്കത്തേങ്ങ പൊളിക്കാനാഞ്ഞതും
ഉച്ചയ്ക്കത്തെ ഉറക്കം
ഒരപരിചിതനെപ്പോലെ
ബലാത്സംഗം ചെയ്തു എന്നെ
കരഞ്ഞ് ഞാൻ കാലുപിടിച്ചു
പിടിച്ചകാൽ തുടരെത്തുടരെ
നിർഭയം വെട്ടിവെട്ടി
ശേഷം
അതടുത്ത പറമ്പിലേക്ക്
ഒരു കുലുക്കവുമില്ലാതെ നടന്നു
എഴുന്നേറ്റിറങ്ങി
നിലത്ത് ചവിട്ടിയപ്പോൾ
ഒരോ തരിമണ്ണിലും ഇറുക്ക
നിലവിളിച്ചപ്പോൾ
തൊണ്ടയിൽ നിറയെ ടാറ്
പേടിച്ച് മൂത്രമൊഴിച്ചപ്പോൾ
ചലം ചീറ്റുന്നു
കുഴഞ്ഞ് കേറിച്ചെന്നതും
അടുക്കളയിൽ ആരോ
പരത്തിവെച്ചിരിക്കുന്നു
ആനത്തല വലുപ്പമുള്ള
മൂന്ന് ഭേദഗതികൾ
അത് വിയർത്തൊലിക്കുന്നു
ഭസ്മം, നഖം, ബുൾഡോസർ...
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.