വെള്ളാറക്കളം തറവാടിൻ്റെ ഗെയ്റ്റിനു മുന്നിലുള്ള കരിയിലകൾ പൊഴിഞ്ഞു വീണ കൽപ്പടവുകളിൽ ഒറ്റയ്ക്കിരുന്ന് കിനാവുകൾ നെയ്യുന്നത് എൻ്റെ ബാല്യകൗമാരത്തിലെ ഇഷ്ട വിനോദമായിരുന്നു. ചിലപ്പോൾ പ്രിയ സുഹൃത്ത് നബീസയും ഒപ്പം കൂടും. പാലക്കാടു ജില്ലയിലെ കേരളശ്ശേരി, കുണ്ടളശ്ശേരി എന്നീ ഗ്രാമങ്ങൾ. എൻ്റെ അച്ഛൻ്റെ തറവാട് അവിടെയാണ്.
കേരളശ്ശേരിയിൽ നിന്ന് മുച്ചീരിയിലേക്ക് പോകുന്ന കാൽനടയാത്രക്കാരെ കൽപ്പടവുകളിലിരുന്ന് വീക്ഷിച്ച് ഞങ്ങൾ സമയം തള്ളി നീക്കുമായിരുന്നു.. പുല്ലാണി മലയിറങ്ങിയാൽ എളുപ്പത്തിൽ മുച്ചീരിയിലെത്തിച്ചേരാം. വലിയകണ്ടം, ചെറിയകണ്ടം താണ്ടി പാറക്കണ്ടത്തിൻ്റെ വരമ്പുകൾ പിന്നിട്ട് യാത്ര ചെയ്യുന്നവരിൽ ജാതിമതഭേദമെന്യേ ആബാലവൃദ്ധം ജനങ്ങളുമുണ്ടായിരുന്നു.
മുണ്ടും മേൽമുണ്ടുമാണ് മിക്ക ആളുകളുടെയും വേഷം. കള്ളി ലുങ്കിയും പച്ച നിറമുള്ള ബെൽട്ടും ധരിച്ച് മുസ്ലിം ചെറുപ്പക്കാരും മധ്യവയസ്കരും. മുണ്ടിൻ്റെ കര ഇടതുഭാഗത്തേയ്ക്കുടുത്ത് അറുപതു വയസ്സു കഴിഞ്ഞ മൂത്താപ്പമാരും. പിന്നെ കൗമാരപ്രായക്കാരും കുട്ടിപ്പട്ടാളവും. അന്ന് ആകെയൊരു വഴിയാത്രത്തിരക്കാണ്.
എട്ട് ഏക്കറിൽ സ്ഥിതി ചെയ്യുന്ന വെള്ളാറക്കളം തറവാടും കണ്ണെത്താ ദൂരത്തോളം വ്യാപിച്ചുകിടക്കുന്ന വയൽപ്രദേശവും വെള്ളാറമലയും പുലിയൻ കുന്നുമെല്ലാം അച്ഛമ്മയുടെ അധീനതയിലായിരുന്നു.
തറവാടിൻ്റെ ഉയർന്നു നിൽക്കുന്ന കൽപ്പടവുകൾക്കു താഴെ വിശാലമായ പടി മുറ്റത്ത് വിവിധ നിറങ്ങളിൽ തിളങ്ങുന്ന കല്ലുകൾ ധാരാളമുണ്ടായിരുന്നു. നബീസ എത്തുന്നതിനു മുൻപേ ഒരേയിനത്തിൽപ്പെട്ട കല്ലുകൾ പെറുക്കിക്കൂട്ടി ഓരോ കൽപ്പടവുകളിലായി വയ്ക്കും. പ്രിയ കൂട്ടുകാരി നബീസയ്ക്ക് സമ്മാനിക്കാനാണ് ഈ കല്ലുകൾ എന്നതാണ് ഏറെ രസകരം. ഒരു പെരുന്നാൾ സമ്മാനം എന്നൊക്കെ പറയാം.
വിവിധ നിറങ്ങളിലുള്ള കുപ്പിവളപ്പൊട്ടുകൾ സ്നേഹസമ്മാനമായി അവൾ തരുമായിരുന്നു. ഞങ്ങൾ കൽപ്പടവിൽ ഒരുമിച്ചിരുന്ന് നൂലിൽ കുപ്പിവളപ്പൊട്ടുകൾ കെട്ടി മാലയുണ്ടാക്കും. പടുകൂറ്റൻ ഗെയ്റ്റിൽ തോരണം തൂക്കും. കളി കഴിഞ്ഞാൽ വളപ്പൊട്ടുകൾ ഒരു അളുക്കിലിട്ട് ഭദ്രമായി അറ്റത്തറയിലെ കൂട്ടിൽ ആരും കാണാതെ കൊണ്ടു വയ്ക്കും.
ഗെയ്റ്റ് തുറന്നാൽ ചെവി അലയ്ക്കുന്ന ശബ്ദം കേൾക്കാമായിരുന്നു. ഗെയ്റ്റ് അടച്ചു തുറന്ന് വീട്ടുകാരെ അറിയിക്കരുതെന്ന് പറഞ്ഞ് ഞാൻ നബീസയെ ചട്ടം കെട്ടും. ഇന്നത്തെ കളി മതിയെന്ന് കാരണവർ പറഞ്ഞാലോ. അതാണ് ശബ്ദം കേൾപ്പിക്കാതെയുള്ള കളികൾക്കു കാരണം.
സ്കൂളിലെ കൂട്ടും നബീസ തന്നെയായിരുന്നു. മനോഹരമായ കൈപ്പടയായിരുന്നു അവളുടേത്. മലയാളമായാലും ഇംഗ്ലീഷായാലും ഹിന്ദിയായാലും നബീസയുടെ നോട്ട്ബുക്ക് മികവ് പുലർത്തുന്നതായിരുന്നു. ഞങ്ങളുടെ ഹിന്ദി അധ്യാപകൻ ഉണ്ണി വാരിയത്ത് മാഷ് പറയുമായിരുന്നു. താത്തക്കുട്ടി എഴുതണപോലെ എഴുതണമെന്ന് .
"ചിനക്കത്തൂർ പൂരത്തിന് കുതിരയെ കെട്ടിവരിയുന്നതു പോലെയാവണം അക്ഷരങ്ങൾ" മാഷിൻ്റെ ഉപമകൾ ഇന്നോർക്കുമ്പോൾ ഹൃദ്യമായി അനുഭവപ്പെടുന്നു. എൻ്റെ ഹിന്ദി അക്ഷരങ്ങൾ ഉണങ്ങി മെലിഞ്ഞ വിറകിൻ കൊള്ളി മട്ട് രൂപഭേദം സംഭവിച്ചിരിക്കും. എത്ര ശ്രമിച്ചിട്ടും നബീസ കുതിരയെ കെട്ടി വരിയുന്ന പോലെ എഴുതുവാൻ കഴിഞ്ഞിട്ടില്ല.
"നമ്മുടെ താത്തക്കുട്ടി അയക്കോലുകെട്ടുന്നതു പോലെ നെടുനീളത്തിൽ ഹിന്ദി അക്ഷരങ്ങൾക്കു മീതെ അയക്കോലു കെട്ടണം." മാഷ് പ്രഖ്യാപിക്കും.
ഹിന്ദി അക്ഷരങ്ങൾക്കു മീതെയുള്ള എൻ്റെ വര വളഞ്ഞുപുളഞ്ഞാണ്. സ്കൂളിലേക്കു പോകുന്ന വഴി ഇടംവലം തിരിഞ്ഞു കിടക്കുന്ന ചെമ്മൺപാത പോലെ.
വലിയ പെരുന്നാൾ അടുക്കുമ്പോൾ നബീസയുടെ വീട്ടിൽ മൈലാഞ്ചിയിടൽ ചടങ്ങ് മുറയ്ക്ക് നടക്കും.
ഒരു വലിയ പെരുന്നാൾ അടുത്തു വന്നു. പതിവുപോലെ ഒരു ദിവസം കൽപ്പടവുകളിലിരുന്ന് ദിവാസ്വപ്നം കാണുന്ന എൻ്റെ കണ്ണുകൾ പൊത്തിക്കൊണ്ട്, ചുവന്നു തുടുത്ത കൈകൾ മുഖത്ത് പതിയെ പതിഞ്ഞു.
തൊട്ടു നോക്കേണ്ടി വന്നില്ല.
മൈലാഞ്ചി മണം! അത് നബീസയുടെ കൈകൾക്കു മാത്രം അവകാശപ്പെട്ടതാണ്. ഇന്നും ആ ഗന്ധം ഒരംശം പോലും കുറഞ്ഞു പോകാതെ എനിക്കനുഭവിക്കാം.
കൈകളിൽ മൈലാഞ്ചിയിട്ട് തേക്കിൻ്റെ ഇലയിൽ കൈ പൊതിഞ്ഞു കെട്ടി പിറ്റേന്ന് അഴിച്ചുമാറ്റിയ ഉടനെ എന്നെ മണപ്പിക്കുവാനും കാണിക്കുവാനുമായി രംഗപ്രവേശം ചെയ്തിരിക്കുകയാണവൾ.
രണ്ടു കൈയും കൂട്ടിപ്പിടിച്ച് മുന്നിൽ പിടിച്ചു നിർത്തിയപ്പോൾ മൈലാഞ്ചിച്ചുവപ്പ് അവളുടെ കവിളുകളിലും ശോഭ പരത്തുന്നുണ്ടായിരുന്നു.
അവൾ അരച്ച മൈലാഞ്ചിപ്പൊതി എനിക്കു നേരെ നീട്ടി. ഞാൻ ആ ഇലക്കുമ്പിൾ തുറന്നു. നബീസയുടെ മൈലാഞ്ചി മണം!
അവളെനിക്ക് മൈലാഞ്ചിയിട്ടു തരുമായിരുന്നു.
കൈക്കുള്ളിൽ നടുവിലൊരു വൃത്തം വരച്ച്ചുറ്റും ചെറിയ പൊട്ടുകൾ കൊണ്ട് അലങ്കരിച്ച് വിരലുകളിൽ പൊട്ടു തൊട്ട് വിരലിനറ്റം തൊപ്പിയണിയിച്ച് രണ്ടു മണിക്കൂർ കഴിഞ്ഞ് താമരക്കുളത്തിലിറങ്ങി കൈകഴുകിയാൽ മതിയെന്ന നിർദ്ദേശവും തന്ന് നബീസ ബക്രീദ് ആഘോഷത്തിന് പോകുന്നത് ഇന്നും ഓർമയിലുണ്ട്.
കൽപ്പടവുകളിൽ ചേർത്തുവച്ച വെള്ളാരൻ കല്ലുകൾ നബീസയ്ക്ക് സ്നേഹപൂർവം നൽകുമായിരുന്നു. അവൾ പെരുന്നാൾ വിശേഷങ്ങൾ പങ്കിടുമ്പോഴും, അവളുടെ എളാപ്പ, എളേമ, മൂത്താപ്പ, മൂത്തുമ്മ, കുട്ടികൾ വിശേഷം പങ്കുവയ്ക്കുമ്പോഴും അവരൊക്കെ എൻ്റേയും ആരൊക്കെയോ ആണെന്ന തോന്നലുണ്ടായ കാലം.
ഞങ്ങൾ താമരക്കുളത്തിലിറങ്ങി കൈകഴുകും. അച്ഛമ്മ കണ്ടാൽ വഴക്കു കേൾക്കും. ആ കുളത്തിൽ ഒരാൾ പൂഴ്ന്നു പോകും വിധം ചേറാണ്. കന്നുകാലികളെ കുളിപ്പിക്കുന്ന കുളമാണ്.
കൈ കഴുകി ഞാൻ എൻ്റെ കൈ നബീസ യെ മണപ്പിച്ചു. അവൾ ചെയ്യാറുള്ളതുപോലെ.
"നല്ല മണം! " എന്ന് പറഞ്ഞ് അവൾ എൻ്റെ കൈകൾ ചേർത്തു പിടിച്ച് പൊട്ടിച്ചിരിച്ചു.
"ഈ മൈലാഞ്ചിപ്പൊട്ട് എങ്ങനെയുണ്ട്?" ഞാൻ എൻ്റെ കൈ ഉയർത്തിക്കാണിച്ച് ചോദിക്കും.
"മനോഹരമായിരിക്കുന്നു! കുട്ടിയുടെ നെറ്റിയിലെ തുടുത്ത വട്ടപ്പൊട്ടു പോലെ !"
ആ വട്ടപ്പൊട്ടുകൾ തൊടുമ്പോൾ നബീസയെ ഇന്നും ഓർക്കും.
താമരക്കുളത്തിൽ കന്നുകാലികളെ കുളിപ്പിക്കുവാൻ കൊണ്ടുവന്ന ചാത്തി കുളത്തിനു നടുവിൽ നിൽക്കുന്ന ഒരു വിടർന്ന താമര പറിച്ച് "തറവാട്ടിലെ പൂജാമുറിയിൽ കൊണ്ടുപോയി വെച്ചോളു കുട്ട്യേ..." എന്ന്പറഞ്ഞ് തന്നത്, ഞാൻ സ്നേഹത്തോടെ നബീസയ്ക്കു നൽകിയതും ഒരു വലിയ പെരുന്നാൾ ദിവസമായിരുന്നു.
അവളുടെ താമരയിതൾ മിഴികളിലെ സ്നേഹത്തിൻ്റെ തിളക്കം ഇന്നും എൻ്റെ കണ്ണുകളിൽ ഒളിമങ്ങാതെ നിൽക്കുന്നുണ്ട്.
ഞങ്ങൾ പിരിയുമ്പോഴുള്ള അന്തിച്ചുവപ്പ് നബീസയുടെ മുഖത്ത് അരുണിമ പടർത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.