കൊടലൂരിലെ ട്രഷർ ട്രോവിൽ കുട്ടി വായനക്കാർ എത്തിയപ്പോൾ. ഇൻസെറ്റിൽ ആയിഷ ഷെമീർ
പട്ടാമ്പി: അഞ്ചുവർഷം, അയ്യായിരത്തിലേറെ പുസ്തകങ്ങൾ. ആയിഷയുടെ ലൈബ്രറി വളരുകയാണ്. 2021 ആഗസ്റ്റ് ഒന്നിനാണ് പട്ടാമ്പി കൊടലൂർ കൊട്ടാരത്തിൽ ആയിഷ ഷെമീർ വീടിന്റെ മട്ടുപ്പാവ് വായന പോഷണത്തിനായി മാറ്റിവെച്ചത്.
1500 പുസ്തകങ്ങളുമായി ആരംഭിച്ച ജനകീയ വായനശാലയിൽ ഇന്ന് അയ്യായിരത്തിലേറെ പുസ്തകങ്ങളുണ്ട്. കൊടലൂരിലെ വിദ്യാർഥികളും വീട്ടമ്മമാരുമായി 200ഓളം മെംബർമാരും വായനശാലക്കുണ്ട്. ആഴ്ചയിലൊരിക്കൽ വായനശാലയിലെത്തി പുസ്തകങ്ങൾ മാറ്റിയെടുക്കാം. വൈകീട്ട് നാലു മുതൽ ആറു വരെയാണ് പ്രവർത്തനസമയം. ഇതിനായി പ്രത്യേക രജിസ്റ്റർ സൂക്ഷിച്ചിട്ടുണ്ട്.
ആയിഷയുടെ മക്കൾ തന്നെയാണ് ലൈബ്രേറിയന്മാർ. മറ്റു ദിവസങ്ങളിലും ആവശ്യക്കാർക്ക് ലൈബ്രറി സന്ദർശിക്കാൻ അനുവാദമുണ്ട്. വ്യക്തികളും സംഘടനകളും പുസ്തകങ്ങൾ സംഭാവന ചെയ്യുന്നുണ്ട്. വായന പോഷിപ്പിക്കുന്നതിനായി വായനക്കുറിപ്പെഴുത്ത്, ക്വിസ് തുടങ്ങിയ വിവിധ മത്സരങ്ങളും സംഘടിപ്പിക്കാറുണ്ട്. ഉയർന്ന ക്ലാസുകളിലെ കുട്ടികൾക്ക് പ്രത്യേക ക്ലാസെടുത്ത് പഠനപിന്തുണയും നൽകുന്നു.
പഠനോപകരണങ്ങൾ വിതരണം ചെയ്തും ആയിഷയുടെ ജനകീയ വായനശാല മുന്നിലുണ്ട്. ഒറ്റപ്പാലം പഴയ ലക്കിടി പരേതനായ റഫീഖിന്റേയും റുഖിയയുടെയും മകളാണ് ആയിഷ. വലിയുപ്പാക്ക് ദിവസവും പത്രം വായിച്ചു കേൾപ്പിച്ചിരുന്നതിലൂടെയാണ് വായനയുടെ ലോകം ആയിഷക്ക് മുന്നിൽ തുറക്കപ്പെട്ടത്. വിദ്യാഭ്യാസം പൂർത്തിയാക്കും മുമ്പ് വിവാഹിതയായി. മൂന്നു കുട്ടികളുടെ അമ്മയാണെന്നത് വായിക്കാനും പഠിക്കാനും തടസ്സമായില്ല.
വിദൂരവിദ്യാഭ്യാസം വഴി ബിരുദവും ഇംഗ്ലീഷിൽ ബിരുദാനന്തര ബിരുദവും നേടി. കാലിക്കറ്റ് യൂനിവേഴ്സിറ്റിയിൽനിന്ന് വിമൻസ് സ്റ്റഡീസിലും ബിരുദാനന്തര ബിരുദം കരസ്ഥമാക്കി. കൊടലൂരിലെ പ്രാദേശിക വായനകേന്ദ്രമായ ‘ട്രഷർ ട്രോവ്’ എന്ന ആയിഷയുടെ സ്വപ്നം പൂവണിയുന്നതിൽ ബിസിനസ്സുകാരനായ ഭർത്താവ് ഷെമീറിന്റെയും കുടുംബത്തിന്റെയും പൂർണ പിന്തുണയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.