നിലാവിന്നലകൾ
തഴുകിയ നീഹാരം
നിശീഥിനിയുടെ കുളിർമയേറ്റി
നിശാഗന്ധി പരത്തിയ
നറുമണം നുണഞ്ഞ
തെന്നൽ
നടനമാടി ചില്ലകളിൽ
നിമഗ്നമാം
യാമഭേദങ്ങൾ തൻ
നവ്യാനുഭൂതി നുകർന്ന രാത്രീഞ്ചരൻ
നിർവൃതി പൂണ്ടു,
കേളി തുടർന്നു
നിരന്തര മുറവിളികളാൽ
നിശയുടെ നിശ്ശബ്ദതയകറ്റി
നീലിമ കലർന്ന രാവിൽ
നടുമുറ്റത്തുലാത്തവേ
നിനവുനിറഞ്ഞ മനം
മേഘച്ചുരുളുകളായ്
നിലാവെട്ടത്തിൽ പാറിനടന്നു
നിതാന്ത
സൗഹൃദത്തിന്നോർമകൾ
കുളിർകാറ്റായ് വീശി മെല്ലെ
നനുത്ത മാരുതനിലിളകിയാടും ഇലകൾക്കിടയിൽ
നീന്തിത്തുടിച്ച ചാന്ദ്രശോഭ
നിഴലായൂർന്നിറങ്ങി
നിത്യഹരിതസ്മൃതിതൻ പൂങ്കാവനത്തിൽ
മിന്നാമിനുങ്ങായ് മിന്നിത്തെളിഞ്ഞു...
നരിച്ചീറിൻ സീൽക്കാരം
നടുക്കമേകി
നിശ്വാസമുതിർന്നു
നാലുപാടും പരതി ബന്ധങ്ങളെ?
നഷ്ടബോധത്താൽ
ചകിതനായ് പൊടുന്നനെ!
നിഴലുകൾ മാത്രം, മറ്റൊന്നുമില്ല ചുറ്റിലും !!!
നിശ്ചയം ഞാനിനി പ്രണയിക്കട്ടെൻ
പ്രതിച്ഛായയെ
നിത്യ സഹചാരിയായ്
ആത്മസഖിയായ്,
തണലേകും കൂട്ടിനെ
നീണ്ടും കുറുകിയും പകലിലുമിരവിലും
എന്നെന്നുമൊപ്പം മേവും
എൻ സ്വന്തം നിഴലിനെ!!!
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.