എഴുത്തോല മാസികയുടെ ആദ്യ കൈയെഴുത്ത് പതിപ്പ്
ഒറ്റപ്പാലം: വിജ്ഞാനവേദികളായിരുന്ന എണ്ണമറ്റ വായനശാലകൾ മൃതപ്രായമായ ഇക്കാലത്ത് ‘എഴുത്തോല’ എന്ന സ്വന്തം പ്രസിദ്ധീകരണവുമായി വായനക്ക് കരുത്തുപകരുകയാണ് ഒറ്റപ്പാലം താലൂക്ക് റഫറൻസ് ലൈബ്രറി ആൻഡ് ജനകീയ വായനശാല. ഇതര പ്രസിദ്ധീകരണങ്ങൾക്കൊപ്പം കഴിഞ്ഞ 14 വർഷങ്ങളായി ജനകീയ വായനശാലയിൽ സ്വന്തം പ്രസിദ്ധീകരണമായ ‘എഴുത്തോല’ മാസിക ഒറ്റപ്പാലത്തിന്റെ സ്വകാര്യ അഹങ്കാരമാവുകയാണ്.
കൂടാതെ മാസംതോറും രണ്ടായിരത്തോളം പേരുടെ കൈകളിൽ മാസിക എത്തിക്കുന്നുമുണ്ട്. കൈയെഴുത്ത് മാസികയായി 2011 ഡിസംബറിലാണ് എഴുത്തോലയുടെ ആദ്യ പതിപ്പ് പുറത്തിറങ്ങിയത്. ലൈബ്രേറിയാനായിരുന്ന പി. ദേവദാസിന്റെ നേതൃത്വത്തിലായിരുന്നു ഇത്. കഥകളും കവിതകളുമുൾപ്പടെ 53 രചനകളായിരുന്നു ആദ്യ ലക്കത്തിൽ ഉൾപ്പെട്ടിരുന്നത്.
പിൽക്കാലത്ത് അച്ചടിച്ച പതിപ്പുകളിലേക്ക് മാറി. ഓണം വിശേഷാൽ പ്രതിയുൾപ്പെടെ വാർഷിക വരിസംഖ്യ 200 രൂപയാണ്. കെ.വി. കാർത്തികേയൻ മാസ്റ്റർ അദ്ദേഹത്തിന്റെ വിയോഗം വരെയും എഴുത്തോലയുടെ മുഖ്യ പത്രാധിപരായി സേവനമനുഷ്ടിച്ചു. ഇദ്ദേഹത്തിന്റെ സ്മരണക്കായി മികച്ച സാഹിത്യ കൃതികൾക്ക് 25,000 രൂപയും പ്രശസ്തി പത്രവും അടങ്ങുന്ന എഴുത്തോല- കാർത്തികേയൻ മാസ്റ്റർ അവാർഡ് വർഷംതോറും നൽകി വരുന്നുണ്ട്.
ഇ രാമചന്ദ്രനാണ് ഇപ്പോഴത്തെ മുഖ്യ പത്രാധിപർ. പി. പരമേശ്വരൻ, ഐ.എം. സതീശൻ, കെ.കെ. മണികണ്ഠൻ, എ.പി. രാമദാസ്, ഡി.ബി. രഘുനാഥ് എന്നിവർ എഡിറ്റോറിയൽ വിഭാഗത്തിലും ശ്രീജ പള്ളം, സുഭാഷ് തോടയം, അതുൽ കൃഷ്ണൻ എന്നിവർ മാസികയുടെ ചിത്ര രചനയിലും പ്രകാശൻ ചുനങ്ങാട് പ്രൂഫ് റീഡിങ്ങിലും പി.കെ. ശശികുമാർ മാനേജ്മെന്റ് രംഗത്തും പ്രവർത്തിച്ചുവരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.